കൂറുമാറ്റം: അഞ്ച് ഗ്രാമപഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി

 

konnivartha.com: കരുംകുളം, രാമപുരം, റാന്നി, എഴുമറ്റൂർ ഗ്രാമപഞ്ചായത്തുകളിലെ അഞ്ച് അംഗങ്ങളെ സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അയോഗ്യരാക്കി. സോളമൻ. എസ് (കരുംകുളം ഗ്രാമപഞ്ചായത്ത്), ഷൈനി സന്തോഷ് (രാമപുരം ഗ്രാമപഞ്ചായത്ത്), എം.പി.രവീന്ദ്രൻ, എ.എസ്. വിനോദ് (റാന്നി ഗ്രാമപഞ്ചായത്ത്), ലീലാമ്മ സാബു (എഴുമറ്റൂർ ഗ്രാമപഞ്ചായത്ത്) എന്നിവരെ കൂറുമാറ്റ നിരോധനനിയമപ്രകാരമാണ് അയോഗ്യരാക്കിയത്. നിലവിൽ അംഗമായി തുടരുന്നതിനും 2024 ഫെബ്രുവരി 22 മുതൽ ആറ് വർഷത്തേക്ക് ഏതെങ്കിലും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുമാണ് വിലക്ക് ഏർപ്പെടുത്തിയത്.

2020 ഡിസംബറിലെ പൊതുതിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) പാർട്ടിയുടെ സ്ഥാനാർത്ഥിയായി കരുംകുളം 18 -ാം വാർഡിൽ നിന്നും വിജയിച്ച സോളമൻ. എസ് 2023 ജനുവരി അഞ്ചിന് നടന്ന പ്രസിഡന്റ് , വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ പാർട്ടി വിപ്പ് ലംഘിച്ച് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ വോട്ട് ചെയ്തിരുന്നു. ഇത് കൂറുമാറ്റമാണെന്ന് വിലയിരുത്തിയാണ് കമ്മീഷൻ അയോഗ്യനാക്കിയത്.ഗ്രാമപഞ്ചായത്ത് അംഗമായ മധുസൂദനൻ നായർ സമർപ്പിച്ച ഹർജ്ജിയിലാണ് കമ്മീഷന്റെ നടപടി.

രാമപുരം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി വിജയിച്ച ഷൈനി സന്തോഷ് പാർട്ടി വിപ്പ് ലംഘിച്ച് 2022 ജൂലൈ 27 ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ വോട്ട് ചെയ്തതുമാണ് കൂറുമാറ്റമായി വിലയിരുത്തി അയോഗ്യയാക്കിയത്. ഗ്രാമപഞ്ചായത്ത് അംഗമായ മനോജ്. സി. ജോർജ്ജ് സമർപ്പിച്ച ഹർജ്ജിയിലാണ് കമ്മീഷന്റെ നടപടി.

2020 ഡിസംബറിലെ പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥികളായി റാന്നി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ വിജയിച്ച എം.പി.രവീന്ദ്രൻ, ഏഴാം വാർഡിൽ വിജയിച്ച വിനോദ്. എ.എസ് എന്നിവർ പാർട്ടി വിപ്പ് ലംഘിച്ച് 2022 ഒക്ടോബർ 27 ന് നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തതാണ് കൂറുമാറ്റനിയമപ്രകാരം അയോഗ്യതയായത്. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് നൽകിയ ഹർജിയിലാണ് കമ്മീഷൻ വിധി പ്രഖ്യാപിച്ചത്.

എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് അംഗമായ ലീലാമ്മ സാബു (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) 2021 ഒക്ടോബർ ഒന്നിന് നടന്ന ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് മത്സരിച്ചതും വോട്ട് ചെയ്തതുമായ നടപടിയാണ് കൂറുമാറ്റ നിയമപ്രകാരം അയോഗ്യതയ്ക്ക് കാരണമായത്. ഗ്രാമപഞ്ചായത്തംഗമായ ആർ . കൃഷ്ണകുമാർ സമർപ്പിച്ച ഹർജിയിലാണ് കമ്മീഷന്റെ നടപടി.

 

മുനിസിപ്പൽ കൗൺസിലറെ

അയോഗ്യനാക്കി

മഞ്ചേരി മുനിസിപ്പൽ കൗൺസിലിലെ കൗൺസിലർ വിശ്വനാഥനെ തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അയോഗ്യനാക്കി. 2020 ലെ പൊതുതിരഞ്ഞെടുപ്പിൽ കരുവമ്പരം വാർഡിൽ നിന്നും  വിജയിച്ച വിശ്വനാഥൻ.പി വാർഡ് കൗൺസിലറായിരിക്കവെ വഴിപാട് അസിസ്റ്റന്റ് ക്‌ളാർക്കായി ജോലിയിൽ തുടർന്നതിനാലാണ് അയോഗ്യനാക്കിയത്. മഞ്ചേരിയിലെ വോട്ടറും 2020 ലെ പൊതുതിരഞ്ഞെടുപ്പിൽ കരുവമ്പരം വാർഡിൽ സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്ത മുനവർ. പി നൽകിയ ഹർജിയിലാണ് കമ്മീഷൻ വിധി പ്രസ്താവിച്ചത്.

error: Content is protected !!