നൈട്രിക് ഓക്സൈഡ് തെറാപ്പിയിലൂടെ നവജാത ശിശുവിനെ രക്ഷിച്ചു

konnivartha.com : തൃശൂർ സർക്കാർ മെഡിക്കൽ കോളേജിൽ നൈട്രിക് ഓക്സൈഡ് തെറാപ്പി വിജയകരമായി നടത്തി. ചാവക്കാട് സ്വദേശിനിയുടെ (36) രണ്ടാമത്തെ പ്രസവത്തിലുള്ള കുഞ്ഞിനാണ് നൈട്രിക് ഓക്സൈഡ് തെറാപ്പി നൽകി രക്ഷപ്പെടുത്തിയത്. കേരളത്തിൽ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി ഉൾപ്പെടെ വളരെ കുറച്ച് ആശുപത്രികളിൽ മാത്രം ലഭ്യമായ ഈ നൂതന ചികിത്സാ സംവിധാനമാണ് തൃശൂർ മെഡിക്കൽ കോളേജിൽ സാധ്യമാക്കിയത്. വിജയകരമായ ചികിത്സയിലൂടെ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നൈട്രിക് ഓക്സൈഡ് തെറാപ്പി വിജയകരമായി നടത്തി കുഞ്ഞിനെ രക്ഷിച്ച മെഡിക്കൽ കോളേജിലെ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

ഗർഭാവസ്ഥയിൽ മെക്കോണിയം (കുഞ്ഞിന്റെ വിസർജ്യം) കലർന്ന് മൊക്കോണിയം ആസ്പിറേഷൻ സിൻഡ്രോം എന്ന അവസ്ഥമൂലം യുവതിയ്ക്ക് സിസേറിയൻ നടത്തി. ഇത് ഉള്ളിൽ ചെന്നതോടെ ശ്വാസകോശ ധമനിയിലെ ഉയർന്ന രക്ത സമ്മർദം മൂലം കുഞ്ഞിന് ഗുരുതര ശ്വാസതടസം അനുഭവപ്പെട്ടു. ഉടൻ കുഞ്ഞിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് നൈട്രിക് ഓക്സൈഡ് തെറാപ്പി അടിയന്തരമായി ലഭ്യമാക്കി. ഇതിലൂടെ കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. 14 ദിവസത്തെ വെന്റിലേറ്റർ ചികിത്സയ്ക്ക് ശേഷം കുഞ്ഞ് ന്യൂബോൺ ഐസിയുവിൽ പൂർണ ആരോഗ്യത്തോടെ സുഖം പ്രാപിച്ചു വരുന്നു. ന്യൂബോൺ ഐസിയുവിലെ ഡോക്ടർമാരുടേയും നഴ്സുമാരുടേയും സേവനം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വിലപ്പെട്ടതായി.

ശ്വാസതടസമുള്ള കുഞ്ഞുങ്ങൾക്ക് നൽകുന്ന നൂതന ചികിത്സയാണ് നൈട്രിക് ഓക്സൈഡ് തെറാപ്പി. ഗർഭാവസ്ഥയിൽ മെക്കോണിയം അപൂർവമായി അമ്ന്യൂട്ടിക് ഫ്ളൂറൈഡിൽ കലരാൻ സാധ്യതയുണ്ട്. മെക്കോണിയം കലർന്ന അമ്ന്യൂട്ടിക് ഫ്ളൂറൈഡ് കുഞ്ഞിന് ശ്വാസതടസം ഉണ്ടാക്കും. ഈ സമയം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര വിദഗ്ധ ചികിത്സ ആവശ്യമാണ്.

 

മരുന്നിലൂടെ ശ്വാസതടസം മാറ്റാൻ കഴിയാത്ത കുഞ്ഞുങ്ങൾക്കാണ് നൈട്രിക് ഓക്സൈഡ് തെറാപ്പി നടത്തുന്നത്. വെന്റിലേറ്റർ സഹായത്തോടെയുള്ള നൈട്രിക് ഓക്സൈഡ് തെറാപ്പി രക്തയോട്ടം കൂട്ടാനും കുഞ്ഞിനെ രക്ഷിച്ചെടുക്കാനും സാധിക്കുന്നു.

 

ഈ ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളടക്കം അടുത്തിടെ സജ്ജമാക്കിയാണ് നൈട്രിക് ഓക്സൈഡ് തെറാപ്പി ചികിത്സ തൃശൂർ മെഡിക്കൽ കോളേജിൽ ആരംഭിച്ചത്. നവജാത ശിശുക്കളുടെ ഐസിയു നവീകരിച്ച് മന്ത്രി വീണാ ജോർജ് ഒക്ടോബർ മാസത്തിൽ ഉദ്ഘാടനം നിർവഹിച്ചു. 13 വെന്റിലേറ്റർ ഉൾപ്പെടെയുള്ള എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ഈ വിഭാഗത്തിൽ സജ്ജമാണ്.

error: Content is protected !!