ഡിജിറ്റല്‍ ഡീടോക്സ് സംവിധാനത്തിന് ആരോഗ്യമന്ത്രി തുടക്കം കുറിച്ചു

 

 

konnivartha.com : കുട്ടികളില്‍ വര്‍ധിച്ചു വരുന്ന വിവിധതരം പെരുമാറ്റം/ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങളില്‍ കര്‍ശനമായി ഇടപെടാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ഡീടോക്സ് സംവിധാനത്തിന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പത്തനംതിട്ട ജില്ലയില്‍ തുടക്കം കുറിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേംബറില്‍ നടന്ന ചടങ്ങില്‍ സി.ഡബ്ല്യു.സി. ചെയര്‍മാന്‍ അഡ്വ. എന്‍. രാജീവ്, സിഡബ്ല്യുസി മെമ്പര്‍മാരായ ഷാന്‍ രമേശ് ഗോപന്‍, അഡ്വ. എല്‍. സുനില്‍ കുമാര്‍, അഡ്വ. പ്രസീത നായര്‍, അഡ്വ. എസ്. കാര്‍ത്തിക, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി.എസ്.തസ്നിം, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്. ശ്രീകുമാര്‍, ഡി.സി.പി.ഒ. നീതാദാസ്, എന്നിവര്‍ പങ്കെടുത്തു.

ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗവും (മൊബൈല്‍, സോഷ്യല്‍ മീഡിയ) മയക്കുമരുന്നിനോടുള്ള ആസക്തിയും രക്ഷിതാക്കളിലും വര്‍ധിച്ച് വരുന്നത് കുട്ടികള്‍ക്ക് സഹായകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. അതിനാല്‍ രക്ഷിതാക്കള്‍ക്കുള്ള തിരുത്തല്‍ സംവിധാനവും ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കും.
ജില്ലയില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ യോഗം ആദ്യം ചേര്‍ന്ന് പദ്ധതിക്ക് രൂപരേഖ തയാറാക്കി. തുടര്‍ന്ന് വിവിധ വകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ഈ പദ്ധതിയുമായി ഏകോപിപ്പിച്ചു.

തിരുത്തലും പ്രതിരോധവും ചികിത്സയും ഉറപ്പാക്കുകയും ഇതിലൂടെ കുട്ടികളുടെയും രക്ഷിതാക്കളുടേയും സ്ഥിതിക്ക് മാറ്റമുണ്ടാക്കി തുടര്‍ മേല്‍നോട്ടവും ഉണ്ടാകും. സ്‌കൂള്‍ തലത്തില്‍ വരെ എത്തുന്ന വിവിധ പരിശീലന പരിപാടിയും, കൗണ്‍സലിംഗ്, കിടത്തി ചികിത്സ എന്നിവയും എല്ലാം ഈ പദ്ധതിയുടെ ഭാഗമാണ്. വനിതാശിശു വികസനം, എസ്.എസ്.കെ, എക്സൈസ്, പോലീസ്, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, കുടുംബശ്രീ എന്നീ വകുപ്പുകളുടെ ഏകോപനം ഈ പദ്ധതിയിലേക്ക് ഉണ്ടാകും.

കുട്ടികളിലെ ലഹരി ഉപയോഗത്തിന് മാധ്യമമാകുന്നത് മൊബൈല്‍ അടക്കമുള്ള ഉപകരണങ്ങളാണ്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ തന്നെ ലഹരിയായി മാറുന്നതുമാണ് സി.ഡബ്ല്യൂ.സി.യുടെ മുന്‍പില്‍ വരുന്ന കേസുകളിലധികവും. പതിനാറ് വയസില്‍ താഴെ പ്രായത്തില്‍ ഗര്‍ഭിണികളായ കുട്ടികള്‍, ആവര്‍ത്തിച്ച് പോക്സോ അതിജീവിതയായ കുട്ടികള്‍, മൊബൈല്‍ ഉപയോഗം നിയന്ത്രിച്ചതിന്റെ പേരില്‍ വീട് വിട്ട് ഇറങ്ങിപോകുകയും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കണ്ടെത്തുകയും ചെയ്തവര്‍, കൂടെ പഠിക്കുന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലായ ശേഷം നഗ്നഫോട്ടോ എടുത്ത് കൂട്ടുകാര്‍ക്ക് പങ്കുവച്ചവര്‍, ലഹരിയുടെ കടത്തുകാരായും സ്‌കൂളിലെ ഏജന്റായും പ്രവര്‍ത്തിക്കുന്നവര്‍, എന്നിങ്ങനെ വര്‍ദ്ധിച്ചുവരുന്ന പ്രശ്നങ്ങളാണ് ഇങ്ങനെയൊരു പദ്ധതിക്ക് തുടക്കം കുറിക്കാന്‍ കാരണമായത്.

കുട്ടികളില്‍ സോഷ്യല്‍ മീഡിയാ ഗെയിമിംഗ് ഡിസോര്‍ഡര്‍
…………………………………………………….
ഒരു കുട്ടി അനിയന്ത്രിതമായി വീഡിയോ ഗെയിമിംഗിന് അടിമയാകുകയും അത് ആ കുട്ടിയുടെ വ്യക്തിപരമായും കുടുംബപരമായും സാമൂഹികപരമായും വിദ്യാഭ്യാസപരമായും പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നുവെങ്കില്‍ അത് മൊബൈല്‍ ഡിസോഡറാണ്.

വില്ലനായ് സോഷ്യല്‍ മീഡിയാ, ഗെയിംസ്
………………………….
കോവിഡ് കാലഘട്ടത്തില്‍ വീടുകളില്‍ കുട്ടികള്‍ അകപ്പെട്ടു. സ്‌കൂള്‍ പഠനം ഓണ്‍ലൈന്‍ പഠനമായി മാറിയ സാഹചര്യത്തില്‍ കുട്ടിക്ക് കിട്ടിയ പുതിയ ആത്മസുഹൃത്തായി മാറിയത് മൊബൈല്‍ ഫോണാണ്. സമപ്രായക്കാരായ സുഹൃത്തുക്കളുമായി നേരിട്ടുള്ള കൂടിച്ചേരലുകളും കളികളും ഇല്ലാതായതും സാമൂഹിക സമ്പര്‍ക്കം നിഷേധിക്കപ്പെട്ടതും കുട്ടികളുടെ കൂട്ടായി മൊബൈല്‍ ഫോണും ഗെയിമും മാറാന്‍ കാരണമായി. തുടക്കത്തില്‍ ആരും ശ്രദ്ധിക്കാതെയും അവഗണിക്കുകയും ചെയ്ത കുട്ടികളുടെ മൊബൈല്‍ ഉപയോഗം ഇന്ന് സകല നിയന്ത്രണങ്ങളെയും കാറ്റില്‍ പറത്തി അവര്‍ അവരുടേതായ ലോകത്തിലേക്ക് മാത്രമായി ചുരുങ്ങാന്‍ തുടങ്ങി. കുട്ടികള്‍ സ്വകാര്യ ഇടങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. ഇവിടെ മറ്റാര്‍ക്കും പ്രവേശനം ഇല്ലാത്ത അവസ്ഥയിലായി. ഉറങ്ങുന്നതും ഉണരുന്നതും തൊട്ട് മുഴുവന്‍ ദിനചര്യകളും അവതാളത്തിലായി. കുട്ടികളില്‍ മാനസികാരോഗ്യപ്രശ്‌നങ്ങള്‍, ആത്മഹത്യ പ്രവണത എന്നിവ വര്‍ദ്ധിക്കുന്നു.

രോഗ ലക്ഷണങ്ങള്‍
……………………………..
* പഠന സംബന്ധമായി, ജോലി സംബന്ധമായി പ്രശ്‌നങ്ങള്‍ നേരിടുക
* കൂടുതല്‍ സമയം ഗെയിം കളിക്കാനുള്ള ആഗ്രഹമുണ്ടാവുക
* ഗെയിം കളിക്കുന്നതിനിടയില്‍ തടസമുണ്ടായാല്‍ വെപ്രാളമുണ്ടാവുക, മറ്റ് അസ്വസ്ഥതകള്‍ കാണിക്കുക.
* ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക
* ഗെയിം കളിക്കാതിരിക്കുന്ന സമയങ്ങളില്‍ അസ്വസ്ഥത തോന്നുക.
* എപ്പോഴും ഗെയിമിനെക്കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കുക

ശാരീരിക പ്രശ്‌നങ്ങള്‍
………………………………
* കഴുത്ത് വേദന, തലവേദന
* കാഴ്ച ശക്തി കുറയുക, എപ്പോഴും ക്ഷീണം
* അമിത വണ്ണം, വിശപ്പില്ലായ്മ

മാനസിക പ്രശ്‌നങ്ങള്‍
…………………………………
* ഒന്നിലും ശ്രദ്ധ, താല്‍പ്പര്യമില്ലായ്മ
* അലസത, ഉത്കണ്ഠ, ഭയം, ദേഷ്യം
* ഉറക്ക പ്രശ്‌നങ്ങള്‍
* വിഷാദ രോഗം

ശ്രദ്ധിക്കുക
……………………
മൊബൈല്‍ ഫോണ്‍ അമിത ഉപയോഗം കുട്ടികളില്‍, രക്ഷിതാക്കളില്‍ നിരവധി ശാരീരിക -മാനസിക സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പെരുമാറ്റ പ്രശ്നങ്ങള്‍, ഡിപ്രഷന്‍, സ്വഭാവ വൈകല്യങ്ങള്‍ എന്നിവ കൂടി കൂടി വരുന്നു.

error: Content is protected !!