കോന്നി മെഡിക്കല്‍ കോളേജ് : വികസനത്തിന്‌ കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും

കോന്നി മെഡിക്കല്‍ കോളേജ് : വികസനത്തിന്‌ കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും

 

 

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി അവിസ്മരണീയ
നേട്ടം: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

konnivartha.com : കോന്നി മെഡിക്കല്‍ കോളജില്‍ ആരോഗ്യ വിദ്യാഭ്യാസത്തിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചത് ഏറ്റവും അവിസ്മരണീയമായ നേട്ടമാണെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

കോന്നി മെഡിക്കല്‍ കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാകുന്നതിന് പിന്നില്‍ ഒരുപാട് പേരുടെ പ്രയത്നമുണ്ടായിട്ടുണ്ട്. എല്ലാ ആളുകള്‍ക്കും പ്രയോജനപ്രദമാകുന്ന രീതിയില്‍ കോന്നി മെഡിക്കല്‍ കോളജിനെ മാറ്റുമെന്നും അധ്യയനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഉറപ്പാക്കുമെന്നും എംഎല്‍എ പറഞ്ഞു.

വൈകാതെ മെഡിക്കല്‍ കോളജില്‍ ആരോഗ്യവിദ്യാഭ്യാസം ആരംഭിക്കുമെന്ന വാക്ക് പാലിക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചു. ആദ്യഘട്ടത്തില്‍ നബാര്‍ഡില്‍ നിന്ന് അനുവദിച്ച 130 കോടി രൂപ ഫണ്ട് ഉപയോഗിച്ചാണ് മെഡിക്കല്‍ കോളജ് നിര്‍മാണം ആരംഭിച്ചത്. എന്നാല്‍, അന്നത്തെ കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു. ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചത്.

മെഡിക്കല്‍ കോളജില്‍ 470 തസ്തിക സര്‍ക്കാര്‍ സൃഷ്ടിച്ചു. 2020 ല്‍ ഒപിയും 2021 ല്‍ ഐപിയും പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം എംഎല്‍എയുടെ ചുമതലയില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി. തുടര്‍ന്ന് 350 കോടി രൂപ കൂടി വേണമെന്ന് കണ്ടെത്തി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തുവെന്നും എംഎല്‍എ പറഞ്ഞു.

240 കോടി രൂപ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ബാക്കി ഉപകരണങ്ങള്‍ക്ക് വേണ്ടിയും കിഫ്ബിയില്‍ നിന്ന് തുക അനുവദിച്ചു. ആരോഗ്യമന്ത്രി വീണാജോര്‍ജ് പ്രത്യേക താത്പര്യമെടുത്ത് ഉപകരണങ്ങള്‍ എത്തിച്ചു. ആദ്യഘട്ട പരിശോധനയിലെ പോരായ്മകള്‍ പരിഹരിച്ച് വീണ്ടും റിപ്പോര്‍ട്ട് നല്‍കി. അപ്പീല്‍ നല്‍കി രണ്ട് മാസത്തിനുള്ളില്‍ ഓണ്‍ലൈന്‍ ഹിയറിംഗ് നടത്തിയാണ് മെഡിക്കല്‍ കോളജിന് അനുമതി നേടിയെടുത്തതെന്നും ഇതിന് വേണ്ടി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, സൂപ്രണ്ട് സി.വി രാജേന്ദ്രന്‍, പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കി എന്നിവര്‍ ചേര്‍ന്ന് അവലോകനയോഗങ്ങള്‍ നടത്തി കൃത്യമായ രീതിയില്‍ പുരോഗതി വിലയിരുത്തിയെന്നും എംഎല്‍എ പറഞ്ഞു.

കോന്നി മെഡിക്കല്‍ കോളജില്‍ ആരോഗ്യവിദ്യാഭ്യാസത്തിന് നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി ലഭിച്ചത് ഏറ്റവും സന്തോഷകരമായ കാര്യമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും സംഘം നേരിട്ട് പരിശോധനയ്ക്കായി എത്തി. പിന്നീട് ഓണ്‍ലൈനായും പരിശോധന നടത്തി.

കോന്നി മെഡിക്കല്‍ കോളജില്‍ വരുത്തുവാനുള്ള പുരോഗതിയെ കുറിച്ചും കുറവുകളെ കുറിച്ചും പരിശോധനയില്‍ പ്രതിപാദിച്ചിരുന്നു. എല്ലാ രണ്ട് മാസക്കാലയളവില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കുറവുകള്‍ നികത്തി വീണ്ടും പരിശോധന നടത്തി. ആരോഗ്യവകുപ്പ് മന്ത്രിയുടേയും എംഎല്‍എയുടേയും നേതൃത്വത്തില്‍ പിന്നീട് അവലോകനയോഗങ്ങള്‍ നടത്തി. നേരത്തെ ഉന്നയിച്ച കുറവ് നികത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപ്പീല്‍ ഹിയറിംഗ് സെപ്റ്റംബറില്‍ നടത്തുകയും തൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

2022-23 അധ്യയന വര്‍ഷത്തേക്ക് 100 കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യമാണ് ഒരുങ്ങുകയെന്നും എല്ലാവരും ഒത്തുചേര്‍ന്ന് ഒരേ മനസോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഇതെന്നും കളക്ടര്‍ പറഞ്ഞു.
കോന്നി മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ സെസി ജോസ്, മെഡിക്കല്‍ കോളജ് സൂപ്രണ്ട് സി.വി രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോന്നി മെഡിക്കല്‍ കോളജില്‍ ഏറ്റവും മികച്ച പഠന സൗകര്യം:അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ

കാനന സൗന്ദര്യവും, പ്രകൃതി മനോഹാരിതയും വിസ്മയം സൃഷ്ടിക്കുന്ന കോന്നി മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ ഏറ്റവും മികച്ച പഠന സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്നും, ഇവിടേയ്ക്ക് വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നതായും അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളജിന് ദേശീയ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി ലഭിച്ചതോടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും എംഎല്‍എ പറഞ്ഞു.

നിര്‍മാണം പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജ് ആശുപത്രി ഒ.പി പ്രവര്‍ത്തനം ആരംഭിക്കുക എന്ന ആദ്യ ദൗത്യം ജനപ്രതിനിധിയായി ഒരു വര്‍ഷം കൊണ്ട് നേടിയെടുക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന് ഒരു വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ കിടത്തി ചികിത്സ ആരംഭിച്ചു. മൂന്നു വര്‍ഷം പൂര്‍ത്തീകരിക്കുമ്പോഴേക്കും മെഡിക്കല്‍ കൗണ്‍സില്‍ അനുമതിയും നേടിയെടുത്തു. അനുമതി ലഭ്യമായതോടെ മൂന്നു വര്‍ഷക്കാലത്തെ കഠിന പരിശ്രമത്തിനാണ് ഫലപ്രാപ്തി ഉണ്ടായത്.

വിദ്യാര്‍ഥി പ്രവേശനം പൂര്‍ത്തിയായാലും ആദ്യ ബാച്ചിന്റെ പഠനം പൂര്‍ത്തിയാകുന്നതുവരെ നിരന്തര ഇടപെടീല്‍ ആവശ്യമുണ്ട്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് വരുംനാളുകളില്‍ ഒന്നാം പരിഗണന.

മെഡിക്കല്‍ കോളജിന് നിലവില്‍ 50 ഏക്കര്‍ ഭൂമി മാത്രമാണുള്ളത്. കൂടുതല്‍ ഭൂമി ലഭ്യമാക്കിയെങ്കില്‍ മാത്രമേ തുടര്‍വികസനം യാഥാര്‍ത്ഥ്യമാവുകയുള്ളു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും.

മെഡിക്കല്‍ കോളജ് വികസനത്തിനായി തയാറാക്കിയിട്ടുള്ള മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് തന്നെ തുടര്‍വികസനവും സാധ്യമാക്കേണ്ടതുണ്ട്. ഇതിനായി സര്‍ക്കാരിനെ സമീപിച്ച് തീരുമാനമുണ്ടാക്കും.

അധ്യയനം ആരംഭിക്കുന്നതോടെ കൂടുതല്‍ ഡോക്ടര്‍മാരും, ജീവനക്കാരും ഇവിടേയ്ക്ക് വരും. അവരുടെ താമസ സൗകര്യം ഉറപ്പാക്കാന്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും. സ്ഥലം മാറി എത്തുന്ന ജീവനക്കാരുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസ സൗകര്യം കോന്നിയിലും പരിസര പ്രദേശങ്ങളിലും ഒരുക്കി നല്‌കേണ്ടതുണ്ട്. ഇതിനായി വിദ്യാഭ്യാസ സ്ഥാപന മേധാവിമാരുമായി ചര്‍ച്ച നടത്തും.

റോഡ് വികസനം, ഗതാഗത സൗകര്യം ഉറപ്പാക്കല്‍, മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്റ് നിര്‍മാണം, പുതിയ പോലീസ് സ്റ്റേഷന്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കല്‍ ഇവയെല്ലാം അടിയന്തിര പ്രാധാന്യത്തോടെ ചെയ്തു തീര്‍ക്കേണ്ട പ്രവര്‍ത്തനങ്ങളാണ്.

ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നടത്തിയ ജാഗ്രതയോടെയുള്ള ഇടപെടീല്‍ രണ്ടാം ഘട്ട നിര്‍മാണത്തിലും തുടരുമെന്നും എംഎല്‍എ പറഞ്ഞു.

error: Content is protected !!