മലബാര്‍ വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 26/02/2024 )

ജാതിയെക്കുറിച്ച് ചിന്തിക്കാത്തവർക്കേ ശ്രീ നാരായണീയരാവാനാകൂ: കെ.കെ.ശൈലജ

തലശ്ശേരി: ജാതിമത ചിന്തകൾക്കുമപ്പുറം പൂർണ്ണമായും മനുഷ്യരായി ജീവിക്കുന്ന ഒരു തലമുറയെ സ്വപ്നം കണ്ട ഗുരുദേവൻ്റെ തലമുറക്ക് നിരാശ പകരുന്നതാണ് വർത്തമാനകാല അവസ്ഥ.
ജാതിയതയെക്കുറിച്ച് ചിന്തിക്കാത്തവർക്കേ ശ്രീനാരായണീയരാവാൻ കഴിയൂ.എൻ്റെ മതം മാത്രമാണ് ശരി എന്ന് പറയുന്നത് ശരിയല്ല. സഹിഷ്ണുതയാണ് വേണ്ടത്. കണ്ണാടിയിൽ ദൈവത്തെ കാണാൻ ഗുരു നമ്മെ പഠിപ്പിച്ചു.നല്ല മനുഷ്യരിലാണ് ദൈവ ചൈതന്യമുണ്ടാകുന്നത്. മത ജാതി ഭ്രാന്താണ് ലോകത്ത് ഏറ്റവും കൂടുതൽ ചോര ചൊരിഞ്ഞിട്ടുള്ളത്. മനസ്സിനെ ശുദ്ധമാക്കാൻ ഗുരുദേവ സൂക്തങ്ങൾ ജീവിതത്തിൽ പകർത്താനാവണമെന്ന് കെ.കെ. ശൈലജ ടീച്ചർ എം എൽ എ പറഞ്ഞു.

ജഗന്നാഥ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ‘ശ്രീ നാരായണ ഗുരുസൃഷ്ടിച്ച പ്രബുദ്ധത ‘ എന്ന വിഷയത്തിൽ നടന്ന സാംസ്ക്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഭാവി കേരളത്തിൻ്റെ മാനിഫെസ്റ്റോയാണ് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഗുരു രൂപപ്പെടുത്തിയതെന്ന് പ്രശസ്ത കവി കെ.ജയകുമാർ ഐ.എ.എസ്.അഭിപ്രായപ്പെട്ടു.

നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയെ സൗമ്യതയോടെ പരിവർത്തനപ്പെടുത്തിയ ഗുരുവിന് ‘
അക്കാലത്തെ സാഹചര്യത്തിൽ ഈശ്വരാരാധനയിലൂടെ മാത്രമേ സാമൂഹ്യ പരിഷ്ക്കരണം നടത്താനാവുമായിരുന്നുള്ളൂ. വാക്കുകളിൽ,കാവ്യങ്ങളിൽ തൻ്റെ മാനവ ദർശനം ഗുരുപ്രസരിപ്പിച്ചു.സർവമത സാരവുമേകം എന്ന  അതീവ മനോഹരമായ സത്ത, സർവമതങ്ങളേയും ആഴത്തിൽ പഠിച്ച ഗുരു അനുഭവിച്ചറിഞ്ഞതാണ്. ഞാനും നീയും ഒന്നു തന്നെയെന്ന് ഗുരു ഉദ്ബോധിപ്പിച്ചു.ഗുരുവിനെ കേവലം സാമൂഹ്യ പരിഷ്ക്കർത്താവായി മാത്രം കാണാനാവില്ല.

അഗാധമായ ആത്മീയ ദർശനങ്ങളിൽ നിന്ന് സമസ്ത പ്രാപഞ്ചിക വികാരങ്ങളും ഉൾക്കൊണ്ട മഹാത്മാവാണ് ലോക ഗുരു’ പരമ സത്യമാണെന്ന ബോധത്തോടെ പ്രവർത്തിക്കുന്നത് കൊണ്ടാണ് അദ്വൈതത്തിൻ്റെ പരമാനന്ദം അനുഭവിക്കാനാവുന്നത്.സത്യമെന്നത് ഒന്ന് മാത്രമാണ്. ഒന്നിലധികം സത്യങ്ങളുണ്ടായാൽ അത് ദൈവമാകില്ല.

മുൻ ചീഫ് സെക്രട്ടരി കെ.ജയകുമാർ മുഖ്യഭാഷണത്തിൻ പറഞ്ഞു. എം.വി.ജയരാജൻ, എം.ഹേമലത ഐ.പി.എസ്, സി.കെ.രമേശൻ, പ്രീത പ്രദീപ് ,അഡ്വ കെ.സത്യൻ, രാജീവൻ മാടപ്പീടിക, സി.കെ.രമേശൻ, കാരായി രാജൻ    ,സി.ഗോപാലൻ,അഡ്വ.കെ.അജിത്കുമാർ,സംസാരിച്ചു.രവീന്ദ്രൻ പൊയിലൂർ സ്വാഗതവും, കുമാരൻ വളയം നന്ദിയും പറഞ്ഞു.മോതിരം വെച്ച് തൊഴലിന് ശേഷം മെലഡിബിറ്റേഴ്സിൻ്റെ മെഗാസ്റ്റേജ് ഷോയുമുണ്ടായി.

 

ചികിത്സയിലും ഗവേഷണത്തിലും നേതൃപരമായ പങ്ക് വഹിക്കുന്ന സ്ഥാപനമായി എംസിസി മാറി: മുഖ്യമന്ത്രി

കാൻസർ ചികിത്സാ രംഗത്ത് യശസ്സ്‌ നേടിയെടുക്കാൻ കാൽനൂറ്റാണ്ട് പിന്നിടുന്ന തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കിഫ്ബി രണ്ടാംഘട്ട പദ്ധതിയിലെ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും പൂർത്തീകരിച്ച മറ്റു പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ചികിത്സയിലും ഗവേഷണത്തിലും കേരളത്തിൽ  മികച്ച നേതൃപരമായ പങ്ക് വഹിക്കുന്ന സ്ഥാപനമായി എംസിസി വളർന്നു.

ഡയരക്ടറുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെയും ജീവനക്കാരുടെയും അർപ്പണ ബോധത്തിലൂടെയുള്ള പ്രവർത്തനമാണ് ഈ നേട്ടത്തിനു പിന്നിൽ.
വിവാദങ്ങളുടെ പിന്നാലെയല്ല,സ്ഥാപനത്തിന്റെ വളർച്ചയിലൂടെ
അനേകായിരം ആളുകൾക്ക് എങ്ങനെ ഗുണകരമായി മാറുന്നുവെന്നാണ് ജനം ആലോചിക്കുന്നത്.

രാജ്യാന്തര തലത്തിൽ തന്നെ മികച്ച കേന്ദ്രമാക്കി എംസിസിയെ മാറ്റാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ചായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി നിർമിക്കുന്ന പുതിയ കെട്ടിടത്തിൽ എല്ലാ ആധുനിക സജീകരണങ്ങളും ഉൾപ്പെടുത്തും. 150 വിദ്യാർഥികൾക്ക് പഠനം നടത്താനും അവസരങ്ങൊളൊരുക്കും.

കാൻസർ പരിചരണത്തിനും ചികിത്സയ്ക്കും സർക്കാർ വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. കാൻസർ രോഗികളുടെ വർധനവ് മുന്നിൽ കണ്ട് അവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി സംസ്ഥാനത്ത് കാൻസർ കൺട്രോൾ സ്ട്രാറ്റജി നടപ്പാക്കിയിട്ടുണ്ട്. അധികദൂരം യാത്ര ചെയ്യാതെ കാൻസർ ചികിത്സ ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് 3 അപ്പെക്‌സ് കാൻസർ സെന്ററുകൾക്ക് പുറമേ 5 മെഡിക്കൽ കോളേജിലും സമഗ്ര കാൻസർ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ആരോഗ്യ വനിതശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ രംഗം വർത്തമാന കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടുന്ന പ്രവർത്തനങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. എംസിസിയിൽ ആധുനിക ചികിത്സാ രീതികൾ സാധ്യമാക്കുന്നതോടൊപ്പം ഗവേഷണ രംഗത്ത് പുതിയ മാറ്റങ്ങൾ നടത്തുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

കിഫ്ബി ധനസഹായത്തോടെ 406 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. 14 നിലകളിലായുള്ള കെട്ടിടത്തിൽ 450 ബെഡുകളും 14 ഓപ്പറേഷന്‍ തീയറ്ററുകളും ഒരുക്കും. ചടങ്ങിൽ പ്ലാൻ ഫണ്ടിൽ ഉൾപ്പടുത്തി പൂർത്തിയാക്കിയ ജലശുദ്ധീകരണ പ്ലാന്റ്, ത്രീ ടെസ്ല എംആർഐ, ഡെക്സാ സ്കാൻ, ഗാലിയൻ ജനറേറ്റർ എന്നീ ഉപകരണങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

സ്പീക്കർ അഡ്വ. എ എൻ ഷംസീർ മുഖ്യാതിഥികളായി. എംപിമാരായ കെ മുരളീധരൻ, ഡോ. വി ശിവദാസൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എംസിസി ഡയരക്ടർ ഡോ. ബി സതീശൻ റിപ്പോർട്ട് അവതരിപ്പിച്ചു.

റേഡിയോളജിസ്റ്റ് ഡോ. രതിക ശ്രീകുമാർ, അനസ്തേഷ്യോളജിസ്റ്റ് ഡോ. കൃഷ്ണവാരിയർ, കാർഡിയോ തെറാസിക് സർജൻ ഡോ. പ്രസാദ്, കേണൽ ഡോ. എൻവി കൃഷ്ണൻ എന്നിവരെ മുഖ്യമന്ത്രി ഉപഹാരം നൽകി ആദരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, നഗരസഭ അധ്യക്ഷ കെ എം ജമുനാറാണി, കൗൺസിലർമാരായ പി വസന്ത, കെ എൻ ശ്രീശൻ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയുഷ് നമ്പൂതിരിപ്പാട്, ഡോ. സംഗീത കെ നായനാർ പങ്കെടുത്തു.

കതിരൂർ ഗുരുക്കൾ, തച്ചോളി ഒതേനൻ അനുസ്മരണം സംഘടിപ്പിച്ചു

കതിരൂർ: പൊന്ന്യത്തങ്കത്തിൻ്റെ മൂന്നാം നാളിൽ കതിരൂർ ഗുരുക്കൾ, തച്ചോളി ഒതേനൻ അനുസ്മരണം സംഘടിപ്പിച്ചു’കെ.കെ.ശൈലജ ടീച്ചർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.പത്മശ്രീ മീനാക്ഷി ഗുരുക്കൾ വിശിഷ്ടാതിഥിയായി.തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം.ജമുനാ റാണി ടീച്ചർ അധ്യക്ഷയായി. സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ, എ.കെ.ഷിജു, കീച്ചേരി രാഘവൻ, ടി.ടി.റംല,, എം. ഷീബ എന്നിവർ പ്രസംഗിച്ചു.

കൊയിലാണ്ടി അൽ മുബാറക്ക് കളരി സംഘത്തിൻ്റെയും ദുബൈ കളരി ക്ലബിൻ്റെയും കളരിയും മോക്ഷ തിയേറ്ററിക്കലിൻ്റെ കളരി ഡാൻസും അരങ്ങേറി. രാഗവല്ലി കലാപരിപാടികളും അരങ്ങേറി

കേളപ്പജിയുടെ തറവാട്ടിൽ സ്വാതന്ത്ര്യ സമരത്തിലെ ഏടുകൾ മ്യൂറൽ ചിത്രങ്ങളായി

പയ്യോളി:കേളപ്പജിയുടെ കൊയപ്പള്ളി തറവാട് ട്രസ്റ്റ് പുതുക്കിപ്പണിത നാലുകെട്ടിൻ്റെ ഒന്നാംനില ഹാളിൽ വരമുഖി വനിതാ ആർട്ടിസ്റ്റ് കമ്യൂണിലെ കലാകാരികൾ രചിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വല മുഹൂർത്തങ്ങൾ ഉൾക്കൊള്ളുന്ന മ്യൂറൽ പെയിൻ്റിങ്ങ് സീരീസ് കെ.കെ.രമ എം.എൽ.എ സമൂഹത്തിന് സമർപ്പിച്ചു.

 

പുതു തലമുറക്ക് സ്വാതന്ത്ര്യത്തെക്കുറിച്ചും പഴയ തലമുറയുടെ ത്യാഗത്തെക്കുറിച്ചും അറിവ് പകരാൻ വരമുഖിയുടെ ശ്രദ്ധേയമായ ഈ രചനകൾക്ക് കഴിയുമെന്നതിൽ സംശയമില്ല. വനിതകൾക്ക് സമൂഹത്തിൽ പുതിയ ഇടങ്ങൾ സമൂഹത്തിൽ ഒരുക്കുവാനും മജിനി തിരുവങ്ങൂരിൻ്റെ നേതൃത്വത്തിലുള്ള ഈ കൂട്ടായ്മക്ക് കഴിയുന്നു എന്നതും വളരെ പ്രാധാന്യമർഹിക്കുന്നുവെന്ന് കെ.കെ.രമ അഭിപ്രായപ്പെട്ടു.

യോഗത്തിൽ ട്രസ്റ്റ് വൈസ് പ്രസിഡന്റ് വിജയൻ കൈനടത്ത് അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും ചിത്രകാരനുമായ മധുശങ്കർ മീനാക്ഷി മുഖ്യാഥിതിയായി ആസ്വാദന ഭാഷണം നിർവഹിച്ചു. ബാലഗോപാൽ പുതുക്കുടി, ശ്രീനിവാസൻ കൊടക്കാട്, ധനഞ്ജയൻ കൂത്തടുത്ത്, എ.കെ.രാമകൃഷ്ണൻ സംസാരിച്ചു.

 

വാര്‍ത്തകള്‍ :    ദിവാകരൻ ചോമ്പാല

error: Content is protected !!