ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്‍റെ നിറവിലാണ് ഭാരതം

 

konnivartha.com: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്‍റെ നിറവിലാണ് ഭാരതം. മഹാവിഷ്ണുവിന്‍റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ. ഐതിഹ്യങ്ങൾ പറയുന്നത് അനുസരിച്ച് ഭദ്രപാദയിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമിയിലാണ് ശ്രീകൃഷ്ണൻ ജനിച്ചത് എന്നാണ്. രാജ്യമെമ്പാടുമുള്ള നിരവധി ഭക്തർ ശ്രീകൃഷ്ണനെ ഈ ദിവസം ആരാധിക്കുകയും പ്രത്യേകവ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴും ആഘോഷങ്ങള്‍ നടക്കുന്നു .

ത്രേതായുഗത്തിലെ ദേവാസുര യുദ്ധത്തിൽ കൊല്ലപ്പെട്ട അസുരന്മാര്‍ ദ്വാപരയുഗത്തിൽ ഭൂമിയിൽ വീണു പിറന്നുവെന്നാണ് സങ്കൽപ്പം. ഇവര്‍ പൂര്‍വ്വാധികം ശക്തി പ്രാപിച്ച് വംശത്തെ വര്‍ധിപ്പിക്കാൻ തുടങ്ങി. ഭൂമിയിൽ അസുരന്മാരുടെ അംഗസംഖ്യ പെരുകി. ഇവര്‍ ലോകത്തെയും ഭൂമിയെയും അധര്‍മ്മത്തിലേക്ക് നയിച്ചു. എല്ലാ വിഭവങ്ങളിലും അസുരന്മാര്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. ഇതോടെ ഭൂമിദേവി (വസുന്ധര) ക്ഷീണിതയായി. ഈ അസുരന്മാരിലെ പ്രധാനി കാലനേമി അംശത്തിൽ ജനിച്ച കംസനായിരുന്നു.അസുരന്മാരുടെ ചെയ്തികളിൽ മടുത്ത ഭൂമി ദേവി പശുവിന്‍റെ രൂപത്തിൽ ദേവലോകത്തെത്തി കാര്യങ്ങൾ വിശദീകരിച്ചു. ദേവന്മാർ ഭൂമിദേവിയെയും കൂട്ടി ബ്രഹ്മലോകത്തെത്തുകയും ബ്രഹ്‌മാവിനെ കണ്ട് തങ്ങളുടെ പ്രശ്നം ബോധ്യപ്പെടുത്തുകയും ചെയ്തു . എന്നാൽ ബ്രഹ്മാവ് കംസനു വരം നല്കിയിട്ടുള്ളതിനാൽ തനിക്കു അയാളെ വധിക്കുവാൻ സാധിക്കില്ലെന്ന് പറഞ്ഞു . തുടർന്ന് അവരെല്ലാം കൂടി പാലാഴിയിൽ പോയി വിഷ്ണുവിനെ കണ്ടു. വിഷ്ണു അവരുടെ ആവലാതികൾ കേൾക്കുകയും , താൻ ഭൂമിയിൽ അവതരിച്ച് ലോകോപകാരാർത്ഥം അസുരന്മാരെ നിഗ്രഹിക്കുമെന്നും ഭൂമിയുടെ അമിതഭാരം കുറയ്ക്കുമെന്നും അറിയിച്ചു. ഇങ്ങനെ മഹാവിഷ്ണു ശ്രീകൃഷ്ണവതരാം സ്വീകരിച്ച് ഭൂമിയിൽ ജനിച്ച ദിവസമാണ് ജന്മാഷ്ടമി.

error: Content is protected !!