പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 01/12/2022)

പ്രവാസി മലയാളി  സംഘങ്ങള്‍ക്ക്  ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
നോര്‍ക്ക-റൂട്ട്‌സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണയായി ധനസഹായം നല്‍കുന്നത്.

മൂന്നു ലക്ഷം രൂപ വരെയാണ് ധനസഹായം നല്‍കുക.  സഹകരണ സംഘങ്ങളുടെ അടച്ചു തീര്‍ത്ത ഓഹരി മൂലധനത്തിന്റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയര്‍ പാരിറ്റിയായും രണ്ടു ലക്ഷം രൂപ പ്രവര്‍ത്തന മൂലധനവും നല്‍കും.

അപേക്ഷിക്കുന്ന സമയത്ത്  സംഘത്തില്‍ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം രജിസ്‌ട്രേഷന് ശേഷം രണ്ടു വര്‍ഷം പൂര്‍ത്തിയായിരിക്കുകയും വേണം.  എ, ബി ക്ലാസ് അംഗങ്ങള്‍ പ്രവാസികള്‍/തിരിച്ചു വന്നവരായിരിക്കണം.  ബൈലോയില്‍ സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം.  സംഘത്തിന്റെ മുന്‍ സാമ്പത്തിക വര്‍ഷത്തെ ആഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കുകയും വേണം.
പൊതു ജനതാല്‍പര്യമുളള ഉല്‍പാദന, സേവന, ഐ.ടി, തൊഴില്‍ സംരംഭങ്ങള്‍ (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിട വ്യവസായം, മല്‍സ്യമേഖല, മൂല്ല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം, സേവന മേഖല, നിര്‍മ്മാണ മേഖല) എന്നിവയിലൂടെ കുറഞ്ഞത് 10 പേര്‍ക്കെങ്കിലും തൊഴിലും വരുമാനവും ലഭ്യമാകുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അല്ലെങ്കില്‍ നിലവിലുളള സംരംഭങ്ങള്‍ മേല്‍പ്രകാരം തൊഴില്‍ ലഭ്യമാകത്തക്കതരത്തില്‍ വികസിപ്പിക്കുന്നതിനുമാണ് രണ്ട് ലക്ഷം രൂപ പ്രവര്‍ത്തന മൂലധനം നല്‍കുന്നത്.  സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങള്‍, സംഘത്തിലെ അംഗങ്ങള്‍ ഒറ്റക്കോ/കൂട്ടായോ നടത്തുന്ന സംരംഭങ്ങള്‍ക്കാണ് ധനസഹായം നല്‍കുക.
അപേക്ഷാ ഫോറവും വിശദ വിവരങ്ങളും നോര്‍ക്ക-റൂട്ട്‌സ് വെബ്‌സൈറ്റായ www.norkaroots.org ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അവശ്യ രേഖകളായ, ഭരണസമിതി തീരുമാനം പദ്ധതിരേഖ, ഏറ്റവും പുതിയ ആഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, താല്‍ക്കാലിക കടധനപട്ടിക എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം  ഡിസംബര്‍ 15 – നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക-റൂട്ട്‌സ്, നോര്‍ക്ക സെന്റര്‍, 3-ാം നില, തൈക്കാട്, തിരുവനന്തപുരം – 695 014. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org ലും 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കോള്‍ സേവനം) ടോള്‍ഫ്രീ നമ്പറിലും ലഭിക്കും.

 

 

നിയുക്തി മെഗാ ജോബ് ഫെസ്റ്റ് ഡിസംബര്‍ മൂന്നിന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്കായി നിയുക്തി മെഗാ ജോബ് ഫെസ്റ്റ്  ഡിസംബര്‍ മൂന്നിന്  പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ സംഘടിപ്പിക്കും. എസ്എസ്എല്‍സി, ഡിപ്ളോമ, ഐ.ടി.ഐ, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യത ഉള്ളവര്‍ക്ക് ജോബ് ഫെസ്റ്റില്‍ പങ്കെടുക്കാം. ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും www.jobfest.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. യോഗ്യരായവര്‍ അന്നേദിവസം 9.30ന് ഹാജരാകണം. ഫോണ്‍: 0468 2 222 745, 9746 701 434, 9447 009 324.

സ്‌കോള്‍ കേരള: പരീക്ഷാ ഫീസ് അടയ്ക്കണം
സ്‌കോള്‍ കേരള മുഖേന 2022-24 ബാച്ചില്‍ ഹയര്‍സെക്കന്‍ഡറി കോഴ്സ് പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിച്ച വിദ്യാര്‍ഥികള്‍ അനുവദിച്ചിട്ടുളള പരീക്ഷാകേന്ദ്രങ്ങളില്‍ ഒന്നാം വര്‍ഷ പരീക്ഷാ ഫീസ് അടയ്ക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് അറിയിച്ചു. രജിസ്ട്രേഷന്‍ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുളള യൂസര്‍നെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് അനുവദിച്ചിട്ടുളള പരീക്ഷാ കേന്ദ്രം കോഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പും സ്‌കൂള്‍ സീലും വാങ്ങണം.

ഫോണ്‍ : 0471 2 342 950, 2 342 271.
ലൈസന്‍സ് രജിസ്ട്രേഷന്‍ മേള മൂന്നിന്സമ്പൂര്‍ണ ഭക്ഷ്യ സുരക്ഷ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി സംസ്ഥാന ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യവ്യാപാര സ്ഥാപനങ്ങള്‍ക്കായി ഭക്ഷ്യസുരക്ഷ ലൈസന്‍സ് /രജിസ്ട്രേഷന്‍ മേള കുളനട ദേവീക്ഷേത്രത്തിന് സമീപമുളള അക്ഷയ സെന്ററിലും ഉളനാട് അക്ഷയ സെന്ററിലുമായി ഡിസംബര്‍ മൂന്നിന് രാവിലെ 10 മുതല്‍ നാലുവരെ സംഘടിപ്പിക്കും. ഭക്ഷണ സാധനങ്ങളുടെ ഉല്‍പ്പാദനവും വിതരണവും ശേഖരണവും വ്യാപാരവും നടത്തുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷ ലൈസന്‍സ് /രജിസ്ട്രേഷന്‍ എടുത്തിരിക്കണം. ലൈസന്‍സ് /രജിസ്ട്രേഷന്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ കണ്ടെത്തിയാല്‍ പിഴ ചുമത്തുകയോ പ്രോസിക്യൂഷന്‍ നടപടികള്‍ ഉള്‍പ്പെടെയുളള കര്‍ശന നിയമ നടപടികള്‍ കൈക്കൊളളുമെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.

ആവശ്യമായ രേഖകള്‍: പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖ/ആധാര്‍ / ഇലക്ഷന്‍ ഐഡി കാര്‍ഡ് /ഡ്രൈവിംഗ് ലൈസന്‍സ് മുതലായവ. കൈവശാവകാശം തെളിയിക്കുന്നതിനുളള ഏതെങ്കിലും രേഖ  (വാടക കരാര്‍, പഞ്ചായത്ത്/മുനിസിപ്പല്‍  ലൈസന്‍സ്, എന്‍.ഒ.സി). ഒരു വര്‍ഷത്തേക്ക് രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപയും ലൈസന്‍സ് ഫീസ് 2000 രൂപ മുതല്‍.

ലഹരി വിരുദ്ധപ്രചാരണ വാഹന  റാലി  (ഡിസംബര്‍ 3 )പത്തനംതിട്ടയില്‍

ജില്ലാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍  ലഹരി വിരുദ്ധ പ്രചാരണ വാഹന റാലി ഉണര്‍വ് 2022  (ഡിസംബര്‍ 3) രാവിലെ 10.30 ന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്. സേവ്യര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ വാഹന റാലി ഫ്ളാഗ് ഓഫ് ചെയ്യും. ഇതോട് അനുബന്ധിച്ച് സ്‌കേറ്റിംഗ്, ഫ്ളാഷ് മോബ്, ഫുട്ബോള്‍ ഷൂട്ട് ഔട്ട് കാമ്പയിന്‍ എന്നിവ സംഘടിപ്പിക്കും.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ മുഖ്യസന്ദേശം നല്‍കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാര്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ കാര്യാലയത്തില്‍ നിര്‍വഹിക്കും. റോഡ് സുരക്ഷ സന്ദേശം ആര്‍റ്റിഒ എ.കെ. ദിലു നല്‍കും.
 


ലോക ഭിന്നശേഷി ദിനാഘോഷം(ഡിസംബര്‍ 3)ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍  ലോക ഭിന്നശേഷി ദിനാഘോഷം (ഡിസംബര്‍ 3) പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കും. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം വൈകുന്നേരം നാലിന് ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ  പ്രതിഭകളെ ആദരിക്കും. ദിനാചരണ സന്ദേശവും സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിക്കും.
പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, കൗണ്‍സിലര്‍ സിന്ധു അനില്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതാ കുമാരി, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ബി.എം. പ്രതാപ് ചന്ദ്രന്‍,  എല്‍ എസ് ജിഡി ജോയിന്റ് ഡയറക്ടര്‍ എന്‍. ഹരി, വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്. തസ്നിം, സാമൂഹ്യ നീതി ഓഫീസര്‍ ജെ. ഷംലാ ബീഗം തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലയിലെ ഭിന്നശേഷി സ്ഥാപനങ്ങളിലെയും സ്‌കൂളുകളിലെയും മുതിര്‍ന്നവരുടെയും കലാകായിക പരിപാടികള്‍ ഇതോട് അനുബന്ധിച്ച് സംഘടിപ്പിക്കും. രാവിലെ 8.30 ന് കലാകായിക പരിപാടികളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷനാകും.
error: Content is protected !!