ലോക്‌സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 01/04/2024

 

പത്രിക സമര്‍പ്പിക്കാന്‍ ഇനി മൂന്ന് നാള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാന്‍ ഇനി മൂന്ന് നാള്‍ മാത്രം ബാക്കി. ഏപ്രില്‍ നാലുവരെയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനാവുന്നത്. പത്രികകള്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ടാണ്. പത്തനംതിട്ടയിലെ ആദ്യ നാമനിര്‍ദേശപത്രിക ഇടതുപക്ഷ സ്ഥാനാര്‍ഥിയായ ഡോ. ടി എം തോമസ് ഐസക്ക് കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു.

100 മീറ്റര്‍ പരിധിയില്‍ പ്രവേശനം മൂന്ന് വാഹനങ്ങള്‍ക്ക് മാത്രം

സ്ഥാനാര്‍ഥികളുടെ വാഹനങ്ങളില്‍ പരമാവധി മൂന്നെണ്ണത്തിന് മാത്രമേ വരണാധികാരിയുടെ ഓഫീസിന് 100 മീറ്റര്‍ പരിധിയില്‍ പ്രവേശനമുള്ളൂ. നാമനിര്‍ദേശ പത്രികാ സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് മാത്രമേ വരണാധികാരിയുടെ ഓഫീസില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി നാല് സെറ്റ് പത്രികകള്‍ വരെ നല്‍കാം. നാമനിര്‍ദേശ പത്രികയും അനുബന്ധഫോമുകളും വരണാധികാരിയുടെ ഓഫീസില്‍ നിന്ന് ലഭിക്കും. സ്ഥാനാര്‍ഥികളില്‍ പൊതു വിഭാഗത്തിന് 25,000 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് 12,500 രൂപയുമാണ് കെട്ടിവയ്‌ക്കേണ്ടത്.

താരമായി എന്‍കോര്‍

വരണാധികാരിയുടെ മേല്‍നോട്ടത്തില്‍ നാമനിര്‍ദേശ പത്രിക നല്‍കുന്നതു മുതല്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെയുള്ള എല്ലാ പ്രക്രിയകളും ഏകോപിപ്പിച്ചിരിക്കുന്നത് എന്‍കോര്‍ സോഫ്റ്റ്‌വെയര്‍ വഴിയാണ്. എന്‍കോര്‍ സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ചിട്ടുള്ള സുവിധ പോര്‍ട്ടല്‍ മുഖേനയും സ്ഥാനാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും നാമനിര്‍ദ്ദേശ പത്രികയുടെ വിശദാംശങ്ങള്‍, വോട്ട് എണ്ണല്‍ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ അറിയാനാകും.

സ്വീപ് ക്വിസ് മത്സരം സംഘടിപ്പിച്ചു

ലോക്‌സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ക്വിസ് മത്സരം തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്വീപ് പ്രചരണത്തിന്റെ ഭാഗമായി ജില്ലയിലെ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം സംഘടിപ്പിച്ചത്. വോട്ടവകാശം കടമയ്‌ക്കൊപ്പം ഉത്തരവാദിത്വം ആണെന്ന ബോധ്യം വിദ്യാര്‍ഥികളില്‍ ഉണ്ടാകണമെന്ന് കളക്ടര്‍ പറഞ്ഞു. ചിട്ടയോടുകൂടിയ ബൃഹത്തായ തെരഞ്ഞെടുപ്പ് പ്രക്രിയയാണ് രാജ്യത്ത് നടക്കുന്നത്. സ്വീപിന്റെ നേതൃത്വത്തില്‍ വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നാം സ്ഥാനം തിരുവല്ല പുഷ്പഗിരി ഡെന്റല്‍ കോളജും രണ്ടാം സ്ഥാനം അടൂര്‍ സെന്റ് സിറില്‍സ് കോളജും മൂന്നാം സ്ഥാനം പത്തനംതിട്ട കാതോലിക്കേറ്റ് കോളജും കരസ്ഥമാക്കി. വിജയികള്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ സമ്മാനമായി നല്‍കി. വിവിധ കോളജുകളില്‍ നിന്നായി രണ്ടു പേരടങ്ങിയ 16 ടീം പങ്കെടുത്തു. ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ പദ്മചന്ദ്രകുറുപ്പ്, സ്വീപ് നോഡല്‍ ഓഫീസര്‍ ബിനു രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

തെരഞ്ഞെടുപ്പ്: കനത്ത ചൂടിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പുലര്‍ത്തണം

കനത്ത ചൂടിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തണം.

രാവിലെ 12 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെയുള്ള സമയത്ത് കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. പകല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെടുന്നവര്‍ പരമാവധി ശുദ്ധജലം, ഓആര്‍എസ് ലായനി, സംഭാരം തുടങ്ങിയവ കുടിക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍, കുട, തൊപ്പി എന്നിവ ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല. ശരീരത്തിന് വല്ലായ്മ തോന്നുകയോ ബോധക്ഷയം അനുഭവപ്പെടുകയോ ചെയ്താല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം.
വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തുകളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കേണ്ടതാണ്. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

 

തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍, ഉച്ചഭാഷിണി;സുവിധ പോര്‍ട്ടല്‍ വഴി അനുമതി നേടണം

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍ക്ക് വിവിധ അനുമതികള്‍ നേടുന്നതിന് സഹായകമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ സുവിധ പോര്‍ട്ടല്‍. തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍, റാലികള്‍, പ്രകടനങ്ങള്‍ എന്നിവ നടത്തുന്നതിനും പ്രചാരണത്തിനുള്ള വാഹനങ്ങള്‍, ഹെലിപാടുകള്‍, ഉച്ചഭാഷിണി എന്നിവ ഉപയോഗിക്കുന്നതിനുള്ള ഏകജാലക ഓണ്‍ലൈന്‍ സംവിധാനമാണ് സുവിധ.
തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനുള്ള അനുമതിക്കുള്ള അപേക്ഷ 48 മണിക്കൂറിന് മുമ്പ് സുവിധയിലൂടെ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിച്ച് ഏഴു ദിവസത്തിനുള്ളില്‍ പരിപാടികള്‍ നടത്തണം. അപേക്ഷ നല്‍കാന്‍ suvidha.eci.gov. in എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

ഒരേ ദിവസം ഒന്നില്‍ കൂടുതല്‍ പരിപാടികള്‍ ഉണ്ടെങ്കില്‍ അതിനായി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. വാഹന പെര്‍മിറ്റിനുള്ള അപേക്ഷയോടൊപ്പം വാഹനത്തിന്റെ ആര്‍സി ബുക്ക്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ്, വാഹന ഉടമയുടെ സമ്മതപത്രം, ഡ്രൈവറുടെ ലൈസന്‍സ് എന്നിവ അപ്‌ലോഡ് ചെയ്യണം. വാഹന ഉപയോഗിക്കേണ്ട സ്ഥലം കൃത്യമായി രേഖപ്പെടുത്തണം. പൊതുയോഗങ്ങള്‍ നടത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ സ്വകാര്യഭൂമിയാണെങ്കില്‍ വസ്തു ഉടമയില്‍ നിന്നുള്ള സമ്മതപത്രം ഹാജരാക്കണം.

പൊതുയോഗങ്ങള്‍, റാലികള്‍ മുതലായവ നടത്തുന്നതിന് അനക്‌സര്‍ ഡി 1-ല്‍ ആവശ്യമായ വിവരങ്ങള്‍ കൂടി പൂരിപ്പിച്ച് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അനക്‌സര്‍ ഡി1 ഫോര്‍മാറ്റ് www.eci.gov.in എന്ന വെബ്സൈറ്റിലും ഡി.ഇ.ഒ, ആര്‍.ഒ, എ.ആര്‍.ഒ.മാരുടെ കാര്യാലയത്തിലും ലഭിക്കും.

പൊതുനിരത്തുകളില്‍ പാര്‍ട്ടി ചിഹ്നങ്ങള്‍ വരയ്ക്കുന്നത് ഒഴിവാക്കണം:ജില്ലാ കളക്ടര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുനിരത്തുകളില്‍ പാര്‍ട്ടി ചിഹ്നങ്ങള്‍ വരയ്ക്കുന്നത് ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ഈ നിര്‍ദേശം പാലിക്കാത്ത പക്ഷം ഇവ നീക്കം ചെയ്തശേഷം ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ കണക്കില്‍ ഉള്‍പ്പെടുത്തും. കൂടാതെ, പോസ്റ്ററുകള്‍, ബാനറുകള്‍, ലഘുലേഖകള്‍ എന്നിവയില്‍ പ്രസിദ്ധീകരിക്കുന്നവരുടെ പേരുവിവരങ്ങള്‍, കോപ്പികളുടെ എണ്ണം, അച്ചടിശാലയുടെ പേര് എന്നിവ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. അല്ലാത്തപക്ഷം ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ കണക്കില്‍ ഉള്‍പ്പെടുത്തുമെന്നും കളക്ടര്‍ പറഞ്ഞു

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണം

പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റച്ചട്ടം നിലനില്‍ക്കേ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫെയ്‌സ്ബുക്ക്, വാട്‌സ്അപ്പ്, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയോ, മറ്റെതെങ്കിലും വിധത്തിലോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോട് അനുഭാവം പ്രകടിപ്പിച്ച് പോസ്റ്റുകളിടാനോ, ഷെയര്‍ ചെയ്യാനോ, ലൈക്ക് ചെയ്യാനോ പാടില്ല. നിര്‍ദേശം പാലിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.
മാതൃകാ പെരുമാറ്റച്ചട്ടം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബാധകമാണ്. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവ പതിക്കാന്‍ പാടില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭരണനേട്ടങ്ങള്‍ പരാമര്‍ശിക്കുന്ന ഫോട്ടോകളും നോട്ടീസും അടിയന്തിരമായി നീക്കം ചെയ്യണം. സര്‍ക്കാര്‍ ജീവനക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ഓഫീസുകളില്‍ പ്രചാരണം നടത്തുകയോ വോട്ട് അഭ്യര്‍ഥിക്കുകയോ ചെയ്യരുത്. സര്‍ക്കാര്‍ പരിപാടികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോ, രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളില്‍ ഉദ്യോഗസ്ഥരോ പങ്കെടുക്കാന്‍ പാടില്ലെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

പരിശീലനം മാര്‍ച്ച് 2 മുതല്‍

പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ എന്നിവര്‍ക്കുള്ള പരിശീലനം മുതല്‍ ആരംഭിക്കും.
നാലുവരെ വിവിധ സെന്ററുകളിലാണ് പരിശീലനം നല്‍കുക. ജോലി ചെയ്യുന്ന അസംബ്ലി മണ്ഡലത്തിലെ പരിശീലന ക്ലാസുകളിലാണ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കേണ്ടത്. പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ പരിശീലന ക്ലാസില്‍ നല്‍കും. ക്ലാസിനെത്തുന്ന ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യുന്ന അസംബ്ലി മണ്ഡലത്തിലെ പോളിംഗ് ബൂത്ത് നമ്പര്‍, ക്രമനമ്പര്‍, ഇലക്ഷന്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയും കൊണ്ടുവരണം. പരിശീലന പരിപാടിയില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്.

പരിശീലന ക്ലാസുകള്‍ നടക്കുന്ന സ്ഥാപന വിവരങ്ങള്‍

തിരുവല്ല: തിരുവല്ല സെന്റ് മേരീസ് വിമന്‍സ് കോളജ്
റാന്നി: സെന്റ് തോമസ് കോളജ് റാന്നി
ആറന്മുള: കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട
കോന്നി: എസ് എന്‍ പബ്ലിക് സ്‌കൂള്‍ കോന്നി (ഏപ്രില്‍ മൂന്നിനും നാലിനും)
അടൂര്‍ : അടൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍

പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ മാര്‍ച്ച് 2 മുതല്‍ നല്‍കാം

പോളിംഗ് ഓഫീസര്‍മാര്‍ (രണ്ടും മൂന്നും) അപേക്ഷ മാര്‍ച്ച് 2 മുതല്‍ നാലുവരെ രാവിലെ അവര്‍ ജോലി ചെയുന്ന അസംബ്ലി മണ്ഡലത്തില്‍ ഉള്‍പ്പെട്ട ചുവടെ പറയുന്ന സ്ഥാപനങ്ങളിലെത്തി പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ നല്‍കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വോട്ട് ചെയ്യുന്ന അസംബ്ലി മണ്ഡലത്തിലെ പോളിംഗ് ബൂത്ത് നമ്പര്‍, ക്രമനമ്പര്‍, ഇലക്ഷന്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ കൊണ്ടുവരണം. ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ പോസ്റ്റിങ് ഓര്‍ഡറിനൊപ്പം അയച്ചിട്ടുണ്ട്.

സ്ഥാപന വിവരങ്ങള്‍

തിരുവല്ല: തിരുവല്ല സെന്റ് മേരീസ് വിമന്‍സ് കോളജ്
റാന്നി: സെന്റ് തോമസ് കോളജ് റാന്നി
ആറന്മുള: കാതലിക്കേറ്റ് കോളജ് പത്തനംതിട്ട
കോന്നി: എസ് എന്‍ പബ്ലിക് സ്‌കൂള്‍ കോന്നി (ഏപ്രില്‍ മൂന്നിനും നാലിനും)
അടൂര്‍ : അടൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍

error: Content is protected !!