ശബരിമലയില്‍ ആരോഗ്യ കാര്‍ഡ് ഇല്ലാത്തവര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തും

സന്നിധാനത്തും പരിസരത്തുമുള്ള കച്ചവട സ്ഥാപനങ്ങളില്‍ ഉള്ളവരിലും ദേവസ്വം തൊഴിലാളികള്‍ക്കിടയിലും ആരോഗ്യ കാര്‍ഡ് ഇല്ലാത്തവര്‍ക്കായി ഉടന്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച വൈകീട്ട് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

ആരോഗ്യ വകുപ്പ് സന്നദ്ധ സംഘടനകളുമായി സഹകരിച്ചായിരിക്കും സന്നിധാനത്തോ പരിസരത്തോ വെച്ച് മെഡിക്കല്‍ ക്യാമ്പ് നടത്തുകയെന്ന് യോഗത്തില്‍ പങ്കെടുത്ത ശബരിമല എ.ഡി. എം വിഷ്ണുരാജ് പി വ്യക്തമാക്കി. ക്യാമ്പിന്റെ തീയ്യതി ഉടന്‍ തീരുമാനിക്കും.

രക്ത സാമ്പിള്‍ എടുത്ത് മുഖ്യമായും ടൈഫോയിഡ്, ഹെപ്പറ്റൈറ്റിസ് എ എന്നിവ പരിശോധിച്ചാണ് ആരോഗ്യ കാര്‍ഡുകള്‍ വിതരണം ചെയ്യുക.

ഇത്തവണ മണ്ഡലകാലം തുടങ്ങിയശേഷം സന്നിധാനത്തും പാതയിലുമായി എട്ട് അയ്യപ്പ ഭക്തരാണ് മരണപ്പെട്ടത്. ഇത് മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറവാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. അവശ നിലയിലായ പല അയ്യപ്പ ഭക്തര്‍ക്കും ഗോള്‍ഡണ്‍ അവറില്‍ തന്നെ ശുശ്രൂഷ നല്‍കാന്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ (ഇ.എം.സി) വഴി സ്തുത്യര്‍ഹമായ രീതിയില്‍ സാധിച്ചു.

അടുത്ത ഉന്നതതല യോഗത്തിനു മുമ്പ് സന്നിധാനത്തെ മുഴുവന്‍ മരാമത്ത് പണികളും പൂര്‍ത്തിയാക്കും. പമ്പയില്‍നിന്ന് സന്നിധാനത്തേക്കുള്ള വഴിയില്‍ ചിലയിടത്തുള്ള കൂര്‍ത്ത കല്ലുകള്‍ അയ്യപ്പഭക്തരുടെ യാത്രയ്ക്ക് തടസ്സം നേരിടാത്ത വിധത്തില്‍ നീക്കം ചെയ്യും.

ഫോഗിങ്ങ്, ബ്ലീച്ചിംഗ് എന്നിവ സന്നിധാനത്തെ ഏഴ് മേഖലകളായി തിരിച്ച് നടന്നുവരുന്നു. ഓരോ മേഖലയിലും ആഴ്ചയിലൊരിക്കല്‍ ഇവ നടത്തുന്നുണ്ട്. കച്ചവട സ്ഥാപനങ്ങളിലെ മാലിന്യനിക്ഷേപം സുഗമമായി നടത്താന്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു.

കാനന പാത താണ്ടി ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് ഉരല്‍കുഴിയില്‍ വെച്ച് കുടിവെള്ളം വിതരണം ചെയ്യും. നാലോ അഞ്ചോ കാനുകളിലാക്കി ദേവസ്വം ബോര്‍ഡ് എത്തിച്ചുനല്‍കുന്ന ചൂടുവെള്ളമായിരിക്കും വിതരണം ചെയ്യുക.

നടപ്പന്തലിലെ കുടിവെള്ള വിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു.

ഹോട്ടലുകളുടെ ഉള്‍വശത്ത് കോണ്‍ക്രീറ്റ് പൊളിഞ്ഞ പ്രശ്‌നങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ജീവനക്കാര്‍ യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ശബരിമലയില്‍ വിതരണം ചെയ്യുന്ന വെള്ളം ശുദ്ധമാണെങ്കിലും ടാപ്പുകള്‍ വൃത്തിയാക്കിയില്ലെങ്കില്‍ രോഗപ്പകര്‍ച്ചക്ക് സാധ്യതയുണ്ട്. ലിക്വിഡ് ക്ലോറിനില്‍ മുക്കിയ തുണി ഉപയോഗിച്ച് ടാപ്പുകള്‍ വൃത്തിയാക്കുന്നുണ്ടെന്ന് ദേവസ്വം പ്രതിനിധി മറുപടി നല്‍കി.

കാനുകളിലെ ഭക്ഷണം നിരോധിച്ചിട്ടും വഴിയോരത്തെ ചില കടകളില്‍ അവ വില്‍ക്കപ്പെടുന്നുണ്ട്. ഇക്കാര്യം പരിശോധിച്ച് നടപടി എടുക്കാമെന്ന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സന്നിധാനത്തും പരിസര ത്തുമായി പുതുതായി ബയോ ടോയ്ലറ്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. അയ്യപ്പ സേവാ സംഘത്തിന് സന്നിധാനത്ത് പുതിയ ഫസ്റ്റ് എയിഡ് പോയിന്റ് ആരംഭിക്കും. അപ്പാച്ചിമേട്ടില്‍ സംഘത്തിന്റെ ഷെഡ്ഡിലേക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാനും തീരുമാനമായി.

ആയുര്‍വേദ ആശുപത്രിയുടെ മുകള്‍ഭാഗത്തെ ഷീറ്റ് പൊട്ടി മഴ വെള്ളം കയറുന്ന പരാതി പരിഹരിക്കാമെന്നും തീരുമാനമായി.

കച്ചവട സ്ഥാപനങ്ങളില്‍ ജോലിക്ക് നില്‍ക്കുന്നവര്‍ വിഷമില്ലാത്ത ഇനം ആണെന്ന് കരുതി സ്വന്തം നിലക്ക് പാമ്പുകളെ പിടികൂടുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് വനം വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനെതിരെ ബോധവല്‍ക്കരണം നടത്തും.

സന്നിധാനത്ത് നിന്ന് കൊപ്ര കൊണ്ടുപോകുന്ന അണ്ടര്‍പാസ് വൃത്തിയാക്കണമെന്നും ആവശ്യമുയര്‍ന്നു. ശുചീകരണ തൊഴിലാളികള്‍ പ്രവൃത്തി ചെയ്യുമ്പോള്‍ കൈയുറ ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

ശബരിമലയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം നല്ല രീതിയില്‍ നടക്കുന്നതായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

ചടങ്ങില്‍ സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ ഹരിശ്ചന്ദ്ര നായിക് അധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എച്ച് കൃഷ്ണകുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

എ.ഡി.എമ്മും സംഘവും വ്യാഴാഴ്ച സന്നിധാനവും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ചു. ജില്ലാ മജിസ്‌ട്രേറ്റ് അനില്‍ സി.എസ്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് വിനോദ്കുമാര്‍ ജി തുടങ്ങിയവര്‍ അനുഗമിച്ചു.

error: Content is protected !!