പത്തനംതിട്ട – തിരുനെല്ലി കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് സര്‍വീസ് പുനരാരംഭിച്ചു

 

konnivartha.com : പത്തനംതിട്ടയില്‍ നിന്നും തിരുനെല്ലി ക്ഷേത്രം വരെ സര്‍വീസ് പുനരാരംഭിച്ച കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.  പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍  നടന്ന ചടങ്ങില്‍ പത്തനംതിട്ട ക്ലസ്റ്റര്‍ ഓഫീസര്‍ തോമസ് മാത്യു, ട്രേഡ് യൂണിയന്‍ പ്രതിനിധികളായ ഗിരീഷ് കുമാര്‍, എം. മനോജ്, പി. പ്രദീപ്, ഇന്‍സ്‌പെക്ടര്‍മാരായ എ. ബിനോജ്, സി. രാജേഷ്, സ്‌റ്റേഷന്‍ മാസ്റ്റര്‍മാരായ ആര്‍. ഗിരീഷ് കുമാര്‍, പ്രേംലാല്‍, ഡിപ്പോയിലെ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജനങ്ങളുടെ നിരന്തരമായ ആവശ്യപ്രകാരം ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ചീഫ് ഓഫീസില്‍ നിന്നും സര്‍വീസ് പുനരാരംഭിക്കാന്‍ നടപടി എടുത്തത്.  റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, രാമപുരം, കൂത്താട്ടുകുളം, തൃശൂര്‍, കോഴിക്കോട്, മാനന്തവാടി വഴി തിരുനെല്ലി ക്ഷേത്രം വരെയാണ് സര്‍വീസ് നടത്തുന്നത്.   പത്തനംതിട്ടയില്‍ നിന്നും വൈകുന്നേരം അഞ്ചിന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ ഏഴിന് തിരുനെല്ലിയിലും തിരിച്ച് വൈകുന്നേരം 6.15 ന് പുറപ്പെട്ട് രാവിലെ മൂന്നിന് തിരിച്ച് പത്തനംതിട്ടയിലും എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്

 

മൂന്നാര്‍, വാഗമണ്‍, തേക്കടി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും പത്തനംതിട്ട ക്ലസ്റ്റര്‍ ഓഫീസര്‍ തോമസ് മാത്യു പറഞ്ഞു.

error: Content is protected !!