Trending Now

പത്തനംതിട്ട ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്

 

konnivartha.com: ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ഒരുങ്ങി ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി ക്യാമ്പയിനുകളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. വിദ്യാഭ്യാസ വകുപ്പ്, തൊഴില്‍ വകുപ്പ്, കൃഷിവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക.

ജില്ലയില്‍ കൂടുതല്‍ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ആരോഗ്യവകുപ്പ്, ശുചിത്വമിഷന്‍, ഹരിതകേരളമിഷന്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ പൊതുജനപങ്കാളിത്തത്തോടെ ചിട്ടയായ മാലിന്യനിര്‍മാര്‍ജനം, പരിസര ശുചീകരണം കൊതുകുറവിട നശീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ വകുപ്പ് നടപ്പാക്കും.

ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും അധികാര പരിധിയില്‍ വരുന്ന ആശുപത്രികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനം നല്‍കപ്പെടുന്ന പകര്‍ച്ചവ്യാധിയുടെ വിവരങ്ങള്‍ യഥാസമയം ഐഡിഎസ്പി (ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം)യില്‍ റിപ്പോര്‍ട്ട് ചെയണം.

വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യനിര്‍മ്മാര്‍ജനം ഉറവിട നശീകരണത്തിലൂടെ നടപ്പിലാക്കും. തൊഴിലുറപ്പ് പദ്ധതിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങളും പ്രതിരോധ ചികിത്സയും ഉറപ്പാക്കും. പൊതുസ്ഥലങ്ങളില്‍ കൊതുക് വളരാന്‍ ഇടയുള്ള വസ്തുക്കള്‍ നീക്കുകയും പാഴ്വസ്തുക്കള്‍ സംസ്‌കരിക്കുകയും വേണം. ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങള്‍ നേരത്തെ കണ്ടെത്തി സമയബന്ധിതമായി ശുദ്ധജലലഭ്യത ഉറപ്പാക്കും. പമ്പിംഗ് സ്റ്റേഷന്‍ പരിസരത്തെ ജലസ്രോതസുകളുടെ മലിനീകരണം തടയും. കുടിവെള്ളത്തിന്റെ ഗുണമേന്മ പരിശോധനകള്‍ നടത്തും. ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണവും ഡ്രൈ ഡേ ആചരണവും നടപ്പാക്കും.

തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ തോട്ടം മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനും പകര്‍ച്ച വ്യാധി പ്രതിരോധത്തിനും വേണ്ട നടപടികള്‍ സ്വീകരിക്കും. വനിതാ ശിശു വികസന വകുപ്പ് അംഗണവാടി ഹെല്‍പ്പര്‍മാര്‍ , സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ വഴി ഗൃഹ സന്ദര്‍ശനവും സ്ഥാപന സന്ദര്‍ശനവും നടത്തി ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യും. ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് സാംക്രമിക രോഗങ്ങളെ കുറിച്ച് ബോധവത്കരണം നടത്തും. മഴക്കാല പൂര്‍വ ശുചികരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കും. ഭക്ഷ്യ വിഷബാധ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കൊതുകിന്റെ ഉറവിട നശീകരണം ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. കൃത്യമായ മോണിറ്ററിങ്ങിലൂടെയാണ് വകുപ്പുകള്‍ പ്രവര്‍ത്തങ്ങള്‍ നടപ്പിലാക്കുക.

ആരോഗ്യജാഗ്രതയ്ക്കായി ജില്ലയില്‍ തീവ്രയജ്ഞ പരിപാടികള്‍

ദേശീയ വിരവിമുക്ത ദിനം (8)

വയറിളക്ക രോഗ നിയന്ത്രണ വാരാചരണം ഫെബ്രുവരി 14 മുതല്‍ 28 വരെ

 മാര്‍ച്ച് മൂന്നിന് പള്‍സ് പോളിയോ പ്രതിരോധം

ജില്ലയില്‍ ആരോഗ്യജാഗ്രതയ്ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. ഇതിനായി ആരോഗ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജില്ലാതല ഇന്റര്‍സെക്ടറല്‍ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ. ഷിബുവിന്റെ അധ്യക്ഷതയില്‍ നടന്നു. ദേശീയ വിരവിമുക്ത ദിനം, ജലജന്യ രോഗനിയന്ത്രണം, സാംക്രമിക രോഗനിയന്ത്രണം, കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പക്ഷാചരണം തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തു.

ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ (8) ദേശീയ വിരവിമുക്ത ദിനമായി ആചരിക്കും. ജില്ലയിലെ ഒരു വയസിനും 19 വയസിനും ഇടയില്‍ പ്രായമുള്ള 2,24,410 കുട്ടികള്‍ക്ക് അങ്കണവാടികളിലും വിദ്യാലയങ്ങളിലും വിരക്കെതിരെയുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. വിരബാധ കുട്ടികളുടെ ശാരീരിക, മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ശുചിത്വശീലങ്ങള്‍ കര്‍ശനമായി പാലിച്ച് ആറു മാസം ഇടവിട്ട് വിരക്കെതിരെയുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക കഴിക്കണം.

പാര്‍ശ്വഫലങ്ങളില്ലാത്തതും ഫലപ്രദവും സൗജന്യമായ വിരഗുളികകള്‍ സ്‌കൂളുകളിലും അങ്കണവാടികളിലും ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ അങ്കണവാടി വര്‍ക്കര്‍മാരും ക്ലാസ് ടീച്ചറുമാണ് ഗുളിക നല്‍കുക. ഒരു വയസിനും രണ്ട് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പകുതി ഗുളികയും രണ്ടു വയസ് മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്ക് ഒരു ഗുളികയുമാണ് നല്‍കുക. സ്‌കൂളുകളിലും അങ്കണവാടികളിലും പോകാത്ത കുട്ടികള്‍ക്ക് ആശപ്രവര്‍ത്തകരുടെ സഹകരണത്തോടെ ഗുളികകള്‍ നല്‍കും. (ഫെബ്രുവരി 8) ഗുളികകള്‍ കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ഫെബ്രുവരി 15 ന് നല്‍കും. വിദ്യാഭ്യാസവകുപ്പ്, സാമൂഹ്യനീതിവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ആരോഗ്യവകുപ്പ് വിരവിമുക്ത ദിനം സംഘടിപ്പിക്കുന്നത്.
വിരബാധിതരായ കുട്ടികളില്‍ പോഷണവൈകല്യവും വിളര്‍ച്ചയും മൂലം ക്ഷീണിതരായിട്ടാകും കാണപ്പെടുക. വയറു വേദന, ഛര്‍ദ്ദി, വയറിളക്കം, വിളര്‍ച്ച, തൂക്കകുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ വിരബാധയുടെ കുട്ടികളില്‍ ഉണ്ടാകും.

ഭക്ഷണം കഴിക്കുന്നതിന് മുന്‍പും ഭക്ഷണം കഴിച്ചതിനു ശേഷവും കൈകള്‍ കഴുകുക, ഭക്ഷണം അടച്ച് സൂക്ഷിക്കുക, ശുദ്ധമായ ജലം കുടിക്കുക, കുട്ടികളുടെ നഖങ്ങള്‍ വെട്ടി വൃത്തിയായി സൂക്ഷിക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, ചെരുപ്പുകള്‍ ധരിക്കുക, ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക, തുറസായ സ്ഥലങ്ങില്‍ വിസര്‍ജ്ജ്യം ചെയ്യാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ വിരബാധ തടയാം.

വയറിളക്ക രോഗ നിയന്ത്രണ വാരാചരണം ഫെബ്രുവരി 14 മുതല്‍ 28 വരെ ആചരിക്കും. വയറിളക്കം മൂലമുള്ള നിര്‍ജ്ജലീകരണത്തിലൂടെ മരണങ്ങള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ബോധവത്ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്തും. അഞ്ചു വയസില്‍ താഴെയുള്ള എല്ലാ കുട്ടികളും അവരുടെ രക്ഷിതാക്കളും വയറിളക്കം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഈ വയസിലുള്‍പ്പെടുന്ന കുട്ടികളെയും ലക്ഷ്യമിട്ടാണ് വാരാചരണം നടത്തുന്നത്.

കുട്ടികളുടെ പ്രതിരോധവും പരിപാലനവും ഉറപ്പാക്കുന്നതിന് ഓആര്‍എസ്, സിങ്ക് എന്നിവയുടെ കോര്‍ണറുകള്‍ സ്ഥാപിച്ച് അവയുടെ ലഭ്യതയും ഉപയോഗവും മെച്ചപ്പെടുത്തുക, അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ വീടുകളില്‍ ആശപ്രവര്‍ത്തകര്‍ മുഖേന ഓആര്‍എസ് നല്‍കുക, ആരോഗ്യ കേന്ദ്രങ്ങളിലെ വാട്ടര്‍ ടാങ്കുകള്‍ വൃത്തിയാക്കുക, ശുചിത്വത്തിനായുള്ള ബോധവല്‍ക്കരണം എന്നിവയാണ് വാരാചരണ പ്രവര്‍ത്തനങ്ങള്‍.

അഞ്ച് വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് മാര്‍ച്ച് മൂന്നിന് പള്‍സ് പോളിയോ പ്രതിരോധ മരുന്നുകളും അഞ്ചാംപനി, റൂബെല്ല നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാക്സിന്‍ എടുക്കാത്ത ഈ പ്രായത്തിലുള്ള കുട്ടികളെ കണ്ടെത്തി എംആര്‍സിവി (മീസില്‍സ് ആന്‍ഡ് റുബെല്ല കണ്ടെയിനിഗ് വാക്സിന്‍) നല്‍കും.

കുഷ്ഠരോഗപക്ഷാചരണം ഫെബ്രുവരി 12 വരെ
ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ജില്ലയില്‍ കുഷ്ഠരോഗ പക്ഷാചരണം ആചരിച്ചുവരുന്നു. മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30 ന് ആരംഭിച്ച പരിപാടി ഫെബ്രുവരി 12 വരെ ആചരിക്കും. ഇതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ നടപ്പാക്കുന്നത്. സമൂഹത്തിലെ കുഷ്ഠരോഗ ബാധിതരെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുന്നതാണ് പരിപാടി.

കുഷ്ഠ രോഗം വായുവിലൂടെയാണ് പകരുന്നത്. മൈക്കോബാക്റ്റീരിയം ലെപ്രെ എന്ന ബാക്ടീരിയ വഴി പകരുന്ന ഈ രോഗം പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം കുഷ്ഠ രോഗത്തെപറ്റിയുള്ള അവബോധം ജനങ്ങളില്‍ സൃഷ്ടിച്ച് രോഗ നിര്‍ണയത്തിനും ചികിത്സക്കും ആവശ്യമായ സഹായമെത്തിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗത്തിനുള്ള മരുന്നുകള്‍ സൗജന്യമായി വിതരണം നല്‍കുന്നുണ്ട്.

കുഷ്ഠരോഗ ലക്ഷണങ്ങള്‍
തൊലിപ്പുറത്ത് കാണുന്ന സ്പര്‍ശനശേഷി കുറഞ്ഞ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, ഇത്തരം ഇടങ്ങളില്‍ ചൂട്, തണുപ്പ് എന്നിവ അറിയാതിരിക്കുകയോ സ്പര്‍ശനശേഷി കുറവോ, ഇല്ലാതിരിക്കുകയോ ചെയ്യുക എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. നിറം മങ്ങിയതോ കട്ടികൂടിയതോ ആയ ചര്‍മ്മം, വേദനയില്ലാത്ത വ്രണങ്ങള്‍, കൈകാലുകളിലെ മരവിപ്പ്, വൈകല്യങ്ങള്‍, കണ്ണടയ്ക്കാനുള്ള പ്രയാസം തുടങ്ങിയവയും കുഷ്ഠരോഗ ലക്ഷണങ്ങള്‍ ആകാം.

രോഗം തടയാം
രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ സമയം എടുക്കുന്നു. രോഗലക്ഷണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം ചികിത്സ വൈകുന്നത് അംഗവൈകല്യത്തിനും മറ്റുള്ളവരിലേക്ക് പടരാനും ഇടയാക്കും. ആരംഭത്തിലേ ചികിത്സിച്ചാല്‍ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങള്‍ തടയുന്നതിനും രോഗപ്പകര്‍ച്ച ഇല്ലാതാക്കുന്നതിനും സാധിക്കും. ചികിത്സ ആരംഭിക്കുന്നതോടെ രോഗിയുടെ ശരീരത്തിലെ 90 ശതമാനം ബാക്ടീരിയയും നശിക്കുന്നതിനാല്‍ മറ്റുള്ളവരിലേക്ക് പകരുന്നത് പൂര്‍ണമായും തടയാം. ആറുമുതല്‍ 12 മാസം വരെയുള്ള കൃത്യമായ ചികിത്സയിലൂടെ പൂര്‍ണ രോഗമുക്തി നേടാം.

 

error: Content is protected !!