പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 09/11/2022 )

പത്തനംതിട്ട ജില്ലാ ഭക്ഷ്യ പരിശോധന ലാബിന്റെ ശിലാസ്ഥാപനം 11ന്
പത്തനംതിട്ട ജില്ലാ ഭക്ഷ്യ പരിശോധന ലാബിന്റെ ശിലാസ്ഥാപനം നവംബര്‍ 11ന് ഉച്ചയ്ക്ക് 12ന് അണ്ണായിപ്പാറയില്‍ ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  നിര്‍വഹിക്കും. ജനങ്ങള്‍ക്ക് സുരക്ഷിതാഹാരം ലഭ്യമാക്കുന്നതിലേക്കും അത് ഉറപ്പ് വരുത്തുന്നതിലേക്കുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ലാബ് നിര്‍മിക്കുന്നത്. ജില്ലാ ഭക്ഷ്യ പരിശോധനാ ലാബിന് സ്ഥിരമായ കെട്ടിടം ആണിവിടെ നിര്‍മിക്കുന്നത്.
ആന്റോ ആന്റണി എംപി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യാതിഥിയാവും. ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ആര്‍. അജയകുമാര്‍, ജെറി അലക്സ്, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ് എന്നിവരെ കൂടാതെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.

ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
2022-23 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് / പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെ വിവിധ കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കുന്ന കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിനും 2021-22 അധ്യയന വര്‍ഷത്തിലെ ബിരുദ/ബിരുദാനന്തര കോഴ്സുകള്‍ക്കും, 60ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയികളായവരില്‍ നിന്നും ക്യാഷ് അവാര്‍ഡിനുമുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റുകളുടെയും, സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നവംബര്‍ 30നകം പത്തനംതിട്ട ജില്ലാ എക്സിക്യട്ടീവ് ഓഫീസില്‍ സമര്‍പ്പിക്കണം. ക്യാഷ് അവാര്‍ഡിന് കേരളത്തിനു പുറത്തുളള സര്‍വകലാശാലകളിലും, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോഴ്സ് പൂര്‍ത്തിയാക്കിയവര്‍, കേരളത്തിലെ സര്‍വകലാശാലകള്‍ നല്‍കുന്ന ഇക്വവലന്‍സ് സര്‍ട്ടിഫിക്കറ്റ് കൂടി അപേക്ഷയോടൊപ്പം ഹാജരാക്കണം. ഫോണ്‍ : 0468 2 223 169.

റീ ടെന്‍ഡര്‍
പന്തളം ഐസിഡിഎസ് പ്രൊജകട് ഓഫീസിന്റെ ഔദ്യോഗികാവശ്യത്തിനായി 2022 നവംബര്‍ മുതല്‍ 2023 ഒക്ടോബര്‍ വരെ ഒരു വര്‍ഷകാലയളവിലേക്ക് കാര്‍/ജീപ്പ് (എസി) പ്രതിമാസ വാടകയ്ക്ക് നല്‍കുവാന്‍ താത്പര്യമുളള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.  ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 15ന് പകല്‍ 12 വരെ. ഫോണ്‍ : 0473 4 256 765.

എംഇഎ: കൗണ്‍സിലര്‍ ഒഴിവ്
കേരള സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ധനസഹായത്തോടെ പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന പുനലൂര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സുരക്ഷാ മൈഗ്രന്റ് പ്രോജക്ടില്‍ എം.ഇ.എ കൗണ്‍സില്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു.
എംഇഎ: – വിദ്യാഭ്യാസ യോഗ്യത :-  ബി കോം പ്ലസ് എംഎസ്ഡബ്ല്യൂ / എം കോം /ബി കോം പ്ലസ് എംബിഎ. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസ ശമ്പളം 12000+450 യാത്രാബത്ത.
കൗണ്‍സിലര്‍ :- വിദ്യാഭ്യാസ യോഗ്യത :  എം എസ് ഡബ്ല്യൂ / എംപിഎച്ച്  /എംഎ സോഷ്യോളജി/എംഎ സൈക്കോളജി. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസ ശമ്പളം 12000+900 യാത്രാബത്ത.
ഹിന്ദി ഭാഷ നന്നായി സംസാരിക്കാന്‍ അറിയുന്നവരും ഫീല്‍ഡ് വര്‍ക്കിനു തയ്യാറുള്ളവരായിരിക്കണം അപേക്ഷകര്‍. താത്പര്യമുളളവര്‍ passmigrantpta@gmail.com ല്‍ അപേക്ഷിക്കുക. അവസാന തീയതി ഈ മാസം 15ന് വൈകിട്ട് അഞ്ചു വരെ. ഫോണ്‍ : 8075 042 243.

സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 10 ദിവസത്തെ സൗജന്യ കൂണ്‍ കൃഷി പരിശീലനം ആരംഭിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 0468 2 270 243, 8330 010 232 നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു
ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2023 മായി ബന്ധപ്പെട്ട് 113 ആറന്മുള നിയോജക മണ്ഡലത്തിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. കോഴഞ്ചേരി താലൂക്കില്‍ നടന്ന ചടങ്ങ് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി തഹസില്‍ദാര്‍ ജി.മോഹനകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ആര്‍ മോഹന്‍ കുമാര്‍, ബിഎല്‍ഒമാര്‍, ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിദ്യഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (അറബിക്) (കാറ്റഗറി നം.199/2016) തസ്തികയിലേക്ക് 04/06/2018 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 388/2018/എസ്എസ് രണ്ട്  നമ്പര്‍ റാങ്ക് പട്ടികയുടെ മൂന്ന് വര്‍ഷ സ്വാഭാവിക കാലാവധിയും ദീര്‍ഘിപ്പിച്ച അധിക കാലാവധിയും 03/06/2022 അര്‍ദ്ധരാത്രി പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക 04/06/2022 പൂര്‍വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം റദ്ദായതായി പത്തനംതിട്ട ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2 222 665.

ബാങ്ക് ക്ലര്‍ക്ക് /കാഷ്യര്‍ തസ്തിക; നോട്ടിഫിക്കേഷന്‍ റദ്ദായി
പത്തനംതിട്ട ജില്ലയിലെ ജില്ലാ സഹകരണ ബാങ്ക് ക്ലര്‍ക്ക് /കാഷ്യര്‍ (ഫസ്റ്റ് എന്‍സിഎ-എസ് റ്റി) (കാറ്റഗറി നം. 585/2021) 30.11.2021 ലെ ഗസറ്റ് വിജ്ഞാപന പ്രകാരമുളള തസ്തികയിലേക്ക് റിക്രൂട്ട്മെന്റിനായി യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ ഇല്ലാത്തതായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.ഫോണ്‍ : 0468 2 222 665.

ബാങ്ക് ക്ലര്‍ക്ക് /കാഷ്യര്‍ തസ്തിക; നോട്ടിഫിക്കേഷന്‍ റദ്ദായി
പത്തനംതിട്ട ജില്ലയിലെ ജില്ലാ സഹകരണ ബാങ്ക് ക്ലര്‍ക്ക് /കാഷ്യര്‍ (ഫസ്റ്റ് എന്‍സിഎ-എല്‍സി/എഎല്‍) (കാറ്റഗറി നം. 587/2021) 30.11.2021 ലെ ഗസറ്റ് വിജ്ഞാപന പ്രകാരമുളള തസ്തികയിലേക്ക് റിക്രൂട്ട്മെന്റിനായി യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ ഇല്ലാത്തതായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2 222 665.

 

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
പത്തനംതിട്ട മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയടെ ഓംബുഡ്സ്മാന്‍ ഓഫീസിലേക്ക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ താത്കാലിക ഒഴിവിലേക്ക് പരിഗണിക്കാന്‍ യോഗ്യരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഒരു വര്‍ഷ കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത- അംഗീകൃത സര്‍വകലാശാല ബിരുദവും പിജിഡിസിഎ ഡിപ്ലോമയും. മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് അറിഞ്ഞിരിക്കണം. നിശ്ചിത യോഗ്യതയുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡേറ്റയുമായി നവംബര്‍ 15ന്  മുമ്പ് ലഭിക്കത്തക്കവിധം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ അയക്കുക. ഫോണ്‍ : 0468 2 962038.

നാറ്റ്പാക് പരിശീലനം
സ്ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം ഈ മാസം 10,11,12 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. ഫോണ്‍ : 0471 2 779 200, 9074 882 080.

കാര്‍ഷിക യന്ത്രവല്‍ക്കരണം സ്മാം പദ്ധതി: രജിസ്ട്രേഷന്‍ ആരംഭിച്ചു
കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി (സ്മാം)യില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. കര്‍ഷകര്‍ക്ക് agrimachinery.nic.in എന്ന വെബ്സൈറ്റില്‍ക്കൂടി രജിസ്ട്രേഷന്‍ ചെയ്യാം. അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍, അംഗീകൃത പാടശേഖരസമിതികള്‍, കാര്‍ഷിക കര്‍മ്മസേനകള്‍ തുടങ്ങിയവയ്ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പരമാവധി 10 ലക്ഷം രൂപവരെയുള്ള പ്രോജക്റ്റുകള്‍ക്ക് 80 ശതമാനം വരെയും സബ്സിഡി നിബന്ധനകളോടെ അനുവദിക്കും. സമിതി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, സ്ഥാപനത്തിന്റെ പാന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, സമിതിയിലെ എട്ട് അംഗങ്ങളുടെ ആധാര്‍ എന്നീ രേഖകള്‍ ആവശ്യമാണ്. കാര്‍ഷികയന്ത്രങ്ങളുടെ വാടകകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് സംരംഭകര്‍ക്ക് പരമാവധി 40 ശതമാനം വരെ സബ്സിഡി നല്‍കും.
പദ്ധതിയിലൂടെ ട്രാക്ടറുകള്‍, പവര്‍ടില്ലറുകള്‍, കൊയ്ത്ത് മെതിയന്ത്രങ്ങള്‍, നടീല്‍ യന്ത്രങ്ങള്‍, വിവിധതരം സ്പ്രെയറുകള്‍, വൈക്കോല്‍ കെട്ടുന്ന യന്ത്രം, റൈസ് മില്‍, ഡ്രയറുകള്‍, കൊപ്രാ ആട്ട്മില്‍, പള്‍വറൈസര്‍, റോസ്റ്റര്‍, ചാഫ് കട്ടര്‍ എന്നീ ഉപകരണങ്ങള്‍ ലഭിക്കും. വിവരങ്ങള്‍ക്ക് : കൃഷി അസി. എക്സി. എഞ്ചിനീയര്‍, പന്തളം, കടയ്ക്കാട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍:കൃഷി അസി. എക്സി. എഞ്ചിനീയര്‍: 8281 211 692, കൃഷി അസി. എക്സി. എഞ്ചിനീയര്‍ :7510 250 619, ടെക്നിക്കല്‍ അസിസ്റ്റന്റ് :6282 516 897, 9496 836 833.

അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗത്തില്‍പെട്ട അഭ്യസ്തവിദ്യരായ യുവതീ, യുവാക്കള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ജോലിക്ക് ആവശ്യമായ പ്രവൃത്തി പരിചയം നേടുന്നതിനായി  ത്രിതല പഞ്ചായത്തുകളിലെയും  നഗരസഭാ സ്ഥാപനങ്ങളിലെയും എഞ്ചിനീയറിംഗ് വിഭാഗം, ആശുപത്രികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ പരിചയം നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് പദ്ധതി ഒരുക്കുന്നു.
ബിഎസ്‌സി നേഴ്സിംഗ്, ജനറല്‍ നേഴ്സിംഗ്, എം.എല്‍.റ്റി, ഫാര്‍മസി, റേഡിയോഗ്രാഫര്‍ തുടങ്ങിയ പാരാമെഡിക്കല്‍ യോഗ്യതയുളളവര്‍, എഞ്ചിനീയറിംഗ്, പോളിടെക്നിക്, ഐറ്റിഐ, അംഗീകൃത തെറാപ്പിസ്റ്റുകള്‍ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുളള 40 വയസില്‍ താഴെയുളള പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതീ യുവാക്കള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവയോടൊപ്പം വെളള കടലാസില്‍ തയാറാക്കിയ അപേക്ഷ ഈ മാസം 15 ന് മുന്‍പായി ലഭിക്കത്തക്കവിധത്തില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍ (മൂന്നാംനില), പത്തനംതിട്ട, 689 645 എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍ : 0468 2322712.

കേരളോത്സവം
കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം ഈ മാസം 12,13 തീയതികളില്‍ വിവിധ കാര്യപരിപാടികളോടുകൂടി കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയം, കൊടുമണ്‍ എസ് സി വി എല്‍ പി എസ് എന്നിവിടങ്ങളില്‍ നടത്തും. മത്സരാര്‍ഥികള്‍ ഇന്ന് ( 10ന്) വൈകിട്ട് അഞ്ചിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9496 042 701.

അക്രഡിറ്റഡ് ഓവര്‍സിയര്‍
മൈലപ്ര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ അക്രഡിറ്റഡ് ഓവര്‍സിയറെ നിയമിക്കുന്നു. യോഗ്യത-സര്‍ക്കാര്‍/കേരള യൂണിവേഴ്സിറ്റി അംഗീകൃതമോ അഥവാ തത്തുല്യമോ ആയമൂന്ന് വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമ. അപേക്ഷകള്‍ ഈ മാസം 16ന് ഉച്ചയ്ക്ക് രണ്ടിനകം ഗ്രാമപഞ്ചായത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. അപേക്ഷകളില്‍ ഉദ്യോഗാര്‍ഥികളുടെ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണം. ബയോഡേറ്റയും തിരിച്ചറിയില്‍ രേഖ, യോഗ്യത എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകളും ഉള്ളടക്കം ചെയ്യണം.

പമ്പയിലും സന്നിധാനത്തും പന്തളത്തും ഭാരതീയ ചികിത്സാ വകുപ്പിന്റെ താല്‍ക്കാലിക ഡിസ്പെന്‍സറികള്‍
ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ 24 മണിക്കൂര്‍ താത്ക്കാലിക ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തന സജ്ജമായി. കൂടാതെ തീര്‍ഥാടകര്‍ കൂടുതല്‍ എത്തിച്ചേരുന്ന പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിനോട് അനുബന്ധിച്ച് തീര്‍ഥാടന കാലയളവില്‍ ഒരു താത്ക്കാലിക ഡിസ്പെന്‍സറി പ്രവര്‍ത്തിക്കും. ഇവിടെ മെഡിക്കല്‍ ഓഫീസറുടെ സേവനവും ഔഷധ വിതരണവും ക്രമീകരിച്ചിട്ടുണ്ട്.
പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ 40 ലക്ഷം രൂപയുടെ ഔഷധം പല ഘട്ടങ്ങളിലായി വിതരണം നടത്തുന്നതിന് സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയുര്‍വേദം ഡോ. പി.എസ്. ശ്രീകുമാര്‍ അറിയിച്ചു. ഒന്‍പതു ഘട്ടങ്ങളായി സന്നിധാനത്ത് അഞ്ച് മെഡിക്കല്‍ ഓഫീസര്‍മാരും പമ്പയില്‍ മൂന്നു മെഡിക്കല്‍ ഓഫീസര്‍മാരും വീതം 22 ജീവനക്കാരെയാണ്  സേവനത്തിനായി വിന്യസിച്ചിട്ടുള്ളത്.  സന്നിധാനത്ത്  മണ്ഡലകാലത്ത് ഉടനീളം വിവിധ രോഗ ചികിത്സയ്ക്കായി രണ്ട് തെറാപ്പിസ്റ്റുമാരുടെ സേവനം ലഭ്യമാണ്.

പായ്ക്ക് ചെയ്ത ഉത്പന്നങ്ങളുടെ വില്‍പ്പന നിയമാനുസൃതമാണോയെന്ന് പരിശോധിക്കും
ശബരിമല തീര്‍ഥാടന കാലത്ത് പ്രവര്‍ത്തിക്കുന്ന കച്ചവട കേന്ദ്രങ്ങളില്‍ നിന്നും വിപണനം നടത്തുന്ന കുപ്പിവെള്ളം ഉള്‍പ്പെടെയുള്ള പായ്ക്ക് ചെയ്ത ഉത്പന്നങ്ങളുടെ വില്‍പ്പന നിയമാനുസൃതമാണോ എന്ന് ലീഗല്‍ മെട്രോളജി വകുപ്പ് ഉറപ്പ് വരുത്തും. ഇതിനു പുറമേ അളവിലും തൂക്കത്തിലും കുറവ് വരുത്തുന്നുണ്ടോയെന്നും മുദ്ര പതിക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍ വ്യാപാര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ എന്നുമുള്ള പരിശോധനയും നടത്തുമെന്ന് ലീഗല്‍ മെട്രോളജി ഡെപ്യുട്ടി കണ്‍ട്രോളര്‍ കെ.ആര്‍. വിപിന്‍ അറിയിച്ചു. പത്തനംതിട്ട ജില്ലാ കളക്ടറുടെ നിയന്ത്രണത്തില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഔട്ടര്‍പമ്പ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്‌ക്വാഡുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പിലെ ഇന്‍സ്‌പെക്ടര്‍, ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റ് എന്നിവരും ഭാഗമാണ്.

ശബരിമല തീര്‍ഥാടനം: നദികളിലെ അപകടാവസ്ഥ ഒഴിവാക്കുന്നതിന്
ബാരിക്കേഡും സുരക്ഷാ ബോര്‍ഡും സ്ഥാപിച്ച് ജലസേചന വകുപ്പ്

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പമ്പ, കക്കാട്ടാര്‍, അച്ചന്‍കോവിലാര്‍ എന്നീ നദികളില്‍  ജില്ലാ ഭരണകൂടവും പോലീസ് വകുപ്പും നിര്‍ദേശിച്ച സ്ഥലങ്ങളില്‍ അപകട ഭീതി ഒഴിവാക്കുന്നതിന് ജലസേചന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബാരിക്കേഡുകളും സുരക്ഷാബോര്‍ഡുകളും സ്ഥാപിക്കുന്നത് പൂര്‍ത്തിയാകുന്നു.പമ്പാ സ്നാന സരസിലെ ജല ലഭ്യത ഉറപ്പു വരുത്തുന്നതിന് തടയണകളുടെ പ്രവര്‍ത്തനവും പരിപാലനവും ജലസേചന വകുപ്പാണ് നിര്‍വഹിക്കുന്നത്. ബലിതര്‍പ്പണം നടത്തുന്ന ഭാഗത്ത് തീര്‍ഥാടകര്‍ക്ക് സ്നാനം ഉറപ്പാക്കുന്നതിന് കക്കിയാറില്‍ താല്‍കാലിക തടയണ നിര്‍മിച്ച് ജല വിതാനം നിയന്ത്രിച്ച് ജലലഭ്യത ഉറപ്പുവരുത്തുന്നു.

പമ്പാ, അച്ചന്‍കോവില്‍ നദികളില്‍ തീര്‍ഥാടകര്‍ സ്നാനം നടത്തുന്ന എല്ലാ കടവുകളിലും സുരക്ഷാ ബോര്‍ഡുകള്‍ വിവിധ ഭാഷകളില്‍  സ്ഥാപിച്ചും ബാരിക്കേഡുകള്‍ നിര്‍മിച്ചും  തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കും.  കൂടാതെ തീര്‍ഥാടനം സുരക്ഷിതവും സുഗമവും ആക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമായ പ്രവൃത്തികള്‍ സമയ ബന്ധിതമായി ഏറ്റെടുത്ത് നടപ്പാക്കി വരുന്നു.
നിലവില്‍ പമ്പാ നദിയുടേയും കക്കിനദിയുടേയും തീരത്ത് 1250 മീറ്റര്‍ നീളത്തില്‍ സ്നാനഘട്ടങ്ങള്‍ ജലസേചന വകുപ്പ് പരിപാലിച്ച് പോരുന്നു.  പമ്പാ – ത്രിവേണിയിലെ സ്നാന സരസിലെ ജലത്തിന്റെ മലിനീകരണം തടയുന്നതിന് വേണ്ടിയും, ജലനിരപ്പ് നിയന്ത്രിക്കുന്നതിന് വേണ്ടിയും ആറു വിസിബികള്‍ ജലസേചന  വകുപ്പ് പരിപാലിക്കുന്നുണ്ട്.  കൂടാതെ പമ്പയില്‍ തീര്‍ഥാടകര്‍ക്ക് സ്നാനം ചെയ്യുന്നതിന് ഷവര്‍ യൂണിറ്റുകള്‍ ജലസേചന വകുപ്പ് നിര്‍മിച്ച് നല്‍കുകയും പരിപാലിക്കുകയും ചെയ്തു വരുന്നു.  2018ലെ പ്രളയത്തില്‍ ഭീമമായ കേടുപാടുകള്‍ സംഭവിച്ച പമ്പാ – ത്രിവേണിയിലെ ഞുണങ്ങാര്‍ പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.
പ്രധാന പ്രവര്‍ത്തനങ്ങള്‍:  പമ്പാ നദിയിലെ ജലവിതാനം നിയന്ത്രിക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും നദിയിലെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് സ്ഥിരം തടയണകളെ പ്രവര്‍ത്തന സജ്ജമാക്കും. പമ്പാ, കക്കി നദിയിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കുന്നതിന് സുരക്ഷാ വേലി സജ്ജമാക്കും. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിന് സമീപമുളള തടയണയുടെ താഴ്ഭാഗത്തും നദിയിലെ മറ്റ് വിവിധ കടവുകളിലും താല്‍ക്കാലിക വേലിയും സുരക്ഷാ ബോര്‍ഡുകളും സ്ഥാപിക്കും.
നീരൊഴുക്ക് കുറയുന്ന അവസരങ്ങളില്‍ ജലവിതാനം ക്രമീകരിക്കുന്നതിന് പമ്പാ ത്രിവേണിയിലെ ബലിതര്‍പ്പണ ഭാഗത്തും വടശേരിക്കര കാരക്കാട് തോടിന് കുറുകയും താല്‍കാലിക തടയണ നിര്‍മിക്കും. പമ്പാ ത്രിവേണിയില്‍ ജലസേചന നിര്‍മിതികളായ സ്നാന ഘട്ടങ്ങളുടേയും, ജലസേചന കാര്യാലയത്തിന്റെയും അറ്റകുറ്റപണികള്‍. റാന്നി ചെറുകോല്‍ പഞ്ചായത്തില്‍ തിരുവാഭരണ പാതയില്‍ കലുങ്കിന്റെ നിര്‍മാണം. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിന് സമീപം കൊട്ടാരകടവിന്റെ പുനര്‍നിര്‍മാണം. അനുബന്ധമായി സ്നാനഘട്ടത്തിന്റെ നിര്‍മാണവും ചേര്‍ന്നുളള തീരസംരക്ഷണ പ്രവര്‍ത്തനങ്ങളും.
error: Content is protected !!