ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 20/11/2022)

ശബരിമല തീര്‍ഥാടനം: സുരക്ഷിത യാത്രയ്ക്ക് സേഫ് സോണ്‍ നിര്‍ദേശങ്ങള്‍

ശബരിമല തീര്‍ഥാടകരുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതി. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
അമിത വേഗം പാടില്ല.
വളവുകളില്‍ ഓവര്‍ടേക്കിംഗ് പാടില്ല.
റോഡ് അരികുകളില്‍ അപകടകരമാം വിധം വാഹനം പാര്‍ക്ക് ചെയ്യരുത്.
രാത്രി യാത്രയില്‍ ഡിം ലൈറ്റ് ആവശ്യാനുസരണം ഉപയോഗിക്കുക.
ഉന്മേഷവാനായി ഉണര്‍ന്നിരുന്ന് മാത്രം വാഹനം ഓടിക്കുക.
ഇടതുവശം ചേര്‍ന്ന് വാഹനം ഓടിക്കുക.
രാത്രി വൈകി ഉറക്കക്ഷീണത്തോടെ വാഹനം ഓടിക്കാതിരിക്കുക.
വാഹനങ്ങളുടെ സാങ്കേതിക തകരാറുകള്‍ ഇല്ലെന്ന് ഉറപ്പു വരുത്തുക.
മാലിന്യങ്ങള്‍ അലക്ഷ്യമായി തുറസായ സ്ഥലങ്ങളില്‍ വലിച്ചെറിയാതിരിക്കുക.
വലതുവശം ഓവര്‍ടേക്കിംഗിന് മാത്രമുള്ളതാണ്.

സ്ഥിരമായി വലതുവശം ചേര്‍ന്ന് വാഹനമോടിക്കുന്നത് ഗതാഗത തടസത്തിനും റോഡ് അപകടത്തിനും കാരണമാകുന്നതും ശിക്ഷാര്‍ഹവുമാണ്.
അടിയന്തിര സാഹചര്യങ്ങളില്‍ സഹായത്തിനായി സേഫ് സോണ്‍ ഹെല്‍
പ്പ് ലൈനുമായി ബന്ധപ്പെടാം. 9562318181, 9400044991

ദാഹശമനത്തിനും രോഗ പ്രതിരോധത്തിനും ഔഷധജലം

അയ്യപ്പദര്‍ശനത്തിനെത്തുന്നവര്‍ക്ക് ശരണപാതയില്‍ ഔഷധ ജലവിതരണം സജീവം. ദിവസവും ശരാശരി ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ ഔഷധ ജലമാണ് അയ്യപ്പന്മാര്‍ക്ക് നല്‍കുന്നത്. ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേര്‍ത്ത് തയാറാക്കുന്ന കുടിവെള്ളം ദാഹശമനത്തോടൊപ്പം രോഗപ്രതിരോധത്തിനും ഉത്തമമാണ്. അന്തരീക്ഷത്തിലെ ചൂടും തണുപ്പുമൊന്നും വകവയ്ക്കാതെ ഭക്തിപൂര്‍വം മല കയറുവര്‍ക്ക് ഈ ഔഷധ ജലം വലിയ ആശ്വാസമാണ്. പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പന്‍ റോഡിലും സന്നിധാനത്തെ നടപ്പന്തലിലുമെല്ലാം മുഴുവന്‍ സമയവും ഔഷധജലം ലഭ്യമാണ്.

മല കയറുന്ന വേളയില്‍ ഔഷധജലം ഒപ്പം കരുതുന്നതിനായി ഭക്തര്‍ക്ക് സ്റ്റീല്‍ ബോട്ടിലുകളും നല്‍കുന്നുണ്ട്. പമ്പയില്‍നിന്നും 200 രൂപ ഡെപ്പോസിറ്റ് നല്‍കി ഈ ബോട്ടിലുകള്‍ കൈപ്പറ്റാം. കുടിവെള്ളം വഴിക്ക് തീര്‍ന്നാലും അത് നിറയ്ക്കുന്നതിനായി 15 കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. മലയിറങ്ങുമ്പോള്‍ കുപ്പി തിരികെനല്‍കി 200 രൂപ ഭക്തര്‍ക്ക് തിരികെ കൈപ്പറ്റാനും സാധിക്കും.

അയ്യപ്പന് സമര്‍പ്പിക്കാന്‍ തെങ്ങിന്‍തൈ

പതിനെട്ട് തവണ തുടര്‍ച്ചയായി മല ചവിട്ടി സന്നിധാനത്തെത്തുന്നവര്‍ അയ്യപ്പന് തെങ്ങിന്‍ തൈ സമര്‍പ്പിക്കുന്നത് ശബരിമലയിലെ സവിശേഷമായ ആചാരങ്ങളിലൊന്നാണ്. 18 തവണ മല ചവിട്ടുന്നയാള്‍ പിന്നീട് ഗുരുസ്വാമിയാണ്. ഗുരുസ്വാമിയായ തീര്‍ഥാടകന്‍ സന്നിധാനത്ത് തെങ്ങിന്‍ തൈ നടണം.

സന്നിധാനത്തിന് പടിഞ്ഞാറുള്ള ഭസ്മക്കുളത്തിന് സമീപമാണ് തെങ്ങിന്‍ തൈ നടുന്നത്. പതിനെട്ടാം പടി കയറി അയ്യപ്പനെ ദര്‍ശിച്ച ശേഷമാണ് തെങ്ങിന്‍ തൈ നടുക. 36 വര്‍ഷം തുടര്‍ച്ചയായി മലകയറുന്ന അയ്യപ്പന്‍മാര്‍ വീണ്ടും ഒരു തെങ്ങിന്‍ തൈ കൂടി അയ്യപ്പന് സമര്‍പ്പിക്കാറുണ്ട്.

കര്‍പ്പൂരമുഴിഞ്ഞ് പൂജിച്ച ശേഷമാണ് തൈ നടുക. കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകരും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും ഒരുപോലെ ഈ ആചാരം മുടങ്ങാതെ പാലിക്കുന്നുണ്ട്.

സഹാസ് ഹോസ്പിറ്റല്‍ സെന്റര്‍ ശബരിമലയില്‍ പ്രവര്‍ത്തനം തുടങ്ങി

സഹാസ് കാര്‍ഡിയോളജി സെന്ററിന്റെ പ്രവര്‍ത്തനം ശബരിമല സന്നിധാനത്ത് ആരംഭിച്ചു. ചെന്നൈ സിംസ് ആശുപത്രിയുടെ സഹകരണത്തോടെയാണ് ഇത്തവണയും സഹാസ് അയ്യപ്പഭക്തര്‍ക്കായി സേവനമൊരുക്കുന്നത്.

ശബരിമല കയറിയെത്തുന്ന അയ്യപ്പഭക്തര്‍ക്ക് എക്കോ മെഷ്യന്‍ സേവനം പൂര്‍ണമായും സൗജന്യമായി നല്‍കാന്‍ സഹാസിന് കഴിയുന്നുണ്ട്. പമ്പയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഐസിയു ആംബുലന്‍സ്, സ്റ്റാഫ് നഴ്സ്, ഡ്രൈവര്‍ എന്നിവരുടെ പൂര്‍ണസമയ സേവനം സൗജന്യമായി ഉറപ്പാക്കുന്നതും സഹാസിനെ വേറിട്ട് നിര്‍ത്തുന്നു.
ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, കൊളസ്ട്രോള്‍, ഹൈപ്പര്‍ ടെന്‍ഷന്‍ തുടങ്ങിയവയുടെ സ്‌ക്രീനിംഗും നിയന്ത്രണവും, കാര്‍ഡിയാക് സ്‌ക്രീനിംഗ്, ജനറല്‍ ഒ.പി. വിഭാഗം, പ്രത്യേക ലാബ് ടെസ്റ്റുകള്‍, ഇസിജി, നെബുലൈസര്‍, ജീവന്‍രക്ഷാ അടിയന്തര വൈദ്യസാഹയത്തിനുള്ള എഇഡി മെഷ്യന്‍ തുടങ്ങിയ ചികിത്സാ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. മൂന്ന് കിടക്കകളോട് കൂടിയ ഐസിയു, ഡെഫിബ്രിലേറ്റര്‍, പമ്പ് ഇന്‍ഫ്യൂഷന്‍ തുടങ്ങിയ ക്രമീകരണങ്ങളും ഇവിടുണ്ട്. ഇതോടൊപ്പം സൗജന്യ മരുന്ന് വിതരണവും ആരംഭിച്ചിട്ടുണ്ട്.

15 പേര്‍ അടങ്ങുന്ന ചികിത്സാ സംഘമാണ് സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നത്. സഹാസ് സെക്രട്ടറിയും ജനറല്‍ സര്‍ജനുമായ ഡോ. ഒ വാസുദേവനാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍. സിംസിലെ എമര്‍ജന്‍സി മെഡിസിന്‍ സ്പെഷ്യലിസ്റ്റ് ഡോ. ആകാശ് ശരവണന്‍, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. ഗിരിനാഥ്, മൂന്ന് സ്റ്റാഫ് നഴ്‌സ്, ഒരു എമര്‍ജന്‍സി മെഡിസിന്‍ ടെക്‌നീഷ്യന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് സഹാസ് ടീം.

ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടായാല്‍ ത്വരിത ഗതിയില്‍ സൗജന്യ ചികിത്സ നല്‍കാന്‍ 1993 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ ആതുരാലയമാണ് സഹാസ്. ചെന്നൈ എസ്ആര്‍എം മെഡിക്കല്‍ കോളജ്, ഐഎംഎ നെറ്റ് വര്‍ക്ക് ഓഫ് ട്രോമ എന്നിവരുടെ സഹകരണത്തോടെയാണിത് പ്രവര്‍ത്തിക്കുന്നത്.

കാനനപാതകളില്‍ വെളിച്ചമായി കെഎസ്ഇബി

വഴിയിലുടനീളം ലൈറ്റുകള്‍ സ്ഥാപിച്ച് സന്നിധാനത്തേക്കുള്ള അയ്യപ്പ ഭക്തരുടെ രാത്രികാല കാല്‍നടയാത്ര സുഗമമാക്കുകയാണ് കെഎസ്ഇബി. 515 എല്‍.ഇ.ഡി. ലൈറ്റുകളും, 625 ട്യൂബ് ലൈറ്റുകളും, 27 സോഡിയം വേപ്പര്‍ ലാമ്പുകളുമാണ് ഈ പാതകളില്‍ കെഎസ്ഇബി താത്കാലികമായി സ്ഥാപിച്ചിട്ടുള്ളത്.

 

ശബരിമല-പമ്പാ മേഖലയില്‍ 2486 എല്‍.ഇ.ഡി. ലൈറ്റുകളും 520 ട്യൂബ് ലൈറ്റുകളും, സോഡിയം ലാമ്പുകളും ഉള്ള ഒരു സ്ഥിരം ലൈറ്റിംഗ് സംവിധാനം കെ.എസ്.ഇ.ബി. പരിപാലിച്ച് വരുന്നുണ്ട്. ഇതിന് പുറമേയാണ് താത്കാലിക സംവിധാനങ്ങള്‍. ദേവസ്വം ബോര്‍ഡ്, പോലീസ് തുടങ്ങിയ ഏജന്‍സികള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് കൂടുതല്‍ കേന്ദ്രങ്ങളില്‍ യഥാസമയംതന്നെ പ്രകാശം എത്തിക്കാന്‍ കെഎസ്ഇബി ജീവനക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്.

 

ശബരിമല-പമ്പ മേഖലയില്‍ യാതൊരു തടസങ്ങളുമില്ലാതെ പരാതിരഹിതമായി വൈദ്യുതി നല്‍കുകയാണ് കെഎസ്ഇബി. പമ്പ-ത്രിവേണി 66 കെ.വി. സബ്സ്റ്റേഷനില്‍ നിന്നാണ് പമ്പയിലും ശബരിമലയിലും വൈദ്യുതി എത്തിക്കുന്നത്. ശബരിഗിരി വൈദ്യുതി നിലയം, മുണ്ടക്കയം സബ്സ്റ്റേഷന്‍, കൊച്ചുപമ്പ സബ്സ്റ്റേഷന്‍ വഴി നിര്‍മ്മിച്ചിട്ടുള്ള 66 കെ.വി. ലൈനിലൂടെയാണ് ഇവിടെ വൈദ്യുതി എത്തിക്കുന്നത്. 20 എം.വി.എ. ആണ് ത്രിവേണി 66കെ.വി. സബ്സ്റ്റേഷന്റെ ശേഷി. ഇത് മുടക്കംകൂടാതെയുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നു.

ശബരിമല-പമ്പ മേഖലയില്‍ വൈദ്യുതി വിതരണത്തിനായി 16.4 കിലോമീറ്റര്‍ ഹൈ ടെന്‍ഷന്‍ (11 കെ.വി.) / ലോടെന്‍ഷന്‍(എല്‍ടി)ലൈനാണ് നിലവിലുള്ളത്. ഇതിന് പുറമേ 2 കി.മി. എല്‍ടി ലൈനും 38 ട്രാന്‍സ്ഫോര്‍മറുകളും സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള പൂര്‍ണ്ണമായും കവചിതമായ ഏക വൈദ്യുതി വിതരണ സംവിധാനമാണ് ശബരിമലയിലുള്ളത്. ഇവിടെ എല്ലാ ലൈനുകളും ഏരിയല്‍ ബഞ്ച്ഡ് കേബിളുകള്‍ (എബിസി) ഉപയോഗിച്ചുള്ളതാണ്.

ഉത്സവകാലത്ത് കാര്യക്ഷമമായ വൈദ്യുതി വിതരണവും ലൈറ്റുകളുടെ പരിപാലനവും ഉറപ്പുവരുത്തുന്നതിനായി ഒരു അസിസ്റ്റന്റ് എന്‍ഞ്ചിനിയറുടെ നേതൃത്വത്തില്‍ 24 പേരുടെ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.

കെഎസ്ഇബി ലിമിറ്റഡിന്റെ നിയന്ത്രണത്തില്‍ ഈ വര്‍ഷം മുതല്‍ സ്ഥിരമായി പമ്പ ത്രിവേണിയില്‍ ഒരു ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. ഒരേ സമയം 3 വാഹനങ്ങള്‍ക്ക് ചാര്‍ജ് ചെയ്യാവുന്ന തരത്തിലാണ് ഈ ചാര്‍ജിങ് സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്.

നിലയ്ക്കല്‍
നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ വൈദ്യുതി വിതരണം നിര്‍വഹിക്കുന്നതിനായി 6.8 കിലോമീറ്റര്‍ ഹൈ ടെന്‍ഷന്‍ ലൈനുകളും 28.2 കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനുകളും സ്ഥാപിച്ചിട്ടുണ്ട്. കക്കാട് 110 കെ.വി സബ്സ്റ്റേഷനില്‍ നിന്നും എരുമേലി 110 കെ.വി. സബ്സ്റ്റേഷനില്‍ നിന്നും 11 കെ.വി. ഫീഡറുകള്‍ നിലക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വൈദ്യുതി എത്തിക്കുന്നു. കക്കാട് സബ്സ്റ്റേഷനില്‍ നിന്നും നിലയ്ക്കല്‍, പ്ലാപ്പള്ളി എന്നീ ഫീഡറുകളിലൂടെയും, എരുമേലി സബ്സ്റ്റേഷനില്‍ നിന്നുള്ള നാറാണംതോട് ഫീഡറും വഴി ആണ് ഇവിടേക്ക് വൈദ്യുതി എത്തിക്കുന്നത്. ഫീഡറുകളുടെ വനാതിര്‍ത്തി മുതലുള്ള 22.8 കി.മി. പ്രദേശത്ത് ഭൂഗര്‍ഭ കേബിളുകളിലൂടെയാണ് വൈദ്യുതി കൊണ്ടുവരുന്നത്.

നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ 952 ട്യൂബുകളും 78 എല്‍.ഇ.ഡി. ലൈറ്റുകളും, 74 സോഡിയം വേപ്പര്‍ ലാമ്പുകളുമാണ് ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ളത്. ലൈനുകള്‍ പൊട്ടിവീണ് അപകടമുണ്ടാകാതിരിക്കാന്‍ ലോ ടെന്‍ഷന്‍ ലൈനുകളില്‍ 1700 സ്പേസറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിനു പുറമേ താല്‍ക്കാലിക കണക്ഷനുകളും ഇവിടെ നല്‍കിയിട്ടുണ്ട്. രണ്ടു സബ് എന്‍ഞ്ചിനിയറുടെ നേതൃത്വത്തില്‍ ആറു പേരടങ്ങുന്ന സംഘത്തെയാണ് നിലയ്ക്കലില്‍ നിയോഗിച്ചിട്ടുള്ളത്.

സാധാരണ സമയങ്ങളില്‍ രണ്ട് ലൈന്‍മാന്‍ മാത്രമുള്ള ശബരിമലയില്‍ മണ്ഡലകാലം ആരംഭിച്ചതോടെ ജീവനക്കാരുടെ എണ്ണം 24 ആയി വര്‍ധിപ്പിച്ചു. ആഴ്ചതോറും ഇവരെ മാറ്റിക്കൊണ്ടിരിക്കും. സന്നിധാനത്തെ കെഎസ്ഇബി ഓഫീസ് അസിസ്റ്റന്റ് എഞ്ചിനിയറുടെയും പമ്പ-ത്രിവേണിയിലെ ഓഫീസ് സബ് എഞ്ചിനിയറുടെയും നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സന്നിധാനം, മരക്കൂട്ടം, പാണ്ടിത്താവളം, നീലിമല, അപ്പാച്ചിമേട്, മാളികപ്പുറം എന്നിവിടങ്ങളില്‍ മുഴുവന്‍ സമയവും ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കാനും കെഎസ്ഇബിക്ക് കഴിയുന്നുണ്ട്.

ഭക്തരുടെ ആരോഗ്യം ഉറപ്പാക്കാന്‍ സന്നിധാനം ആയുര്‍വേദ കേന്ദ്രം

അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയിലെത്തുന്നവര്‍ക്ക് പമ്പയിലും സന്നിധാനത്തും വിപുലമായ ചികില്‍സാ സൗകര്യങ്ങളാണ് ആയുര്‍വേദ വകുപ്പ് ഒരുക്കിയിരിക്കുന്നത്. സന്നിധാനത്ത് 5 ഡോക്ടര്‍മാരുടെ സേവനവും 2 തെറാപ്പിസ്റ്റ്, 3 ഫാര്‍മസിസ്റ്റ്, 3 അറ്റന്‍ഡര്‍ 1 ക്ലീനിംഗ് സ്റ്റാഫ് ഉള്‍പ്പെടെ 14 പേരെയാണ് ആശുപത്രിയുടെ സുഗമമായ പ്രര്‍ത്തനത്തിന് നിയോഗിച്ചിട്ടുള്ളത്. 8 ദിവസത്തെ സേവനകാലവധിയാണ് ഓരോ ബാച്ചിനുമുളളത്.

മലകയറി എത്തുന്നവരില്‍ വേദനയും അസുഖവുമായി എത്തുന്നവര്‍ക്ക് ഇവിടുത്തെ മരുന്നുകൊണ്ടും വിവിധതരം തെറാപ്പികൊണ്ടും ആശ്വാസമാകുന്നു. പനി, ചുമ, അലര്‍ജി, ശ്വാസംമുട്ട്, ദഹനപ്രശ്നങ്ങള്‍, ഉദരരോഗങ്ങള്‍ ഉളുക്ക്, പേശിവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണമാണ് കൂടുതല്‍ ഭക്തരും ചികിത്സയ്ക്ക് എത്തുന്നത്.
വേദനകള്‍ക്ക് തൈലം ഉപയോഗിച്ച് തിരുമ്മല്‍, ബാന്‍ഡേജിംഗ്, മരുന്നുകള്‍ ഉപയോഗിച്ച് ആവികൊടുക്കല്‍ തുടങ്ങിയ സേവനങ്ങളുമുണ്ട്.

നസ്യം പോലുള്ള പഞ്ചകര്‍മ ചികിത്സയും ലഭ്യമാക്കുന്നുണ്ട്. ഇത്തവണ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച്, പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കി ചില്ലു കുപ്പികളിലാണ് തീര്‍ത്ഥാടകര്‍ക്ക് മരുന്ന് നല്‍കുന്നത്. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹരികുമാര്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് സന്നിധാനം ആയുര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനം.

മലകയറും മുമ്പ് പാലിച്ചിരിക്കേണ്ട ആയുര്‍വേദ ചിട്ടകള്‍

ദിവസവും ആയിരക്കണക്കിന് ഭക്തരാണ് മലചവിട്ടുന്നത്. മലകയറ്റം ആയാസ രഹിതമാക്കാനും ആരോഗ്യം നിലനിര്‍ത്താനും പാലിക്കേണ്ട ആയുര്‍വേദ ചിട്ടകള്‍ എന്തൊക്കെയെന്ന് സന്നിധാനത്തെ ആയുര്‍വേദ കേന്ദ്രത്തിലെ ഡോക്ടര്‍ ഹരികുമാര്‍ നമ്പൂതിരി വ്യക്തമാക്കുന്നു.

1. മല ചവിട്ടുന്നതിനു മുമ്പുള്ള കഴിയാവുന്നത്ര ദിവസങ്ങളില്‍ ഭക്ഷണം ക്രമീകരിക്കുക. എണ്ണ, മസാല തുടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക. ദഹിക്കാന്‍ പാടുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
2. മല ചവിട്ടുന്നതിന് ഒരാഴ്ച മുമ്പ് മുതലെങ്കിലും ലഘുവ്യായാമങ്ങള്‍ എങ്കിലും ചെയ്തിരിക്കുന്നത് നല്ലതാണ്.
3. ഏതെങ്കിലും അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ വ്രതത്തിന്റെ ഭാഗമായോ മുന്നൊരുക്കത്തിന്റെ ഭാഗമായോ അത് നിര്‍ത്തരുത്. മലയിലേക്ക് വരുമ്പോഴും മരുന്നുകള്‍ കൂടെ കരുതുകയും യഥാസമയം അത് കഴിച്ചിരിക്കുകയും വേണം. മരുന്നിന്റെ ചീട്ട്, ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ബാഗില്‍ കരുതുന്നതും നല്ലതാണ്.
3. മലകയറി തുടങ്ങുന്നതിന് മുമ്പ് ലഘുഭക്ഷണം മാത്രം കഴിക്കുക. വിശക്കുന്ന വയറുമായി മല ചവിട്ടി തുടങ്ങാതിരിക്കുക. അത് വയറിനുള്ളില്‍ ഗ്യാസ് രൂപംകൊള്ളാന്‍ കാരണമാകും. ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണം മലചവിട്ടുന്നതിന് മുമ്പ് കഴിക്കാതിരിക്കുക.
4. മല കയറി തുടങ്ങുമ്പോള്‍ ആദ്യ ദൂരങ്ങള്‍ വളരെ സാവധാനം മാത്രം കയറുക. തുടക്കത്തിലുള്ള ആവേശത്തില്‍ വേഗത്തില്‍ കയറുന്നത് ഒഴിവാക്കുക.
5. മലകയറ്റത്തിനിടയില്‍ ക്ഷീണം തോന്നിയാല്‍ മതിയായ സമയമെടുത്ത് വിശ്രമിക്കുക.
6. ചൂടുവെള്ളം കയ്യില്‍ കരുതുന്നതും ഇടയ്ക്കിടയ്ക്ക് കുടിക്കുന്നതും നല്ലതാണ്.
7. മലകയറ്റത്തിനിടയില്‍ അമിതമായ രീതിയില്‍ കിതപ്പ് അനുഭവപ്പെടുക. ഇടതുവശത്ത് വേദന തോന്നുക. അത് ക്രമേണ തോളിലേക്കും കയ്യിലേക്കും പടരുക, പെട്ടെന്ന് വെട്ടിവയിര്‍ക്കുക തുടങ്ങിയവ അനുഭവപ്പെട്ടാല്‍ ശ്രദ്ധിക്കണം. ഗ്യാസിന്റെ ഭാഗമായി ഇങ്ങനെ സംഭവിക്കാം. അതുപോലെ ഹൃദയസംബന്ധമായ അസുഖത്താലും ഇങ്ങനെ തോന്നാം. ഇത്തരത്തിലുള്ള ലക്ഷണങ്ങളോടെ അവശത തോന്നിയാല്‍ വൈദ്യസഹായം തേടാന്‍ മടിക്കേണ്ടതില്ല.

ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ പമ്പയില്‍
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലിന്റെ അധ്യക്ഷതയില്‍  (21) രാവിലെ 11ന് പമ്പയിലെ ശ്രീരാമസാകേതം ഹാളില്‍ യോഗം ചേരും.

അഗ്നി രക്ഷാ സേന ബോധവത്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു

ശബരിമലയില്‍ അഗ്നി ബാധയുണ്ടായാല്‍ എങ്ങനെ പ്രതിരോധിക്കാം, പ്രാഥമിക ഘട്ടത്തില്‍ അഗ്നിബാധ എങ്ങനെ തടയാം, വ്യത്യസ്തയിനം ഫയര്‍ എക്സിങ്ങ്യൂഷറുകളും അവയുടെ ഉപയോഗം തുടങ്ങി വിവിധ വിഷയങ്ങളില്‍ അഗ്നി രക്ഷാ സേന ബോധവത്കരണ ക്ലാസ് നടത്തി. ദേവസ്വം ബോര്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ദേവസ്വം സെക്രട്ടറി എച്ച്. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. സന്നിധാനം അഗ്നി രക്ഷാ സേന സ്പെഷ്യല്‍ ഓഫീസര്‍ എസ്. സൂരജ് അധ്യക്ഷത വഹിച്ചു.

വിവിധയിനം എക്സിങ്ങ്യുഷറുകളും അവയുടെ ഉപയോഗവും പ്രവര്‍ത്തന രീതിയും പരിചയപ്പെടുത്തുന്നതായിരുന്നു ക്ലാസ്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, സിപി ആര്‍ എങ്ങനെ നല്‍കാം, തീ പിടുത്തിന്റെ തോത് എങ്ങനെ കുറയ്ക്കാം, ഗ്യാസ് സിലിണ്ടറുകളില്‍ മുഖന ഉണ്ടാകുന്ന തീപിടുത്തം എങ്ങനെ ലഘൂകരിക്കാം തുടങ്ങി അടിയന്തര അപകട സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതടക്കമുള്ള വിഷയങ്ങളെക്കുറിച്ചായിരുന്നു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.

സ്റ്റേഷന്‍ ഓഫീസര്‍ എസ് ഗോപകുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി. വിജയന്‍, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എസ്. രാജശേഖരന്‍, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍മാരായ യു.ടി സുമേഷ്, ഹരേഷ് എസ്, ജീവന്‍.വി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഹോട്ടല്‍ തൊഴിലാളികള്‍, ശബരിമലയിലെ വിവിധ പ്ലാന്റ് ജീവനക്കാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങി നിരവധി പേര്‍ ബോധവത്കരണ ക്ലാസില്‍ പങ്കെടുത്തു.

സുരക്ഷിത പൂങ്കാവനത്തിനായി അഗ്നിശമന രക്ഷാസേനയുടെ 18 നിര്‍ദേശങ്ങള്‍

സുരക്ഷിത പൂങ്കാവനത്തിനായി ശബരിമല സന്നിധാനത്ത് സദാസമയവും ജാഗരൂകരായിരിപ്പുണ്ട് അഗ്നിശമന രക്ഷാസേന. സുരക്ഷിത
തീര്‍ഥാടനത്തിനായി അഗ്നിശമന രക്ഷാസേന 18 സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. തീര്‍ഥാടകരും ഉദ്യോഗസ്ഥരും കച്ചവടക്കാരും
ഉള്‍പ്പെടെ എല്ലാവരും പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഇവയാണ്.
1. സ്ഥാപനങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പാചകവാതക സിലിണ്ടറുകള്‍ സുക്ഷിക്കാന്‍ പാടില്ല.
2. സിലിണ്ടര്‍, തറ നിരപ്പിലും അടുപ്പ്, മുകളിലുമായി സജ്ജീകരിക്കേണ്ടതാണ്.
3. പാചകവാതക സിലണ്ടറുകള്‍ ചങ്ങലയുപയോഗിച്ച് താഴിട്ട് പൂട്ടാന്‍ പാടില്ല.
4. സിലിണ്ടറില്‍ നിന്നും പാചകവാതകം ചോര്‍ന്നാല്‍ ഉടന്‍തന്നെ റെഗുലേറ്റര്‍ ഓഫ് ചെയ്ത് തുറസ്സായ സ്ഥലത്തേക്ക് മാറ്റേണ്ടതാണ്.
5. പാചകവാതക സിലിണ്ടറുകള്‍ ചൂട് തട്ടാതെ സൂക്ഷിക്കുക. അതായത് സിലിണ്ടര്‍ തീയില്‍ നിന്നും നിശ്ചിത അകലം പാലിക്കണം.
6. ഗ്യാസ് സിലിണ്ടര്‍ ട്യൂബുകള്‍ ഐ.എസ്.ഐ മാര്‍ക്കുള്ളത് മാത്രം ഉപയോഗിക്കുക.
7. പാചകവാതക സിലിണ്ടറുകള്‍ തല കീഴായും ചെരിച്ചും സൂക്ഷിക്കുവാന്‍ പാടില്ല.
8. സ്ഥാപനങ്ങളില്‍ പ്രാഥമിക അഗ് നിശമന ഉപകരണങ്ങളായ ഫയര്‍ എക്സ്റ്റിംഗുഷറുകളും ഫയര്‍ ബക്കറ്റുകളും സ്ഥാപിക്കുക.
9. സ്ഥാപനങ്ങളില്‍ വിവിധഭാഷകളില്‍ ‘നോ സ് മോക്കിംഗ്’, ‘ഫയര്‍ എക്‌സിറ്റ്’ ബോര്‍ഡുകള്‍ സ്ഥാപിക്കുക.
10. പൊതുജനങ്ങള്‍ക്ക് കാണത്തക്ക രീതിയില്‍ വിവിധ ഭാഷകളില്‍ എമര്‍ജന്‍സി ഫോണ്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കുക.
11. മൊബൈല്‍ഫോണ്‍ ചാര്‍ജിങ് സെന്ററുകളിള്‍ മല്‍ട്ടിപിന്‍ ഉപയോഗിച്ച് കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ ഒരേസമയം ചാര്‍ജ് ചെയ്യാന്‍ പാടില്ല.
12. തീപിടുത്തമുണ്ടായാല്‍ ഉടന്‍ ഫയര്‍ എക്സ്റ്റിംഗുഷറുകള്‍ പ്രവര്‍ത്തിപ്പിക്കുക.
13. അഗ് നിശമന സേനയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് അഗ് നിശമന രക്ഷാപ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള അവബോധം ഉറപ്പുവരുത്തുക.
14. സ്ഥാപനങ്ങളിലെ പുറത്തേക്കുള്ള വഴിയില്‍ പാഴ്വസ്തുക്കള്‍ കൂട്ടിയിട്ട് മാര്‍ഗതടസ്സം ഉണ്ടാകാതിരിക്കുക.
15. തീപ്പിടിത്ത സാധ്യതയുള്ള ദ്രാവകങ്ങളോ സ്‌ഫോടക വസ്തുക്കളോ സംഭരിക്കാന്‍ പാടില്ല.
16. വിരികളില്‍ ഭക്തര്‍ ഭക്ഷണം പാചകം ചെയ്ത് കഴിക്കരുത്.
17. വൈദ്യൂതി ഉപകരണങ്ങള്‍ ശരിയായ രീതിയില്‍ എര്‍ത്ത് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുക.
18. സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അഗ് നിശമന രക്ഷാപ്രവര്‍ത്തനങ്ങളെ പറ്റിയുള്ള അവബോധം അഗ് നിശമന സേനയുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തേണ്ടതാണ്.
ഏത് അടിയന്തിരഘട്ടത്തിലും ഫയര്‍ ആന്റ് റെസ് ക്യൂ സര്‍വ്വീസിന്റെ ലാന്‍ ലൈന്‍ നമ്പറായ 04735 202033 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സന്നിധാനം ഫയര്‍ ആന്റ് റെസ് ക്യൂ സര്‍വ്വീസ് സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.

error: Content is protected !!