പാഠപുസ്തകവും പഠന രീതിയും: ചര്‍ച്ച നയിച്ച് കുട്ടികള്‍

 

പാഠപുസ്തകവും പഠന രീതിയും എന്താകണമെന്ന് അഭിപ്രായം പ്രകടിപ്പിക്കുവാന്‍ കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ക്കാര്‍ നല്‍കിയ അവസരത്തെ കുട്ടികള്‍ തനതായ അഭിപ്രായ പ്രകടനങ്ങള്‍ കൊണ്ട് സമ്പന്നമാക്കി.

എല്ലാ ക്ലാസ് മുറികളിലും രാവിലത്തെ ഇടവേള മുതല്‍ ഉച്ചവരെയുള്ള സമയത്താണ് പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവയ്ക്കുന്നതിനുള്ള അവസരം വിദ്യാഭ്യാസ വകുപ്പ് നല്‍കിയത്. ക്ലാസ്തലത്തില്‍ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തില്‍ ക്ലാസ് തല ചര്‍ച്ച നടത്താനായിരുന്നു നിര്‍ദേശം.

കുട്ടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചര്‍ച്ചകള്‍ നയിക്കുവാന്‍ വിദ്യാര്‍ഥികളെ ചുമതലപ്പെടുത്തി. ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ നല്‍കിയ രേഖ പരിചയപ്പെടുന്നതിന് അധ്യാപകര്‍ നേരത്തെ തന്നെ ചര്‍ച്ച നയിച്ച വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു.

ക്ലാസിലെ സഹപാഠി തന്നെ ചര്‍ച്ച നയിച്ചപ്പോള്‍ കുട്ടികള്‍ നിര്‍ഭയമായി അഭിപ്രായപ്രകടനങ്ങള്‍ നടത്തി. ‘സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാന്‍ എല്ലാ കുട്ടികള്‍ക്കും അവസരമൊരുക്കണമെന്നും ഇന്നത്തെ ക്ലാസ് മുറിയില്‍ അതിന് വേണ്ടത്ര അവസരം ലഭിക്കുന്നില്ല എന്ന എബിന്റെ അഭിപ്രായത്തെ കൈയടിയോടെയാണ് സ്വീകരിച്ചത്. പഠനത്തിനൊപ്പം കലാ, കായിക കഴിവുകള്‍ വികസിപ്പിക്കുന്നതിന് ആഴ്ചയില്‍ ഒരു ദിവസം നീക്കിവയ്ക്കണമെന്നാണ് സാനിയ പിന്തുണ അറിയിച്ചത്.

നിലവിലെ മല്‍സരങ്ങളില്‍ ചില കുട്ടികള്‍ മാത്രമാണ് പങ്കെടുക്കുന്നത്. കഴിവ് കൂടിയവര്‍ക്ക് അവസരങ്ങള്‍ ഏറുന്നു. അവര്‍ മാത്രം മുന്നേറുന്നു. ഇതേ സമയം ക്ലാസില്‍ ഈ കഴിവ് വികസിപ്പിക്കേണ്ട കുട്ടികള്‍ക്ക് ഒരവസരവും ലഭിക്കുന്നില്ലെന്നും ഈ വിഷയത്തില്‍ പ്രതികരിച്ചു കൊണ്ട് മറ്റ് കുട്ടികള്‍ കൂട്ടി ചേര്‍ത്തു. പ്ലസ് വണ്‍ അഡ്മിഷനു മുന്‍പ് അഭിരുചി പരീക്ഷ നടത്തുകയും അഡ്മിഷന്‍ പ്രോസസില്‍ അഭിരുചി പരീക്ഷയ്ക്ക് വെയ്റ്റേജ് നല്‍കുകയും വേണം എന്ന് ഹ്യുമാനിറ്റീസ് ക്ലാസിലെ മീര എസ് നായര്‍ പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറിയുടെ സമയക്രമം 9.30 – 3.30 വരെ അക്കണം എന്ന് ഐശ്വര്യ അഭിപ്രായപ്പെട്ടു. വിദേശ രാജ്യങ്ങളിലെ പോലെ പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലിയും ചെയ്യത്തക്കവണ്ണം പാഠ്യ പദ്ധതി പരിഷ്‌കരിക്കണം എന്നായിരുന്നു ഐശ്വര്യ, അനി വിന്‍സ് എന്നിവരുടെ അഭിപ്രായം. പാഠ്യപദ്ധതി പരിഷ്‌കരണ ശില്പശാല കുട്ടികള്‍ക്ക് വേറിട്ട ഒരു അനുഭവമായി മാറി.

ക്ലാസ് ലീഡര്‍മാരായ അലീന വിന്‍സ്, ആദ്യ നായര്‍, മുഗമ്മ ഇനാം, ഐശ്വര്യ, ആരോണ്‍ ബാബു, ആര്യ മോള്‍, ജോയല്‍, ബേസില്‍ മാത്യു അഗസ്റ്റിന്‍, ഫാത്തിമ, എസ്. മീര, റൂബന്‍, എമി, അദ്യത്, റിയ റെജി എന്നിവരാണ് ചര്‍ച്ചകള്‍ നയിച്ചത്.

പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ് കുറ്റിയില്‍ എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ രാജേഷ് എസ് വള്ളിക്കാട് അധ്യാപകരായ റോസ്ലിന്‍ ജോര്‍ജ്, അന്നമ്മ ജോണ്‍ എന്നിവര്‍ കുട്ടികള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.

error: Content is protected !!