തണ്ണിത്തോട്  മണ്ണീറ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് അമിനിറ്റി സെന്റർ യാഥാർത്ഥ്യമാകുന്നു

 

konnivartha.com : തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് വാർഡ് 09 മണ്ണീറയിൽ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് ടൂറിസം അമിനിറ്റി സെന്റർ യാഥാർത്ഥ്യമാകുന്നു. വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാനും വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിക്കുവാനും മഴക്കാലത്തും മറ്റും ധാരാളം വിനോദ സഞ്ചാരികളാണ് ഇവിടേയ്ക്ക് കടന്നു വരുന്നത്

 

ജൂൺ-ജൂലൈ മുതൽ ഡിസംബർ-ജനുവരി വരെ നീണ്ടു നിൽക്കുന്ന സീസൺ സമയങ്ങളിൽ വിദേശീയരും തദ്ദേശീയരുമായ വിനോദ സഞ്ചാരികൾ അടവി കുട്ടവഞ്ചി സവാരി കേന്ദ്രം സന്ദർശിച്ച് വെള്ളച്ചാട്ടം കാണുവാൻ എത്തുന്നത് പതിവാണ്. എന്നാൽ ഈ പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതിരിക്കുന്നത് ഒരു പോരായ്മയായിരുന്നു. സ്വകാര്യ വ്യക്തികളുടെ സ്ഥലം വിട്ടു കിട്ടുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുവാൻ കഴിയാതിരുന്നതിനാലും ഇവിടെ നിർമ്മാണങ്ങൾ നടത്തുവാൻ കഴിയാത്ത സാഹചര്യമുണ്ടായി.

സിബി നെടുംപുറം എന്ന വ്യക്തി തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിന് പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 5 സെന്റ് സ്ഥലം സൗജന്യമായി നൽകിയതോടെയാണ് പദ്ധതി ആവിഷ്ക്കരിക്കുവാൻ കഴിഞ്ഞത്. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷൻ അംഗം പ്രവീൺ പ്ലാവിളയിൽ ബ്ലോക്ക് പഞ്ചായത്തിലെ 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യ ഘട്ടമായി സാനിട്ടറി കോംപ്ലക്സ് നിർമ്മാണത്തിനായി 15.23 ലക്ഷം രൂപ അനുവദിച്ചു. തുടർന്ന് 2023 – 24 വാർഷിക പദ്ധതിയിൽ 16 ലക്ഷം രൂപ കൂടി വകയിരുത്തി ടൂറിസം അമിനിറ്റി സെന്റർ എന്ന തരത്തിൽ പദ്ധതി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നു.

സ്ത്രീ സൗഹൃദ ഭിന്നശേഷി സൗഹൃത സാനിട്ടറി കോംപ്ലക്സ്, ക്ലോക്ക് റൂം, വസ്ത്രം മാറുന്നതിനുള്ള മുറി, ലഘു ഭക്ഷണശാല, വിശ്രമ കേന്ദ്രം, വ്യൂപോയിന്റ് എന്നിവയാണ് ടൂറിസം അമിനിറ്റി സെന്ററിൽ ഉൾപ്പെടുന്നത്. ആദ്യ ഘട്ട പ്രവർത്തനങ്ങളായ സ്ഥലം ഒരുക്കൽ സാനിട്ടറി കോംപ്ലക്സ് നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തികൾക്ക് തുടക്കം കുറിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ കുട്ടപ്പൻ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം പ്രീത പി.എസ്, അജയൻ പിള്ള, ഷാജി ശങ്കരത്തിൽ, വർഗ്ഗീസ് തേക്കിനാൽപതാലിൽ, മോനച്ചൻ നെടുംപുറത്ത്, ആന്റണി മണ്ണീറ, ശമുവേൽ കല്ലുംപുറത്ത്, അച്ചൻകുഞ്ഞ് പനച്ചിതറയിൽ, യോഹന്നാൻ ഒറ്റപ്ലാവിനാൽ, സുമ ബാലൻ എന്നിവർ പങ്കെടുത്തു.

error: Content is protected !!