28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം

 

ഇരുപത്തിയെട്ട് തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. ആറ് എൽഡിഎഫ് വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്തു. കോട്ടയം എരുമേലി പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായപ്പോൾ മലപ്പുറം കരുളായി, കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തുകളിൽ യുഡിഎഫിന് ഭരണം നിലനിർത്താനായി.പത്തനംതിട്ട കല്ലൂപ്പാറ അമ്പാട്ടുഭാഗത്ത് എൽഡിഎഫ് സീറ്റിൽ എൻഡിഎ സ്ഥാനാർഥി അട്ടിമറി ജയം നേടി. തെരെഞ്ഞെടുപ്പ് ഫലം സ്വാധീനിക്കുന്ന മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫിനാണ് നേട്ടം. കോട്ടയം ഒഴക്കനാട് സീറ്റ് യുഡിഎഫ് നിലനിർത്തിയതോടെ എരുമേലി പഞ്ചായത്തിൽ എൽഡിഎഫ് ഭരണം വീണു. മലപ്പുറം കരുളായി ചക്കിട്ടാമല സീറ്റ നിലനിർത്തുകയും കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്ക് സീറ്റ് പിടിച്ചെടുക്കുകയും ചെയ്തതോടെ രണ്ട് പഞ്ചായത്തുകളിലും യുഡിഎഫിന് ഭരണം തുടരാം. എൽഡിഎഫും എൻഡിഎയും ഓരോ സീറ്റുകളാണ് ആകെ പിടിച്ചെടുത്തത്. എൽഡിഎഫ് പതിനാല് സീറ്റുകൾ നിലനിർത്തിയപ്പോൾ യുഡിഎഫിന് അഞ്ചും എൻഡിഎക്ക് ഒരു സീറ്റിലും തുടരാനായി.

പന്ത്രണ്ട് ജില്ലകളിലെ 28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരെഞ്ഞുപ്പ് ഫലം പുറത്തുവന്നപ്പോൾ യുഡിഎഫിന് വ്യക്തമായ മുന്നേറ്റം. കൊല്ലം മുൻസിപ്പാലിറ്റിയിലെ മീനത്തുചേരി, കോട്ടയം കടപ്ലാമറ്റം വയലാ ടൗൺ, പാലക്കാട് തൃത്താല വരണ്ടുകുറ്റിക്കടവ്, മലപ്പുറം തിരുന്നാവായ അഴകത്തുകുളം, കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്ക്, സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയിലെ പാളാക്കര വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്തു.

 

പത്തനംതിട്ട കല്ലൂപ്പാറ അമ്പാട്ടുഭാഗത്ത് എൽഡിഎഫ് സീറ്റിൽ എൻഡിഎ സ്ഥാനാർഥി അട്ടിമറി ജയം നേടി

കല്ലൂപ്പാറ പഞ്ചായത്ത് ഏഴാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അട്ടിമറി വിജയം. സിപിഎമ്മിന്റെ സിറ്റിങ് വാര്‍ഡില്‍ അന്തരിച്ച അംഗം സത്യന്റെ ഭാര്യ സുജയെ ബിജെപി സ്ഥാനാര്‍ഥി കെ.ബി.രാമചന്ദ്രന്‍ 93 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.

സിപിഎം അംഗമായിരുന്ന സത്യന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫിന്റെ കുത്തകയായിരുന്ന ഏഴാം വാര്‍ഡ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സിപിഎം പിടിച്ചെടുക്കുകയായിരുന്നു.അന്ന് രാമചന്ദ്രന്‍ വെറും 56 വോട്ടിനാണ് തോറ്റത്. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പി.ജെ.കുര്യന്റെ തട്ടകത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് തിരിച്ചു പിടിക്കാന്‍ യു.ഡി.എഫ് അരയും തലയും മുറുക്കി രംഗത്ത് വന്നിരുന്നു. മുന്‍ എംഎല്‍എ ജോസഫ് എം. പുതുശേരി, മുന്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ. റെജി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പ്രചാരണ പരിപാടികളാണ് നടന്നത്. എന്നിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വെറും രാജന്‍ കുഴുവിലേത്തിന് 150 വോട്ടാണ് കിട്ടിയത്.

സിപിഎം സ്ഥാനാര്‍ഥി സുജ സത്യന് 364 വോട്ടും ബിജെപി സ്ഥാനാര്‍ഥി രാമചന്ദ്രന് 457 വോട്ടും ലഭിച്ചു. ബിജെപിയുടെ വിജയം ഇടതു വലതു മുന്നണികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. സഹതാപ തരംഗം പോലും കിട്ടാതെ വന്നതിന്റെ ഷോക്കിലാണ് എല്‍ഡിഎഫ്. കോണ്‍ഗ്രസില്‍ സമീപകാലത്തുണ്ടായ പ്രശ്‌നങ്ങള്‍ വോട്ടിങ്ങിന്റെ ഫലത്തെ ബാധിച്ചുവെന്ന് നേതാക്കള്‍ക്കും മനസിലാക്കി കൊടുക്കാന്‍ ഫലം സഹായിച്ചു.

error: Content is protected !!