ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെ പുതിയ കോഴ്‌സുകള്‍ സംസ്ഥാനത്തെ കോളജുകളില്‍ അനുവദിക്കും : മന്ത്രി വീണാ ജോര്‍ജ്

 

പത്തനംതിട്ട ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന അനാച്ഛാദനം നിര്‍വഹിച്ചു

ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെ പുതിയ കോഴ്‌സുകള്‍ സംസ്ഥാനത്തെ കോളജുകളില്‍ അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന അനാച്ഛാദനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ മിഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും പ്രാധാന്യം നല്‍കി. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രാഥമിക ഊന്നല്‍ ഉന്നത വിദ്യാഭ്യാസ മേഖലക്ക് തന്നെ ആയിരുന്നു. കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് സര്‍ക്കാര്‍ നടത്തുന്നത്.

ഉന്നതവിദ്യാഭ്യാസമേഖലയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളെ തരണം ചെയ്താണ് നാം മുന്നോട്ട് പോകുന്നത്.നഴ്സിംഗിനും എഞ്ചിനീയറിംഗിനുമായി അന്യസംസ്ഥാനത്തേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ പലപ്പോഴും പല ബുദ്ധിമുട്ടുകളിലും അകപ്പെടാറുണ്ട് . അത്തരം പ്രശ്നങ്ങള്‍ക്കെല്ലാം ഒരു പരിഹാരമെന്നോണമാണ് സംസ്ഥാനത്ത് പുതിയ നഴ്സിംഗ് കോളജുകളും കൂടുതല്‍ സീറ്റുകളും അനുവദിക്കുന്നത്.

ഒരു വര്‍ഷത്തിനിടയില്‍ പതിനാറ് നഴ്സിംഗ് കോളേജുകളാണ് ആരംഭിച്ചത്.
ജില്ലാ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ കോളേജ് ജില്ലയുടെ പ്രതീക്ഷയാണ്.
പല വെല്ലുവിളികളുായപ്പോഴും അധ്യാപകര്‍ തളരാതെ മുന്നോട്ട് പോയി. സ്ഥലപരിമിതിയാണ് ഇവിടുത്തെ വലിയ പ്രശ്നം. എന്നാല്‍ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ അതിന് ഒരു പരിഹാരമാകുമെന്നും വിദ്യാര്‍ഥികള്‍ക്ക് പഠനസാഹചര്യവും കൂടുതല്‍ തൊഴിലവസരങ്ങളും സംസ്ഥാനത്ത് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

സി പാസ് ഡയറക്ടര്‍ പ്രൊഫ. സി ഹരികൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ എം എല്‍ എ യും ദേശാഭിമാനി മാനേജരും ആയ കെ ജെ തോമസ് , നഗരസഭ കൗണ്‍സിലര്‍ അഡ്വ. എ സുരേഷ് കുമാര്‍, സി പാസ് ഗവേണിംഗ് ബോഡി അംഗം ഡോ. ജേക്കബ് ജോര്‍ജ്, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം ഡോ. എ അബ്ദുള്‍ വഹാബ്, പി ടി എ വൈസ് പ്രസിഡന്റ് സി എ സജീര്‍, കോളജ് പ്രിന്‍സിപ്പല്‍ ആന്‍ വി ഈശോ, അധ്യാപകര്‍ , വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!