കോന്നി മെഡിക്കൽ കോളേജിന് ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം ലഭിച്ചു

കോന്നി മെഡിക്കൽ കോളേജിന് അംഗീകാരം; 100 സീറ്റിൽ ഈ വർഷം അഡ്മിഷനെന്ന് മന്ത്രി വീണ ജോർജ്ജ്

konnivartha.com : പത്തനംതിട്ട കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എം.ബി.ബി.എസ്. പ്രവേശനത്തിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

 

100 എംബിബിഎസ് സീറ്റുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ഇതോടെ സര്‍ക്കാര്‍ മേഖലയില്‍ ആകെ 1655 എംബിബിഎസ് സീറ്റുകള്‍ക്കാണ് അംഗീകാരമുള്ളത്. പത്തനംതിട്ട ജില്ലയുടെ ദീര്‍ഘനാളായുള്ള സ്വപ്നമാണ് സാക്ഷാത്ക്കരിച്ചത്. കോന്നി മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിച്ചതോടെ ഈ മെഡിക്കല്‍ കോളജിലും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാനാകും. ഘട്ടംഘട്ടമായി മറ്റ് മെഡിക്കല്‍ കോളജുകളെ പോലെ കോന്നി മെഡിക്കല്‍ കോളജിനേയും മാറ്റും. നടപടി ക്രമങ്ങള്‍ വേഗത്തിലാക്കി ഈ അധ്യയന വര്‍ഷം തന്നെ എംബിബിഎസ് വിദ്യാര്‍ഥി പ്രവേശനം സാധ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇടുക്കി, കോന്നി എന്നീ രണ്ട് മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നേടാനായി. ഇതിലൂടെ 200 പുതിയ എംബിബിഎസ് സീറ്റുകളാണ് നേടാനായത്. കൊല്ലം മെഡിക്കല്‍ കോളജിലും, മഞ്ചേരി മെഡിക്കല്‍ കോളജിലും നഴ്സിംഗ് കോളജുകള്‍ ആരഭിച്ചു. ഇതിലൂടെ 120 നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശം സാധ്യമായി. 26 സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും ഒന്‍പത് സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും അംഗീകാരം നേടിയെടുത്തു.

 

നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് 250, കൊല്ലം മെഡിക്കല്‍ കോളജ് 110, കോന്നി മെഡിക്കല്‍ കോളജ് 100, ആലപ്പുഴ മെഡിക്കല്‍ കോളജ് 175, കോട്ടയം മെഡിക്കല്‍ കോളജ് 175, ഇടുക്കി മെഡിക്കല്‍ കോളജ് 100, എറണാകുളം മെഡിക്കല്‍ കോളജ് 110, തൃശൂര്‍ മെഡിക്കല്‍ കോളജ് 175, മഞ്ചേരി മെഡിക്കല്‍ കോളജ് 110, കോഴിക്കോട് മെഡിക്കല്‍ കോളജ് 250, കണ്ണൂര്‍ മെഡിക്കല്‍ കോളജ് 100 എന്നിങ്ങനെ സീറ്റുകളാണുള്ളത്.

 

കോന്നി മെഡിക്കല്‍ കോളജില്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ സമയബന്ധിതമായ ഇടപെടലുകളാണ് ഇത്രവേഗം അംഗീകാരം നേടിയെടുക്കാനായത്. എംഎല്‍എ കെ.യു. ജനീഷ് കുമാറിന്റെ ഇടപെടലുമുണ്ടായിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഉന്നതോദ്യോഗസ്ഥര്‍, കോന്നി മെഡിക്കല്‍ കോളജിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഏകോപനവും പ്രവര്‍ത്തനങ്ങളുമുണ്ടായിരുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് 250 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സാധ്യമാക്കിയത്.

 

200 കിടക്കകളുള്ള ആശുപത്രിയുടെ രണ്ടാമത്തെ ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, കാന്റീന്‍, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്സുകള്‍, ലോണ്‍ട്രി, അനിമല്‍ ഹൗസ്, ഓഡിറ്റോറിയം, മോര്‍ച്ചറി എന്നിവയുടെ നിര്‍മാണത്തിനായി 200 കോടിയുടെ സാമ്പത്തികാനുമതി ലഭ്യമാക്കി നിര്‍മാണം ആരംഭിച്ചു.

 

 

ആദ്യവര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് 18.72 കോടി രൂപ കിഫ്ബിയില്‍ നിന്നും പ്രത്യേകമായി ലഭ്യമാക്കി. ഇന്റേണല്‍ റോഡ്, എസ്.ടി.പി., പ്രവേശന കവാടം മുതലായവ നിര്‍മിക്കുന്നതിന് 15.51 കോടി രൂപയുടെ ഭരണാനുമതി നല്‍കി തുടര്‍ നടപടികള്‍ സ്വീകരിച്ച് വരുന്നു. അഞ്ചു കോടി രൂപയുടെ ജില്ലയിലെ ആദ്യത്തെ 128 സ്ലൈഡ് സി.ടി സ്‌കാന്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കി. ആധുനിക ലേബര്‍റൂം നിര്‍മ്മിക്കുന്നതിന് 3.5 കോടി രൂപയുടെ ലക്ഷ്യാ പദ്ധതിക്ക് അനുമതി ലഭ്യമാക്കി.

 

കോവിഡ് കാലത്ത് പ്രതിസന്ധികളെ തരണം ചെയ്ത് ഒ.പി, ഐ.പി, അത്യാഹിത വിഭാഗം എന്നിവ ആരംഭിച്ചു. മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, ലാബ്, ഫാര്‍മസി, ഇ ഹെല്‍ത്ത്, കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍, ബ്ലെഡ് സ്റ്റോറേജ് യൂണിറ്റ്, അനാട്ടമി വിഭാഗം ലാബ്, അനാട്ടമി മ്യൂസിയം, ലൈബ്രറി, ലക്ചര്‍ തിയേറ്റര്‍, ഫാര്‍മക്കോളജി വിഭാഗം ലാബ്, ബയോകെമിസ്ട്രി വിഭാഗം ലാബ്, ഫിസിയോളജി ലാബ്, പ്രിന്‍സിപ്പലിന്റെ കാര്യാലയം, പരീക്ഷാഹാള്‍, ലക്ചര്‍ഹാള്‍, പാത്തോളി വിഭാഗം ലാബ്, മൈക്രോബയോളജി ലക്ചര്‍ ഹാള്‍, ഫര്‍ണിച്ചറുകള്‍, ലൈബ്രറി ബുക്കുകള്‍, സ്പെസിമെനുകള്‍, പഠനനോപകരണങ്ങള്‍, ആശുപത്രി വികസന സമിതി (എച്ച്.ഡി.എസ്) എന്നിവ സാധ്യമാക്കി.

https://www.youtube.com/watch?v=SMfXYdU5dFg

error: Content is protected !!