കൈക്കൂലി : തിരുവല്ല നഗരസഭാ സെക്രട്ടറിയും ജീവനക്കാരിയും വിജിലന്‍സിന്‍റെ പിടിയില്‍

 

ഖരമാലിന്യ നിര്‍മാര്‍ജന കരാറുകാറില്‍ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല നഗരസഭാ സെക്രട്ടറിയും ജീവനക്കാരിയും വിജിലന്‍സിന്റെ പിടിയില്‍. നാട്ടുകാര്‍ക്കും വ്യാപാരികള്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും വരെ പേടി സ്വപ്നമായിരുന്ന തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണന്‍ സ്റ്റാലിന്‍, ഓഫീസ് ജീവനക്കാരി പന്തളം സ്വദേശി ഹസീന എന്നിവരെയാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ യൂണിറ്റ് ഡിവൈ.എസ്.പി ഹരിവിദ്യാധരന്റെ നേതൃത്വത്തില്‍ ട്രാപ്പിലാക്കിയത്.

നഗരസഭയില്‍ ഖരമാലിന്യ സംസ്‌കരണം നടത്തുന്ന ക്ലിന്‍കേരള കമ്പനിയായ ക്രിസ് ഗ്‌ളോബല്‍സ് എന്ന കമ്പനിയുടെ ഉടമ സാം ക്രിസ്റ്റിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. തിരുവല്ല നഗരസഭയില്‍ നാരായണന്‍ സ്റ്റാലിന്റെ രാജവാഴ്ചയാണ് നടന്നിരുന്നത്. തൊടുന്നതിനെല്ലാം കൈക്കൂലി എന്ന അവസ്ഥയായിരുന്നു. ഒരു ലക്ഷത്തില്‍ കുറഞ്ഞ തുക സ്വീകരിക്കാറില്ലായിരുന്നു. നാട്ടുകാരോട് മുഴുവന്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നത് പരസ്യമായിട്ടായിരുന്നു. വിജിലന്‍സില്‍ പരാതി കൊടുക്കാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. തങ്ങളുടെ ആവശ്യം സാധിച്ചു കിട്ടാന്‍ വേണ്ടി സെക്രട്ടറി ചോദിക്കുന്ന പണം നല്‍കുകയായിരുന്നു ചെയ്തിരുന്നത്.

സാം ക്രിസ്റ്റിയില്‍ നിന്ന് മുന്‍പും ഇയാള്‍ പണം ആവശ്യപ്പെട്ട് വാങ്ങിയിരുന്നു. എങ്ങോട്ട് തിരിഞ്ഞാലും കൈക്കൂലി എന്ന അവസ്ഥ വന്നതോടെ രണ്ടും കല്‍പ്പിച്ച് സാം പരാതി നല്‍കുകയായിരുന്നു. വിജിലന്‍സ് സംഘം മാര്‍ക്ക് ചെയ്തു കൊടുത്ത പണം കൈപ്പറ്റിയതിന് പിന്നാലെ സെക്രട്ടറിയെയും ജീവനക്കാരിയെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

2024 വരെ ഖര മാലിന്യ സംസ്ക്കരണ യൂണിറ്റ് നടത്തുന്നതിനാണ് കരാർ ഉള്ളത്. മാലിന്യ പ്ലാൻ്റിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ, 2 ലക്ഷം രൂപ നൽകണമെന്ന് സെക്രട്ടറി കരാറുകാരനോട് ആവശ്യപ്പെട്ടു. എന്നാൽ അത്രയും തുക നൽകാനാവില്ലെന്ന് കരാറുകാരൻ അറിയിച്ചു. തുടർന്ന് കഴിഞ്ഞ ദിവസം 25000 രുപ നൽകണമെന്ന് സെക്രട്ടറി ആവശ്യപ്പെടുകയും,.. കരാറുകാരൻ വിവരം വിജിലെൻസിനെ അറിയിക്കുകയുമായിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം കരാറുകാരൻ കൊണ്ടുവന്ന നോട്ടുകളിൽ വിജിലൻസ് ഫിനോഫ്തലിൽ പുരട്ടി നൽകുകയും, കരാറുകാരൻ ഇത് സെക്രട്ടറിക്ക് നൽകുകയും ചെയ്തു. ഈ തുക തൻ്റെ അക്കൗണ്ടിൽ ഇടാൻ പറഞ്ഞ്.. സെക്രട്ടറി തുക ജീവനക്കാരിയായ ഹസീനയെ ഏൽപ്പിച്ചു. ഇവർ പണവുമായി പോകാനൊരുങ്ങുമ്പോൾ സ്ഥലത്തെത്തിയ വിജിലെൻ സ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാളെ ഇരുവരേയും തിരുവനന്തപുരം വിജിലെൻ സ് കോടതിയിൽ ഹാജരാക്കും.