പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ അറിയിപ്പുകള്‍ ( 10/10/2023)

സ്‌കൂള്‍ കുട്ടികള്‍ക്കായി മില്ലറ്റ് റെസിപ്പി മത്സരവും പോസ്റ്റര്‍ പ്രദര്‍ശനവും

പത്തനംതിട്ട ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോകഭക്ഷ്യദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ മത്സരവും മില്ലറ്റ് പാചക റെസിപ്പി മത്സരവും സംഘടിപ്പിക്കുന്നു. ലോക ജൂനിയര്‍ ഭക്ഷ്യദിനമായി എഫ്.എ.ഓ .ആഹ്വാനം ചെയ്തിട്ടുള്ള ഒക്ടോബര്‍ 19നാണ്  തെള്ളിയൂര്‍ കൃഷി വിജ്ഞാനകേന്ദ്ര ത്തില്‍ വെച്ച് പരിപാടികള്‍ നടത്തപ്പെടുന്നത്.

 

അന്താരാഷ്ട്ര ചെറുധാന്യവര്‍ഷം 2023 മായി ബന്ധപ്പെടുത്തി ‘ചെറുതല്ല ചെറു ധാന്യങ്ങള്‍’ എന്നതാണ് പാചക മത്സരത്തിന്റെ വിഷയം. മത്സരത്തിന് തയ്യാറാക്കുന്ന ഭക്ഷ്യ വിഭവങ്ങളില്‍ ചെറുധാന്യങ്ങള്‍ അഥവാ മില്ലറ്റ് പ്രധാന ഘടകമായിരിക്കണം. ഭക്ഷ്യവിഭവത്തിന്റെ പോഷകമൂല്യം, ഉപയോഗ സാധ്യതകള്‍, അവതരണ രീതി എന്നിവയാണ് വിഭവങ്ങളുടെ മൂല്യം നിര്‍ണയത്തിന്റെ പ്രധാന മാനദണ്ഡങ്ങള്‍.

 

ലോക ഭക്ഷ്യ ദിനം 2023 സ്ലോഗന്‍ ആയ ‘ജലമാണ് ഭക്ഷണം, ജലമാണ് ജീവിതം’ എന്നതാണ് പോസ്റ്റര്‍ പ്രദര്‍ശനത്തിന്റെ വിഷയം. പങ്കെടുക്കുന്നവര്‍ക്ക് ചെറുധാന്യങ്ങളുടെ മൂല്യ വര്‍ദ്ധനവിനെ കുറിച്ചുള്ള പരിശീലനവും ഉണ്ടായിരിക്കുന്നതാണ് റെസിപ്പി മത്സരത്തിലും പോസ്റ്റര്‍ മത്സരത്തിലും പങ്കെടുക്കുന്നതിന് താല്പര്യമുള്ള വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ഒക്ടോബര്‍ 17ന് മുന്‍പായി കൃഷി വിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ഓരോ സ്‌കൂളില്‍ നിന്നും പരമാവധി 5 കുട്ടികള്‍ക്ക് വീതം മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഫോണ്‍ നമ്പര്‍:8078572094 ഈമെയില്‍ വിലാസം cardkvk@yahoo.com / kvk.Pathanamthitta@icar.gov.in

കേരളോത്സവം

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് 2023-24 കേരളോത്സവം സമാപന സമ്മേളനം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്നു .ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കായിക കലാ മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാന വിതരണം ചെയ്തു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ്  അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാഗതം വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജോ പി മാത്യു,  ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമിത ഉദയകുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി കൊച്ചുതുണ്ടിയില്‍, വാര്‍ഡംഗങ്ങളായ  ബിജിലി പി ഈശോ,സാലി ഫിലിപ്പ് ഗീതു മുരളി, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ.വി പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.

സീറ്റ് ഒഴിവ്

സി ഡിറ്റിന്റെ കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷന്‍ നടത്തുന്ന ആറു മാസത്തെ ഡിപ്ലോമ കോഴ്‌സുകളായ ഡിപ്ലോമ  ഇന്‍ മള്‍ട്ടീമീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വിഡിയോഗ്രാഫി എന്നീ കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട് .താല്പര്യം ഉള്ളവര്‍  9895788155, 8547720167 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക്   www.mediastudies.cdit.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

അങ്കണവാടിവര്‍ക്കര്‍/ഹെല്‍പ്പര്‍  നിയമനം

വനിതാ ശിശു വികസന വകുപ്പിന് കിഴില്‍ പ്രവര്‍ത്തിക്കുന്ന കോന്നി ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ സ്ഥിരംവര്‍ക്കര്‍മാരെയും  ഹെല്‍പ്പര്‍മാരെയും  നിയമിക്കുന്നു. 18 നും 46 നും  ഇടയില്‍  പ്രായമുളള തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ  വനിതകളായ ഉദേ്യാഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക കോന്നി ശിശുവികസന പദ്ധതി ഓഫീസിലും,  തണ്ണിത്തോട്  ഗ്രാമപഞ്ചായത്ത് ഓഫീസിലും തണ്ണിത്തോട്  ഗ്രാമപഞ്ചായത്തിലെ  അങ്കണവാടികളിലും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ കോന്നി ശിശുവികസന പദ്ധതി ഓഫീസില്‍ നേരിട്ടോ/തപാല്‍ മാര്‍ഗ്ഗമോ ശിശു വികസനപദ്ധതി ആഫീസര്‍, ശിശുവികസന പദ്ധതി  ഓഫീസ് കോന്നി, കോന്നി ബ്ലോക്ക്  പഞ്ചായത്ത്  കോമ്പൗണ്ട്, ഇളകൊളളൂര്‍ പി.ഒ.,  കോന്നി, 689691. എന്ന  വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്.  അവസാന തീയതി നവംബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക്  9446220488, 9447331685.

സ്‌നേഹാരാമം ജില്ലാതല ഉദ്ഘാടനം

നാഷണല്‍ സര്‍വ്വീസ് സ്‌കീമും തദ്ദേശസ്വയംഭരണവകുപ്പും സംയുക്തമായി മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കുന്ന സ്‌നേഹാരാമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വ്വഹിച്ചു. ഗാര്‍ബേജ് വള്‍ണറബിള്‍ പോയിന്റുകള്‍ സൗന്ദര്യവത്കരിച്ച് സ്‌നേഹാരാമങ്ങളാക്കി മാറ്റുന്നതാണ് എന്‍.എസ്.എസ് ഈ വര്‍ഷത്തെ പ്രധാന പരിപാടിയായി ഏറ്റെടുത്തിട്ടുള്ളത്.

 

എന്‍.എസ്.എസ് യൂണിറ്റുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി കൂടിയാലോചിച്ച് സ്ഥലം കണ്ടുപിടിച്ച് അവിടെ പച്ചത്തുരുത്ത്, ചുമര്‍ചിത്രം, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, പാര്‍ക്ക്, വിശ്രമസംവിധാനം, പാഴ്‌വസ്തുക്കള്‍ക്കൊണ്ടുള്ള ഇന്‍സ്റ്റലേഷന്‍, മറ്റുള്ളവ തുടങ്ങി വോളന്റിയര്‍മാരുടെ സര്‍ഗാത്മകത കാഴ്ചവക്കാന്‍ കഴിയുന്ന തരത്തിലുള്ള മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ് പദ്ധതി.

 

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് സ്‌നേഹാരാമം പ്രവര്‍ത്തനം നടത്താന്‍ ഉദ്ദേശിക്കുന്ന ബസ് സ്റ്റാന്‍ഡിന് സമീപത്തെ സ്ഥലത്താണ് ഉദ്ഘാടന പ്രവര്‍ത്തനങ്ങള്‍ നടന്നത്. ശുചീകരണം നടത്തിയ പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ കാതോലിക്കേറ്റ്‌കോളേജ് എന്‍.എസ്.എസ് വോളന്റിയര്‍മാര്‍ സ്‌നേഹാരാമം ഒരുക്കും.വരുംദിവസങ്ങളില്‍എന്‍.എസ്.എസ്‌യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കുന്ന സ്ഥലത്ത് പൂന്തോട്ടം, സൗന്ദര്യവത്കരണം, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തും.

തദ്ദേശസ്വയംഭരണവകുപ്പ്, എന്‍.എസ്.എസ്, ശുചിത്വമിഷന്‍, നവകേരളം മിഷന്‍ തുടങ്ങിയവര്‍ചേര്‍ന്നാണ്‌സ്‌നേഹാരാമം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറിഅലക്‌സ്, നഗരസഭ സെക്രട്ടറിസജിത്ത്കുമാര്‍, നഗരസഭ ഹെല്‍ത്ത്‌സൂപ്പര്‍വൈസര്‍വിനോദ്എം.പി, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബൈജുറ്റി. പോള്‍, നവകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി.അനില്‍ കുമാര്‍, കില ആര്‍.ജി.എസ്.എകോ-ഓര്‍ഡിനേറ്റര്‍ ധീരജ്എം. ദിവാകരന്‍, കെ.എസ്.ഡബ്യു.എം.പി സോഷ്യല്‍എക്‌സ്‌പേര്‍ട്ട് ശ്രീവിദ്യ ബാലന്‍, ഫിനാന്‍ഷ്യല്‍ എക്‌സപേര്‍ട്ട് വീണാവിജയന്‍, പത്തനംതിട്ട കാതോലിക്കേറ്റ്‌കോളേജ് എന്‍.എസ്.എസ് പ്രോഗ്രാംഓഫീസര്‍ഗോകുല്‍, യുവജനനക്ഷേമബോര്‍ഡ് പ്രതിനിധികള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍,  ക്ലീന്‍ കേരള കമ്പനി പ്രതിനിധികള്‍, പത്തനംതിട്ട കാതോലിക്കേറ്റ്‌കോളേജ്‌നാഷണല്‍ സര്‍വ്വീസ് സ്‌കീം വോളന്റിയര്‍മാര്‍എന്നിവര്‍ പങ്കെടുത്തു.

വിദ്യാഭ്യാസ അവാര്‍ഡ് വിതരണം :ജില്ലാതല ഉദ്ഘാടനം 2023 ഒക്ടോബര്‍ 21ന്

ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി പരീക്ഷകളില്‍ മികവാര്‍ന്ന വിജയം നേടിയ കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ അവാര്‍ഡ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 2023 ഒക്ടോബര്‍ 21ന്  രാവിലെ 10ന് പത്തനംതിട്ട ടൗണ്‍ ഹാളില്‍ വെച്ച് സംഘടിപ്പിക്കും. അവാര്‍ഡ് വിതരണം സംബന്ധിച്ച ആലോചനായോഗം ഇന്നലെ (10ന്) ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ വെച്ച് നടന്നു. യോഗത്തില്‍ കെ.എസ്.കെ.റ്റി.യു. ജില്ലാ സെക്രട്ടറി ശ്രീ. സി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ:അഖിലേഷ് കാര്യാട്ട് ഡി.കെ.റ്റി.എഫ് ജില്ലാ പ്രസിഡന്റ്, ഐയ്ക്കാട് ഉദയകുമാര്‍ ബി.കെ.എം.യു., ജില്ലാ കമ്മറ്റിയംഗം, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശ്രീ. റ്റി.ആര്‍.ബിജുരാജ് എന്നിവരും മറ്റ് യൂണിയന്‍ നേതാക്കളും പങ്കെടുത്തു.


വായ്പാസഹായം

കേരള ഖാദി ഗ്രാമവ്യവസായ  ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍  എന്റെ ഗ്രാമം, പി.എം.ഇ.ജി.പി എന്നീ  വായ്പാ പദ്ധതികള്‍  പ്രകാരം സംരംഭകര്‍ക്ക്  സ്വയം തൊഴില്‍  കണ്ടെത്തുന്നതിന്  സര്‍ക്കാര്‍ സബ്‌സിഡിയോട്  കൂടി  പരമാവധി  50ലക്ഷം  രൂപ വരെ  വായ്പ നല്‍കുന്നു.  ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്  മൊത്തം പദ്ധതി ചെലവിന്റെ  25% ശതമാനവും,  പിന്നോക്ക വിഭാഗക്കാര്‍ക്കും   സ്ത്രീകള്‍ക്കും  35% ശതമാനവും,  പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്കും 40% ശതമാനവും  സബ്‌സിഡി ലഭിക്കുന്നതാണ്.  ഉല്പാദന -സേവന മേഖലകളില്‍  വ്യവസായ  യൂണിറ്റുകള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  ഈ  അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  ജില്ലാ ആഫീസുമായി  നേരിട്ടോ ഫോണ്‍ മുഖേനയോ  ബന്ധപ്പെടാവുന്നതാണ്.
ഫോണ്‍ നം.:  0468  2362070.   ഇ.മെയില്‍ : popta@kkvib.org

ജില്ലാ പഞ്ചായത്ത് വിജ്ഞാനീയം ഡിസംബറില്‍ പ്രസിദ്ധീകരിക്കും

പത്തനംതിട്ട ജില്ലയുടെ ചരിത്രം, ഭൂമിശാസ്ത്രം, കല, സംസ്‌കാരം എന്നിവയെപ്പറ്റി സമഗ്രമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥം ജില്ലാ പഞ്ചായത്ത് വിജ്ഞാനീയം എന്ന പേരില്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിന്  ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതിനായി വിവിധ വിഷയങ്ങളിലെ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ഉപദേശകസമിതി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
ഡിസംബറില്‍ വിജ്ഞാനീയം പ്രസിദ്ധീകരിക്കും.

എഴുമറ്റൂര്‍ രാജരാജവര്‍മ്മ, ഡോ. ആറന്മുള ഹരിഹരപുത്രന്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, ഡോ.ജോസ് പാറക്കടവില്‍, പ്രൊഫ.മാലൂര്‍ മുരളീധരന്‍, ഡോ.ബിജു, ബാബു തോമസ്, സണ്ണി മാര്‍ക്കോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.എസ്.നൈസാം എന്നിവര്‍ പങ്കെടുത്തു. വിജ്ഞാനീയത്തില്‍ ഉള്‍പ്പെടുത്താനുള്ള വിവരങ്ങള്‍ നല്‍കാന്‍ താല്പര്യമുള്ളവര്‍ ജില്ലാ പഞ്ചായത്ത് ആഫീസില്‍ രേഖാമൂലമോ നേരിട്ടോ അറിയിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഫോണ്‍: 9496107294.

ചെറുകോല്‍പ്പുഴ -റാന്നി റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണിക്കായി 60 ലക്ഷം അനുവദിച്ചു

തകര്‍ന്നു കിടക്കുന്ന ചെറുകോല്‍പ്പുഴ -റാന്നി റോഡ് അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതിനായി 60 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ്  അറ്റകുറ്റപ്പണിക്ക് കിഫ്ബി ഫണ്ട് അനുവദിച്ചത്. ചെറുകോല്‍പ്പുഴ – റാന്നി റോഡ് ഉന്നത നിലവാരത്തില്‍ പുനരുദ്ധരിക്കുന്നതിനായി കെ ആര്‍ എഫ് ബിഏറ്റെടുത്തിരിക്കുകയാണ് എന്നാല്‍ റോഡിന്റെ വീതി സംബന്ധിച്ച് ഉടലെടുത്ത വിഷങ്ങള്‍ മൂലം പദ്ധതി ആരംഭിക്കുന്നതിന് കാലാതാമസം നേരിടുന്നുണ്ട്. ഈ പ്രത്യേക സാഹചര്യവും റോഡിന്റെ പ്രാധാന്യവും കണക്കിലെടുത്താണ് അടിയന്തര അറ്റകുറ്റപ്പണിക്ക് ഇപ്പോള്‍ ഫണ്ട് അനുവദിച്ചിരിക്കുന്നത്.

മോണ്ടിസ്സോറി , പ്രീ – പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കേന്ദ്രസര്‍ക്കാര്‍ സംരംഭമായ ബിസില്‍  ട്രെയിനിംഗ്  ഡിവിഷന്‍  ഒക്ടോബറില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം , ഒരു വര്‍ഷം , ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി , പ്രീ – പ്രൈമറി, നഴ്സ്സറി   ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ഡിഗ്രി/ പ്ലസ്ടു/ എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദ  വിവരങ്ങള്‍ക്ക്   ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ഫോണ്‍: 7994449314

ഹിന്ദി ട്രെയിനിംഗിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം

കേരളസര്‍ക്കാര്‍ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക ട്രെയിനിംഗ് കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കില്‍ ബിഎ ഹിന്ദി പാസായിരിക്കണം. പ്രായപരിധി 17നും 35 ഇടക്ക്ആയിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നോക്കക്കാര്‍ക്കും സീറ്റ് സംവരണം ലഭിക്കും. ഒക്‌ടോബര്‍ 25 ന് മുന്‍പായി അപേക്ഷ ലഭിക്കണം. പ്രിന്‍സിപ്പാള്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല. 04734 296496, 8547126028 ല്‍ ബന്ധപ്പെടുക.

 

കരുതലിന്റെയും മാനുഷികതയുടെയും പാഠം ഉള്‍ക്കൊണ്ട് ജീവിതത്തില്‍ മുന്നേറണം:  ജില്ലാ കളക്ടര്‍

കരുതലിന്റെയും മാനുഷികതയുടെയും പാഠം ഉള്‍ക്കൊണ്ട് ജീവിതത്തില്‍ മുന്നേറാനാകണമെന്ന് വിദ്യാര്‍ത്ഥികളോട്  ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. മണിപ്പൂര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിദ്യാഭ്യാസ സംരക്ഷണ പദ്ധതി സ്നേഹസ്പര്‍ശത്തിന്റെ ഉദ്ഘാടനം തിരുവല്ല നിക്കോള്‍സണ്‍ സിറിയന്‍ സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.

 

ദുരിതങ്ങളിലൂടെ കടന്നു പോകുന്നവര്‍ ക്ഷമിക്കാനുള്ള മനസ് ആര്‍ജിക്കുന്നു. ഇതിനൊപ്പം ശക്തിയാര്‍ജിക്കാനുള്ള ഒരിടവും ലഭിക്കുന്നതിലൂടെ ജീവിതത്തില്‍ വിജയം കൈവരിക്കാനും സാധിക്കും. മണിപ്പൂരില്‍ നിന്ന് എത്തിയ വിദ്യാര്‍ഥിനികള്‍ക്ക് ശക്തിയാര്‍ജിക്കാനുള്ള ഇടമാണ് സ്നേഹസ്പര്‍ശത്തിലൂടെ ലഭിക്കുന്നതെന്നും ജീവിതത്തില്‍ വിജയം കൈവരിക്കാനും മറ്റുള്ളവര്‍ക്ക് ക്ഷമയും കരുണയും പകര്‍ന്നു നല്‍കാനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും കളക്ടര്‍ പറഞ്ഞു. വീട്ടില്‍ നിന്നു മാറി വിദ്യാഭാസത്തിനായി എത്തിയിരിക്കുന്ന കുട്ടികള്‍ക്ക് സ്നേഹവും കരുതലും നല്‍കാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്ന് മുഖ്യസന്ദേശം നല്‍കി അഡ്വ. മാത്യു റ്റി. തോമസ് എം.എല്‍എ  പറഞ്ഞു.

ഉദ്ഘാടനത്തിനു ശേഷം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടന്നു. രണ്ട് വിഭാഗങ്ങളുടെ സംഘര്‍ത്തെ തുടര്‍ന്ന് മണിപ്പൂരില്‍ നിന്ന് 30 വിദ്യാര്‍ത്ഥിനികളാണ് നിക്കോള്‍സണ്‍ സ്‌കൂളില്‍ പഠിക്കാന്‍ എത്തിയിരിക്കുന്നത്.

ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ചടങ്ങിന് അധ്യക്ഷത വഹിച്ചു. റവ. ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ, വാര്‍ഡ് കൗണ്‍സിലര്‍ അനു സോമന്‍, സഭാ സെക്രട്ടറി റവ. എബി ടി മാമ്മന്‍,

ഡി.ഇ.ഒ ഇന്‍ ചാര്‍ജ് തിരുവല്ല ജേക്കബ് സത്യന്‍, മാനേജര്‍ ഗീത റ്റി. ജോര്‍ജ്,നിക്കോള്‍സണ്‍  സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജയാ സാബു,
നിക്കോള്‍സണ്‍ സിറിയന്‍ ഗേള്‍സ് എച്ച് എസ്എസ് പ്രിന്‍സിപ്പല്‍ മെറിന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു

 

സമ്പൂര്‍ണശുചിത്വം സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം :  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

സമ്പൂര്‍ണശുചിത്വം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ രണ്ടാഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല കാമ്പയിനും ശുചീകരണ പ്രവര്‍ത്തനങ്ങളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിനെ മാലിന്യമുക്തമാക്കുകയെന്നത് പ്രധാനമാണ്. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തി തുടങ്ങി. ജില്ലയുടെ ശുചിത്വം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന നിര്‍മല ഗ്രാമം, നിര്‍മല നഗരം , നിര്‍മല ജില്ല എന്ന പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അത് പൂര്‍ണഫലപ്രാപ്തിയിലെത്തുന്നതോടെ പത്തനംതിട്ട മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കാമ്പയിന്‍ സെക്രട്ടറിയേറ്റും ജില്ലാ യൂത്ത്ടീമും പത്തനംതിട്ട നഗരസഭയുമായി സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പയിന്‍ പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, റിംഗ്‌റോഡ് എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നഗരസഭാ ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഇലന്തൂര്‍ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ നവകേരളമിഷന്‍ കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍, ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ.ബൈജു പോള്‍, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ അജയ്, മുനിസിപ്പല്‍ സെക്രട്ടറി സജിത്ത്കുമാര്‍, കില ആര്‍ജിഎസ്എ കോര്‍ഡിനേറ്റര്‍ ധീരജ്, ക്ലീന്‍സിറ്റി മാനേജര്‍ വിനോദ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, എന്‍.എസ്.എസ് കോളജ് പന്തളം എന്നിവിടങ്ങളിലെ എന്‍.എസ്.എസ്, എന്‍.സി.സി വോളന്റിയര്‍മാര്‍, യുവജനക്ഷേമ ബോര്‍ഡ് ടീം കേരള വോളന്റിയര്‍മാര്‍, കെഎസ്ഡബ്ല്യുപി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ധനസഹായത്തിന് അപേക്ഷിക്കാം

പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്ത് വരുന്ന മറ്റ് പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ നവീകരണത്തിന് ധനസഹായം നല്‍കി വരുന്ന ബാര്‍ബര്‍ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം പദ്ധതിക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു. വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ അധികരിക്കരുത്. അപേക്ഷയും അനുബന്ധ വിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2914417

ക്വട്ടേഷന്‍

പത്തനംതിട്ട ജില്ല നഗരാസൂത്രണ കാര്യാലയത്തിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം(കാര്‍) വാടകയ്ക്ക് എടുക്കുന്നതിലേക്കായി താത്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 19. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ നഗരാസൂത്രണകാര്യാലയുമായി ബന്ധപ്പെടാവുന്നതാണ്. 0468 2222435.

ഫെസിലിറ്റേറ്റര്‍ നിയമനം

തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വനിതാ വികസന പ്രവര്‍ത്തനങ്ങളും ജാഗ്രതാസമിതി ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വിമന്‍സ് സ്റ്റഡീസ് , ജെന്‍ഡര്‍ സ്റ്റഡീസ് , സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തരബിരുദമുള്ള വനിതയെ കമ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്ററായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രായം, യോഗ്യത പ്രവര്‍ത്തി പരിചയം , സ്ഥിരതാമസവിലാസം എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 10. കൂടുതല്‍ വിവരം പ്രവര്‍ത്തി ദിവസങ്ങളില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, കോന്നി ഐസിഡിഎസ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും അറിയാവുന്നതാണ്.

error: Content is protected !!