ജനവാസമേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

 

വയനാട്ടില്‍ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ട്രാക്ടർ ഡ്രൈവർ പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷ് (47) യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. പുല്ലരിയാൻ പോയപ്പോൾ ആനയുടെ മുന്നിലകപ്പെട്ടതായാണ് വിവരം.ആനയെ കണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു.

റേഡിയോ കോളർ ഘടിപ്പിച്ച മോഴയാനയാണ് ആക്രമിച്ചത്. കർണാടകയിൽ നിന്ന് പിടിച്ച് റേഡിയോകോളർ ഘടിപ്പിച്ച് വിട്ട ഈ ആന മാസങ്ങൾക്കു മുമ്പ് വയനാട് വന്യജീവിസങ്കേതത്തിലും പിന്നീട് സൗത്ത് വയനാട് വനം ഡിവിഷനിലും എത്തിയതായി സ്ഥിരീകരിച്ചിരുന്നു. നോർത്ത് – സൗത്ത് വയനാട് വനം ഡിവിഷനുകൾ അതിരിടുന്ന പ്രദേശമാണ് ചാലിഗദ്ദ.അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തരമായി നൽകാൻ തീരുമാനം. അജീഷിന്റെ ഭാര്യക്ക് സ്ഥിരം ജോലി നൽകാനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സബ്കളക്ടറുടെ ഓഫീസില്‍ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായി.

നഷ്ടപപരിഹാര തുകയായ പത്ത് ലക്ഷം രൂപ തിങ്കളാഴ്ച അജീഷിന്റെ കുടുംബത്തിന് കെെമാറും. കുടുംബത്തിന് 50 ലക്ഷം രൂപ നൽകണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.ബാക്കി 40 ലക്ഷം രൂപ കെെമാറുന്നതുമായി ബന്ധപ്പെട്ട് സർക്കാറിലേക്ക് ശുപാർശ നൽകാനാണ് തീരുമാനം. അജീഷിന്റെ മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.കാട്ടാനയെ മയക്കുവെടിവച്ച് മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റാനും യോ​ഗത്തിൽ തീരുമാനമായി.

error: Content is protected !!