സംരംഭകരെ ആകര്‍ഷിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: ഡെപ്യൂട്ടി സ്പീക്കര്‍

ചെറുകിട സംരംഭ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ച് വിറ്റഴിക്കുന്നതുവഴി പുതിയ സംരംഭകരെ ആകര്‍ഷിക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രം നടത്തുന്ന പ്രവര്‍ത്തം ശ്ലാഘനീയമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ പന്തളം കൊട്ടാരത്തിന് സമീപം ആരംഭിച്ച ശബരി എക്സിബിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ചെറുകിട വ്യവസായ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് വ്യവസായ വാണിജ്യ വകുപ്പ് ഈ സാമ്പത്തിക വര്‍ഷം സംരംഭക വര്‍ഷമായി ആചരിക്കുന്നതും ഒരു വര്‍ഷം ഒരു ലക്ഷം പദ്ധതികള്‍ ലക്ഷ്യം വച്ചുളള  പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നത്.
അടൂര്‍ താലൂക്കിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട സംരംഭകരുടെ വിവിധ തരത്തിലുളള ഉല്‍പ്പന്നങ്ങളായ കരകൗശല വസ്തുക്കള്‍, ചക്ക വിഭവങ്ങള്‍, കറി പൗഡറുകള്‍, വിവിധ തരത്തിലുളള പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ എന്നിവ മേളയില്‍ ലഭിക്കും.

പന്തളം നഗരസഭാ അധ്യക്ഷ സുശീല സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ ജോണ്‍ ജെ. ലതീഷ്, വ്യവസായ വികസന ഓഫീസര്‍ വിപിന്‍ ചന്ദ്രലാല്‍ എന്നിവര്‍ പങ്കെടുത്തു. മേള ഡിസംബര്‍ 15ന് സമാപിക്കും.

error: Content is protected !!