കാര്‍ഷിക, വിദ്യാഭ്യാസ, ടൂറിസം രംഗത്ത് സഹകരണ മേഖല ഇടപെടല്‍ നടത്തണം:  അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

konnivartha.com : കാര്‍ഷിക, വിദ്യാഭ്യാസ, ടൂറിസം രംഗത്ത് സാധ്യത കണ്ടെത്തി ഇടപെടല്‍ നടത്താന്‍  സഹകരണ മേഖലയ്ക്ക് സാധിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. 69-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനത്തിലെ സെമിനാര്‍ തിരുവല്ലയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ.

ലോകനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനും സംസ്ഥാനത്തെ വൈജ്ഞാനിക സമൂഹമായി മാറ്റാനും സഹകരണ മേഖലയ്ക്ക് സാധിക്കണം.  കാര്‍ഷിക മേഖലയുടെ സാധ്യതകള്‍ കണ്ടെത്തി ലോക വിപണിയില്‍ ഒരു കേരള ബ്രാന്‍ഡ് എത്തിക്കാന്‍ സഹകരണ മേഖല ഇടപെടണം. മാനസികാരോഗ്യവുമായി ബന്ധപ്പെടുത്തി ആഗോള ടൂറിസം മേഖലയിലെ സാധ്യതകള്‍ കണ്ടെത്തിയാല്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് വെളിച്ചം നല്‍കാന്‍ സഹകരണ മേഖലയ്ക്ക്  സാധിക്കും. ആഗോളവത്ക്കരണത്തിന്റെ ബദല്‍ പ്രതിരോധമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനമെന്നും എംഎല്‍എ പറഞ്ഞു.

സാമ്പത്തികമായി പ്രതിസന്ധി ഉണ്ടായപ്പോള്‍ സംസ്ഥാനം പിടിച്ചു നിന്നത് സഹകരണ പ്രസ്ഥാനത്തിന്റെ കരുത്തിലാണെന്ന് സമാപന പ്രസംഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടന്നപ്പോഴും ജനങ്ങള്‍ക്ക് സഹായകമായ നിലപാട് എടുത്തതിനാലാണ് സഹകരണ പ്രസ്ഥാനം ശക്തമായി നിലനിന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

ബാങ്കുകള്‍ ഉള്‍പ്പെടെ മറ്റു സാമ്പത്തിക ഇടപാടുകാര്‍ നല്‍കുന്ന സേവനത്തെക്കാള്‍ ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്നതാണ് സഹകരണ മേഖലയെന്ന് സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച മുന്‍ എംഎല്‍എ രാജു എബ്രഹാം പറഞ്ഞു.

കേരളത്തിന്റെ സാമ്പത്തിക വികസനത്തില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു.  പിഎസ്സി മുന്‍ ചെയര്‍മാന്‍ ഗംഗാധരക്കുറുപ്പ് വിഷയാവതരണം നടത്തി. സഹകരണ സംഘം രജിസ്ട്രാര്‍ അലക്‌സ് വര്‍ഗീസ്, സഹകരണ സംരക്ഷണ സമിതി ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള, കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, എ.സി.എസ്.റ്റി.ഐ റിട്ട ഡയറക്ടര്‍ ബി.പി. പിള്ള, മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, ആറന്മുള സഹകരണ എഞ്ചിനിയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഇന്ദു പി. നായര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മല്ലപ്പള്ളി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാനും ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് റിട്ട. പ്രിന്‍സിപ്പലുമായ പ്രൊഫ. ഡോ. ജേക്കബ് ജോര്‍ജ് ചര്‍ച്ചയില്‍ മോഡറേറ്റര്‍ ആയിരുന്നു. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍, കേരള സ്റ്റേറ്റ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനും സ്വാഗത സംഘം ചെയര്‍മാനുമായ അഡ്വ. ആര്‍. സനല്‍കുമാര്‍, ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) എം.പി ഹിരണ്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍മാരായ പി.ബി. ഹര്‍ഷകുമാര്‍, പി.ആര്‍. പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

69-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനത്തിലെ സെമിനാറില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സംസാരിക്കുന്നു.

 

error: Content is protected !!