ജാഗ്രതാ നിര്‍ദേശം :വനം വകുപ്പ് നേതൃത്വത്തില്‍ തണ്ണിത്തോട് സൈൻ ബോർഡ് സ്ഥാപിച്ചു

 

konnivartha.com: വേനൽ കടുത്തതോടെ കോന്നി തണ്ണിത്തോട് റോഡ്‌ മുറിച്ചു കടന്ന് മുണ്ടോമുഴി ഭാഗത്ത് കല്ലാറിൽ പകലും രാത്രിയിലും കാട്ടാന കൂട്ടം എത്തുന്നത് കണക്കിലെടുത്ത് തണ്ണിത്തോട് സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഡിജിറ്റൽ സൈൻ ബോർഡ് സ്ഥാപിച്ചു.

കാട്ടാനകൾ വെള്ളം കുടിക്കാനായി കല്ലാറിലേക്ക് പ്രവേശിക്കുന്ന പ്രധാന ആന താരകൾ മുണ്ടോമുഴി ഫോറസ്റ്റ് സ്റ്റേഷൻ മുതൽ ഇലവുങ്കൽ വരെയാണ്. വേനൽ കടുത്തതോടുകൂടി കാട്ടിനുള്ളിൽ വെള്ളം വറ്റിയതോടെ വന്യമൃഗങ്ങളുടെ ഏക ആശയമാണ് കല്ലാറ്. ഇപ്പോൾ ദിവസവും പകലും രാത്രിയും നിരവധി തവണ ആന റോഡ് ക്രോസ് ചെയ്ത് കല്ലാറിൽ എത്തുന്നുണ്ട്.

നാളിതുവരെ അവ യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല എങ്കിലും യാത്രക്കാർ പെട്ടെന്ന് ആനയെ കണ്ട് പേടിക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഇത് ഒഴുവാക്കാനായി റാന്നി ഡി എഫ് ഒ കെ.ജയകുമാർ ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് ഇവിടെ സൈൻ ബോർഡ് സ്ഥാപിച്ചത്.

ഉൾക്കാടുകളിലെ സ്വാഭാവിക നീരുറവകൾ കണ്ടെത്തി അവ സംരക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നു. ഇലവുങ്കലിൽ വനത്തിനുള്ളിൽ വന്യമൃഗങ്ങൾക്ക് വെള്ളം കുടിക്കുന്നതിനു വേണ്ടി ചെക്ക് ഡാം നിർമ്മിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

യന്ത്ര സഹായത്തോടുകൂടി സാധ്യമായ സ്ഥലങ്ങൾ എല്ലാം ഉൾക്കാടുകളിൽ ജലസ്രോതസ്സുകൾ വൃത്തിയാക്കാനും നടപടി സ്വീകരിച്ചു വരുന്നു. വേനൽക്കാലത്ത് വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത് തടയുന്നതിന് വേണ്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ തണ്ണിത്തോട് മൺപിലാവ് മേക്കണ്ണം വില്ലുന്നിപ്പാറ കൂത്താടിമൺ വന സംരക്ഷണ സമിതികളുടെ നേതൃത്വത്തിൽ 14 കിലോമീറ്റർ ഓളം സോളാർഫെൻസിങ്ങുകൾ പ്രവർത്തനക്ഷമമാണ്. യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തി രാത്രികാലങ്ങളിൽ മുണ്ടോമൂഴി മുതൽ മൂഴി വരെ വന്യമൃഗങ്ങൾ റോഡ് ക്രോസ് ചെയ്യുന്നത് മുൻനിർത്തി ജീവനക്കാർ രാത്രികാല പരിശോധനയും നടത്തുന്നുണ്ട്.