പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 23/12/2022)

ഡിജെ പാര്‍ട്ടികളുടെ വിവരം എക്‌സൈസ് വകുപ്പിനെ മുന്‍കൂട്ടി
അറിയിക്കണം; നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

ഹോട്ടലുകള്‍, ബാര്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ എന്നിവ ഡിജെ പാര്‍ട്ടികള്‍ പോലുള്ള പ്രത്യേക പരിപാടികള്‍ നടത്തുന്നുണ്ടെങ്കില്‍ വിവരം എക്‌സൈസ് വകുപ്പിനെ മുന്‍കൂട്ടി അറിയിക്കണമെന്ന് നിര്‍ദേശം.  ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ പ്രമാണിച്ച് നടത്തപ്പെടുന്ന ഡി ജെ പാര്‍ട്ടികള്‍ പോലുള്ള പ്രത്യേക പരിപാടികളില്‍  അനധികൃത ലഹരിവസ്തുക്കളുടെ  ഉപയോഗം തടയുന്നതിന്റെ ഭാഗമായി പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.എ. പ്രദീപിന്റെ അധ്യക്ഷതയില്‍ എക്‌സൈസ്, പോലീസ്, ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരുടെ  യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി.

ഡിജെ പാര്‍ട്ടികള്‍ നടത്തുന്ന സ്ഥലങ്ങളില്‍ ഡാന്‍സ് ഫ്‌ളോര്‍, പ്രവേശന കവാടം, നിര്‍ഗമന മാര്‍ഗം തുടങ്ങിയ ഇടങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍  ഘടിപ്പിച്ചിരിക്കണം. ഡി.ജെ പാര്‍ട്ടികളില്‍  പ്രവേശനം പാസ് മൂലം നിയന്ത്രിക്കണം. പങ്കെടുക്കുന്നവരുടെ മേല്‍വിലാസം അടക്കമുളള വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കണം.

മദ്യം വിളമ്പുന്നതിന് ലൈസസന്‍സുള്ള സ്ഥാപനങ്ങളില്‍ നിയമപരമായി അനുവദനീയമായ  പ്രായപരിധിക്ക് മുകളിലുളളവര്‍ക്ക്  മാത്രം മദ്യം വിളമ്പാം. ലൈസന്‍സ് വ്യവസ്ഥകള്‍ക്ക് അനുസൃതമായി മദ്യം വിളമ്പുന്നതില്‍ സമയനിബന്ധന പാലിക്കണം. ആള്‍ക്കാരെ ആകര്‍ഷിക്കുന്നതിനായി  യാതൊരു സൗജന്യവും  നല്‍കാന്‍ പാടില്ല. ജില്ലയുടെ ഇതര ഭാഗങ്ങളില്‍ ഇത്തരം പരിപാടികള്‍ നടത്തുന്നതായി വിവരം ലഭിച്ചാല്‍ എക്‌സൈസ് കണ്‍ട്രോള്‍ റൂം നമ്പരില്‍( 04682222873 ) അറിയിക്കണമെന്ന് ഡെപ്യൂട്ടി  എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

കുടിവെള്ള വിതരണം മുടങ്ങും
പത്തനംതിട്ട കല്ലറക്കടവ് കണ്ണങ്കര ജംഗ്ഷനില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ ഇന്റര്‍ കണക്ഷന്‍ വര്‍ക്ക് നടക്കുന്നതിനാല്‍ ഡിസംബര്‍ 26നും 27നും പത്തനംതിട്ട നഗരസഭ പരിധിയില്‍ കുടിവെള്ള വിതരണം പൂര്‍ണമായും തടസപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.

 

 

ക്രിസ്മസ് – ന്യൂ ഇയര്‍ ഫെയര്‍ കേക്ക് വിപണന മേള
കുടുംബശ്രീ ജില്ലാമിഷന്റെ നേത്യത്വത്തില്‍ പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ ജില്ലാതല ക്രിസ്മസ് ന്യൂ ഇയര്‍  കേക്ക് വിപണനമേള ആരംഭിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംരംഭകര്‍ തയാറാക്കിയ വിവിധ തരം കേക്കുകള്‍, ചോക്ലേറ്റുകള്‍, ശുദ്ധമായ വെളിച്ചെണ്ണയില്‍ തയാര്‍ ചെയ്ത പലഹാരങ്ങള്‍, ചമ്മന്തിപ്പൊടി, ധാന്യപ്പൊടികള്‍,  വിവിധ തരം അച്ചാറുകള്‍, കറി പൗഡര്‍, ചക്കിലാട്ടിയ വെളിച്ചെണ്ണ, ഉപ്പേരി,  സോപ്പുല്‍പ്പന്നങ്ങള്‍, ലോഷനുകള്‍ ജൈവ പച്ചക്കറികള്‍  എന്നിവ മിതമായ വിലയില്‍ വിപണനമേളയില്‍ ലഭിക്കും. മേള ഇന്ന്(24) സമാപിക്കും.

ജോലി ഒഴിവ്
പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ഗ്രൂപ്പ് സി വിഭാഗത്തില്‍ ഇലക്ട്രിക്കല്‍ / സിവില്‍ / ഇലക്ട്രോണിക്സ് വിഭാഗത്തില്‍ ഡിപ്ലോമ ട്രെയിനീസിന്റെ് ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ 31 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. വെബ് സൈറ്റ് : https://www.powergrid.in/careers.  ഫോണ്‍:0468-2961104.

സ്‌കോളര്‍ഷിപ്പ്
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ ഡിസംബര്‍ 31 വരെ അംഗത്വം എടുത്തിട്ടുളള തൊഴിലാളികളുടെ എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് 2022-23 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. വാര്‍ഷിക പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്ക് നേടിയിട്ടുളള എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്സ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം.  പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയിരിക്കണം. അപേക്ഷകള്‍ ജില്ലാ ഓഫീസിലും www.kmtwwfb.org എന്ന വെബ് സൈറ്റിലും ലഭിക്കും. ഫോണ്‍ : 04682320158.

ബാര്‍ബര്‍ഷോപ്പ് നവീകരണ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ നവീകരണത്തിന് ധനസഹായം നല്‍കുന്ന ബാര്‍ബര്‍ഷോപ്പ് നവീകരണ ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കരുത്. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള പരമാവധി പ്രായപരിധി 60 വയസ് ആണ്. അപേക്ഷാ ഫാറത്തിന്റെ മാതൃകയും, വിശദവിവരങ്ങള്‍ ഉള്‍പ്പെടുന്ന വിജ്ഞാപനവും www.bcdd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച പൂരിപ്പിച്ച അപേക്ഷയും, അനുബന്ധ രേഖകളും സ്ഥാപനം പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ജനുവരി 16 ന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍ :0484-2983130.

പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണം
ലോകകപ്പ് ഫുട്ബോള്‍ പ്രചാരണാര്‍ത്ഥം കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ പൊതു സ്ഥലങ്ങളില്‍ പരസ്യ സാമഗ്രികള്‍ സ്ഥാപിച്ചിട്ടുളളവര്‍ അവ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന നടപ്പാക്കുവാന്‍ അംഗീകാരം ലഭിച്ച ജില്ലാ പഞ്ചായത്ത് പ്രവൃത്തി ചെയ്യുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 0468 2224070.

ടെന്‍ഡര്‍
വനിതാ ശിശു വികസന വകുപ്പിന്റെ റാന്നി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് പരിധിയിലുളള 107 അങ്കണവാടികളില്‍ 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ കണ്ടിജന്‍സി സാധനങ്ങളായ നോട്ട്ബുക്ക്, വൈറ്റ് പേപ്പര്‍, ബ്ലാക്ക് ബോര്‍ഡ്, ചോക്ക് തുടങ്ങിയ വിവിധ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും  ടെന്‍ഡര്‍ ക്ഷണിച്ചു. ഫോണ്‍ : 8281865257, 9188959681.

ഐഎച്ച്ആര്‍ഡി അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ(ഐഎച്ച്ആര്‍ഡി) ആഭിമുഖ്യത്തില്‍ ജനുവരി മാസത്തില്‍ ആരംഭിക്കുന്ന, വിവിധ കോഴ്സുകളില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍, യോഗ്യത എന്ന ക്രമത്തില്‍:

പി.ജി.ഡി.സി.എ (രണ്ട് സെമസ്റ്റര്‍)- ഡിഗ്രി. ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ)(2സെമസ്റ്റര്‍)– എസ്എസ്എല്‍സി. ഡിസിഎ(1 സെമസ്റ്റര്‍)- പ്ലസ് ടു. സര്‍ട്ടിഫിക്കറ്റ്  കോഴ്സ്  ഇന്‍  ലൈബ്രറി   ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സിസിഎല്‍ഐഎസ്)  (ഒരു സെമസ്റ്റര്‍)-എസ്എസ്എല്‍സി. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡിസിഎഫ്എ) (1 സെമസ്റ്റര്‍)- പ്ലസ് ടു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍  സൈബര്‍ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി (പിജിഡിസിഎഫ്) (ഒരു സെമസ്റ്റര്‍) -എംടെക്/ബിടെക്/എംസിഎ/ ബിഎസ്‌സി/ എംഎസ്‌സി/ ബിസിഎ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് (എഡിബിഎംഇ) (ഒരുസെമസ്റ്റര്‍)- ഇലക്ട്രോണിക്സ് / അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി / ത്രിവത്സര ഡിപ്ലോമ.
ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് (ഡിഎല്‍എസ്എം) (ഒരുസെമസ്റ്റര്‍) -ഡിഗ്രി / ത്രിവത്സര ഡിപ്ലോമ. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പിജിഡിഇഡി) (ഒരുസെമസ്റ്റര്‍)- എംടെക്/ബിടെക്/എംഎസ്‌സി.
സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ (സിസിഎന്‍എ)     (ഒരു സെമസ്റ്റര്‍) സിഒആന്റ് പിഎ/ കമ്പ്യൂട്ടര്‍/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കല്‍/ വിഷയത്തില്‍ ബി.ടെക് / ത്രിവത്സര ഡിപ്ലോമ പാസായവര്‍ / (കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം ). ഈ  കോഴ്സുകളില്‍ പഠിക്കുന്ന എസ്‌സി/ എസ്റ്റി മറ്റ് പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാഫാറവും വിശദവിവരവും ഐഎച്ച്ആര്‍ഡി വെബ്സൈറ്റായ www.ihrd.ac.inല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫാറങ്ങള്‍ രജിസ്ട്രേഷന്‍ ഫീസായ 150 രൂപ(എസ്‌സി/ എസ്റ്റി വിഭാഗങ്ങള്‍ക്ക് 100 രൂപ) ഡിഡി സഹിതം ഡിസംബര്‍ 30നു വൈകുന്നേരം നാലിനു മുന്‍പായി അതത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം.

 

ശബരിമല സ്‌പെഷല്‍ ഫണ്ട് വിനിയോഗം: ഒന്‍പത് തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങളുടെ ഭേദഗതി പ്രൊജക്ടുകള്‍ക്ക് അംഗീകാരം

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച പ്രത്യേക ഫണ്ട് വിനിയോഗിക്കുന്നതിനുള്ള പ്രത്യേക പദ്ധതികള്‍ കൂടി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍ദേശം ലഭിച്ച ജില്ലയിലെ ഒന്‍പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതി പ്രോജക്ടുകള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ആറന്മുള, മല്ലപ്പുഴശേരി, മെഴുവേലി, അയിരൂര്‍, ചെറുകോല്‍, സീതത്തോട്, ഓമല്ലൂര്‍, റാന്നി പെരുനാട് എന്നീ ഗ്രാമ പഞ്ചായത്തുകളുടെയും പത്തനംതിട്ട നഗരസഭയുടെയും പദ്ധതി ഭേദഗതി പ്രോജക്ടുകള്‍ക്കാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരം  നല്‍കിയത്.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതി പ്രോജക്ടുകള്‍ മാത്രമാണ് ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി സമര്‍പ്പിപ്പിച്ചിരുന്നത്.

ശബരിമല വികസനത്തിന് സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് അതിന് മാത്രമായി വിനിയോഴിക്കുന്ന തരത്തിലാകണം പദ്ധതികള്‍ തയാറാക്കേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തുക വിനിയോഗം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ സ്വീകരിക്കണം. ബ്ലോക്ക് ആസൂത്രണസമിതികള്‍ സിസംബറില്‍ തന്നെ സമയബന്ധിതമായി ചേര്‍ന്ന് വികസന പദ്ധതികള്‍ അവലോകനം ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കര്‍ശന നിര്‍ദേശം നല്‍കി.

സമ്പൂര്‍ണ ശുചിത്വ മിഷന്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കെല്‍ട്രോണുമായി എഗ്രിമെന്റ് വയ്ക്കാത്ത ഗ്രാമ പഞ്ചായത്തുകള്‍ അടിയന്തിരമായി അതിനുള്ള നടപടികള്‍ സ്വീകരിക്കണം. അതിദരിദ്ര സര്‍വേയില്‍ പെട്ടവര്‍ക്കും, പട്ടികജാതി പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്കും ആനുകൂല്യം ഉറപ്പാക്കുന്ന തരത്തില്‍ പദ്ധതികള്‍ തയാറാക്കണം. തെരുവുനായ്ക്കളെ പിടികൂടുന്നതിനുള്ള പരിശീലനം ലഭ്യമാക്കുന്നതിനായി എല്ലാ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും രണ്ടു വ്യക്തികളുടെ വീതം പേരും നല്‍കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പ്രാദേശിക തലത്തില്‍ ജൈവ വൈവിധ്യ പരിപാലനം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാതല ജൈവ വൈവിധ്യ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ രൂപീകരിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ സാറാ തോമസ്, രാജി പി രാജപ്പന്‍, വി.റ്റി. അജോമോന്‍, സി.കെ. ലതാകുമാരി, ലേഖ സുരേഷ്, ബീന പ്രഭ, ജോര്‍ജ് എബ്രഹാം, സി. കൃഷ്ണകുമാര്‍, ആര്‍. അജയകുമാര്‍, ജിജി മാത്യു, രാജി ചെറിയാന്‍, പി.കെ.അനീഷ്, ആര്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജേക്കബ് ടി ജോര്‍ജ്,  ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, ബസപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, നിര്‍വഹണ ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!