കൂറുമാറ്റം: തീർപ്പാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ 78 കേസുകൾ

തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2020ൽ നടന്ന പൊതുതിരഞ്ഞെടുപ്പിനു ശേഷം കൂറുമാറ്റ നിരോധന നിയമ പ്രകാരം എട്ട് അംഗങ്ങളെ അയോഗ്യരാക്കുകയും അവരുടെ വാർഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പിലൂടെ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തുവെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുപ്പതാം സ്ഥാപകദിനത്തോടനുബന്ധിച്ച് കമ്മീഷൻ ആസ്ഥാനത്തു നടന്ന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവിൽ കോടതി കൂടിയായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിലവിൽ 78 കേസുകളിൽ വിചാരണ നടന്നു വരികയാണ്.

കൂറുമാറ്റ നിരോധന നിയമമനുസരിച്ചുള്ള കേസുകളിൽ കമ്മീഷൻ വിധി പറയുന്നതോടെ അംഗത്വം നഷ്ടപ്പെടുകയും അടുത്ത ആറ് വർഷത്തേക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കഴിയാതെ വരികയും ചെയ്യും.

തിരഞ്ഞെടുക്കപ്പെട്ട അംഗം സ്വന്തം പാർട്ടി അംഗത്വം സ്വമേധയാ ഉപേക്ഷിക്കുകയോ പാർട്ടി വിപ്പ് ലംഘിക്കുകയോ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചയാൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരുകയോ ചെയ്താൽ കൂറുമാറ്റം ആരോപിച്ച് അതേ തദ്ദേശ സ്ഥാപനത്തിലെ മറ്റൊരു അംഗമോ രാഷ്ട്രീയ പാർട്ടി ചുമതലപ്പെടുത്തുന്നയാളോ നൽകുന്ന പരാതിയാണ് കമ്മീഷൻ പരിഗണിച്ച് കോടതി നടപടിക്രമം പാലിച്ച് തീർപ്പാക്കുന്നത്.

ഗ്രാമപഞ്ചായത്തിൽ ഗ്രാമസഭയും മുനിസിപ്പാലിറ്റിയിൽ വാർഡ് സഭയും കോർപ്പറേഷനിൽ വാർഡ് കമ്മിറ്റിയും നിശ്ചിത ഇടവേളകളിൽ വിളിച്ചു ചേർക്കാത്ത വാർഡ് അംഗത്തിനെ അയോഗ്യനാക്കാൻ പ്രസ്തുത തദ്ദേശ സ്ഥാപനത്തിലെ മറ്റൊരംഗത്തിനോ തദ്ദേശ സ്ഥാപന സെക്രട്ടറിക്കോ സർക്കാർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആ വാർഡിലെ ഒരു വോട്ടർക്കോ കമ്മീഷന്റെ കോടതിയിൽ ഹർജി ഫയൽ ചെയ്യാം. ഇക്കാര്യത്തിലും അയോഗ്യത സംബന്ധിച്ച് തീരുമാനമെടുക്കുന്നത് കമ്മീഷനാണ്.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചശേഷം കൃത്യമായി ചെലവ് കണക്ക് നൽകാത്ത 9014 സ്ഥാനാർത്ഥികളെ കമ്മീഷൻ നേരത്തെ അയോഗ്യരാക്കിയിരുന്നു.

അയോഗ്യതയ്ക്കിടയാക്കുന്ന സാഹചര്യങ്ങൾ ഉപതിരഞ്ഞെടുപ്പിലേക്ക് നയിക്കുകയും തദ്ദേശ സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നുണ്ട്.

സ്ഥാനാർത്ഥികളും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് രേഖകൾ തയ്യാറാക്കുന്നതിലും സൂക്ഷിക്കുന്നതിലും സൂക്ഷ്മത പുലർത്തി അയോഗ്യതയ്ക്കിടയാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും കമ്മീഷണർ ആവശ്യപ്പെട്ടു. ശില്പശാലയിൽ അടുത്ത ഒരു വർഷക്കാലം നടത്തേണ്ട പരിപാടികളുടെ കരട് രേഖ തയ്യാറാക്കി.

error: Content is protected !!