കോന്നി സിഎഫ്റ്റി – കെയില്‍ കൂടുതല്‍ കോഴ്‌സുകള്‍ ആരംഭിക്കും: മന്ത്രി അഡ്വ. ജി. ആര്‍. അനില്‍ 

 

നിലവിലുള്ള കോഴ്‌സുകള്‍ക്ക് കൂടുതല്‍ ബാച്ചുകള്‍ ആരംഭിക്കും

konnivartha.com : ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ(സിഎഫ്ആര്‍ഡി) കീഴിലുള്ള കോളജ് ഓഫ് ഇന്‍ഡിനസ് ഫുഡ് ടെക്‌നോളജിയില്‍ (സിഎഫ്റ്റി -കെ ) കൂടുതല്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ പറഞ്ഞു.

സിഎഫ്റ്റി -കെ യിലെ ബിഎസ്‌സി/എംഎസ്‌സി വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്ക് ഏറെ സാധ്യതകള്‍ നല്‍കുന്നതും വളരെ പ്രയോജനപ്പെടുന്നതുമാണ് ഫുഡ് ടെക്‌നോളജിയിലെ കോഴ്‌സുകള്‍. കോളജില്‍ നിലവിലുള്ള കോഴ്‌സുകള്‍ക്ക് കൂടുതല്‍ ബാച്ചുകള്‍ ആരംഭിക്കും.

ഭക്ഷ്യ ഗുണനിലവാര പരിശോധനാ ലാബിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തും. ഇതിനായി 38 ലക്ഷം രൂപ ഇതിനോടകം തന്നെ അനുവദിച്ചിട്ടുണ്ട്. 2023 അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി ആണ് ആചരിക്കുന്നത്. ഇതിന് ആവശ്യമായ പ്രചാരണം നല്‍കും.

റാഗിയും മറ്റ് പയര്‍ വര്‍ഗങ്ങളും മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രമാണ് ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍, ഇത് എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മില്ലറ്റ് ഭക്ഷ്യ മേളയുടെ ഉദ്ഘാടനം, സിഎഫ്റ്റി -കെ ലോഗോ അനാച്ഛാദനം, അക്കാദമിക്ക് അവാര്‍ഡുകളുടെ വിതരണം എന്നിവ മന്ത്രി നിര്‍വഹിച്ചു. ബിരുദധാരികളായ വിദ്യാര്‍ഥികളെ മന്ത്രി ആദരിച്ചു.
നാളെകളില്‍ നാടിന് ഏറ്റവും പ്രയോജനപ്പെടുന്ന ഒരു കൂട്ടം വിദ്യാസമ്പന്നരെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞ സിഎഫ്റ്റി -കെ നാടിന്റെ അഭിമാനമാണെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മികച്ച രീതിയിലാണ് നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കാലഘട്ടത്തില്‍ ഫുഡ് ടെക്‌നോളജിയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ ഏറെ ഗുണകരമാകുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഇവിടെ പഠിച്ചിറങ്ങുന്ന ഓരോരുത്തരുടെയും സേവനം സമൂഹത്തിന് ഏറ്റവും അനിവാര്യമാണ്. ഫുഡ് ടെക്‌നോളജിമായി ബന്ധപ്പെട്ട പുതിയ കോഴ്‌സുകളും കൂടുതല്‍ ബാച്ചുകളും ആരംഭിക്കുന്നതിന് മന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.സഞ്ജീബ് പട്‌ജോഷി ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയും വിദ്യാര്‍ഥികള്‍ക്ക് സത്യവാചകം ചൊല്ലി കൊടുക്കുകയും സന്ദേശം നല്‍കുകയും ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഡി പ്രവീണ, സിഎഫ്ആര്‍ഡി സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡി. രാഗേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!