konnivartha.com: ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണത്തിന്റെ 75-ാം വർഷ ത്തിലേയ്ക്ക് കടക്കുന്നു. കേരളത്തിന്‍റെ സാംസ്‌കാരികവും സാമൂഹികവുമായ ജീവിതത്തിൽ നിർണ്ണായകസ്വാധീനം ചെലുത്തിയ തിരുവനന്തപുരം നിലയം 1950 ഏപ്രിൽ 1 നാണ് പ്രക്ഷേപണം ആരംഭിച്ചത്. ജി.പി.എസ്സ്. നായരായിരുന്നു ആദ്യത്തെ ഡയറക്ടർ. അതിപ്രഗൽഭരായ എഴുത്തുകാരും, കലാകാരൻമാരും പ്രാരംഭം മുതലേ തിരുവനന്തപുരം നിലയത്തെ ജനപ്രിയമാക്കി. ആലപ്പുഴയിലെ 200 കിലോവാട്ട് ട്രാൻസ്മിറ്റർ തിരുവനന്തപുരം നിലയത്തെ കേരളത്തിലെമ്പാടും എത്തിച്ചു. ആലപ്പുഴ, പുനലൂർ, പത്തനംതിട്ട, കായംകുളം, ഇടുക്കി, കൽപ്പറ്റ, കാസർഗോഡ്, കവരത്തി, അനന്തപുരി എഫ്. എം. എന്നീ എഫ്.എം. നിലയങ്ങളിലൂടെയും ആകാശവാണി തിരുവനന്തപുരം കേൾക്കാൻ കഴിയും.
ഒരു വർഷം നീണ്ടു നിൽകുന്ന എഴുപത്തഞ്ചാം വാർഷിക പരിപാടികൾ ഡോ. ജോർജ്ജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു . ഡോ. എം. ജി. ശശിഭൂഷൺ മുഖ്യപ്രഭാഷണം നടത്തി . തുടർന്ന് വരുന്ന മാസങ്ങളിൽ വിവിധപ്രദേശങ്ങളിൽ വൈവിധ്യം നിറഞ്ഞ പരിപാടികൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഔദ്യോഗിക റേഡിയോ പ്രക്ഷേപകരാണ് അഖിലേന്ത്യാ റേഡിയോഅഥവാ ആകാശവാണി.വാർത്താ വിതരണപ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിൽ ഉള്ള ഒരു സ്വതന്ത്ര സ്ഥാപനമാണിത്.ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത് 1927-ൽ രണ്ടു സ്വകാര്യ പ്രക്ഷേപണ ഉപകരണങ്ങളുടെ സഹായത്തോടു കൂടെയാണ്. കൽക്കത്തയിലും മുംബൈയിലും ആയിരുന്നു ആദ്യത്തെ സംപ്രേക്ഷണം. ഈ നിലയങ്ങൾ 1930-ൽ ദേശസാൽകരിക്കുകയും, ഇന്ത്യാ പ്രക്ഷേപണ നിലയം (India Broadcasting Service) എന്ന പേരിൽ പ്രവർത്തിക്കുകയും ചെയ്തു. 1936-ൽ അഖിലേന്ത്യാ റേഡിയോ എന്ന പേര് സ്വീകരിച്ചു.
1957-ൽ ഔദ്യോഗിക നാമം ആകാശവാണി എന്നാക്കിയെങ്കിലും ഇന്നും ജനകീയമായ പേര് അഖിലേന്ത്യാ റേഡിയോ എന്നു തന്നെയാണ്. ഇന്ത്യയുടെ ഏറ്റവും വിദൂര മേഖലകളിൽ പോലും എത്താൻ സാധിക്കുന്നതും, ഏറ്റവും കൂടുതൽ പ്രചാരമുള്ളതുമായ മാധ്യമവും അഖിലേന്ത്യാ റേഡിയോ തന്നെ. ഇന്നു സ്വകാര്യ ചാനലുകളിൽ നിന്നു കടുത്ത മത്സരം നേരിടുന്നെങ്കിലും സംഗീതം, നാടകം, വാർത്ത, കായികം തുടങ്ങിയ പുതിയ ചാനലുകൾ അവതരിപ്പിച്ച് അഖിലേന്ത്യാ റേഡിയോ മത്സരത്തെ അതിജീവിക്കാൻ ശ്രമിക്കുന്നുണ്ട്. സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഇന്ത്യയിൽ ആറു റേഡിയോ സ്റ്റേഷനുകളേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച ശേഷം രൂപം കൊണ്ട ആദ്യത്തെ റേഡിയോ നിലയം വിജയവാഡ നിലയം ആണു. അതിനുമുൻപ് തെലുങ്കു പരിപാടികൾ മദ്രാസ് നിലയത്തിൽ നിന്നു സംപ്രേഷണം ചെയ്യുകയായിരുന്നു പതിവ്. ആകാശവാണി എന്ന പേര് ആദ്യം ബാംഗ്ലൂർ നിലയത്തിൽ നിന്നും കടം കൊണ്ടതാണ്.