പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

അനുമതി ലഭിച്ചിട്ടുള്ള പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ ഉദ്യോഗസ്ഥ തലത്തില്‍ കൈക്കൊള്ളണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാതല പട്ടികജാതി, പട്ടികവര്‍ഗ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായോഗികമായ പ്രോജക്ടുകള്‍ തയാറാക്കാന്‍ ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

 

യോഗത്തില്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ പ്രധാന്‍മന്ത്രി അനുസ്യൂചിത് ജാതി അഭ്യുദയ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിക്കുന്നതിന്, വിവിധ വകുപ്പുകളില്‍ നിന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ പരിശോധിച്ച് സമര്‍പ്പിച്ചിട്ടുള്ള പ്രൊപ്പോസലുകള്‍ ജില്ലാതല വര്‍ക്കിംഗ് ഗ്രൂപ്പ് അവലോകനം ചെയ്തു. ഈ സാമ്പത്തിക വര്‍ഷത്തെ കോര്‍പ്പസ് ഫണ്ട്, സ്പില്‍ ഓവര്‍ പദ്ധതികളുടെ പുരോഗമനം അവലോകനം ചെയ്ത് ആവശ്യമായ നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്തു. പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രധാന പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു. അംബേദ്കര്‍ സ്വാശ്രയ ഗ്രാമം പദ്ധതി പ്രകാരം ജില്ലയിലെ 12 കോളനികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു.

 

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്.അയ്യര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, പട്ടികവര്‍ഗ സര്‍ക്കാര്‍ നോമിനി ജി. രാജപ്പന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!