പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 16/11/2022)

ജലവിഭവ വകുപ്പ് മന്ത്രിയുടെ യോഗം 19ന്
ജില്ലയിലെ ജലജീവന്‍ മിഷന്‍ പദ്ധതികള്‍, ശബരിമല തീര്‍ത്ഥാടന ക്രമീകരണങ്ങള്‍ എന്നിവ വിലയിരുത്തുന്നതിന്  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ഈ മാസം 19ന് ഉച്ചയ്ക്ക് രണ്ടിന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കല്‍ ; ജനകീയ ചര്‍ച്ച 18ന്
പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കലുമായി ബന്ധപ്പെട്ട് കോന്നി ബ്ലോക്കുതല ജനകീയ ചര്‍ച്ച ഈ മാസം 18ന് ഉച്ചയ്ക്ക് രണ്ടിന് കോന്നി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജനപ്രതിനിധികള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ ഏവര്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് കോന്നി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

ശില്പശാല നടത്തി
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ക്കായി പത്തനംതിട്ട ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ്, തിരുവല്ല എം.എസ്.എം.ഇ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. അഡ്വ.മാത്യു.ടി.തോമസ് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും എന്ന വിഷയത്തില്‍ പഞ്ചായത്ത് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സോമന്‍ ക്ലാസെടുത്തു.

ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി. എന്‍ അനില്‍കുമാര്‍, മാനേജര്‍ സി.ജി മിനിമോള്‍, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍മാരായ സ്വപ്ന ദാസ്, കെ.അനുപ് ഷിനു, പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.

സൗജന്യ മത്സരപരീക്ഷാ പരിശീലനം
ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അടൂര്‍ വൊക്കേഷന്‍ ഗൈഡന്‍സ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എസ്എസ്എല്‍ സി /പ്ലസ് ടു/ഡിഗ്രി അടിസ്ഥാന യോഗ്യതയാക്കി കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി പരിശീലനം ആരംഭിക്കും. നവംബര്‍ 23ന് ആരംഭിക്കുന്ന സൗജന്യ മത്സരപരീക്ഷാ ക്ലാസുകള്‍ക്ക് പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 21ന് മുന്‍പായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍ : 0473 4 224 810.

 

 

സെക്യൂരിറ്റി ഗാര്‍ഡ് : താല്‍ക്കാലിക നിയമനം
ഐഎച്ച്ആര്‍ഡിയുടെ പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് വിമുക്തഭടന്‍മാരില്‍ നിന്നും താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബയോഡാറ്റാ ഈ മാസം 21നകം കോളേജില്‍ എത്തിക്കണം. ഫോണ്‍ : 0486 2 297 617, 9495 276 791, 8547 005 084.

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന അംഗങ്ങള്‍ 2022ലെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 31ന് മുന്‍പ് സമര്‍പ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് മാതൃക www.kmtboard.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ്  ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ്, കെയുആര്‍ഡിഎഫ്‌സി ബില്‍ഡിംഗ് രണ്ടാം നില, ചാക്കോരത്തുകുളം, വെസ്റ്റ്ഹില്‍.പി.ഒ, കോഴിക്കോട്-673 005 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റില്‍ ആധാര്‍നമ്പറും മൊബൈല്‍ നമ്പറും നിര്‍ബന്ധമായും രേഖപ്പെടുത്തണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ 2023 ജനുവരി മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കുകയുള്ളു. ഫോണ്‍ : 0495 2 966 577, 9188 230 577


കെട്ടിട നികുതി

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 2022-23 വര്‍ഷം കെട്ടിടനികുതി ഒടുക്കുവാനുള്ളവര്‍ ഡിസംബര്‍ 31ന് മുന്‍പ് പിഴപലിശ കൂടാതെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ടും https://tax.lsgkerala.gov.in/epayment/ എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ മുഖേനയും നികുതി ഒടുക്കാമെന്ന് സെക്രട്ടറി അറിയിച്ചു.
നിയമസഭ പരിസ്ഥിതി സമിതി സന്ദര്‍ശനം 23ന്
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിന്മേല്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ പരിശോധിച്ച് വിലയിരുത്തുന്നതിനായി നവംബര്‍ 23ന് ഉച്ചയ്ക്ക് 12ന് പമ്പ ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി യോഗം ചേരും.  ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും സമിതി വിവരശേഖരണം നടത്തുകയും ശബരിമല സന്നിധാനം സന്ദര്‍ശിക്കുകയും ചെയ്യും.


ബോധവത്ക്കരണ പരിപാടി

ദക്ഷിണ നാവികസേനാ കമാന്‍ഡിന്റ് നേതൃത്വത്തില്‍, നേവിയില്‍ നിന്നും വിരമിച്ച ജില്ലയിലെ വിമുക്ത ഭടന്മാര്‍ അവരുടെ വിധവകള്‍ എന്നിവരുടെ പരാതികള്‍ പരിഹരിക്കുന്നതിനും ലഭിക്കുന്ന വിവിധ ക്ഷേമ പദ്ധതികളെ സംബന്ധിച്ച് ബോധവല്‍ക്കരണ പരിപാടി ഈ മാസം 22ന് രാവിലെ 11 മുതല്‍ ഒന്നു വരെ പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നടത്തും. ഈ ജില്ലയിലെ ബന്ധപ്പെട്ടവര്‍ ഈ അവസരം വിനിയോഗിക്കണമെന്ന് പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2 961 104.


കോഷന്‍ മണി കൈപ്പറ്റണം

ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ 2017,2018 വര്‍ഷങ്ങളില്‍ ഡി/സിവില്‍ ട്രേഡിലും 2018, 2019 വര്‍ഷങ്ങളില്‍ ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡിലും അഡ്മിഷന്‍ നേടി കോഴ്സ് പൂര്‍ത്തിയാക്കിയ ട്രെയിനികളില്‍ കോഷന്‍ മണി, സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നിവ കൈപ്പറ്റാത്തവര്‍ ഈ കാര്യാലയത്തില്‍ നിന്നും ഈ മാസം 30ന് മുന്‍പ് കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പാല്‍ അറിയിച്ചു. ഫോണ്‍ : 0468 2 259 952, 9495 382 802.

ഇ.എം.എസ് മെമ്മോറിയല്‍ പ്രസംഗമത്സര വിജയികള്‍
ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ സംസ്ഥാന തലത്തില്‍ യുവജനങ്ങള്‍ക്കായി കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ നടത്തിയ ഇ.എം.എസ് മെമ്മോറിയല്‍ പ്രസംഗ മത്സരത്തില്‍ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥി എച്ച്. എസ് ആദര്‍ശ് ഒന്നാം സ്ഥാനവും തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജിലെ കെ.അശ്വിനി രണ്ടാം സ്ഥാനവും നേടി. മൂന്നാം സ്ഥാനം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അഖില്‍ ഡി. വര്‍ഗ്ഗീസ് കരസ്ഥമാക്കി. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരകട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.


നെയ്ത്ത് പരിശീലനം

ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ സ്റ്റൈപ്പന്റോടുകൂടി 10 പേര്‍ക്ക് നെയ്ത്ത് പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ ഈ മാസം 20ന് മുമ്പായി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2 362 070, 9447 249 327.


ബഡ്സ് സ്‌കൂള്‍ സ്പെഷ്യല്‍ ടീച്ചര്‍ ഒഴിവ്

മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്‌കൂള്‍ സ്പെഷ്യല്‍ ടീച്ചര്‍ തസ്തികയിലേക്ക് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത- ബി എഡ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ (മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പ്ലാസി, ഓട്ടിസം)/ഡി എഡ് സ്പെഷ്യല്‍ (എം.ആര്‍, സി പി, ഓട്ടിസം, ഹിയറിംഗ് ഇംപെയര്‍മെന്റ്, വിഷ്വല്‍ ഇംപെയര്‍മെന്റ് / ഡിപ്ലോമ ഇന്‍ ഏര്‍ലി ചൈല്‍ഡ്ഹുഡ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍-എം.ആര്‍ (ഡിഇസിഎസ്ഇ-എം.ആര്‍)/ ഡിപ്ലോമ ഇന്‍ കമ്മ്യൂണിറ്റി ബേസിഡ് റീഹാബിലിറ്റേഷന്‍ /ഡിപ്ലോമ ഇന്‍ വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍/ ഡിപ്ലോമ ഇന്‍ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഡിഎസ്ഇ). നിശ്ചിത യോഗ്യതയുളളവര്‍ കൂടിക്കാഴ്ചയ്ക്കായി യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 24ന് രാവിലെ 11ന് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2 300 223.


അക്ഷയ വാര്‍ഷികാഘോഷവും കുടുംബ സംഗമവും;
ആധാര്‍ സേവനം സൗജന്യം

സംസ്ഥാന വ്യാപകമായി ആഘോഷിച്ചു വരുന്ന അക്ഷയ പദ്ധതിയുടെ ഇരുപതാം വാര്‍ഷികാഘോഷ പരിപാടികള്‍  ഈ മാസം 19ന് നടക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി ചടങ്ങ് നടക്കുന്ന സ്ഥലത്ത് എന്റോള്‍മെന്റ് ഉള്‍പ്പെടെ ആധാറുമായി ബന്ധപ്പെട്ട എല്ലാം സേവനങ്ങളും സൗജന്യമായി പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ഐ. ടി. മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ കെ. ധനേഷ് അറിയിച്ചു. മൈലപ്ര സാംസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന വാര്‍ഷികാഘോഷവും, അക്ഷയ കുടുംബ സംഗമവും രാവിലെ 10ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്യും. 2002 നവംബര്‍ 18ന് സംസ്ഥാന സര്‍ക്കാര്‍ മലപ്പുറത്ത് തുടക്കമിട്ട അക്ഷയ പദ്ധതി 20 വര്‍ഷം പിന്നിടുകയാണ്.  വിവിധ കലാ പരിപാടികളും സംഘടിപ്പിക്കും. ജില്ലയിലെ മുതിര്‍ന്ന സംരംഭകര്‍, ഭിന്നശേഷിക്കാരായ സംരംഭകര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. മികച്ച സംരംഭകര്‍ക്കുള്ള അവാര്‍ഡ് വിതരണവും നടക്കും.


ഹിയറിംഗ് 22ന്

സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.അബ്ദുള്‍ ഹക്കീം ഈ മാസം 22ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹിയറിംഗ് നടത്തും.
error: Content is protected !!