ലോക സഭാ തെരഞ്ഞെടുപ്പ് :പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 27/03/2024 )

 

നാമനിര്‍ദേശ പത്രികാ സമര്‍പ്പണം മാര്‍ച്ച് 28 മുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ നാല് വരെ സമര്‍പ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം പൊതു അവധിദിനങ്ങളായ മാര്‍ച്ച് 29, 31, നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ട് പ്രകാരമുള്ള അവധിയായ ഏപ്രില്‍ ഒന്ന് എന്നീ ദിവസങ്ങളില്‍ പത്രിക സ്വീകരിക്കില്ല. പത്രികകള്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ സമര്‍പ്പിക്കാം.

ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി നാല് സെറ്റ് പത്രികകള്‍ വരെ നല്‍കാം. നാമനിര്‍ദേശ പത്രികയും അനുബന്ധഫോമുകളും വരണാധികാരിയുടെ ഓഫീസില്‍ ലഭിക്കും. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ വേളയില്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് മാത്രമേ വരണാധികാരിയുടെ ഓഫീസില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. സ്ഥാനാര്‍ഥികളുടെ വാഹനങ്ങളില്‍ പരമാവധി മൂന്നെണ്ണത്തിന് മാത്രമേ വരണാധികാരിയുടെ ഓഫീസിന് 100 മീറ്റര്‍ പരിധിയില്‍ പ്രവേശനമുള്ളൂ.

പൊതു വിഭാഗത്തിന് 25,000 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് 12,500 രൂപയുമാണ് സ്ഥാനാര്‍ഥികള്‍ കെട്ടിവയ്‌ക്കേണ്ട തുക. ഇളവിന് ബന്ധപ്പെട്ട അധികാരിയില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം.

പത്രിക സമര്‍പ്പിക്കുന്ന ദിവസത്തിന് മുമ്പായി തെരഞ്ഞെടുപ്പ് ആവശ്യത്തിനായി സ്ഥാനാര്‍ഥികള്‍ പ്രത്യേകം ബാങ്ക് അക്കൗണ്ട് തുറക്കണം. ഇതിലൂടെ മാത്രമേ ഇലക്ഷന്‍ ചെലവ് നടത്താവൂ. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് ലഭ്യമാക്കണം. പത്രികകളുടെ സൂക്ഷ്്മ പരിശോധന ഏപ്രില്‍ അഞ്ചും പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ടുമാണ്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് എത്തുന്നവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

 

നാമനിര്‍ദേശ പത്രികയും സത്യവാങ്മൂലവും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളുടെയും നാമനിര്‍ദേശ പത്രികയും സത്യവാങ്മൂലവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. പത്രിക സമര്‍പ്പിച്ച് 24 മണിക്കൂറിനകമാണ് വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത്. അപൂര്‍ണമായ സത്യവാങ്മൂലവും കൗണ്ടര്‍ സത്യവാങ്മൂലവുമുണ്ടെങ്കില്‍ അതും സൈറ്റില്‍ പ്രസിദ്ധീകരിക്കും.

നാമനിര്‍ദേശ പത്രികയും ഫോം 26 ല്‍ നല്‍കുന്ന സത്യവാങ്മൂലവും റിട്ടേണിംഗ് ഓഫീസറുടെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെയും നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന അവസാന ദിവസം വൈകിട്ട് മൂന്നിനുശേഷം എല്ലാ നാമനിര്‍ദേശ പത്രികയുടേയും പട്ടിക പ്രസിദ്ധീകരിക്കും. സ്ഥാനാര്‍ഥിയുടെ പൂര്‍ണ മേല്‍വിലാസം ഇതില്‍ രേഖപ്പെടുത്തും.

പത്രിക സമര്‍പ്പണം വീഡിയോയില്‍ ചിത്രീകരിക്കും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് വീഡിയോയില്‍ ചിത്രീകരിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് രണ്ടു മുതല്‍ തുടര്‍ച്ചയായി ചിത്രീകരണം ഉണ്ടാകുമെന്നും തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍

നാമനിര്‍ദേശ പത്രികയോടൊപ്പം സ്ഥാനാര്‍ഥികള്‍ ഫോട്ടോ നല്‍കണം

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ബാലറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി നാമനിര്‍ദേശ പത്രികയോടൊപ്പം സ്ഥാനാര്‍ഥികള്‍ സ്വന്തം ഫോട്ടോ സമര്‍പ്പിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

ഫോട്ടോയുടെ മറുവശത്ത് സ്ഥാനാര്‍ഥി ഒപ്പിട്ടിരിക്കണം. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ മൂന്ന് മാസത്തിനുള്ളില്‍ എടുത്തതായിരിക്കണം ഫോട്ടോ. വെളുത്ത പശ്ചാത്തലത്തില്‍ എടുത്ത ഫോട്ടോയുടെ വലിപ്പം 2 സെന്റി മീറ്റര്‍ ത 2.5 സെന്റി മീറ്റര്‍ സ്റ്റാമ്പ് സൈസ് ആയിരിക്കണം. സാധാരണ വസ്ത്രം ധരിച്ച് വേണം എടുക്കാന്‍. യൂണിഫോം പാടില്ല. തൊപ്പി, കൂളിംഗ് ഗ്ലാസ് ഒഴിവാക്കണം. ഫോട്ടോ നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയില്ലെങ്കില്‍ സൂക്ഷ്മ പരിശോധനയ്ക്ക് മുമ്പായി നല്‍കണം. ഫോട്ടോ നല്‍കാത്തതുകൊണ്ട് മാത്രം പത്രിക തള്ളില്ല. പക്ഷേ, ബാലറ്റില്‍ സ്ഥാനാര്‍ഥിയുടെ ചിത്രം ഉണ്ടാവില്ല. ഫോട്ടോ നല്‍കുന്നതിനൊപ്പം സത്യവാങ്മൂലം നല്‍കണമെന്നും കളക്ടര്‍ അറിയിച്ചു. (പിഎന്‍പി 56/24)

ഇ-പോസ്റ്റ് ബാലറ്റ് സംവിധാനം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കും (ജവാന്മാര്‍ക്ക്) വോട്ട് രേഖപെടുത്തുന്നതിനായി ഇ.ടി.പി.ബി.എസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് മാനേജ്മെന്റ് സിസ്റ്റം). സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി ലഭിക്കുന്ന ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് വോട്ട് ചെയ്തശേഷം തപാല്‍ വഴി തിരിച്ചയക്കാം. ക്യു.ആര്‍. കോഡ് സംവിധാനം ഉപയോഗിച്ചാണ് കൗണ്ടിങ് സമയത്ത് ഈ പോസ്റ്റല്‍ ബാലറ്റിന്റെ സാധുത പരിശോധിക്കുക. സാധുവായ പോസ്റ്റല്‍ ബാലറ്റ് മാത്രമേ കൗണ്ടിങ്ങിനായി പരിഗണിക്കൂ.

ഓരോ സര്‍വീസ് വോട്ടര്‍ക്കും തങ്ങളുടെ ബാലറ്റ് പ്രിന്റ് എടുത്ത് വോട്ട് ചെയ്ത ശേഷം കവറുകളിലാക്കി അയയ്ക്കാന്‍ സാധിക്കും. പോസ്റ്റല്‍ ബാലറ്റ് വൈകുക, നഷ്ടപ്പെടുക, കാലതാമസം എന്നിവ ഒഴിവാക്കാന്‍ ഇ.ടി.പി.ബി.എസിലൂടെ സാധിക്കും.

നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള സമയം കഴിഞ്ഞ് ഒരു ദിവസത്തിനുള്ളില്‍ തന്നെ ഇ.ടി.പി.ബി.എസ് വോട്ടര്‍മാര്‍ക്ക് അയച്ചുകൊടുക്കും. വോട്ടെണ്ണലിന് തൊട്ടുമുന്‍പ് വരെ മടങ്ങിവരുന്ന ബാലറ്റുകള്‍ സ്വീകരിക്കും അത് കഴിഞ്ഞ് വരുന്നവ അയോഗ്യമായതായി പ്രഖ്യാപിക്കും. പ്രോക്‌സി വോട്ട് ചെയ്തവര്‍ക്ക് ഈ സൗകര്യം ലഭ്യമായിരിക്കില്ല.

സ്ഥാനാര്‍ഥികളുടെ സഹായി സുവിധ ആപ്പ് ലോഗിന്‍

തെരഞ്ഞെടുപ്പു പ്രക്രിയയില്‍ സ്ഥാനാര്‍ഥികള്‍ക്കു സഹായവുമായി തെരഞ്ഞെടുപ്പു കമ്മിഷന്റെ ‘സുവിധ ആപ്പ്’. സുവിധ ആപ്ലിക്കേഷനിലൂടെയും suvidha.eci.gov.in എന്ന വെബ്സൈറ്റിലൂടെയും നാമനിര്‍ദേശ പത്രികകളും അനുമതികളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഓണ്‍ലൈനായി വരണാധികാരിക്ക് സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശ പത്രികക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക ഓണ്‍ലൈനായി അടക്കാനുള്ള സംവിധാനവും ഉണ്ട്. സ്ഥാനാര്‍ഥികള്‍ക്ക് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് അക്കൗണ്ട് തുടങ്ങാം.

നാമനിര്‍ദ്ദേശ പത്രികകള്‍, അഫിഡവിറ്റുകള്‍ എന്നിവ പൂരിപ്പിച്ച് അവ നേരിട്ട് സമര്‍പ്പിക്കുന്നതിനുള്ള തീയതി, സമയം എന്നിവ തിരഞ്ഞെടുക്കണം. അനുമതി ലഭിക്കുന്ന സമയത്ത് നേരില്‍ ഹാജരായി ഓണ്‍ലൈനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയുടെ പ്രിന്റ് റിട്ടേണിങ് ഓഫീസര്‍ മുന്‍പാകെ സമര്‍പ്പിക്കണം. ഒരിക്കല്‍ ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ നാമനിര്‍ദേശപത്രികയുടെയും അനുമതിയുടെയും നിലവിലെ അവസ്ഥ അറിയാന്‍ സാധിക്കും. തെരഞ്ഞെടുപ്പു പ്രക്രിയയില്‍ സുതാര്യതയും കാര്യക്ഷമതയും കൊണ്ടുവരാനും സുവിധ ആപ്പ് പ്രയോജനപ്പെടുത്താം. പ്ലേസ്റ്റോറില്‍ നിന്നും ഐ.ഒ.എസില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

വോട്ട് ഓരോ പൗരന്റെയും അവകാശവും ഉത്തരവാദിത്തവുമാണ്: ജില്ലാ കളക്ടര്‍

സമ്മതിദാനാവകാശം ഓരോ പൗരന്റെയും അവകാശവും ഉത്തരവാദിത്തവുമാണെന്നും അത് ഫലപ്രദമായി വിനിയോഗിക്കണമെന്നും ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വീപ്പിന്റെ ആറന്മുള മണ്ഡലതല വിളംബര ഘോഷയാത്ര ഗാന്ധി സ്‌ക്വയറില്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. എല്ലാവരും ഉറപ്പായും വോട്ട് ചെയ്യണമെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഘോഷയാത്രയുടെ പ്രധാന ഉദ്ദേശമെന്നും കളക്ടര്‍ പറഞ്ഞു.

സ്വതന്ത്രവും കുറ്റമറ്റതുമായ പൊതു തിരഞ്ഞെടുപ്പ് നടത്തുന്നതിനും ജനങ്ങളില്‍ ജനാധിപത്യ ബോധം വളര്‍ത്തുന്നതിനും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ജനങ്ങളെ പങ്കാളികളാക്കുന്നതിനുമുള്ള ആറന്മുള മണ്ഡലതല സ്വീപ്പ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ ) ക്യാമ്പയിന്റെ ഭാഗമായാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെ പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയും വോട്ടെടുപ്പില്‍ പരാമവധി വോട്ടര്‍മാരെ പങ്കാളികളാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്വീപ്പ് പ്രവര്‍ത്തികുന്നത്. കോഴഞ്ചേരി തഹസില്‍ദാര്‍ ഉണ്ണികൃഷ്ണപിള്ള, ഭൂരേഖ വിഭാഗം തഹസില്‍ദാര്‍ കെ. ജയദീപ്, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തെരഞ്ഞെടുപ്പ് ഹരിതചട്ടം കര്‍ശനമായി പാലിക്കണം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഹരിതചട്ടം ഉറപ്പാക്കാന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. പ്രചരണത്തിനുള്ള ഫ്‌ളെക്‌സുകളിലും പോസ്റ്ററുകളിലും അനുവദനീയമായവ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം. കൊടിതോരണങ്ങള്‍ പൂര്‍ണമായും പ്ലാസ്റ്റിക്, പിവിസി മുക്തമായിരിക്കണം. ഔദ്യോഗിക പരസ്യങ്ങള്‍ക്കും ബോര്‍ഡുകള്‍ക്കും കോട്ടണ്‍, പേപ്പര്‍ തുടങ്ങിയവ മാത്രമേ ഉപയോഗിക്കാവൂ. പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് ഡിസ്‌പോസിബിള്‍ പാത്രങ്ങളില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ നല്‍കുന്നത് ഒഴിവാക്കണം.

ഇനി വീട്ടില്‍ വോട്ട്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ 85 വയസിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടികള്‍ ജില്ലയില്‍ ആരംഭിച്ചു. അസന്നിഹിത (അബ്‌സെന്റീ) വോട്ടര്‍മാരുടെ പട്ടികയില്‍പ്പെടുത്തി 12 ഡി അപേക്ഷാ ഫോം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) മുഖേന വിതരണം ചെയ്യുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്.

അവശ്യസര്‍വീസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍, 85 വയസിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെയാണ് അസന്നിഹിത വോട്ടര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 12 ഡി ഫോമില്‍ നിര്‍ദിഷ്ട വിവരങ്ങള്‍ രേഖപ്പെടുത്തി റിട്ടേണിങ് ഓഫീസര്‍മാര്‍ക്കു സമര്‍പ്പിക്കുന്നവരുടെ അപേക്ഷകളാണു വോട്ട് രേഖപ്പെടുത്താന്‍ പരിഗണിക്കുന്നത്. ഇവര്‍ക്കു മുന്‍കൂട്ടി അറിയിപ്പ് നല്‍കിയശേഷം താമസസ്ഥലത്തുവച്ചുതന്നെ തപാല്‍ വോട്ടു ചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തും.

രണ്ടു പോളിങ് ഉദ്യോഗസ്ഥര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍, വീഡിയോഗ്രാഫര്‍, ഒരു സുരക്ഷാഉദ്യോഗസ്ഥന്‍ എന്നിവരടങ്ങുന്ന സംഘമാണ് വോട്ടു രേഖപ്പെടുത്താനായി താമസസ്ഥലത്ത് എത്തുക. പോളിംഗ് സംഘം എത്തുമ്പോള്‍ വോട്ടര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതിവയ്ക്കണം. ഭിന്നശേഷിക്കാര്‍ 12 ഡി അപേക്ഷാ ഫോമിനൊപ്പം അംഗീകൃത ഡിസബിലിറ്റി സര്‍ട്ടിഫിക്കേറ്റ് (40 ശതമാനം) സമര്‍പ്പിക്കണം. ഭിന്നശേഷിക്കാര്‍ക്ക് പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാനുമുളള സൗകര്യവും ഉണ്ടാകും.

വോട്ടേഴ്‌സ് ഹെല്‍പ് ലൈന്‍:ഇതുവരെ ലഭിച്ചത് 107 കോളുകള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍മാരുടെ സംശയനിവാരണത്തിനായി പ്രവര്‍ത്തിക്കുന്ന കളക്ടറേറ്റിലെ ഹെല്‍പ് ലൈനില്‍ ഇതുവരെ ലഭിച്ചത് 107 ഫോണ്‍കോളുകള്‍. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കല്‍, പോളിംഗ് ബൂത്ത് കണ്ടുപിടിക്കല്‍, പുതിയ ഐ.ഡി കാര്‍ഡിനും ഡൂപ്ലിക്കേറ്റിനും അപേക്ഷിക്കല്‍, മണ്ഡലം മാറ്റം തുടങ്ങി എല്ലാ സംശയങ്ങള്‍ക്കും 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. എം.സി.സി, സി-വിജില്‍ തുടങ്ങിയത് സംബന്ധിച്ച സംശയങ്ങള്‍ക്കുള്ള ഫോണ്‍കോളുകള്‍ അതാത് വിഭാഗത്തിലേക്ക് ഫോര്‍വേഡ് ചെയ്യും. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 24 മണിക്കൂറും കണ്ട്രോള്‍ റൂമുമായി നേരിട്ടും 0468 2224256 എന്ന നമ്പരിലും ബന്ധപ്പെടാം.

ലോക്സഭാ തെരഞ്ഞെടുപ്പ്:ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സൗജന്യ ചികിത്സ

2024 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി, പരിശീലന കാലയളവില്‍ വേണ്ടി വരുന്ന അടിയന്തര വൈദ്യ സഹായങ്ങള്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പദ്മചന്ദ്രക്കുറുപ്പ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആശുപത്രി അധികൃതര്‍ പങ്കെടുത്തു.

ജില്ലാ മെഡിക്കല്‍ ഓഫീസറാണ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോളിംഗ് ഓഫീസര്‍മാര്‍, പൊലീസ്, സി.എ.പി.എഫ്, സി.ആര്‍.പി.എഫ്, സെക്യൂരിറ്റി പേഴ്‌സണല്‍, ബെല്‍ / ഇ.സി.ഐ.എല്‍ എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്കാണ് ചികിത്സാ സഹായം ലഭ്യമാക്കുന്നത്. താമസ സ്ഥലത്ത് നിന്നും തെരഞ്ഞെടുപ്പ് സംബന്ധിച്ച പരിശീലനം, ഡ്യൂട്ടി എന്നിവക്കായി ഇറങ്ങുന്ന കാലയളവ് മുതല്‍ താമസ സ്ഥലത്തേക്ക് തിരിച്ചെത്തുന്ന സമയം വരെയുള്ള കാലയളവില്‍ നടക്കുന്ന അപകടങ്ങള്‍/ അസുഖങ്ങള്‍ എന്നിവക്കാണ് ചികിത്സ ലഭ്യമാക്കുക. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് പ്രകാരമാണ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചെലവാകുന്ന തുക തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫണ്ടില്‍ നിന്ന് ലഭ്യമാക്കും.

error: Content is protected !!