ശബരിമല പാതയില്‍ ഇലവുങ്കലില്‍ ബസ്സ്‌ മറിഞ്ഞു

Konnivartha :ശബരിമല പാതയില്‍ ഇലവുങ്കലില്‍ നിന്ന് നാറാണംതോട് പോകുന്ന വഴിയില്‍ തീര്‍ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു.

 

ശബരിമല പാതയില്‍ ഇലവുങ്കലില്‍ നിന്ന് നാറാണംതോട് പോകുന്ന വഴിയില്‍ തീര്‍ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു.9 കുട്ടികള്‍ അടക്കം 64 പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

 

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പരുക്കേറ്റവരെ നിലയ്ക്കലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി പത്തനംതിട്ട ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്ക് മാറ്റി. പമ്ബ പൊലീസ്, നിലയ്ക്കല്‍, സീതത്തോട് അഗ്നിശമന സേനാനിലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. തമിഴ്‌നാട് മൈലാടുതുറൈ ജില്ല മായാരം സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.പത്തനംതിട്ട അപകടം: മതിയായ ക്രമീകരണങ്ങളൊരുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി

 

പരിക്കേറ്റ തീര്‍ഥാടകര്‍ക്ക് എല്ലാ സഹായങ്ങളും
ഉറപ്പാക്കി: മന്ത്രി കെ. രാധാകൃഷ്ണന്‍

ഇലവുങ്കല്‍ നാറാണംതോടിന് സമീപം ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ദേവസ്വംവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അപകടത്തില്‍ ആളപായമില്ല. ന്യൂട്രലില്‍ ഇറക്കം ഇറങ്ങി വന്ന വാഹനത്തിന് ബ്രേക്ക് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതുസംബന്ധിച്ച് കൃത്യമായ പരിശോധന നടത്തും. ചികിത്സയില്‍ കഴിയുന്നവരുടെ വീടുകളില്‍ വിവരം അറിയിച്ചു. വസ്ത്രം, ഭക്ഷണം എന്നിവ എത്തിച്ചു. പോലീസ്, ഫയര്‍ഫോഴ്സ്, സന്നദ്ധസേവകര്‍ എന്നിവര്‍ മികച്ച രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്.
അപകടത്തില്‍ പെട്ടവര്‍ക്ക് ചികിത്സയ്ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ജനറല്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളജിലും ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ 42 പേര്‍ ചികിത്സയിലുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ 17 പേരാണ് ചികിത്സയിലുള്ളത്. അവരില്‍ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്. രംഗനാഥന്റെ (85) വാരിയെല്ലിന് ഒടിവും മള്‍ട്ടിപ്പിള്‍ ഫ്രാക്ചറും ഉണ്ട്. കുമാര്‍ എന്ന വ്യക്തിയുടെ ശ്വാസനാളത്തിനും പരിക്കുണ്ട്. ഇരുവരും 48 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, എംഎല്‍എമാരായ അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിത കുമാരി, എന്‍.എച്ച്.എം. ഡി.പി.എം ഡോ. എസ്. ശ്രീകുമാര്‍ തുടങ്ങിയവര്‍ ഒപ്പം ഉണ്ടായിരുന്നു.

 

അപകടത്തില്‍ പരുക്കേറ്റ ശബരിമല തീര്‍ഥാടകര്‍ക്ക്
മികച്ച ചികിത്സ നല്‍കും: മന്ത്രി വീണാ ജോര്‍ജ്

ഇലവുങ്കല്‍ നാറാണംതോടിനു സമീപം ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞുണ്ടായ
അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അപകടത്തില്‍ പെട്ടവര്‍ക്ക് ചികിത്സയ്ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ജനറല്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളജിലും ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ 42 പേര്‍ ചികിത്സയിലുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ 17 പേരാണ് ചികിത്സയിലുള്ളത്. അവരില്‍ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്. രംഗനാഥന് (85) വാരിയെല്ലിന് ഒടിവും മള്‍ട്ടിപ്പിള്‍ ഫ്രാക്ചറും ഉണ്ട്. കുമാര്‍ എന്ന വ്യക്തിയുടെ ശ്വാസനാളത്തിന് പരിക്കുണ്ട്. ഇരുവരും 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.
വകുപ്പുകളുടെ ഏകോപനത്തോടെ രക്ഷാപ്രവര്‍ത്തനം മികച്ച രീതിയില്‍ നടത്തുവാന്‍ കഴിഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കോന്നി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ന്യൂട്ടലിലായിരുന്ന വാഹനം ഇറക്കം ഇറങ്ങി വരവേ ബ്രേക്ക് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചതായും മന്ത്രി പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യമന്ത്രി ഇടപെട്ട് സന്നദ്ധ സംഘടനകളും സുമനസുകളും മുഖേന വസ്ത്രം, ഭക്ഷണം തുടങ്ങിയവ ലഭ്യമാക്കി.
എംഎല്‍എമാരായ അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി, എന്‍.എച്ച്.എം. ഡി.പി.എം ഡോ. എസ്. ശ്രീകുമാര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

 

നാറാണംതോട് അപകടം: പരുക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട
ചികിത്സ ഉറപ്പാക്കും- മന്ത്രി പി. പ്രസാദ്

ഇലവുങ്കല്‍ നാറാണംതോടിനു സമീപം ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞുണ്ടായ
അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍  ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അപകടത്തില്‍ പെട്ടവര്‍ക്ക് എല്ലാ തരത്തിലുമുള്ള ചികിത്സ ലഭ്യമാക്കുന്നതാണ് ആദ്യ പടിയായി സര്‍ക്കാര്‍ ചെയ്യുന്നത്. അപകടത്തില്‍ പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ജനറല്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളജിലും ഒരുക്കിയിട്ടുണ്ട്. എല്ലാ ഡോക്ടര്‍മാരുടെയും സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്.
സംഭവ സ്ഥലത്ത് ആദ്യം എത്തിയ അയ്യപ്പന്‍മാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകട സ്ഥലത്ത് എത്തിയ ഡോക്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും സംഘവും രക്ഷാപ്രവര്‍ത്തനം കൃത്യമായി നടത്തി.
മുന്‍കാലങ്ങളില്‍  അപകടം സംഭവിക്കാത്ത സ്ഥലത്താണ് ബസ് മറിഞ്ഞത്. അതിനാല്‍ ആ മേഖലയില്‍ ഭാവിയില്‍ അപകടം ഉണ്ടാകാതിക്കാനുള്ള മുന്‍കരുതലുകള്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ച്  സ്വീകരിക്കും. ഇറക്കം ഇറങ്ങി വന്ന വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്ന് മറിയുകയായിരുന്നുവെന്നാണ് സ്ഥലം സന്ദര്‍ശിച്ച മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തല്‍. അപകടത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം ഏകോപനം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ആശുപത്രി സന്ദര്‍ശനത്തിനു മുന്‍പ് മന്ത്രി പി. പ്രസാദ്, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ തുടങ്ങിയവര്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു.

അച്ഛനും മകനും ആശ്വാസമായി മന്ത്രിയുടെ വീഡിയോ കോള്‍
പത്തനംതിട്ട ഇലവുങ്കലിലെ ബസ് അപകടത്തില്‍ പരിക്കേറ്റ മകനെ കാണാനില്ലാത്ത വിഷമത്തിലിരുന്ന അച്ഛനും, അച്ഛനെ കാണാതിരുന്ന മകനും ആശ്വാസമേകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നഷ്ടപ്പെട്ടെന്ന് കരുതിയ മകനെ മന്ത്രി തന്നെ വീഡിയോ കോളിലൂടെ അച്ഛന്‍ ശെന്തില്‍നാഥിന് കാണിച്ചു കൊടുത്തപ്പോള്‍ ഏറെ ആശ്വാസം.
അച്ഛന്‍ സെന്തില്‍നാഥ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വയംഭൂനാഥന്‍ എന്ന കുട്ടി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലുമില്ലായിരുന്നു. മകന്‍ എവിടെയെന്ന് അറിയാത്തതിന്റെ വിഷമം മന്ത്രി ആശുപത്രിയില്‍ എത്തിയപ്പോള്‍ ശെന്തില്‍നാഥ് നേരിട്ട് അറിയിച്ചിരുന്നു. ഉടനെ മന്ത്രി കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ വിളിച്ചു. അവിടെ സ്വയംഭൂനാഥന്‍ എന്ന കുട്ടി ഇല്ലായിരുന്നു. കുട്ടിയുടെ പ്രായവും ഏകദേശ രൂപവും പറഞ്ഞതോടെ ആശുപത്രി അധികൃതര്‍ അന്വേഷണം നടത്തി. അവസാനം സൂര്യനാഥന്‍ എന്നപേരില്‍ ചികിത്സ തേടിയ കുട്ടിയാണെന്ന് ഉറപ്പിച്ചു.
ഉടന്‍ തന്നെ മന്ത്രി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിളിച്ച് കുട്ടിക്ക് അച്ഛനുമായി വീഡിയോ കോളില്‍ സംസാരിക്കാന്‍ മന്ത്രിയുടെ ഫോണില്‍നിന്ന് തന്നെ സൗകര്യം ഒരുക്കുകയായിരുന്നു. ശെന്തില്‍നാഥ് മകനെ ആശ്വസിപ്പിച്ചു. താമസിയാതെ തന്നെ മകനെയും അച്ഛന്റെ അടുത്തെത്തിക്കാന്‍ സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. അപകടവിവരമറിഞ്ഞ് നാട്ടില്‍ സങ്കടപ്പെട്ട് കഴിയുന്ന കുട്ടിയുടെ അമ്മയുടെ ഫോണ്‍ നമ്പരും മന്ത്രി വാങ്ങി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്ക് കൈമാറി. വീഡിയോ കോളിലൂടെ മകനുമായി അമ്മയ്ക്ക് സംസാരിക്കാന്‍ സൗകര്യമേര്‍പ്പെടുത്താനും മന്ത്രി നിര്‍ദേശിച്ചു.

 

 

error: Content is protected !!