പൊതുമരാമത്ത് മന്ത്രി അഡ്വ.പി എ മുഹമ്മദ് റിയാസ് നാളെ കോന്നിയില്‍ ( 22/02/2024 )

കോന്നി : നിർമ്മാണം പൂർത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം നാളെ നടക്കും

konnivartha.com/കോന്നി :നിയോജക മണ്ഡലത്തിൽ 10.20 കോടി രൂപ മുതൽ മുടക്കി അധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കോന്നി -ചന്ദനപ്പള്ളി റോഡ്, ഏഴു കോടി രൂപ ചിലവിൽ അധുനിക രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച പൂങ്കാവ്- പത്തനംതിട്ട റോഡുകളുടെ ഉദ്ഘാടനവും 7 കോടി രൂപ മുതൽ മുടക്കി ആധുനിക രീതിയിൽ നിർമ്മിക്കുന്ന ചള്ളംവേലിപടി- പ്രമാടം ക്ഷേത്രം- ഇരപ്പുകുഴി റോഡിന്‍റെ നിർമ്മാണ ഉദ്ഘാടനവും വ്യാഴാഴ്ച്ച രാവിലെ 10ന്‌ പൂങ്കാവ് മാര്ക്കറ്റ് ജംഗ്ഷനിൽ വച്ച് പൊതുമരാമത്ത് മന്ത്രി അഡ്വ.പി എ മുഹമ്മദ് റിയാസ് നിർവഹിക്കുമെന്നു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

കോന്നി പ്രമാടം വള്ളിക്കോട് പഞ്ചായത്തുകളിലൂടെ 12.200 കിലോമീറ്റർ മീറ്റർ ദൂരത്തിൽ കടന്നു പോകുന്ന കോന്നി ചന്ദനപ്പള്ളി റോഡ് ബി എം ബി സി സാങ്കേതിക വിദ്യയിൽ നിർമാണം പൂർത്തീകരിച്ചത്. 5 കിലോമീറ്റർ ദൂരത്തിലാണ് പൂങ്കാവ് പത്തനംതിട്ട റോഡ് ബി എം ബി സി സാങ്കേതിക വിദ്യയിൽ നിർമാണം പൂർത്തീകരിച്ചത്.

5.5 മീറ്റർ വീതിയിലാണ് റോഡുകൾ നിർമിച്ചത്. പൂങ്കാവിൽ നിന്നും ജില്ലാ ആസ്ഥാനത്തേക്കുള്ള പ്രധാന റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയായിരുന്നു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ സംസ്‌ഥാന ബജറ്റിൽ ഉൾപ്പെടുത്തി തുക അനുവദിച്ചാണ് റോഡിന്റെ നിർമാണം നടത്തിയത്.

വള്ളിക്കോട് പ്രമാടം പഞ്ചായത്തുകളിലൂടെ 4.65 കിലോമീറ്റർ ദൂരത്തിൽ കടന്നു പോകുന്ന ചള്ളംവേലിപടി- പ്രമാടം ക്ഷേത്രം- ഇരപ്പുകുഴി റോഡ് 5.5 മീറ്റർ വീതിയിൽ ബി എം ബി സി സാങ്കേതിക വിദ്യയിലാണ് നിർമ്മിക്കുന്നത്.ആവശ്യമായ ഇടങ്ങളിൽ കലുങ്കുകളും, ഓടയും ഐറിഷ് ഓടയും നിർമ്മിക്കും.റോഡ് സുരക്ഷ പ്രവർത്തികളും ഏറ്റെടുത്തിട്ടുണ്ട്.റോഡിന്റെ നിർമ്മാണം പൂർത്തികരിക്കുന്നത്തോടെ പ്രമാടം വള്ളിക്കോട് മേഖലയിൽ നിന്നും ജില്ലാ അസ്‌ഥാനത്തേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. പൂങ്കാവിൽ നിന്നും അച്ചൻ കോവിലാറിന് സാമാന്തരമായാണ് റോഡ് നിർമ്മിക്കുന്നത്.

വ്യാഴം രാവിലെ 10 മണിക്ക് പൂങ്കാവ് മാർക്കറ്റ് ജംഗ്ഷനിൽ വച്ച് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് പ്രവർത്തികൾ ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.യു. ജനീഷ് കുമാർ എം എൽ എ അധ്യക്ഷനാകും.ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

 

അരുവാപ്പുലം – ഐരവൺ പാലം ഉദ്ഘാടനം നാളെ

കോന്നി :12.25 കോടി രൂപ ചിലവിൽ അരുവാപ്പുലം – ഐരവൺ കരകളെ ബന്ധിപ്പിച്ചു കൊണ്ട് അച്ചൻകോവിലാറിന് കുറുകെ നിർമ്മിക്കുന്ന ഐരവൺ പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം വ്യാഴാഴ്ച്ച രാവിലെ 11ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കുമെന്നു അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.
കോന്നിയുടെ വികസന സ്വപ്നങ്ങൾക്ക് മാറ്റു കൂട്ടുന്ന ഐരവൺ പാലത്തിന്റെ നിർമാണം പ്രദേശവാസികളുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു.

അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ ശ്രമഫലമായി റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി 12.25 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.പൊതു മരാമത്ത് പാലം വിഭാഗത്തിനാണ്നിർവഹണ ചുമതല.

കൊല്ലം സ്വദേശിയായ കരാറുകാരൻ കെ രാജീവ് ആണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്.പാലത്തിനു ആകെ 183.7 മീറ്റർ നീളവും ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതയോടും കൂടി ആകെ 11 മീറ്റർ വീതിയുമാണുള്ളത്. പാലത്തിന് നദിക്കു കുറുകെ 3 സപാനുകളും ഇരുകരകളിലുമായി 6 ലാൻഡ് സപാനുകളുമാണുള്ളത്.ഇവയിൽ 1 ലാൻഡ് സപാൻ ഐരവൺ ഭാഗത്തും 5 ലാൻഡ് സപാനുകൾ അരുവാപ്പുലം ഭാഗത്തുമാണുള്ളത്.നദിക്ക് കുറുകേയുള്ള സ്പാനുകൾക്ക് Post Tensioned PSC Girder രൂപകൽപ്പനയും ലാൻഡ് സ്പാനുകൾക്ക് RCC Slab Integrated with Substructure രൂപകൽപ്പനയുമാണ് സ്വീകരിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബി എം& ബിസിഉപരിതല നിർമ്മാണവും ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തിയും ഉൾപ്പെടുത്തിയാണ് പാലത്തിനുള്ള സമീപനപാത വിഭാവനം ചെയ്തിട്ടുള്ളത്. ഈ പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി ഒന്നര വർഷമാണ്.
അരുവാപ്പുലം പഞ്ചായത്ത്‌ പടിയിൽ വ്യാഴം രാവിലെ 11 മണിക്ക് പൊതുമരാമത്ത് മന്ത്രി അഡ്വ പി എ മുഹമ്മദ്‌ റിയാസ് നിർവഹിക്കും. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിക്കും, ജനപ്രധിനിധികൾ, ഉദ്യോഗസ്‌ഥ പ്രമുഖർ, രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ എന്നിവർ പങ്കെടുക്കും.

 

പാലത്തിന്റെ നിർമ്മാണ പ്രവർത്തി പൂർത്തീകരിക്കുന്നത്തോടെ അരുവാപ്പുലം പഞ്ചായത്തിലെ 4വാർഡുകളെ മറ്റു 11വാർഡുകളുമായി ബന്ധിപ്പിക്കാൻ സാധിക്കും.ഈ പാലം കോന്നി മെഡിക്കൽ കോളേജിലേക്കുള്ള എളുപ്പവഴിയുമാകും. അരുവാപ്പുലം പഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ തുടങ്ങിയ ഓഫീസുകൾ സ്ഥിതി ചെയ്യുന്നതിന്റെ മറുകരയിലാണ് ആനകുത്തി, ഐരവൺ, കുമ്മണ്ണൂർ, മുളകുകൊടിത്തോട്ടം എന്നീ വാർഡുകൾ സ്ഥിതിചെയ്യുന്നത്. ഈ നാല് വാർഡുകളിലെ ആളുകൾ കിലോമീറ്ററുകൾ യാത്ര ചെയ്ത് കോന്നി ടൗണിലൂടെമാത്രമേ
അരുവാപ്പുലത്തെത്തി വിവിധ ആവശ്യങ്ങൾ സാധിക്കാൻ കഴിയുകയുള്ളു.അക്കരെയിക്കരെ കടക്കാൻ ഐരവൺ, അരുവാപ്പുലം കരകളെ ബന്ധിപ്പിച്ച് പാലമുണ്ടാവുക എന്നത് പ്രദേശവാസികളുട വർഷങ്ങളായുള്ള ആവശ്യമാണ്. കെ യു ജനീഷ് കുമാർ എം എൽ എ യുടെ ശ്രമഫലമായാണ് പാലം യഥാർഥ്യമാകുന്നത്. അച്ചൻകോവിൽ -ചിറ്റാർ മലയോര ഹൈവേയിലൂടെ എത്തുന്ന തമിഴ്നാട് സ്വദേശികൾക്കടക്കം കോന്നിയിൽ എത്താതെ അ രുവാപ്പുലത്തുനിന്നും ഐരവൺ പാല ത്തിലൂടെ മെഡിക്കൽ കോളേജിലെത്താം. മെഡിക്കൽ കോളേജിലേക്കുള്ള പാലം കോന്നി ടൗണിലെ തിരക്കിൽ പെടാതെ രോഗികൾക്ക് ആശുപത്രിയിൽ എത്താൻ സഹായകമാകും

error: Content is protected !!