കോന്നി ഗവ.മെഡിക്കൽ കോളേജ്: എം.ബി.ബി.എസ്സ് പ്രവേശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

കോന്നി ഗവ.മെഡിക്കൽ കോളേജ്: എം.ബി.ബി.എസ്സ് പ്രവേശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അഡ്വ: കെ.യു.ജനീഷ് കുമാർ എം.എൽ.എ.

konnivartha.com :  കോന്നി ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. വിദ്യാർത്ഥി പ്രവേശന ഒരുക്കങ്ങൾ മെഡിക്കൽ കോളേജിലെത്തി എം.എൽ.എ വിലയിരുത്തി.

നവംബർ 15ന് രാവിലെ 10 മണിക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികൾ മെഡിക്കൽ കോളേജിൽ എത്തും.ആദ്യ രണ്ട് ഘട്ടങ്ങളിലായി 81 വിദ്യാർത്ഥികളാണ് കോന്നിയിലേക്ക് മെഡിക്കൽ അഡ്മിഷൻ നേടിയിട്ടുള്ളത്. പത്തൊൻപതാം തീയതി നടക്കുന്ന അലോട് മെൻ്റോടുകൂടി നൂറ് സീറ്റിലും അഡ്മിഷൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിലവിൽ അഡ്മിഷൻ നേടിയവരിൽ അറുപതിലധികം പെൺകുട്ടികളാണ് . പത്തോളം കുട്ടികൾ പത്തനംതിട്ട ജില്ലക്കാരാണ്.

കുട്ടികൾക്ക് താല്ക്കാലിക ഹോസ്റ്റൽ സൗകര്യം ആശുപത്രി കെട്ടിടത്തിൻ്റെ 3, 4 നിലകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായുള്ള ഹോസ്റ്റൽ നിർമ്മാണം മെയ് മാസം പൂർത്തിയാക്കുമെന്ന് എം.എൽ.എ പറഞ്ഞു. കുട്ടികളുടെ മെസ്സ് ഹാളും ആശുപത്രി കെട്ടിടത്തിൽ പ്രവർത്തിക്കും. കുടുംബശ്രീയാണ് ഭക്ഷണം തയ്യാറാക്കി നല്കുന്നത്.
പതിനഞ്ചാം തീയതി രാവിലെ പ്രവേശനം നേടി കോളേജിലെത്തുന്ന വിദ്യാർത്ഥികളെ പ്രവേശന കവാടത്തിൽ നിന്നും സ്വീകരിക്കും. അക്കാദമിക്ക് ബ്ബോക്കിൽ എത്തിച്ചേരുന്ന വിദ്യാർത്ഥികളെ ജനപ്രതിനിധികൾ സ്വീകരിക്കും.

തുടർന്ന് അനാട്ടമി, ഫിസിയോളജി, ബയോ കെമിസ്ട്രി, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗങ്ങളുടെ മേധാവികൾ വിദ്യാർത്ഥികളോട് സംസാരിക്കും. വാർഡൻമാരും നിർദ്ദേശങ്ങൾ നല്കും.ഉച്ചയ്ക്ക് രക്ഷകർത്താക്കളുടെ യോഗവും ചേരും.
വിദ്യാർത്ഥി പ്രവേശനത്തോടെ കോന്നിയും ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ പ്രധാന കേന്ദ്രമായി മാറുമെന്ന് എം.എൽ.എ പറഞ്ഞു. വിദ്യാർത്ഥി പ്രവേശനത്തിന് പരിമിധികൾക്കുള്ളിൽ നിന്ന് ചെയ്യാവുന്ന എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.

എം.എൽ.എയോടൊപ്പം കോളേജ് പ്രിൻസിപ്പാൾ ഡോ: മെറിയം വർക്കി, വൈസ് പ്രിൻസിപ്പാൾ ഡോ: സെസി ജോബ്, എച്ച്.എൽ.എൽ സീനിയർ പ്രൊജക്ട് മാനേജർ കെ.രതീഷ് കുമാർ, രഘുനാഥ് ഇടത്തിട്ട തുടങ്ങിയവരും സന്ദർശനത്തിൽ പങ്കെടുത്തു.

error: Content is protected !!