തണ്ണിത്തോട് തേനരുവി വാട്ടർ ഫാൾസ് ടൂറിസം പദ്ധതിക്ക് ഭരണാനുമതി

 

konnivartha.com  :കോന്നി മണ്ഡലത്തിൽ തണ്ണിത്തോട് പഞ്ചായത്തിൽ “തേനരുവി വാട്ടർ ഫാൾസ് ടൂറിസം പദ്ധതിക്ക് തൊണ്ണൂറ്റിയെട്ട് ലക്ഷത്തി മുപ്പതിനായിരം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.കേരള സർക്കാർ വിനോദ സഞ്ചാര വകുപ്പ് ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി പ്രകാരമാണ് തേനരുവി വാട്ടർഫാൾസ് പദ്ധതിക്കായി ഭരണാനുമതി നൽകിയത്.

വിനോദ സഞ്ചാര വികസനത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തി ടൂറിസം വികസനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സംസ്‌ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ്. ഡെസ്റ്റിനേഷൻ ചലഞ്ച്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു ടൂറിസം ഡെസ്റ്റിനേഷൻ എങ്കിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം

ടൂറിസം വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിക്കായി ഭരണാനുമതി ടൂറിസം ഡയരക്ടർ പി ബി നൂഹ് ഐ എ എസ് ഉത്തരവിറക്കിയിട്ടുള്ളത്.തണ്ണിത്തോട് പഞ്ചായത്തിലെ “തേനരുവി വെള്ള ചാട്ടം ധാരാളം സഞ്ചാരികളെ ആകർഷിക്കുന്ന പ്രാദേശമാണ്.

ഇവിടെ മെച്ചപ്പെട്ട ടൂറിസം പദ്ധതി വേണമെന്ന ആവശ്യം ശക്തമായിരുന്നു.അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ നേതൃത്വത്തിൽ സർക്കാരിന്റെ ടൂറിസം ഡസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തിയത്തോടെയാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. അടവി കുട്ട വഞ്ചി സവാരി കേന്ദ്രത്തിനും മണ്ണീറ വെള്ളച്ചാട്ടത്തിനുമൊപ്പം തണ്ണിത്തോട് പഞ്ചായത്തിലെ പ്രധാന ടൂറിസം കേന്ദ്രമായി തേനരുവി വെള്ളച്ചാട്ടം മാറും.

കോന്നി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും ടൂറിസം സാധ്യതകളെ പരമാവധി വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് എം എൽ എ അറിയിച്ചു. പദ്ധതിയുടെ പൂർത്തീകരണ കാലാവധി 18 മാസം ആയിരിക്കും . പദ്ധതി നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട പഞ്ചായത്ത്‌ -ടൂറിസം ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചു ചേർക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.