പത്തനംതിട്ട അബാന്‍ ഫ്ളൈ ഓവര്‍: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ദ്രുതഗതിയിലാക്കും: മന്ത്രി വീണാ ജോര്‍ജ്

 

അബാന്‍ ഫ്ളൈ ഓവറിന്റെ സര്‍വീസ് റോഡുകള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഭൂവുടമകളില്‍ നിന്നു മുന്‍കൂറായി സ്ഥലം ലഭ്യമാക്കാനുള്ള നടപടികളുടെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതഗതിയിലാക്കാനും നഷ്ടപരിഹാരതുക കണക്കാക്കനുമായി പ്രത്യേക സര്‍വേ ടീം രൂപീകരിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഭൂവുടമകളുടെ പൂര്‍ണപിന്തുണയുണ്ടെന്നും നിയമാനുസൃതമായി പരമാവധി ലാഭം ഇവര്‍ക്ക് ലഭിക്കുന്ന തരത്തില്‍ സ്ഥലം ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഫ്ളൈ ഓവറിന്റെ നിര്‍മാണം വളരെ വേഗത്തിലാണ് പുരോഗമിക്കുന്നത്.ഫ്ളൈ ഓവറിന്റെ പാലത്തിന്റെ രണ്ടു സ്പാനുകള്‍ പൂര്‍ത്തീകരിച്ചു. മൂന്നാമത്തെ സ്പാനിന്റെ കോണ്‍ക്രീറ്റിംഗ് പ്രവര്‍ത്തികള്‍ ആരംഭിച്ചു. 92 പൈലുകളില്‍ 88 എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതായും മന്ത്രി പറഞ്ഞു.

നഗരത്തിന്റെ മറ്റൊരു പ്രധാന വികസനപദ്ധതിയായ ജില്ലാ സ്റ്റേഡിയം കോംപ്ലക്‌സിന് സാങ്കേതിക അനുമതിയായെന്നും ടെണ്ടര്‍ നടപടികള്‍ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ ജില്ലാ കളക്ടര്‍ എ. ഷിബു, ലാന്‍ഡ് റവന്യു ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) ജയശ്രീ, വകുപ്പ് തല ഉദ്യോഗസ്ഥര്‍, ഭൂവുടമകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു