കാരംവേലി സ്‌കൂളിന്റെ പ്രവര്‍ത്തനം മാതൃകാപരം: മന്ത്രി വീണാ ജോര്‍ജ്

കാരംവേലി ഗവ എല്‍പി സ്‌കൂളിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 70 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച കാരംവേലി ഗവ എല്‍പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഓരോ വര്‍ഷവും കൂടുതല്‍ കുട്ടികളെ ചേര്‍ത്തുപിടിച്ചുകൊണ്ട് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന പൊതു വിദ്യാലയമാണ് കാരംവേലി ഗവണ്‍മെന്റ് സ്‌കൂള്‍. ഇതിന്റെ പിന്നില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും സമൂഹത്തിന്റെയും കൂട്ടായ പ്രവര്‍ത്തനമുണ്ട്. ഉപജില്ലയില്‍ ഏറ്റവും അധികം കുട്ടികള്‍ പഠിക്കുന്ന  സ്‌കൂള്‍  അക്കാദമിക് നിലവാരത്തിലും മുന്‍പന്തിയിലാണ്. കുട്ടികളുടെ എണ്ണം കൂടുന്നത് അനുസരിച്ച് അവര്‍ക്ക്  പഠിക്കുവാന്‍ സ്‌കൂള്‍ കെട്ടിടത്തില്‍ സ്ഥലസൗകര്യം കുറവുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിച്ച്  സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചത്.

 

കെട്ടിടത്തിന്റെ നിര്‍മാണം കുറേക്കാലം മുമ്പ് തന്നെ പൂര്‍ത്തിയായിരുന്നു. കുട്ടികളുടെ പഠനം തടസപ്പെടാതിരിക്കാന്‍ നേരത്തെ തന്നെ പ്രവര്‍ത്തനവും ആരംഭിച്ചു. ഇപ്പോള്‍ ഔപചാരികമായുള്ള ഉദ്ഘാടനം മാത്രമാണ് നിര്‍വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളിന്റെ 112 മത് വാര്‍ഷികവും രമാദേവി മെമ്മോറിയല്‍ ലൈബ്രറിയുടെ ഉദ്ഘാടനവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരന്‍  നിര്‍വഹിച്ചു. മല്ലപ്പുഴശ്ശേശരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

 

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് റ്റി. പ്രദീപ് കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി സാമുവേല്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീരേഖ ആര്‍ നായര്‍, വാര്‍ഡ് മെമ്പര്‍മാരായ റോസമ്മ മത്തായി, സജീവ് ഭാസ്‌കര്‍, മിനി ജിജു ജോസഫ്, അമല്‍ സത്യന്‍, റ്റിവി പുരുഷോത്തമന്‍ നായര്‍, ബ്ലോക്ക് പ്രോജക്ട് കോ ഓഡിനേറ്റര്‍ എസ് ഷിഹാവുദ്ദീന്‍, കോഴഞ്ചേരി എഇഒ പി.ഐ. അനിത, സ്‌കൂള്‍ പ്രഥമ അധ്യാപിക സി. ശ്യാംലത, സീനിയര്‍ അസിസ്റ്റന്റ് പി.ആര്‍. ശ്രീജ, അധ്യാപക പ്രതിനിധി എസ്. രജിത, എസ് എം സി ചെയര്‍മാന്‍ ബിജു ജി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!