എന്റെ കേരളം മേള :പത്തനംതിട്ട /വാര്‍ത്തകള്‍ /ചിത്രങ്ങള്‍ (17/05/2023)

എന്റെ കേരളം മേള (മേയ് 18) പത്തനംതിട്ടയില്‍ സമാപിക്കും
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഏഴു ദിവസം നീണ്ട പ്രദര്‍ശന വിപണന സാംസ്‌കാരിക മേളയായ എന്റെ കേരളം (മേയ് 18) സമാപിക്കും.  വൈകുന്നേരം നാലിന് സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.

ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, നഗരസഭാധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍,  ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പത്തനംതിട്ട ജില്ല കണ്ട ഏറ്റവും വലിയ പ്രദര്‍ശന വിപണനമേളയായിരുന്നു ഇത്തവണത്തേത്. 146 കൊമേഴ്സ്യല്‍ സ്റ്റാളുകളും 79 തീം സ്റ്റാളുകളും ഉള്‍പ്പെടെ ആകെ 225 സ്റ്റാളുകളാണ് മേളയിലുണ്ടായിരുന്നത്. കേരളം ഒന്നാമത് പ്രദര്‍ശനം, കിഫ്ബി വികസന പ്രദര്‍ശനം, ടെക്നോ ഡെമോ, ബിടുബി മീറ്റ്, സെമിനാറുകള്‍, ഡോഗ്ഷോ, സ്പോര്‍ട്സ് ഏരിയ, നവീന സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനം, കാര്‍ഷിക വിപണന മേള, കുടുംബശ്രീ ഫുഡ് കോര്‍ട്ട്, തല്‍സമയ മത്സരങ്ങള്‍, കലാ-സാംസ്‌കാരിക പരിപാടികള്‍, കലാസന്ധ്യ തുടങ്ങിയവ മേളയെ വൈവിധ്യം നിറഞ്ഞതാക്കി.

 

എന്റെ കേരളം മേളയില്‍ (18)

എന്റെ കേരളം മേളയില്‍ (മേയ് 18) രാവിലെ 10ന് ശുചിത്വമിഷന്‍, നവകേരളം മിഷന്‍, കേരള ഖരമാലിന്യ പരിപാലന പദ്ധതി എന്നിവയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ – നെറ്റ് സീറോയിലെത്തുന്നതില്‍ മാലിന്യ സംസ്‌കരണത്തിന്റെ പങ്ക്. രാവിലെ 11.30ന് പട്ടികജാതി വികസന വകുപ്പിന്റെ സെമിനാര്‍ – ഉന്നത വിദ്യാഭ്യാസ മേഖല- സാധ്യതകള്‍, സൗകര്യങ്ങള്‍, കാഴ്ചപ്പാടുകള്‍.

ഉച്ചകഴിഞ്ഞ് രണ്ടിന് പട്ടികജാതി വികസന വകുപ്പിന്റെ കലാ-സാംസ്‌കാരിക പരിപാടികള്‍. ഉച്ചകഴിഞ്ഞ് മൂന്നിന് പട്ടിക വര്‍ഗ വികസന വകുപ്പിന്റെ കലാ-സാംസ്‌കാരിക പരിപാടികള്‍.

വൈകുന്നേരം നാലിന് സമാപന സമ്മേളനം.  വൈകുന്നേരം അഞ്ചിന് കുളത്തൂര്‍ ശ്രീദേവി പടയണിസംഘത്തിന്റെ വേലകളി. രാത്രി ഏഴിന് പ്രശസ്ത പിന്നണിഗായകന്‍ പന്തളം ബാലന്റെ ഗാനമേള

ഇവിടെയൊന്നും ”ഫ്യൂസല്ല”
ഫ്യൂസായ എല്‍ഇഡി ബള്‍ബുകള്‍ വീട്ടിലുണ്ടോ..എങ്കില്‍ അതുമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലേക്ക് പോന്നോളൂ..സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ പൊലീസ് വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളില്‍ സ്റ്റുഡന്റ് പൊലീസ് അംഗങ്ങളാണ് ഫ്യൂസായ എല്‍ഇഡി ബള്‍ബുകള്‍ നന്നാക്കി നല്‍കുന്നത്. ഊര്‍ജ സംരക്ഷണത്തിലൂടെ സുസ്ഥിര ഉപഭോഗം വര്‍ധിപ്പിക്കുക എന്നത് ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരിപാടിയുമായി പൊലീസ് വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. ജില്ലാ നാര്‍കോട്ടിക് സെല്ലും എസ്പിസി പ്രോജക്ടും ചേര്‍ന്ന് നടത്തുന്ന സ്റ്റാളില്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും എല്‍ഇഡി ബള്‍ബ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധവല്‍ക്കരണവും നടത്തുന്നുണ്ട്.

 

മുട്ടകളുടെ വൈവിധ്യവുമായി മൃഗസംരക്ഷണവകുപ്പിന്റെ സ്റ്റാള്‍

ഒട്ടകപക്ഷിയുടെ മുട്ട കണ്ടിട്ടുണ്ടോ, ഇല്ലെങ്കില്‍ ജില്ലാ സ്റ്റേഡിയത്തിലേക്ക് പോരൂ. വിവിധതരം പക്ഷികളുടെ മുട്ടകളുടെ പ്രദര്‍ശനവും വിപണവുമായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാള്‍ സന്ദര്‍ശകര്‍ക്ക് കൗതുകം പകരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലാണ് മൃഗസംരക്ഷണവകുപ്പ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്.

ഒട്ടകപക്ഷി മുതല്‍ കരിങ്കോഴി വരെയുള്ള പക്ഷികളുടെ മുട്ടകളുടെ പ്രദര്‍ശനം കാണാന്‍ സന്ദര്‍ശകരുടെ തിരക്കാണ്. വിവിധയിനം താറാവുകളുടെയും കോഴികളുടെയും മുട്ടകളും ഇവിടുണ്ട്. കൂടാതെ, അലങ്കാരകോഴിയായ സില്‍വര്‍ സീ ബ്രൈറ്റിന്റെ മുട്ടയും സ്റ്റാളിലുണ്ട്. പ്രധാന പവലിയന് അകത്ത് ഒരുക്കിയിരിക്കുന്ന സ്റ്റാളില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ ലഘു ലേഖകളും വിതരണം ചെയ്യുന്നുണ്ട്.

എന്റെ കേരളം മേള: വിജയികളെ തെരഞ്ഞെടുത്തു
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം  പ്രദര്‍ശന വിപണനമേളയുമായി ബന്ധപ്പെട്ട് നടന്ന
സാംസ്‌കാരിക ഘോഷയാത്രയില്‍ മികച്ച പ്രകടനം നടത്തിയവരെയും മേളയില്‍ മികച്ച സ്റ്റാളുകള്‍ ഒരുക്കിയവരെയും തെരഞ്ഞെടുത്തു. പത്തനംതിട്ട പ്രസ് ക്ലബിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ജൂറി അംഗങ്ങളാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികള്‍ക്കുള്ള മൊമന്റോ മേയ് 18ന് വൈകുന്നേരം നാലിന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം മേളയുടെ സമാപന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിതരണം ചെയ്യും.

ഘോഷയാത്രയിലെ മികച്ച പ്രകടനം
ഘോഷയാത്രയിലെ മികച്ച പ്രകടനത്തിനുള്ള ഒന്നാം സ്ഥാനം വനിതാ ശിശുവികസന വകുപ്പ് (ഐ.സി.ഡി.എസ്) നേടി. പങ്കാളിത്തം, വസ്ത്രധാരണം, സന്ദേശ പ്രചാരണം, അച്ചടക്കം എന്നിവയിലൂടെ വനിതാ ശിശുവികസന വകുപ്പ് ശ്രദ്ധിക്കപ്പെട്ടു. രണ്ടാംസ്ഥാനം പട്ടികജാതി വികസന വകുപ്പും കൃഷി വകുപ്പും പങ്കിട്ടു. പട്ടികജാതി വികസന വകുപ്പ് വേഷവിധാനം, ഫ്ളോട്ട്, അച്ചടക്കം എന്നിവയാല്‍ ശ്രദ്ധിക്കപ്പെട്ടു. കൃഷി വകുപ്പ് പങ്കാളിത്തത്തിലും വേഷവിധാനത്തിലും പ്ലക്കാര്‍ഡുകളിലൂടെ നടത്തിയ ആശയ വിനിമയത്തിലും മികച്ചു നിന്നു. മൂന്നാംസ്ഥാനം എക്സൈസ് വിമുക്തി മിഷനും മോട്ടോര്‍ വാഹനവകുപ്പും കുടുംബശ്രീ ജില്ലാ മിഷനും പങ്കിട്ടു.

പ്രത്യേക പുരസ്‌കാരം
സാംസ്‌കാരികഘോഷയാത്രയെ മികവുറ്റതാക്കുന്നതില്‍ വഹിച്ച പങ്ക് സ്പോര്‍ട്സ് കൗണ്‍സിലിനെ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹമാക്കി. സ്പോര്‍ട്സ് കൗണ്‍സിലിന്റെ കായിക താരങ്ങള്‍ സാംസ്‌കാരികഘോഷയാത്രയില്‍ അണിനിരന്നു നടത്തിയ പ്രകടനങ്ങള്‍ ഏറെ ആകര്‍ഷണീയമായി.

പ്രദര്‍ശന സ്റ്റാള്‍
പ്രദര്‍ശന സ്റ്റാള്‍ വിഭാഗത്തില്‍ വനിതാ ശിശു വികസന വകുപ്പ് ഒന്നാംസ്ഥാനം നേടി.
മേള സന്ദര്‍ശിച്ചവരെ ബോധവത്കരിക്കുന്നതില്‍ സ്റ്റാളിലെ പ്രവര്‍ത്തകര്‍ കാട്ടിയ താത്പര്യം
ജൂറി പ്രത്യേകം പരാമര്‍ശിച്ചു. സ്റ്റാളിലെ പ്രദര്‍ശനം, വിവിധ സംരക്ഷണ പദ്ധതികളെ സംബന്ധിച്ച ബോധവത്കരണം, പോഷക മൂല്യമുള്ള ഭക്ഷണസാധനങ്ങളുടെ പ്രദര്‍ശനം എന്നിവ മികച്ചതായിരുന്നെന്നും ജൂറി വിലയിരുത്തി.

മികവിന് പുരസ്‌കാരം
പ്രദര്‍ശന സ്റ്റാള്‍ വിഭാഗത്തില്‍ എക്സൈസ് വിമുക്തി മിഷന്‍, പോലീസ്,  കെഎസ്ആര്‍ടിസി, കെഎസ്ഇബി, മോട്ടോര്‍ വാഹനവകുപ്പ് എന്നിവ എടുത്തു പറയത്തക്ക നിലയില്‍ പ്രവര്‍ത്തിച്ചത് കണക്കിലെടുത്ത് മികവിനുള്ള പുരസ്‌കാരത്തിന് തെരഞ്ഞെടുത്തു.

സേവന സ്റ്റാള്‍
മികച്ച സേവന സ്റ്റാള്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം ഐടി മിഷനും ആരോഗ്യവകുപ്പും പങ്കിട്ടു.

വ്യവസായ സ്റ്റാള്‍
മികച്ച വ്യവസായ സ്റ്റാള്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം ജഗന്‍സ് മില്ലറ്റ്സ് ബാങ്ക് നേടി.
ചെറുധാന്യങ്ങളും വിശേഷ ഗുണങ്ങളും ഉള്‍പ്പെടുത്തി നടത്തിയ ബോധവ്തകരണവും വില്പനയും ശ്രദ്ധിക്കപ്പെട്ടു. അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷവുമായി ബന്ധപ്പെട്ട് ഈ സ്റ്റാളിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായെന്നും ജൂറി വിലയിരുത്തി.

പ്രത്യേക പുരസ്‌കാരം
മേളയില്‍ കുടുംബശ്രീ യൂണിറ്റുകളുടെ വിവിധ സംരംഭങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടെന്നും ജില്ലാ മിഷന് പ്രത്യേക പുരസ്‌കാരം നല്‍കാവുന്നതാണെന്നും ജൂറി വിലയിരുത്തി. ഈ വിഭാഗത്തില്‍ ആറന്മുള പാര്‍ഥസാരഥി ഹാന്‍ഡി ക്രാഫ്റ്റ്സ്, അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം എന്നിവയെ പ്രത്യേക പുരസ്‌കാരത്തിന് തെരഞ്ഞെടുത്തു.

ഓപ്പണ്‍ ഏരിയ പ്രദര്‍ശനം
ഓപ്പണ്‍ ഏരിയാ പ്രദര്‍ശന വിഭാഗത്തില്‍ പത്തനംതിട്ട മുസലിയാര്‍ എന്‍ജിനിയറിംഗ് കോളജ് ഒന്നാംസ്ഥാനം നേടി.

ജൂറി
സാംസ്‌കാരിക ഘോഷയാത്രയിലെ വിജയികളെ  ദീപിക പത്തനംതിട്ട ബ്യൂറോ ചീഫ് ബിജു കുര്യന്‍, കേരള കൗമുദി പത്തനംതിട്ട ബ്യൂറോ ചീഫ് എം. ബിജു മോഹന്‍, മംഗളം പത്തനംതിട്ട സീനിയര്‍ റിപ്പോര്‍ട്ടര്‍ ജി. വിശാഖന്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് തെരഞ്ഞെടുത്തത്.
സ്റ്റാള്‍ വിഭാഗത്തിലെ വിജയികളെ പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റും മംഗളം ബ്യൂറോ ചീഫുമായ സജിത്ത് പരമേശ്വരന്‍,  ദീപിക പത്തനംതിട്ട ബ്യൂറോ ചീഫ് ബിജു കുര്യന്‍,  ജന്മഭൂമി പത്തനംതിട്ട റിപ്പോര്‍ട്ടര്‍ പി. വേണുനാഥ് എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് തെരഞ്ഞെടുത്തത്.

സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടി നല്‍കി ഹോമിയോപ്പതി വകുപ്പിന്റെ സെമിനാര്‍

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ഹോമിയോപതി വകുപ്പ് ‘പൊതുജനാരോഗ്യം പുതുവഴികള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഹോമിയോപ്പതിയുടെ ചികില്‍സ രീതികളെക്കുറിച്ച് പൊതു ജനങ്ങള്‍ക്കിടയിലുള്ള സംശയങ്ങളും ആശങ്കകളും പരിഹരിക്കുന്നതിനുള്ള വേദിയായി.
ലളിതവും പാര്‍ശ്വഫലരഹിതവുമായ ഔഷധങ്ങളുടെ വളരെ കുറഞ്ഞ തോതിലുള്ള ഉപയോഗം കൊണ്ടു തന്നെ ദ്രുതഗതിയില്‍ ശാശ്വതമായ രോഗശമനം നല്‍കുന്ന ചികിത്സ രീതിയാണ് ഹോമിയോപ്പതി. അതുകൊണ്ടു തന്നെ പൊതുജനങ്ങള്‍ക്കിടയില്‍ ഹോമിയോപ്പതിക്കുള്ള സ്വീകാര്യത കൂടിയിട്ടുണ്ടെന്നും സെമിനാറില്‍ വിഷയാവതരണം നടത്തി കൊണ്ട് ഹോമിയോപ്പതി വകുപ്പ് ക്വാളിറ്റി അഷ്വറന്‍സ് സ്റ്റേറ്റ് നോഡല്‍ ഓഫീസറായ ഡോ. ആര്‍. രജികുമാര്‍ പറഞ്ഞു.

 

അടിസ്ഥാനപരമായി ഹോമിയോപ്പതി പരീക്ഷണ നിരീക്ഷണ പ്രയോഗ അംശങ്ങളില്‍ അധിഷ്ഠിതമാണ്. ശരിയായ രീതിയില്‍ തെരഞ്ഞെടുത്ത് ഉപയോഗിച്ചാല്‍ ഹോമിയോപ്പതി മരുന്നുകളെല്ലാം രോഗത്തെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യും. പ്രമേഹ രോഗികള്‍ക്ക് ഹോമിയോ മരുന്നുകള്‍ ധൈര്യമായി തെരഞ്ഞെടുക്കാം. ഹോമിയോ മരുന്നുകള്‍ എങ്ങനെ സൂക്ഷിച്ചു വെക്കാം തുടങ്ങി ഹോമിയോപ്പതി ചികിത്സ രീതിയെ കുറിച്ചും ക്ലാസില്‍ വിശദീകരിച്ചു.

ഹോമിയോപ്പതി രംഗത്ത് നടപ്പാക്കി വരുന്ന വിവിധ പദ്ധതികളെ കുറിച്ച് സെമിനാറില്‍ ക്ലാസ് നയിച്ചു കൊണ്ട് കോഴഞ്ചേരി മെഡിക്കന്‍ ഓഫീസര്‍ ഡോ. പ്രീതി ഏലിയാമ്മ ജോണ്‍ വിശദീകരിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി രൂപികരിച്ച പദ്ധതിയായ റീച്ച്, സ്ത്രീകളുടെ മാനസിക വൈകാരിക ആരോഗ്യ ശാക്തീകരണ ലിംഗാധിഷ്ഠിത പദ്ധതിയായ സീതാലയം, വന്ധ്യത നിവാരണ ചികിത്സ പദ്ധതിയായ ജനനി, ജീവിത ശൈലി രോഗ സമഗ്ര ചികിത്സ പദ്ധതിയായ ആയുഷ്മാന്‍ ഭവ , കൗമാര ആരോഗ്യ സംരക്ഷണ പദ്ധതിയായ സദ്ഗമയ, ഹോമിയോപതി വകുപ്പിന്റെ സാന്ത്വന പരിചരണ പദ്ധതിയായ ചേതന , ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തില്‍ പെട്ടവരുടെ സമഗ്രമായ ആരോഗ്യ പരിപാലനത്തിനുള്ള പദ്ധതിയായ നിസര്‍ഗ തുടങ്ങി ഹോമിയോപ്പതി വകുപ്പിന്റെ വിവിധ പദ്ധതികളെകുറിച്ച് വിഷയാവതരണം നടത്തി വിശദീകരിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. ബിജുകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ പ്രവര്‍ത്തകള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ പോലീസ് മേധാവി എന്റെ കേരളം മേള സന്ദർശിച്ചു
ഉന്നം പിഴയ്ക്കാതെ ലക്ഷ്യത്തിലേക്ക് ത്രോ ചെയ്ത് ജില്ലാ പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍.  സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം പ്രദര്‍ശന വിപണനമേള സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു കുടുംബശ്രീയുടെ സ്‌നേഹിത തീം സ്റ്റാളിലെ മത്സരത്തില്‍ പങ്കെടുത്തത്. വളയം കൃത്യമായി എറിഞ്ഞ് ബൗളില്‍ വീഴ്ത്തണം. ആ ബൗളിലുള്ള ചോദ്യത്തിന് ശരിയുത്തരം നല്‍കണം. ഇതായിരുന്നു മത്സരം. വളയം കൈയ്യിലെടുത്ത ജില്ലാ പൊലീസ് മേധാവി ആദ്യത്തെ ത്രോയില്‍ തന്നെ കൃത്യമായ ഇടത്ത് വീഴ്ത്തി ചോദിച്ച ചോദ്യത്തിന് ശരിയുത്തരവും നല്‍കി താരമായി.
വിമുക്തിയുടെ സ്റ്റാളില്‍ എത്തിയ ജില്ലാ പൊലീസ് മേധാവി ലഹരിക്കെതിരെ ഒരു അമ്പ് എന്ന മത്സരത്തില്‍ പങ്കെടുത്ത് ലക്ഷ്യസ്ഥാനത്തേക്ക് അമ്പെയ്ത വിജയിക്കുള്ള സമ്മാനവിതരണം നടത്തി. പൊലീസ് വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളുകളും, നാര്‍ക്കോട്ടിക് ആന്‍ഡ് സ്റ്റുഡന്റ് പൊലീസ് ഒരുക്കിയിരിക്കുന്ന സ്റ്റാളും സന്ദര്‍ശിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളിലെത്തിയ അദ്ദേഹം 360 ഡിഗ്രി സെല്‍ഫി വീഡിയോ കാമറയില്‍ വീഡിയോ പകര്‍ത്തിയ ശേഷമാണ് മടങ്ങിയത്.
റീല്‍സ് മത്സരം റീല്‍സ് മത്സരം
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം എന്റെ കേരളം 2023 പ്രദര്‍ശന വിപണന സേവന മേളയോട് അനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വികസന,  ക്ഷേമ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി 30 സെക്കന്റ് ദൈര്‍ഘ്യമുള്ള റീല്‍സ് തയാറാക്കണം.
വികസന ദൃശ്യങ്ങള്‍ പകര്‍ത്തുകയോ, സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയോ ആകാം.  റീല്‍സ്, പേര്, വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ prdcontest2023@gmail.com എന്ന മെയിലിലേക്ക് അയയ്ക്കണം. അവസാന തീയതി മേയ് 18. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നല്‍കും.
വികസന ഫോട്ടോഗ്രാഫി മത്സരം
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം എന്റെ കേരളം 2023 പ്രദര്‍ശന വിപണന സേവന മേളയോട് അനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വികസന ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഫോട്ടോഗ്രാഫിയില്‍ പകര്‍ത്തേണ്ടത്. ഫോട്ടോ, പേര്, വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ prdcontest2023@gmail.com എന്ന മെയിലിലേക്ക് അയയ്ക്കണം. അവസാന തീയതി മേയ് 18. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നല്‍കും.
error: Content is protected !!