മണ്ണീറ വെള്ളച്ചാട്ടം, അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

 

konnivartha.com : : വിനോദ സഞ്ചാരികളുടെ ഇഷ്ടപ്പെട്ട സ്ഥലമായി മാറിക്കഴിഞ്ഞ മണ്ണീറ വെള്ളച്ചാട്ടം കാണുവാൻ ദിനം പ്രതി നൂറു കണക്കിന് സഞ്ചാരികളാണ് എത്തിച്ചേരുന്നത്. മഴക്കാലത്ത് വെള്ളച്ചാട്ടത്തിന്റ ഭംഗി ആസ്വദിക്കുവാൻ വിദേശ രാജ്യങ്ങളിൽ നിന്നു പോലും സഞ്ചാരികൾ എത്തിച്ചേരാറുണ്ട്.

 

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്താണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതെന്നതിനാൽ തന്നെ കൂടുതൽ സഞ്ചാരികൾ എത്തിച്ചേരുന്നുമുണ്ട്. എന്നാൽ വെള്ളച്ചാട്ടത്തിൽ എത്തുന്ന സ്ത്രീകൾ കുട്ടികൾ അടക്കമുള്ള സഞ്ചാരികൾക്ക് പ്രാധമിക ആവശ്യങ്ങൾ നിറവേറ്റുവാനുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലവിൽ ഇല്ലായിരുന്നു. പലപ്പോഴും സമീപ വീടുകളെ ആശ്രയിച്ചിരുന്നെങ്കിലും അതും ക്രമേണ നിലച്ച മട്ടിലായി. സ്വകാര്യ വ്യക്തികളുടെ സ്ഥലത്താൽ ചുറ്റപ്പെട്ട സ്ഥലമായതിനാൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് സാധിക്കാതെയും വന്നിരുന്നു.

 

ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ഗ്രാമ പഞ്ചായത്ത് അംഗം പ്രീത. പി.എസ്, മുൻ ഗ്രാമ പഞ്ചായത്ത് അംഗം ഷാജി ശങ്കരത്തിൽ എന്നിവരുടെ നിരന്തര ഇടപെടീലിനൊടുവിൽ വെള്ളച്ചാട്ടത്തിനോട് ചേർന്നു കിടക്കുന്ന സ്ഥലത്തിൽ നിന്നും അഞ്ച് സെന്റ് സ്ഥലം വിട്ടു തരുന്നതിന് ഉടമ മണ്ണീറ നെടുംപുറത്ത് വീട്ടിൽ സിബി മാത്യു സന്നദ്ധത അറിയിച്ചതിനെ തുടർന്ന് സ്ഥലം തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിന്റെ ആസ്ഥിയിലേക്ക് മാറ്റുന്നതിനായി ധാനാദാരം എഴുതി വസ്ഥു രജിസ്ട്രർ ചെയ്തു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ഈ പ്രദേശത്ത് സാനിട്ടറി കോംപ്ലക്സ് നിർമ്മിക്കുന്നതിന് പദ്ധതി ആവിഷ്ക്കരിക്കുകയും ആദ്യ ഘട്ടത്തിലേക്ക് കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ടിൽ നിന്നും 5.23 ലക്ഷം രൂപ അനുവദിക്കുകയും ചെയ്ത് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു. ആദ്യ ഘട്ടത്തിൽ സ്ഥലം ഒരുക്കി ചുറ്റുമതിൽ കെട്ടി കെട്ടിട നിർമ്മാണം തുടങ്ങുന്നതിനുള്ള നടപടികൾ ആരംഭിക്കും.

 

തുടർന്ന് രണ്ടാം ഘട്ടത്തിൽ 10 ലക്ഷം രൂപ കൂടി വകയിരുത്തിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ ആധുനിക നിലവാരത്തിൽ സ്ത്രീകൾ, പുരുഷന്മാർ, ഭിന്നശേഷിക്കാർ, കുട്ടികൾ തുടങ്ങിയവർക്കയി പ്രത്യേക ശുചി മുറികളുടെ നിർമ്മാണം നടത്തുന്നതിനാണ് തുക അനുവധിച്ചിട്ടുള്ളത്. മൂന്നാം ഘട്ടമായി കോഫി ഷോപ്പ്, വിശ്രമസ്ഥലം, വെള്ളച്ചാട്ടത്തിലേക്കുള്ള വ്യൂ പോയിന്റ് എന്നിവയുടെ നിർമ്മാണവും അനുബന്ധ സ്ഥലത്ത് സൗന്ദര്യ വത്ക്കരണം നടത്തുന്നതിനും പദ്ധതി തയ്യാറാക്കുന്നതിനുള്ള നടപടികളും നടന്നുവരുന്നു.

error: Content is protected !!