ഡിജിറ്റല്‍ റിസര്‍വേ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തണം: ജില്ലാ കളക്ടര്‍

ജില്ലയിലെ ഡിജിറ്റല്‍ റിസര്‍വേ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ഡിജിറ്റല്‍ റിസര്‍വേ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.  ജില്ലയിലെ ഡിജിറ്റല്‍ റിസര്‍വേ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ഓമല്ലൂര്‍ വില്ലേജില്‍ നടന്നു വരുകയാണ്. ഫീല്‍ഡ് ഡിമാര്‍ക്കേഷന്‍, വില്ലേജിലെ വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച കരം രസീത്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളുടെ ഡേറ്റ എന്‍ട്രി പ്രവര്‍ത്തനങ്ങളാണ് ഓമല്ലൂര്‍ വില്ലേജില്‍ നടക്കുന്നത്. ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ആധുനിക ഉപകരണങ്ങള്‍ ലഭിച്ചതായി സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ബി. സിന്ധു അറിയിച്ചു.

നമ്പര്‍ 2 സര്‍വേ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ രണ്ട് ഹെഡ് സര്‍വെയറും ഒന്‍പത് സര്‍വെയര്‍മാരുമാണ് ഓമല്ലൂര്‍ വില്ലേജില്‍ ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തങ്ങള്‍ നടത്തുന്നത്. ഡിജിറ്റല്‍ സര്‍വേയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കാനും ബോധവത്കരിക്കാനും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ സര്‍വേ സഭ പൂര്‍ത്തീകരിച്ചു.  ആധുനിക സാങ്കേതിക വിദ്യകളും നൂതന സര്‍വേ ഉപകരണങ്ങളും ഉപയോഗിച്ചു നടത്തുന്ന ഡിജിറ്റല്‍ റിസര്‍വേയുടെ ഉദ്യോഗസ്ഥതല പരിശീലനത്തിനായി ജില്ലയില്‍ നിന്ന് തിരഞ്ഞെടുത്ത മാസ്റ്റര്‍ ട്രെയിനിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്കുള്ള ട്രെയിനിംഗ് നടന്നുവരികയാണെന്നും യോഗത്തില്‍ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

പൊതുജനങ്ങളുടെ സംശയ ദൂരീകരണത്തിനും പരാതികള്‍ അറിയിക്കുന്നതിനുമായി എന്റെ ഭൂമി പോര്‍ട്ടല്‍ (https://entebhoomi.kerala.gov.in/portal/) സജ്ജമാക്കിയിട്ടുണ്ട്. റാന്നി താലൂക്കിലെ അത്തിക്കയം, ചേത്തക്കല്‍, പഴവങ്ങാടി വില്ലേജുകളും കോന്നി താലൂക്കിലെ വള്ളിക്കോട്, മൈലപ്ര, പ്രമാടം, കോന്നി താഴം, തണ്ണിത്തോട് വില്ലേജുകളും കോഴഞ്ചേരി താലൂക്കിലെ ഓമല്ലൂര്‍, കോഴഞ്ചേരി, ചെന്നീര്‍ക്കര, ഇലന്തൂര്‍ വില്ലേജുകളിലുമാണ് ജില്ലയില്‍  ഡിജിറ്റല്‍ സര്‍വെ നടത്തുന്നത്. അസിസ്റ്റന്റ് ഡയറക്ടര്‍ സര്‍വേ റേഞ്ച് സിദ്ധയാഗ പ്രസാദിന്‍ പ്രഭാമണി, തഹസില്‍ദാര്‍മാര്‍, സര്‍വേ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!