konnivartha.com : കള്ളിപ്പാറ മലനിരകളെ നീലപ്പട്ടണിയിച്ച് വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തം. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കി ശാന്തൻപാറ പഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തത്. ശാന്തൻപാറയിൽനിന്ന് മൂന്നാർ-തേക്കടി സംസ്ഥാനപാതയിലൂടെ ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കള്ളിപ്പാറയിലെത്താം.
ഇവിടെനിന്ന് ഒന്നര കിലോമീറ്റർ മലകയറിയാൽ നീലവസന്തത്തിന്റെ വർണക്കാഴ്ചകൾ കാണാം. ഒപ്പം ചതുരംഗപ്പാറയുടെയും കാറ്റാടിപ്പാറയുടെയും വിദൂരദൃശ്യങ്ങളും കൺമുന്നിൽ തെളിയും.
2020ൽ ശാന്തൻപാറയിലെ തോണ്ടിമലയിലും നീലക്കുറിഞ്ഞി പൂത്തിരുന്നു. കോവിഡ് കാലവും പ്രളയവുമെല്ലാം സഞ്ചാരികളിൽനിന്ന് മറച്ചുപിടിച്ച ഇടുക്കിയുടെ നീലവസന്തം വീണ്ടും കൺമുന്നിൽ തെളിയുകയാണ്. നീലപ്പട്ടണിഞ്ഞ് ശീതകാലത്തെ വരവേൽക്കുന്ന കള്ളിപ്പാറ മലനിരകൾ കാണാൻ സഞ്ചാരികളും എത്തിത്തുടങ്ങിയിട്ടുണ്ട്. ഒന്നര കിലോമീറ്റർ കാനനപാതയിലൂടെയും പുൽമേടുകളിലൂടെയും സഞ്ചരിച്ചാൽ നീലവസന്തത്തിനരികിലെത്താം.ഇടുക്കി ജില്ലയിലെ ടൂറിസം മാപ്പിൽ ഇടം പിടിക്കാത്ത മലനിരകൾ ആണ് കള്ളിപ്പാറ.ഇടുക്കിയിലെ തന്നെ തോപ്രാംകുടി ഉള്ള “കള്ളിപ്പാറ വ്യൂ പോയിന്റ് ” ല്‍ അല്ല നീലക്കുറിഞ്ഞി പൂത്തത് . തോപ്രാംകുടി കള്ളിപ്പാറയിൽ എത്തുന്ന സഞ്ചരികൾ കുറിഞ്ഞി പൂത്തത് കാണണം എങ്കിലും അവിടുന്ന് വീണ്ടും 45 കിലോമീറ്ററോളം സഞ്ചരിച്ചു ശാന്തൻപാറ പഞ്ചായത്തിലെ കള്ളിപ്പാറയില്‍ എത്തണം . ശാന്തംപാറയിൽ നിന്ന് മൂന്നാർ തേക്കടി സംസ്ഥാനപാതയിലൂടെ 6 കിലോമീറ്റർ സഞ്ചരിച്ചാൽ കള്ളിപ്പാറ എന്ന കൊച്ചു ഗ്രാമത്തിൽ എത്തിച്ചേരാം അവിടെ നിന്ന് ഒന്നര കിലോമീറ്റർ മല കയറിയാൽ നീലക്കുറിഞ്ഞിയുടെ മായാജാലം കൺമുന്നിൽ പ്രത്യക്ഷപ്പെടും .അഞ്ച് ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന മനോഹര ദൃശ്യം സഞ്ചാരികളില്‍ അധികമാരും അറിഞ്ഞിട്ടില്ല.
മലനിരക്കുകൾ വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തം കാണാൻ ഏവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.
പശ്ചിമഘട്ട മലനിരകളിൽ 1500 മീറ്ററിനു മുകളിൽ ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി.12 വർഷം കൂടുമ്പോൾ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.പശ്ചിമഘട്ടത്തിൽ മാത്രം 64 തരം കുറിഞ്ഞികൾ ഉണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1200 മീറ്റർ ഉയരത്തിലാണ് ഇവ വളരുന്നത്.ആദിവാസികൾ തിനയെന്നു വിളിക്കുന്ന കുറിഞ്ഞിക്കു അവരുടെ ആചാര-അനുഷ്ടാനങ്ങളിൽ സവിശേഷ പ്രാധാന്യമുണ്ട്.
12 വർഷത്തിൽ ഒരിക്കൽ നീലക്കുറിഞ്ഞി ഒരുമിച്ചു പൂക്കുന്നത് 1838-ലാണ് കണ്ടുപിടിച്ചത്. മൂന്നു ജർമൻ ശാസ്ത്രജ്ഞർ അടങ്ങിയ ഒരു സംഘം ദശകങ്ങൾക്കുമുമ്പ് കുറിഞ്ഞിയെപ്പറ്റി പഠനങ്ങൾ നടത്തിയിരുന്നു.
കുറച്ചുകാലം മുൻപുവരെ നീലക്കുറിഞ്ഞിയുടെ പരാഗണം നടക്കുന്നത് കാറ്റിലൂടെ ആണെന്നാണ് ശാസ്ത്രലോകം വിചാരിച്ചിരുന്നത്. എന്നാൽ കുറിഞ്ഞിപ്പൂക്കളിൽ പരാഗണം നടത്തുന്നത് തേനീച്ചകൾ ആണെന്ന് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ബയോളജിക്കൽ സൊസൈറ്റിയായ ലിനയൻ സൊസൈറ്റി ഓഫ് ലണ്ടൻ-ന്റെ ജേണലിൽ പ്രസിദ്ധീകരിച്ചതോടെയാണ് കുറിഞ്ഞിയുടെ പരാഗണ രഹസ്യം അനാവരണമായത്.
വേനൽക്കാലം കഴിഞ്ഞു പുതുമഴ പെയ്യുന്നതോടെ കുറിഞ്ഞി വിത്തുകൾ മുളച്ചു കുറിഞ്ഞിത്തൈകൾ ഉണ്ടാകുന്നു