സംസ്ഥാനത്തെ  ആദ്യ സ്മാർട്ട് കൃഷിഭവൻ : അരുവാപ്പുലത്ത് നാളെ നാടിന് സമർപ്പിക്കും

 

konnivartha.com/കോന്നി : സംസ്ഥാനത്തെ ആദ്യ സ്മാർട്ട് കൃഷിഭവൻ നാളെ  (16.6.2023) അരുവാപ്പുലത്ത് നാടിന്  സമർപ്പിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കാർഷിക സേവനങ്ങൾ കാര്യക്ഷമവും സുതാര്യവുമായി കർഷകരുടെ വിരൽത്തുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ സ്മാർട്ട് കൃഷി ഭവൻ പദ്ധതി നടപ്പാക്കുന്നത്.

കോന്നി നിയോജക മണ്ഡലത്തിലെ അരുവാപ്പുലം കൃഷിഭവനാണ്  സംസ്ഥാനത്തെ ആദ്യ സ്മാർട്ട് കൃഷിഭവനാകുന്നത്.

ഇതിന്റെ സമർപ്പണവും അരുവാപ്പുലം ബ്രാന്റ് കുത്തരിവിതരണ കേന്ദ്രം  ഉദ്ഘാടനവും 16 ന് രാവിലെ 10.30 ന് ന് അരുവാപ്പുലം ഗവ. എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ  നടക്കുന്ന ചടങ്ങിൽ   കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്  നിർവ്വഹിക്കും. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

വിള ആരോഗ്യ പരിപാലന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും.  ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. എൻ.ജെ. ജോസഫിനെ ജില്ലാ കളക്ടർ ഡോ. ദിവ്യ. എസ്. അയ്യർ ആദരിക്കും. കുട്ടികൾക്കുള്ള പച്ചക്കറി തൈ വിതരണം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി നിർവ്വഹിക്കും.

കൃഷിഭവന്റെ പ്രവർത്തനങ്ങൾ കൂടുതൽ   കാര്യക്ഷമാക്കുന്നതിനൊപ്പം  കൃത്യതയിലും വേഗത്തിലും സേവനം ലഭ്യമാക്കുക, നൂതന സാങ്കേതിക വിദ്യയുടെ അനന്ത സാദ്ധ്യതകളിലേക്ക് കർഷകരെ കൈപിടിച്ചുയർത്തുക എന്നതാണ് പദ്ധതുടെ പ്രധാന ലക്ഷ്യം. കൃഷി വകുപ്പിൽ നിന്നും   25 ലക്ഷം രൂപ ചെലവിലാണ്  അരുവാപ്പുലം കൃഷിഭവൻ സ്മാർട്ട് ആക്കിയത്.

സാധാരണ കൃഷിഭവനുകളെ  അപേക്ഷിച്ച് സ്മാർട്ട് കൃഷിഭവനിലെ സേവനങ്ങൾ പൂർണ്ണമായും ഓൺലൈനിലായിരിക്കും. കർഷകർക്ക് മികച്ച സേവനം  ഉറപ്പാക്കാൻ വിശാലമായ ഫ്രണ്ട് ഓഫീസ് സംവിധാനം  ഇവിടെ  ഒരുക്കിയിട്ടുണ്ട്.

പേപ്പർ പൂർണ്ണമായും ഒഴിവാക്കി  ഓൺലൈൻ വഴി  അപേക്ഷകൾ ഇവിടെ സമർപ്പിക്കാൻ സാധിക്കും.  കർഷകർ നേരിടുന്ന  വിളജന്യ  രോഗങ്ങൾ , കൃഷിയിടത്തിലെ മണ്ണ് സംബന്ധമായ  പ്രശ്നങ്ങൾ എന്നിവയ്ക്കെല്ലാം  ഉടൻപരിഹാരം കാണാൻ പ്ളാന്റ് ഹെൽത്ത് ക്ളിനിക്കിന്റെ സേവനം ഇവിടെ  സജ്ജമാക്കിയിട്ടുണ്ട്. കർഷകർക്കായി പ്രൊജക്ടർ സംവിധാനത്തോടെയുള്ള  ട്രയിനിംഗ് സെന്റർ, സെമിനാർ ഹാൾ എന്നിവ സജ്ജമാമാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളും സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായാണ് ആദ്യഘട്ടമെന്ന  നിലയിൽഅരുവാപ്പുലം കൃഷിഭവൻ സ്മാർട്ട് ആക്കിയിരിക്കുന്നതെന്നും പരാതികളില്ലാത്തെ  സേവനങ്ങളാണ് സർക്കാർ ലക്ഷ്യമെന്നും അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.

error: Content is protected !!