Trending Now

കേരളീയം വാര്‍ത്തകള്‍ ( 19/10/2023)

 

രാജ്യാന്തരവിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന പഠനകേന്ദ്രമായി കേരളം മാറി:മുഖ്യമന്ത്രി

കേരളീയത്തിന്റെ ഭാഗമായി 41 രാജ്യങ്ങളിലെ 162 വിദ്യാർഥികൾ പങ്കെടുത്ത രാജ്യാന്തരവിദ്യാർഥി സംഗമം നടത്തി

രാജ്യാന്തരവിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന പ്രധാനപഠനകേന്ദ്രങ്ങളിലൊന്നായി കേരളം മാറിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിനു മുന്നോടിയായി കനകക്കുന്ന് പാലസ് ഹാളിൽ നടന്ന രാജ്യാന്തര വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കേരള സർവകലാശാലയ്ക്കു കീഴിലുള്ള പഠനവകുപ്പുകളിലും കോളജുകളിലും പഠിക്കുന്ന 41 രാജ്യങ്ങളിലെ 162 വിദേശവിദ്യാർഥികളാണ് സംഗമത്തിൽ പങ്കെടുത്തത്.

43,500 ചതുരശ്ര അടിയുള്ള ഹോസ്റ്റൽ സമുച്ചയമടക്കമുള്ളവ കേരളത്തിൽ ഉപരിപഠനത്തിനെത്തുന്ന രാജ്യാന്തരവിദ്യാർഥികൾക്കായി ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിലെ വിദ്യാർഥികളെയും കേരളം ആകർഷിക്കുകയാണ്. നാൽപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള 450 വിദ്യാർഥികൾ കേരളത്തിലെ ക്യാമ്പസുകളിൽ പഠിക്കുന്നുണ്ട്.ബഹുസ്വരതയും വൈവിധ്യമാർന്ന സാംസ്‌കാരികതയും കേരളത്തിന്റെ ഭാഗമാണെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണിത്.കേരളത്തെ അറിവിന്റെ സമ്പദ്വ്യവസ്ഥയും നൂതനസമൂഹവുമായി പരിവർത്തനപ്പെടുത്തുന്ന പ്രക്രിയയിലാണ് നമ്മൾ. നവകേരളം സാക്ഷാത്കരിക്കുന്നതിനായി കേരളത്തെ പുതുതായി നിർമിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങിൽ വിദേശവിദ്യാർഥികൾക്കുള്ള സ്നോഹോപഹാരവും മുഖ്യമന്ത്രി സമ്മാനിച്ചു.

ഉന്നതവിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുന്നതിനാണ് സർക്കാർ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു പറഞ്ഞു.ലോകോത്തരനിലവാരം പുലർത്തുന്ന ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി.കേരളീയം സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസ,തൊഴിൽവകുപ്പു മന്ത്രി വി.ശിവൻകുട്ടി,മേയർ ആര്യാ രാജേന്ദ്രൻ, എം എൽ എ മാരായ സി.കെ. ഹരീന്ദ്രൻ,ഐ.ബി.സതീഷ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ,മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു,കേരളീയം സ്വാഗത സംഘം കൺവീനർ എസ്.ഹരികിഷോർ, ഐ പി ആർ ഡി ഡയറക്ടർ ടി.വി.സുഭാഷ്,കേരള സർവകലാശാല രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ എന്നിവരും പരിപാടിയിൽ പങ്കാളികളായി. തുടർന്ന് കനകക്കുന്നു പാലസ് ഹാളിൽ വിദേശവിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.

 

 

41 രാജ്യങ്ങളിൽ നിന്ന് 162 വിദ്യാർഥികൾ; കനകക്കുന്നിൽ ലോക വിദ്യാർഥി സംഗമമൊരുക്കി കേരളീയം

രാജ്യാന്തരവിദ്യാർഥി സംഗമത്തിനു വേദിയായി കനകക്കുന്ന് കൊട്ടാരവളപ്പ്.കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിനു മുന്നോടിയായാണ് കേരള സർവകലാശാലയിൽ ഉന്നതവിദ്യാഭ്യാസത്തിനെത്തിയ രാജ്യാന്തര വിദ്യാർഥികളുടെ സംഗമവും സാംസ്‌കാരികആഘോഷവും സംഘടിപ്പിച്ചത്.

അഫ്ഗാനിസ്ഥാൻ,ബംഗ്ലാദേശ്,ബെനിൻ,ബോട്ട്‌സാന, കാമറൂൺ,ചാഡ്,കൊളംബിയ,കൊമോറോസ്,എത്യോപ്യ,ഇന്തോനേഷ്യ,ഇറാൻ,ഇറാഖ്,ജോർദാൻ,കെനിയ, ലാവോസ്,ലെസോത്തോ,മലാവി,മലേഷ്യ,മാലി, മൗറീഷ്യസ്,കമൊസാംബിക്യൂ,നമീബിയ,നേപ്പാൾ, നൈജീരിയ,പലസ്തീൻ,റുവാൻഡ,സിയറാ ലിയോൺ, ദക്ഷിണാഫ്രിക്ക,ശ്രീലങ്ക,സുഡാൻ,സിറിയ, താജിക്കിസ്ഥാൻ,താൻസാനിയ,ഗാംബിയ,ട്രിനിഡാഡ് ആൻഡ് ടുബാഗോ,തുർക്ക്‌മെനിസ്ഥാൻ,ഉഗാണ്ട, വിയറ്റ്‌നാം,യെമൻ,സാംബിയ,സിംബാബ്‌വെ എന്നീ 41 രാജ്യങ്ങളിൽ നിന്നെത്തിയ 162 വിദ്യാർഥികളാണ് സംഗമത്തിൽ പങ്കെടുത്തത്.

കേരള സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ ബിരുദ,ബിരുദാനന്തര,ഗവേഷണ കോഴ്‌സുകളിൽ പഠിക്കുന്നവരാണ് തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിച്ചു കേരളീയത്തിന്റെ സംഘാടസമിതി ഓഫീസ് കൂടിയായ കനകക്കുന്ന് പാലസിൽ നിറഞ്ഞുനിന്നത്.ബിരുദതലത്തിൽ പഠിക്കുന്ന 28 വിദ്യാർഥികൾ,ബിരുദാനന്തരബിരുദത്തിന് പഠിക്കുന്ന 62 വിദ്യാർഥികൾ,ഗവേഷകരായ 52 പേർ എന്നിവരാണ് കേരളീയത്തിന്റെ ഭാഗമാകാൻ എത്തിയത്.

കേരളീയം: ലോക കേരളസഭ അംഗങ്ങളുടെ യോഗം (ഒക്ടോബർ 20)

നവംബർ ഒന്ന് മുതൽ ഏഴ് വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമായി ലോക കേരളസഭ അംഗങ്ങളുടെ യോഗം (ഒക്ടോബർ 20) വൈകീട്ട് 6.30 ന് ഓൺലൈനായി ചേരും. ലോക കേരളസഭ അംഗങ്ങളും ക്ഷണിതാക്കളും അടക്കം മുന്നൂറിൽ അധികം പേർ പങ്കെടുക്കും. പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, കേരളീയം സംഘാടക സമിതി കൺവീനർ എസ്. ഹരികിഷോർ, നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹരികൃഷ്ണൻ നമ്പൂതിരി, ലോക കേരളസഭ ഡയറക്ടർ ഡോ. കെ വാസുകി, എന്നിവർ നേതൃത്വം നൽകും.

സമസ്‌ത മേഖലകളിലും കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിനു മുൻപിൽ അവതരിപ്പിക്കുന്ന കേരളീയം പരിപാടിയെ സംബന്ധിച്ചുള്ള അവതരണവും ഓൺലൈൻ യോഗത്തിൽ നടത്തും.