പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 03/10/2022)

ഖത്തര്‍ എംബസ്സി സാക്ഷ്യപ്പെടുത്തല്‍ സേവനം നോര്‍ക്കയില്‍ ലഭിക്കും

konnivartha.com : കേരളത്തില്‍ നിന്നും ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും തങ്ങളുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ നോര്‍ക്ക-റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ മുഖാന്തരം ഖത്തര്‍ എംബസ്സി അറ്റസ്റ്റേഷനു വേണ്ടി സമര്‍പ്പിക്കാവുന്നതാണ്. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം അതത് മാര്‍ക്ക് ലിസ്റ്റുകളും ഖത്തര്‍ എംബസ്സി അറ്റ്സ്റ്റ് ചെയ്യേണ്ടതുണ്ട്.

വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളില്‍ ഖത്തര്‍ എംബസ്സി സാക്ഷ്യപ്പെടുത്തുന്നതിന് മുന്നോടിയായുളള എച്ച്.ആര്‍.ഡി, വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തലുകള്‍ എന്നീ സേവനങ്ങളും നോര്‍ക്ക-റൂട്ട്സ് മേഖലാ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും.

 

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം, വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകളുടെ ഖത്തര്‍ എംബസ്സി സാക്ഷ്യപ്പെടുത്തല്‍ സേവനങ്ങളും നോര്‍ക്കയുടെ ഓഫീസുകളില്‍ ലഭ്യമാണ്.
www.norkaroots.org എന്ന് വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി അപേക്ഷിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന നമ്പറിലോ, norkacertificates@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

 

ഭിന്നശേഷിക്കാര്‍ക്കുളള മെഡിക്കല്‍ ബോര്‍ഡ് ഓണ്‍ലൈനില്‍ നടത്തപ്പെടും: ഡിഎംഒ
ജില്ലയില്‍ ഭിന്ന ശേഷിക്കാര്‍ക്കുളള മെഡിക്കല്‍ ബോര്‍ഡ് ഇനി മുതല്‍ ഓണ്‍ലൈനായി നടത്തപ്പെടുമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു. ഇതിനായി ജില്ലയിലെ പ്രധാന ആശുപത്രികളായ കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല, റാന്നി  താലൂക്ക് ആസ്ഥാന ആശുപത്രികളിലും പൊതുജനങ്ങള്‍ക്ക് സമീപിക്കാം.
ഓണ്‍ലൈന്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന്റെ കൂടെ തന്നെ യുഡിഐഡി കാര്‍ഡിനു വേണ്ടി അതാത് സ്ഥാപനങ്ങള്‍ തന്നെ വിവരങ്ങള്‍ സബ്മിറ്റ് ചെയ്യുന്നതാണ്. യുഡിഐഡി കാര്‍ഡ് ലഭ്യമാകാത്ത പൊതുജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച വിവരങ്ങള്‍ അതാത് പരിധിയിലുളള മേജര്‍ ആശുപത്രികളില്‍ നിന്നും അറിയാന്‍ കഴിയുന്നതാണെന്നും ജില്ലാ മെഡിക്കല്‍ ആഫീസര്‍ അറിയിച്ചു.

ഗാന്ധി ജയന്തിദിനാഘോഷവും സ്വച്ഛതാ ഹി സേവ കാമ്പയിനും സംഘടിപ്പിച്ചു
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗാന്ധി ജയന്തിദിനാഘോഷവും സ്വച്ഛതാ ഹി സേവ കാമ്പയിനും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനവും നടന്നു. കാമ്പയിന്റെ ഭാഗമായുളള പ്രതിജ്ഞാ പ്രസിഡന്റ് ചടങ്ങില്‍ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി അന്നമ്മ, മല്ലപ്പുഴശ്ശേരി ഡിവിഷന്‍ മെമ്പര്‍ ജിജി ചെറിയാന്‍ മാത്യു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ജനറല്‍ എക്സ്റ്റന്‍ഷന്‍ ആഫീസര്‍ വി.മഞ്ജു, ജോയിന്റ് ബിഡിഒ, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, വി.ഇ.ഒമാര്‍, ഓഫീസ് ഉദ്യോഗസ്ഥര്‍, ദേശീയ സമ്പാദ്യ പദ്ധതി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.


വയോജന ദിനാഘോഷം നടത്തി

അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് വയോജന കൂട്ടായ്മയും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി.വി അന്നമ്മ അധ്യക്ഷത വഹിച്ചു. ഓടക്കുഴല്‍ വിദ്വാന്‍ എസ്.രാജീവ്, ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് രാധാകൃഷ്ണന്‍ നായര്‍ നാരങ്ങാനം, പൊതുപ്രവര്‍ത്തകനായ സാമുവല്‍ പ്രക്കാനം, സാറാമ്മാ ജോണ്‍ മേലുകര, പി.വി ശാന്തമ്മ എന്നിവരെ ആദരിച്ചു. വയോജനാരോഗ്യം എന്ന വിഷയത്തില്‍ ഇലന്തൂര്‍ സി.എച്ച്.സി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയശ്രീയും ജീവിതം എങ്ങനെ ആസ്വാദ്യകരമാക്കാം എന്ന വിഷയത്തില്‍ സാമൂഹ്യ പ്രവര്‍ത്തക രമ്യ കെ.തോപ്പിലും ക്ലാസിന് നേതൃത്വം നല്‍കി.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്് കമ്മിറ്റി ചെയര്‍മാന്‍ അഭിലാഷ് വിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്ത് മല്ലപ്പുഴശ്ശേരി ഡിവിഷനംഗം ജിജി ചെറിയാന്‍ മാത്യു, ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ. ജെ.ഗിരിജ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, വി.ഇ.ഒ.മാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

താല്‍പര്യപത്രം ക്ഷണിച്ചു
റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് പരിധിയില്‍ 18 വയസ്സ് കഴിഞ്ഞ 30 പട്ടികവര്‍ഗ്ഗ യുവതി യുവാക്കള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കി 2 വീലര്‍, 4 വീലര്‍ ലൈസന്‍സ് ലഭ്യമാക്കുന്നതിന് ഡ്രൈവിംഗ് പരിശീലനം രംഗത്ത് മൂന്നു വര്‍ഷത്തിലധികം സേവനപാരമ്പര്യം ഉള്ള പരിശീലനകേന്ദ്രങ്ങളില്‍ നിന്നും/സ്ഥാപനങ്ങളില്‍ നിന്നും താല്പര്യപത്രം ക്ഷണിച്ചു. രണ്ട് മാസത്തേക്ക് നടത്തുന്ന പരിശീലനത്തില്‍ ആഴ്ചയില്‍ കുറഞ്ഞത് ആറു ദിവസമെങ്കിലും സ്ഥല സൗകര്യം, അനുയോജ്യമായ വാഹനം എന്നിവ ലഭ്യമാക്കണം. ഫോണ്‍: 0473 5 227 703

ഹെവി മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം: താല്‍പര്യപത്രം ക്ഷണിച്ചു
റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസിന്റെ പ്രവര്‍ത്തന പരിധിയില്‍ 18 നും 35 നും ഇടയില്‍ പ്രായമുളളതും എല്‍.എം.വി ടെസ്റ്റ് പാസ്സായതുമായ തെരഞ്ഞടുത്ത 30 പട്ടികവര്‍ഗ്ഗക്കാരായ യുവതി യുവാക്കള്‍ക്ക് ഹെവി മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം നല്‍കി ലൈസന്‍സ്, ബാഡ്ജ് എന്നിവ ലഭ്യമാക്കുന്നതിന് മൂന്നു വര്‍ഷത്തിലധികം സേവനപാരമ്പര്യമുളള പരിശീലനകേന്ദ്രങ്ങളില്‍ നിന്നും/സ്ഥാപനങ്ങളില്‍ നിന്നും താല്പര്യപത്രം ക്ഷണിച്ചു. 15 ദിവസത്തേക്ക് നടത്തുന്ന പരിശീലനത്തില്‍ ആഴ്ചയില്‍ കുറഞ്ഞത് ആറു ദിവസമെങ്കിലും സ്ഥല സൗകര്യം, അനുയോജ്യമായ വാഹനം എന്നിവ ലഭ്യമാക്കണം. ഫോണ്‍: 0473 5 227 703

ക്വട്ടേഷനുകള്‍ ക്ഷണിച്ചു
റാന്നി പട്ടികവര്‍ഗവികസന വകുപ്പിന്റെ ഗോത്രസാരഥി പദ്ധതിയുടെ പ്രയോജനം ലഭിക്കാത്തതും വളരെ നിരപ്പായ സ്ഥലങ്ങളില്‍ താമസിച്ച് വരുന്നതുമായ സ്‌കൂള്‍തലത്തില്‍ പഠിക്കുന്നതും, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ പട്ടികവര്‍ഗകുട്ടികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്യുന്നതിന്, അംഗീകൃത വ്യാപാരികളില്‍ നിന്നും വിതരണക്കാരില്‍ നിന്നും മുദ്ര വച്ച കവറില്‍ ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.
ക്വട്ടേഷനില്‍ 24 ഇഞ്ച്, 26 ഇഞ്ച്‌സൈസിലുള്ള ഒരു സൈക്കിള്‍ വിതരണം ചെയ്യുന്നതിനുള്ള നിരക്ക് രേഖപ്പെടുത്തണം.   സൈക്കിളിന് പവര്‍ ബ്രേക്ക്, ഷോക്ക്അബ്‌സോര്‍ബര്‍, സൈഡ് സ്റ്റാന്‍ഡ്, കാരിയര്‍, ബെല്‍ എന്നിവ ഉണ്ടായിരിക്കണം. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമുള്ള സൈക്കിളിന്റെ വില പ്രത്യേകം രേഖപ്പെടുത്തണം. സൈക്കിള്‍ ഇന്ത്യന്‍ നിര്‍മിത അംഗീകൃത ബ്രാന്‍ഡിലുള്ളതായിരിക്കണം. അവസാന തീയതി ഈ മാസം 10ന് മൂന്നു മണി വരെ.
കവറില്‍ സൈക്കിളുകള്‍ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ എന്ന്‌രേഖപ്പെടുത്തി അയയ്‌ക്കേണ്ട വിലാസം പട്ടികവര്‍ഗ വികസന ഓഫീസ്, തോട്ടമണ്‍, റാന്നി 689 672. ഫോണ്‍: 04735 227703

പിഎസ്‌സി പരിശീലനം
റാന്നി ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയില്‍ 18 നും 35 നും ഇടയില്‍ പ്രായമുള്ളതും പിഎസ്‌സി വണ്‍ ടൈം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ പട്ടികവര്‍ഗ യുവതി യുവാക്കള്‍ക്ക് വിവിധ പിഎസ്‌സി മത്സര പരീക്ഷകള്‍ക്ക് പരീശീലനത്തിനായി അപേക്ഷിക്കാം. കൂടിക്കാഴ്ചയിലൂടെ തിരഞ്ഞെടുക്കുന്ന 50 പേര്‍ക്ക് ആറുമാസത്തേക്ക് പരീശീലനം നല്‍കും. യാത്രബത്തയായ 700 രൂപ ഹാജര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ അനുവദിക്കും. അപേക്ഷകര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 12. ഫോണ്‍: 04735 227 703

ടെണ്ടര്‍
റാന്നി ഐസിഡിഎസ് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് 01.11.2022 മുതല്‍ 31.10.2023 വരെയുള്ള കാലയളവിലേക്ക് കാര്‍/ ജീപ്പ് (എസി) പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിലേക്ക് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 15ന് പകല്‍ 12 വരെ. ഫോണ്‍: 0473 5 221 568

സ്റ്റാഫ് നഴ്‌സ്: താല്‍ക്കാലിക നിയമനം
ആറന്മുള ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയറിന്റെ ഭാഗമായി സ്റ്റാഫ് നഴ്‌സ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും എഎന്‍എം കോഴ്‌സ്/ജെപിഎച്ച്എന്‍ കോഴ്‌സ് പാസായിരിക്കണം. ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും മൂന്ന് മാസത്തെ ബിസിസിപിഎഎന്‍് / സിസിസിപിഎഎന്‍ കോഴ്‌സോ പാസായിരിക്കണം. അല്ലെങ്കില്‍ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ്/ ബി എസ് സി കോഴ്‌സ് പാസായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഒന്നരമാസത്തെ ബിസിസിപിഎഎന്‍ കോഴ്‌സ് പാസായിരിക്കണം. അപേക്ഷകര്‍ ബയോഡോറ്റ സഹിതം ഈ മാസം 13 ന് മുമ്പായി സിഎച്ച്‌സി വല്ലന മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. ആറന്മുള ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന.

സ്‌പോട്ട് അഡ്മിഷന്‍
യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (യുഐഎം) അടൂര്‍ സെന്ററില്‍ ഒഴിവുള്ള എംബിഎ സീറ്റുകളിലേക്ക് ഈ മാസം ഏഴു മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടുകൂടി ബിരുദം പാസായ ജനറല്‍ വിഭാഗത്തിനും, 48% മാര്‍ക്കോടുകൂടി പാസ്സായ ഒബിസി വിഭാഗത്തിനും, പാസ്സ്മാര്‍ക്ക് നേടിയ എസ് സി/ എസ് ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും അഡ്മിഷന്‍ നേടാം. കെമാറ്റ്, സിമാറ്റ്, ക്യാറ്റ് എന്നീ യോഗ്യതാപരീക്ഷകള്‍  പാസാകാത്തവര്‍ക്കും അപേക്ഷിക്കാം. അഡ്മിഷനായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ : 9746 998 700, 9946 514 088, 9400 300 217

കേപ്പില്‍ സ്‌പോട്ട് അഡ്മിഷന്‍
കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴിലുള്ള പുന്നപ്രയിലെ ഇന്‍സ്റ്റിറ്റ്യൂട്ട ്ഓഫ് മാനേജ്മന്റ് ആന്‍ഡ് ടെക്നോളജി (ഐഎംടി)യില്‍ ദ്വിവത്സര ഫുള്‍ടൈം എംബിഎ പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റിലേക്ക് ഈ മാസം ആറിന് രാവിലെ 10 മണിക്ക് സ്പോട്ട് അഡ്മിഷന്‍ നടക്കും. ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്കും കെ-മാറ്റ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പങ്കെടുക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0477 2 267 602, 8590 599 431, 9847 961 842, 8301 890 068

 

മൂലൂര്‍ സ്മാരകത്തില്‍ വിദ്യാരംഭവും കുമാരനാശാന്റെ 150-ാം ജയന്തിയും രചനാ ശതാബ്ദിയും ഒക്ടോബര്‍ അഞ്ചിന്

വിദ്യാരംഭവും മഹാകവി കുമാരനാശാന്റെ 150-ാം ജയന്തിയും ദുരവസ്ഥയുടെയും ചണ്ഡാലഭിക്ഷുകിയുടെയും രചന ശതാബ്ദിയും ഒക്ടോബര്‍ അഞ്ചിന് വൈകുന്നേരം 4.30ന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിവരവകാശ കമ്മീഷണര്‍ കെ.വി. സുധാകരന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. മുന്‍ എംഎല്‍എയും മൂലൂര്‍ സ്മാരക കമ്മറ്റി പ്രസിഡന്റുമായ കെ.സി. രാജഗോപാലന്‍ അധ്യക്ഷത വഹിക്കും.

ഒക്ടോബര്‍ അഞ്ചിന് രാവിലെ 7.30ന് നടക്കുന്ന വിദ്യാരംഭ ചടങ്ങില്‍ കെ.വി. സുധാകരന്‍, അശോകന്‍ ചരുവില്‍, റവ. ഡോ. മാത്യു ഡാനിയേല്‍, ഡോ. കെ.ജി. സുരേഷ് പരുമല എന്നിവര്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും. രാവിലെ 10ന് നടക്കുന്ന കവിസമ്മേളനം അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്യും. എ. ഗോകുലേന്ദ്രന്‍ അധ്യക്ഷത വഹിക്കും.

ഒക്ടോബര്‍ ആറിന് രാവിലെ 10.30ന് ആശാന്‍ കവിതകളെ കുറിച്ചുള്ള ചര്‍ച്ച പരിപാടി സജി ചെറിയാന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡോ. പി. സോമന്‍, പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍, ഡോ. പ്രസന്ന രാജന്‍, ഡോ.പി.റ്റി അനു തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. ഒക്ടോബര്‍ ഏഴിന് രാവിലെ 10.30ന് ആശാന്‍ കവിതകളെ കുറിച്ചുള്ള ചര്‍ച്ച പരിപാടി അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുപ്രകാശം, പ്രൊഫ. മാലൂര്‍ മുരളീധരന്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.

 

പരുമല പെരുനാള്‍: ആലോചനയോഗം ഈ മാസം 10 ന്
പരുമലപള്ളി പെരുനാളിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും വകുപ്പ് തല ഉദ്യോഗസ്ഥരുടെയും ആലോചനയോഗം ഈ മാസം 10 ന് വൈകിട്ട് നാലിന് സെമിനാരി ഹാളില്‍ ചേരും.

ഗതാഗത നിയന്ത്രണം
പെരുനാട്- പെരുന്തേനരുവി റോഡില്‍ കലുങ്ക് നിര്‍മ്മാണം പുരോഗമിക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. വാഹനങ്ങള്‍ കൂനങ്കര- തോണിക്കടവ് വഴി എം പി റോഡില്‍ പ്രവേശിക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

ഡിപ്ലോമ സ്‌പോട്ട് അഡ്മിഷന്‍
വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ഡിപ്ലോമ പ്രവേശന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുന്നതിനായി ഈ മാസം മൂന്നാം തീയതി മുതല്‍ ഏഴാം തീയതി വരെ www.polyadmission.org വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഈ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക ്മാത്രമേ 11 ന് നടക്കുന്ന സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുനാകുവെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0469 2 650 228

error: Content is protected !!