ഗോത്രവർഗത്തെ ശാക്തീകരി‌ക്കുന്നു; ഇന്ത്യയെ പരിവര്‍ത്തനം ചെയ്യുന്നു

 

 

 

konnivartha.com: നാനാത്വത്തില്‍ ഏകത്വം എന്നത് ഇന്ത്യയിലെ ജനസംഖ്യയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്നാണ്. ലോകത്തിൽ ഏറ്റവും കൂടുതല്‍ ഗോത്രവർഗ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 8.9% ഗോത്രവർഗക്കാരാണ്. രാജ്യത്തുടനീളമുള്ള ഗോത്രവര്‍ഗക്കാര്‍ക്ക് സമ്പന്നമായ പാരമ്പര്യങ്ങളും സംസ്കാരങ്ങളും പാരമ്പര്യവും തനതായ ജീവിതരീതികളും ആചാരങ്ങളും ഉണ്ട്.

ഖാസി-ഗാരോ പ്രസ്ഥാനം, മിസോ പ്രസ്ഥാനം, കോള്‍ പ്രസ്ഥാനം, തുടങ്ങിയ ഗോത്ര പ്രസ്ഥാനങ്ങള്‍ ഇന്ത്യയുടെ ചരിത്രത്തിലെയും സ്വാതന്ത്ര്യസമരത്തിലെയും അവിഭാജ്യ അധ്യായങ്ങളാണ്. ഗോണ്ട് മഹാറാണി വീര്‍ ദുർഗാവതിയുടെ ധീരതയോ റാണി കമലാപതിയുടെ ത്യാഗമോ ഏതുമാകട്ടെ; ഇവയെല്ലാം രാജ്യത്തിന് മറക്കാന്‍ കഴിയാത്തതാണ്. തോളോട് തോള്‍ ചേര്‍ന്ന് പോരാടുകയും ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്ത ധീരരായ ഭീല്‍മാരില്ലാതെ വീര്‍ മഹാറാണാ പ്രതാപിന്റെ പോരാട്ടം സങ്കല്‍പ്പിക്കാന്‍ കഴിയില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച നിരവധി ഗോത്ര വീരന്മാരുണ്ട്.

ഗോത്ര സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെ അനുസ്മരിച്ചും അവരുടെ പൈതൃകം അടയാളപ്പെടുത്തുകയും ചെയ്തുകൊണ്ട്, മഹാനായ സ്വാതന്ത്ര്യ സമര സേനാനികളിലൊരാളായ ഭഗവാന്‍ ബിര്‍സ മുണ്ഡയുടെ ജന്മവാര്‍ഷികം 2021 നവംബര്‍ 15 മുതല്‍ ജന്‍ജാതീയ ഗൗരവ് ദിനമായി ആചരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യത്ത് ഇതാദ്യമായാണ് ഗോത്രവര്‍ഗ സമൂഹത്തിന്റെ കലയും സംസ്‌കാരവും സ്വാതന്ത്ര്യ സമരത്തിനും രാഷ്ട്രനിര്‍മാണത്തിനും അവര്‍ നല്‍കിയ സംഭാവനകളും അഭിമാനത്തോടെ ഓർമിക്കപ്പെടുന്നതും അവരെ ഇത്രയും വലിയ തോതില്‍ ആദരിക്കുകയും ചെയ്യുന്നത്. ഈ പ്രഖ്യാപനം ഗോത്ര സമൂഹങ്ങളുടെ മഹത്തായ ചരിത്രത്തെ ഏറ്റുപറയുകയും സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനായുള്ള അവരുടെ ശ്രമങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 നവംബര്‍ 14നും 15നും ജന്‍ജാതീയ ഗൗരവ് ദിനത്തില്‍ ഝാര്‍ഖണ്ഡ് സന്ദര്‍ശിക്കും. ഭഗവാന്‍ ബിര്‍സ മുണ്ഡയുടെ ജന്മസ്ഥലമായ ഉലിഹാതു ഗ്രാമം സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് അദ്ദേഹം. കൂടാതെ, ഏകദേശം 24,000 കോടി രൂപ അടങ്കലുള്ള പ്രധാനമന്ത്രി പിവിടിജി വികസന ദൗത്യവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. 9 മന്ത്രാലയങ്ങളുടെ സഹകരണത്തിലൂടെയാണ് ദൗത്യം നടപ്പിലാക്കുന്നത്.

18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 22,544 ഗ്രാമങ്ങളില്‍ (220 ജില്ലകള്‍) താമസിക്കുന്ന ഏകദേശം 28 ലക്ഷം ജനസംഖ്യയുള്ള 75 പിവിടിജികളുണ്ട്. വിവിധയിടങ്ങളിലായി ചിതറിക്കിടക്കുന്നതും വിദൂരവും അപ്രാപ്യവുമായ വാസസ്ഥലങ്ങളിലാണ്, പലപ്പോഴും വനപ്രദേശങ്ങളിലാണ്, ഈ ഗോത്രവർഗക്കാർ താമസിക്കുന്നത്. അതിനാല്‍ റോഡ്, ടെലികോം കണക്റ്റിവിറ്റി, വൈദ്യുതി, സുരക്ഷിത പാര്‍പ്പിടം, ശുദ്ധമായ കുടിവെള്ളം, ശുചിത്വം, മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, സുസ്ഥിര ഉപജീവന അവസരങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ച് പിവിടിജി കുടുംബങ്ങളെയും വാസസ്ഥലങ്ങളെയും സമ്പൂര്‍ണമാക്കാന്‍ ഏകദേശം 24,000 കോടി രൂപ മുതല്‍മുടക്കില്‍ ദൗത്യം ആസൂത്രണം ചെയ്തിട്ടുണ്ട്.

ഗോത്രസമൂഹങ്ങളുടെ ശാക്തീകരണം

ഗോത്ര സമൂഹങ്ങളുടെ സാമൂഹിക-സാംസ്‌കാരിക ഘടന സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ്, രാഷ്ട്രനിർമാണത്തില്‍ അവരുടെ പങ്ക് അടിവരയിട്ട്, ഇന്ത്യന്‍ ഭരണഘടനാശില്‍പ്പികള്‍ ഗോത്ര സംസ്‌കാരത്തിന്റെ സംരക്ഷണത്തിനും പട്ടികവര്‍ഗങ്ങളുടെ വികസനത്തിനും പ്രത്യേക വ്യവസ്ഥകള്‍ ഏർപ്പെടുത്തി. അവരുടെ ഭാഷ, ലിപി, മറ്റ് സാംസ്‌കാരിക ഘടകങ്ങള്‍ എന്നിവയുടെ സംരക്ഷണം, അവരുടെ വിദ്യാഭ്യാസ താല്‍പ്പര്യങ്ങള്‍ ഉറപ്പാക്കല്‍, സാമ്പത്തിക സംരക്ഷണം നല്‍കല്‍, രാഷ്ട്രീയ ശാക്തീകരണത്തിനുള്ള നടപടികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

മേല്‍പ്പറഞ്ഞ ഭരണഘടനാപരമായ പരിരക്ഷകള്‍ക്ക് പുറമെ, പട്ടികവര്‍ഗക്കാരുടെ (എസ്‌ടി) സംയോജിത സാമൂഹ്യ-സാമ്പത്തിക വികസനത്തിന് കൂടുതല്‍ കേന്ദ്രീകൃത സമീപനം നല്‍കുകയെന്ന ലക്ഷ്യത്തോടെ 1999-ല്‍ ഗോത്രകാര്യമന്ത്രാലയം എന്ന പേരില്‍ പ്രത്യേക മന്ത്രാലയത്തിനു രൂപം നൽകി. മറ്റ് കേന്ദ്ര മന്ത്രാലയങ്ങള്‍, സംസ്ഥാന ഗവണ്മെന്റുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയെ പിന്തുണയ്ക്കുന്നതിനും, അനുബന്ധമായി സാമ്പത്തിക സഹായത്തിലൂടെ പട്ടികവര്‍ഗക്കാരുടെ അവസ്ഥ കണക്കിലെടുത്ത് സ്ഥാപനങ്ങളിലെയും പരിപാടികളിലെയും നിര്‍ണായക അന്തരം നികത്തുന്നതിനും മന്ത്രാലയത്തിന്റെ പരിപാടികളും പദ്ധതികളും ലക്ഷ്യമിടുന്നു.

ഗോത്രശാക്തീകരണത്തിനായുള്ള മറ്റൊരു ഉദ്യമത്തില്‍, വനവാസികളായ പട്ടികവർഗക്കാർക്കും മറ്റ് പരമ്പരാഗത വനവാസികൾക്കും വനാവകാശങ്ങൾ അംഗീകരിക്കുന്നതിനും നിക്ഷിപ്തമാക്കുന്നതിനുമായി ‘പട്ടിക വർഗക്കാരുടെയും മറ്റ് പരമ്പരാഗത വനവാസികളുടെയും (വനാവകാശങ്ങളുടെ അംഗീകാരം – എഫ്ആർഎ) നിയമം 2006’ പാർലമെന്റ് പാസാക്കി. തലമുറകളായി വനഭൂമിയില്‍ വസിക്കുന്ന, എന്നാല്‍ പൂർവികരുടെ ഭൂമിയിലും അവരുടെ ആവാസവ്യവസ്ഥയിലും അവകാശങ്ങള്‍ വേണ്ടത്ര അംഗീകരിക്കപ്പെടാതെ ചരിത്രപരമായ അനീതിക്ക് ഇരയായിരുന്നവരായിരുന്നു ഇവർ. ഈ നിയമം 31.12.2007-ലാണ് പ്രാബല്യത്തില്‍ വന്നത്. ‘പട്ടികവര്‍ഗ – മറ്റ് പരമ്പരാഗത വനവാസി (വനാവകാശങ്ങള്‍ അംഗീകരിക്കല്‍) ചട്ടങ്ങള്‍, 2007 01.01.2008-നാണ് വിജ്ഞാപനം ചെയ്തത്.

ഈ നിയമപ്രകാരം, 2014 മെയ് വരെ നല്‍കിയ മൊത്തം സാമൂഹ്യ അവകാശങ്ങള്‍ 23,578 ആയിരുന്നു. എന്നാല്‍ 2014 മുതല്‍ ജൂണ്‍ 2023 വരെയുള്ള കാലയളവില്‍ രാജ്യത്തുടനീളം 86,621 സാമൂഹ്യ അവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്. എഫ്ആര്‍എയുടെ തുടക്കം മുതല്‍ 2014 മെയ് വരെയുള്ള കാലയളവില്‍ വിതരണം ചെയ്ത ഭൂമിയുടെ ആകെ വിസ്തൃതി 55.3 ലക്ഷം ഏക്കര്‍ ആയിരുന്നു, 2014 മുതല്‍ 2023 ജൂണ്‍ വരെയുള്ള കാലയളവില്‍ 122.6 ലക്ഷം ഏക്കര്‍ നല്‍കിയിട്ടുണ്ട്, ഇത് 2014 മെയ് വരെയുള്ള കാലയളവിലെ കണക്കിന്റെ ഇരട്ടിയാണ്. രാജ്യത്തുടനീളം 30.06.2023 വരെ മൊത്തം 177.9 ലക്ഷം ഏക്കര്‍ വനഭൂമി (47.56 ലക്ഷം ഏക്കര്‍ വ്യക്തിഗതമായും 130.34 ലക്ഷം ഏക്കര്‍ സമൂഹങ്ങള്‍ക്കും) വിതരണം ചെയ്തു.

വിദ്യാഭ്യാസ ശാക്തീകരണം

വിദൂര പ്രദേശങ്ങളിലെ പട്ടികവര്‍ഗ വിദ്യാർഥികള്‍ക്ക് (ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ) റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സൗകര്യങ്ങള്‍ വഴി ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിന് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ (ഇഎംആര്‍എസ്) സ്ഥാപിച്ചു. നിലവില്‍ 401 ഇഎംആര്‍എസില്‍ 1.2 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഇഎംആര്‍എസിലെ പെണ്‍കുട്ടികളുടെ എണ്ണം (60,815) ആണ്‍കുട്ടികളുടേതിനേക്കാള്‍ (59,255) കൂടുതലാണെന്നത് ശ്രദ്ധേയമാണ്. കൂടാതെ, ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കായി 38,000 അധ്യാപകരെയും ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ഇത് 3.5 ലക്ഷം ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യും.

പ്രീ-മെട്രിക്, പോസ്റ്റ് മെട്രിക് തലങ്ങള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസത്തിനും വിദേശ പഠനത്തിനും പട്ടികവര്‍ഗ വിദ്യാർഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി നിരവധി ഫെലോഷിപ്പ്- സ്‌കോളര്‍ഷിപ്പ് പരിപാടികളും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍, (ഏപ്രില്‍ 2014 മുതല്‍ സെപ്റ്റംബര്‍ 2023 വരെ) മൊത്തം 3.15 കോടി ഗോത്ര വിദ്യാർഥികള്‍ക്ക് 17,087 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ്/ഫെലോഷിപ്പുകള്‍ ലഭിച്ചിട്ടുണ്ട്.

സാമ്പത്തിക ശാക്തീകരണം

ഗോത്ര സമൂഹങ്ങളുടെ ക്ഷേമത്തിന് മുന്‍തൂക്കം നല്‍കി, ഗോത്രകാര്യ മന്ത്രാലയത്തിന്റെ ബജറ്റ് വിഹിതം 2013-14ലെ 4295.94 കോടി രൂപയില്‍ നിന്ന് 2023-24ല്‍ 12461.88 കോടി രൂപയായി വര്‍ധിപ്പിച്ചു; ഏകദേശം 190.01% വർധന.

ഭരണഘടനയുടെ അനുച്ഛേദം 275(1) പ്രകാരം ഗോത്ര ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനങ്ങൾ ഏറ്റെടുക്കുന്ന വികസന പദ്ധതികളുടെ ചെലവ് വഹിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിക്കുന്നു. പ്രധാനന്ത്രി വനബന്ധു വികാസ് യോജനയ്ക്ക് കീഴില്‍, പട്ടികവര്‍ഗ യുവാക്കളുടെ സംരംഭകത്വ/സ്റ്റാർട്ടപ്പ് പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. ചെറുകിട വന ഉല്‍പന്നങ്ങള്‍ക്ക് കുറഞ്ഞ താങ്ങുവില (എംഎസ്‌പി) ഉറപ്പാക്കുന്നു. കൂടാതെ ഗോത്രവര്‍ഗ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രധാന്‍ മന്ത്രി ജന്‍ ജാതീയ വികാസ് ദൗത്യത്തിലൂടെ വിപണന പിന്തുണ നല്‍കുന്നു. ഈ ദൗത്യത്തിന് കീഴില്‍ ആകെ അനുവദിച്ച മൊത്തം വന്‍ ധന്‍ വികാസ് കേന്ദ്രങ്ങളുടെ (വിഡിവികെ) എണ്ണം 3958 ആണ്. 398.49 കോടി രൂപ വിതരണം ചെയ്തു. മൊത്തം 1,83,412 ഗോത്രവർഗക്കാർ ഈ പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനം എന്നീ മേഖലകളിലെ പദ്ധതികള്‍ക്കായി പട്ടികവര്‍ഗ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു.

ഇന്ത്യയിലെ ഗോത്ര സമൂഹങ്ങള്‍ക്കിടയില്‍ ഉപജീവന വികസനത്തിനായി ചില്ലറവ്യാപാരത്തെയും വിപണനത്തെയും ട്രൈഫെഡ് (കേന്ദ്ര ഗോത്രവർഗ സഹകരണ വിപണന വികസന ഫെഡറേഷന്‍) പിന്തുണയ്ക്കുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക ബജറ്റ് എസ്റ്റിമേറ്റില്‍ ട്രൈഫെഡ് മുഖേന, പ്രത്യേകിച്ച് സ്വയംസഹായ സംഘങ്ങള്‍, ഉൽപ്പാദക സംരംഭങ്ങള്‍ എന്നിവയുടെ രൂപീകരണത്തിലൂടെ 288 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ട്രൈഫെഡിന് കീഴില്‍, വടക്കുകിഴക്കന്‍ മേഖലയിലെ പട്ടികവര്‍ഗക്കാരുടെ പ്രയോജനത്തിനായി 2023 ഏപ്രില്‍ 18ന് മണിപ്പൂരില്‍ ‘വടക്ക്-കിഴക്കന്‍ മേഖലയില്‍ നിന്നുള്ള ഗോത്രവര്‍ഗ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപണന – ലോജിസ്റ്റിക്സ് വികസനം’ (PTP-NER) എന്ന കേന്ദ്രമേഖലാ പദ്ധതി ആരംഭിച്ചു.

മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളും ഉപജീവന അവസരങ്ങളും

പ്രധാന മന്ത്രി ആദി ആദര്‍ശ് ഗ്രാം യോജന (PMAAGY) പ്രധാനമായും ഗോത്ര ജനസംഖ്യയുള്ള ഗ്രാമങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ലക്ഷ്യമിടുന്ന പദ്ധതിയാണ്. ഇതിനുകീഴില്‍, 50% ഗോത്രവർഗ ജനസംഖ്യയും 500 പട്ടികവര്‍ഗക്കാരും (എസ്‌ടി) ഉള്ള 36,428 ഗ്രാമങ്ങളെ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിതി ആയോഗ് കണ്ടെത്തിയ വികസനം കാക്ഷിക്കുന്ന ജില്ലകളിലെ ഗ്രാമങ്ങളും ഉള്‍പ്പെടുന്നു. വികസനം കാക്ഷിക്കുന്ന മൊത്തം ജില്ലകളില്‍, 86 ജില്ലകള്‍ പൊതുവിഭാഗത്തിൽപ്പെടുന്നവയാണ്. അതില്‍ 10,509 ഗ്രാമങ്ങള്‍ PMAAGY-യുടെ പരിധിയിൽ ഉള്‍പ്പെടുന്നു.

മെച്ചപ്പെട്ട ആരോഗ്യ ഫലങ്ങള്‍ക്കായുള്ള സംരംഭങ്ങള്‍

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍, ദേശീയ ആരോഗ്യ ദൗത്യം അരിവാള്‍കോശ രോഗം ഉള്‍പ്പെടെയുള്ള ഹീമോഗ്ലോബിനോപ്പതികൾ നിയന്ത്രിക്കുന്നതിനും തടയുന്നതിനുമായി സമഗ്രമായ മാർഗനിർദേശം തയ്യാറാക്കുകയും അത് സംസ്ഥാനങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മധ്യ – പടിഞ്ഞാറ് – ദക്ഷിണ ഇന്ത്യയിലെ ഗോത്രവർഗക്കാരെ ബാധിക്കുന്ന ജനിതക രക്തവൈകല്യമായ അരിവാൾകോശരോഗം പൂർണമായും ഉന്മൂലനം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഗവണ്മെന്റ് പ്രവർത്തിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അരിവാൾകോശ ​രോഗനിർമാർജനദൗത്യം 2023 ജൂലൈ ഒന്നിന് പ്രധാനമന്ത്രി മധ്യപ്രദേശിൽ ഉദ്ഘാടനം ചെയ്തു. രോഗബാധിതർക്കെല്ലാം താങ്ങാനാകുന്നതും ​പ്രാപ്യമാകുന്നതുമായ പരിചരണം, രോഗബാധിതർക്കു ഗുണനിലവാരമുള്ള പരിചരണം, ബോധവൽക്കരണത്തിലൂടെ അരിവാൾകോശ രോഗത്തിന്റെ വ്യാപനം കുറയ്ക്കൽ എന്നിവയാണ് ദൗത്യം ലക്ഷ്യമിടുന്നത്. ഗോത്രവർഗ മേഖലകളിൽ രോഗം ബാധിച്ച 278 ജില്ലകളിലെ 40 വയസുവരെ പ്രായമുള്ള 7 കോടി പേരുടെ സാർവത്രിക പരിശോധന, കേന്ദ്ര മന്ത്രാലയങ്ങളുടെയും സംസ്ഥാന ഗവണ്മെന്റുകളുടെയും സഹകരണത്തോടെയുള്ള കൗൺസിലിങ് എന്നിവ ദൗത്യം ലക്ഷ്യമിടുന്നു. ഈ ദൗത്യത്തിന് കീഴിൽ ആകെ 58.6 ലക്ഷം പേ​രെ പരിശോധിച്ചു.

രണ്ട് വയസ്സുവരെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും ലഭ്യമായ എല്ലാ വാക്സിനുകളും ഉപയോഗിച്ച് സമ്പൂർണ പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കുന്നതിനുള്ള ഇന്ദ്രധനുഷ് ദൗത്യം, കോവിഡ്-19നെതിരായ സൗജന്യ വാക്സിനുകൾ നൽകൽ തുടങ്ങി ആരോഗ്യവുമായി ബന്ധപ്പെട്ട മറ്റു പദ്ധതികൾ നടപ്പാക്കുന്നതിൽ ഗോത്രവർഗ സമൂഹങ്ങൾക്ക് ഊന്നൽ നൽകി. ഗോത്രവർഗ വിഭാഗങ്ങളെ പ്രത്യേകം പരാമർശിക്കുന്ന മറ്റൊരു പ്രധാന പദ്ധതിയാണ് ക്ഷയരോഗ ചികിത്സയിലുള്ളവർക്ക് അധിക പരിശോധന, പോഷകാഹാരം, തൊഴിൽപരമായ പിന്തുണ എന്നിവ ഉറപ്പാക്കുന്നതിനുള്ള നിക്ഷയ് മിത്ര സംരംഭം.

ഇതിനു പുറമേ, ഗവേഷണം, രേഖപ്പെടുത്തൽ, പരിശീലനം, ശേഷിവർധിപ്പിക്കൽ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ഗിരിവർഗ ഗവേഷണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഗോത്രവർഗത്തിന്റെ മൊത്തത്തിലുള്ള വികസനം നിറവേറ്റുന്ന വിജ്ഞാനകേന്ദ്രമായി പ്രവർത്തിക്കുന്നതിനും ഗിരിവർഗ ഗവേഷണ സ്ഥാപനങ്ങൾക്കുള്ള (ടിആർഐ) പിന്തുണാപദ്ധതി ലക്ഷ്യമ‌ി‌ടുന്നു.

ഗോത്രവർഗ സമൂഹങ്ങളുടെ സമഗ്ര ക്ഷേമത്തിനായുള്ള മറ്റ് സംരംഭങ്ങൾ

​ഗിരിവർഗകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള പദ്ധതികൾക്കു പുറമെ, ഗവണ്മെന്റിന്റെ മറ്റ് മന്ത്രാലയങ്ങൾക്ക് കീഴിലുള്ള സംരംഭങ്ങളിലൂടെയും ഗോത്രവർഗക്ഷേമത്തിന് ഊന്നൽ നൽകുന്നു. യഥാക്രമം പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി ഗ്രാമ സഡക് യോജന എന്നിവയ്ക്ക് കീഴിലുള്ള ഭവന – റോഡ് കണക്റ്റിവിറ്റി മുതൽ ജൻധൻ അക്കൗണ്ടുകളിലൂടെയുള്ള സാമ്പത്തിക ശാക്തീകരണം, സ്വയംസഹായസംഘങ്ങളുടെ രൂപീകരണം, മുദ്ര യോജന എന്നിവ വരെ വിവിധ ഗവണ്മെന്റ് പദ്ധതികൾ ഗിരിവർഗ സമൂഹങ്ങൾക്ക് വളരെയധികം ഗുണം ചെയ്തു. ശുചിത്വഭാരതം യജ്ഞം, ഗോബർധൻ പദ്ധതി, പ്രധാനമന്ത്രി മാതൃ വന്ദന യോജന എന്നിവ 2022-ലെ ജൻജാതീയ ഗൗരവ് ദിനത്തിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി ഉയർത്തിക്കാട്ടിയ അത്തരത്തിലുള്ള മറ്റു ചില പദ്ധതികളാണ്. ഭഗവാൻ ബിർസ മുണ്ഡയുടെയും കോടിക്കണക്കിന് ജൻജാതീയ ധീരരുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ രാജ്യം ‘പഞ്ച് പ്രാണി’ന്റെ ഊർജത്തോടെ മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഗോത്രസമൂഹങ്ങളെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു

ബ്രിട്ടീഷുകാർക്കെതിരെ പോരാടുകയും തല കുമ്പിടാൻ വിസമ്മതിക്കുകയും ചെയ്ത ഗോത്രവർഗക്കാർ താമസിക്കുന്ന സംസ്ഥാനങ്ങളിൽ 10 ഗോത്രവർഗ സ്വാതന്ത്ര്യസമര സേനാനി മ്യൂസിയങ്ങൾ അനുവദിച്ചിട്ടുണ്ട്. 2022 നവംബർ ഒന്നിന്, രാജസ്ഥാനിലെ ബാൻസ്‌വാഡ ജില്ലയിലെ മാൻഗഢ് ധാം വികസിപ്പിക്കുന്നതിന് മാർഗരേഖ തയ്യാറാക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 1913-ൽ ബ്രിട്ടീഷുകാരുടെ കൂട്ട വെടിവയ്പ്പിൽ 1500-ലധികം ഭീൽ സ്വാതന്ത്ര്യസമര സേനാനികൾക്ക് ജീവൻ നഷ്ടപ്പെട്ട സ്ഥലമാണ് രാജസ്ഥാൻ-ഗുജറാത്ത് അതിർത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന മാൻഗഢ് ധാം. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര ഗവണ്മെന്റുകളുടെ സംയുക്ത പദ്ധതിയായാണ് മാൻഗഢ് ധാം വികസിപ്പിക്കുന്നത്. ഗോത്രവർഗ പാരമ്പര്യവും അവരുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രദർശിപ്പിക്കുന്ന ദേശീയ സ്മാരകമായി ഇതു വികസിപ്പിക്കും.

പട്ടികവർഗക്കാരുടെ സമഗ്രവികസനത്തിലും അവരെ രാജ്യത്തെ മറ്റ് സമുദായങ്ങൾക്ക് തുല്യമാക്കുന്നതിലുമാണ് ഗവൺമെന്റിന്റെ ശ്രദ്ധ. ചുമതലപ്പെട്ട മന്ത്രാലയങ്ങളുടെ/വകുപ്പിന്റെ പദ്ധതികളുടെ, പട്ടികവർഗക്കാർക്കായുള്ള വികസന പ്രവർത്തന പദ്ധതിക്ക് (ഡിഎപിഎസ്‌ടി) കീഴിൽ ഗോത്രവർഗക്കാരുടെ വികസനത്തിനായി ഗവണ്മെന്റ് വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പട്ടികവർഗക്കാരുടെ (എസ്‌ടി) സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളിൽ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, പട്ടികവർഗക്കാരുടെ സാക്ഷരതാ നിരക്ക് 2011-ലെ 59 ശതമാനത്തിൽ നിന്ന് (സെൻസസ്) 71.6% ആയി ഉയർന്നു (ആനുകാലിക തൊഴിൽ സേന സർവേ ജൂലൈ 2020 – ജൂൺ 2021 (പിഎൽഎഫ്എസ്) പ്രകാരം). ഇത് 2001-2011 കാലയളവിൽ 14 ശതമാനമായിരുന്ന സാക്ഷരതയും എസ്‌ടി സാക്ഷരതയും തമ്മിലുള്ള അന്തരം 2011-2021 കാലയളവിൽ 7.5 ശതമാനമായി കുറച്ചു. അപ്പർ പ്രൈമറി തലത്തിലെ മൊത്തം പ്രവേശന അനുപാതം (ജിഇആർ) 91.3 (2013-14) ൽ നിന്ന് 98 (2021-22) ആയി മെച്ചപ്പെട്ടു; സെക്കൻഡറി തലത്തിൽ (9-10) എസ്‌ടി വിദ്യാർഥികൾക്കുള്ള ജിഇആർ 70.2 (2013-14) ൽ നിന്ന് 78.1 (2021-22) ആയി വർധിച്ചു; സീനിയർ സെക്കൻഡറി തലത്തിൽ (11-12) എസ്‌ടി വിദ്യാർഥികളുടെ ജിഇആർ 35.4 (2013-14) ൽ നിന്ന് 52.0 (2021-22) ആയും ഉന്നത വിദ്യാഭ്യാസ തലത്തിൽ എസ്‌ടി വിദ്യാർഥികൾക്കുള്ള ജിഇആർ 13.7 (2014-15) ൽ നിന്ന് 18.9 (2020-21) ആയും വർധിച്ചു.

ഈ സംരംഭങ്ങളെല്ലാം, ഗവൺമെന്റിന്റെ മറ്റ് നടപടികൾക്കൊപ്പം, ഗിരിവർഗ സമൂഹങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പാത ഒരുക്കുകയും അവരുടെ സംസ്കാരങ്ങളെയും പാരമ്പര്യങ്ങളെയും ജീവിതരീതികളെയും ആദരിക്കുകയും ചെയ്തു.

 

error: Content is protected !!