തൃശ്ശൂർ മൃഗശാലയിലെ മൃഗങ്ങളെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാൻ അനുമതി

 

തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക് നിലവിൽ തൃശ്ശൂർ മൃഗശാലയിലുള്ള മൃഗങ്ങളെ മാറ്റുന്നതിന് കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ലഭ്യമായതായി വനം, റവന്യു വകുപ്പുമന്ത്രിമാർ അറിയിച്ചു. തൃശൂർ സുവോളജിക്കൽ പാർക്ക് പദ്ധതിയുടെ പുരോഗതിയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ അനുമതി.

രണ്ടിലേറെ പതിറ്റാണ്ടു നീണ്ട ഒരു സ്വപ്നമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. കിഫ്ബി ധനസഹായത്തോടെ 360 കോടി രൂപ ചെലവിൽ 2019-ൽ പണിയാരംഭിച്ച പുത്തൂരിലെ സുവോളജിക്കൽ പാർക്കിന്റെ പ്രധാന പണികളെല്ലാം പൂർത്തീകരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വനം, റവന്യു, മൃഗശാല വകുപ്പുമന്ത്രിമാർ പങ്കെടുത്ത ഇക്കഴിഞ്ഞ ജൂൺ 14 ലെ ഉന്നതതല യോഗം കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി തേടാൻ നിർദ്ദേശം നൽകിയത്.

മ്യൂസിയം – മൃഗശാല വകുപ്പ് ഡയറക്ടർ, പുത്തൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ എന്നിവർ സമർപ്പിച്ച സംയുക്ത അപേക്ഷയിലാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്. ആകെ 48 ഇനങ്ങളിലായി 117 പക്ഷികൾ 279 സസ്തനികൾ, 43 ഉരഗവർഗ ജീവികൾ എന്നിവയാണ് ഇപ്പോൾ തൃശ്ശൂർ മൃഗശാലയിൽ ഉള്ളത്. ഈ ജീവികളെ എല്ലാം അടുത്ത ആറു മാസത്തിനകം പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിപ്പാർപ്പിക്കുവാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇത്രയധികം ജീവികളെ ഒരു മൃഗശാലയിൽ നിന്നും മറ്റൊന്നിലേക്കു മാറ്റുന്നത് അപൂർവവും ശ്രമകരവുമാണ്. ഇവയെ ഇനം തിരിച്ച്, ഘട്ടം ഘട്ടമായി മാറ്റുവാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

കേന്ദ്ര മൃഗശാല അതോറിറ്റിയുമായി തുടർച്ചയായി ആശയ വിനിമയം നടത്തിയതിനാലാണ് കാലതാമസം കൂടാതെ അനുമതി ലഭ്യമാക്കാൻ സാധിച്ചത്. സുവോളജിക്കൽ പാർക്കിന്റെ പണി പൂർത്തിയാക്കൽ അന്തിമഘട്ടത്തിലാണെന്നും വൈകാതെ തന്നെ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ സാധിക്കുമെന്നും മന്ത്രിമാർ അറിയിച്ചു.

error: Content is protected !!