രണ്ടാനച്ഛന്‍ നാലു വയസുകാരനെ മര്‍ദിച്ച് കൈയൊടിച്ചതായും മാസങ്ങള്‍ പ്രായമായ മറ്റൊരു കുട്ടിയെ വില്പന നടത്തിയതായും സംശയം; അന്വേഷണത്തിന്  ഉത്തരവ്

 

konnivartha.com : നിയമപരമായി വിവാഹം കഴിച്ച ഭര്‍ത്താവില്‍ നിന്ന് വേര്‍പെട്ട്, മറ്റൊരാളുമായി താമസിക്കുന്ന അടൂര്‍ക്കാരിയായ സ്ത്രീക്ക് രണ്ടാമതു ഉണ്ടായ മാസങ്ങള്‍ മാത്രം പ്രായമായ കുട്ടിയെ വില്പന നടത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ അടൂര്‍ എസ്.എച്ച്.ഒ യോട് നിര്‍ദേശിച്ച് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിട്ടു. കൂടാതെ സ്ത്രീയ്ക്ക് ആദ്യ വിവാഹത്തിലുണ്ടായ നാലുവയസുകാരനായ മകന്റെ കൈ രണ്ടാനച്ഛന്‍ തല്ലിയൊടിച്ചെന്ന സംഭവത്തിലും അന്വേഷണം നടത്താന്‍ ഉത്തരവിട്ടു.

ആദ്യവിവാഹത്തില്‍ ജനിച്ച നാലു വയസുള്ള കുട്ടിയെ അമ്മയോടെപ്പം ഉള്ളയാള്‍ ദേഹോപദ്രവം ഏല്പിച്ചതില്‍ കൈയ്ക്ക് ഒടിവ് സംഭവിച്ച് പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണെന്ന വിവരം സിഡബ്ല്യുസിക്ക് ലഭിച്ചിരുന്നു. ഇവരെ കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇളയ കുട്ടിയെ വളര്‍ത്തുവാനായി കൊല്ലത്തുള്ള സഹോദരിയെ ഏല്പിച്ചിരിക്കുകയാണെന്ന മറുപടിയാണ് സ്ത്രീക്കൊപ്പം താമസിക്കുന്ന ആള്‍ നല്‍കിയത്. ഇരുവരോടും നിയമപരമായി വിവാഹിതരാണോ എന്നത് ഉള്‍പെടെയുള്ള കാര്യങ്ങള്‍ പ്രത്യേകം ചോദിച്ചപ്പോള്‍ വ്യത്യസ്ഥമായ മറുപടികളാണ് നല്‍കിയത്. ഇവര്‍ താമസിക്കുന്ന സ്ഥലത്തെ വാര്‍ഡ് മെമ്പറില്‍ നിന്നും, വാടകയ്ക്ക് വീടു നല്കിയ ആളില്‍ നിന്നും ഇവരെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ല. മാത്രമല്ല പരുക്ക് പറ്റിയ കുട്ടി കഴിഞ്ഞത് വൃത്തിഹീനവും മതിയായ ഭക്ഷണവും കിട്ടാത്ത നിലയിലുമായിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ അടൂര്‍ പോലീസിനോടും മൂത്ത കുട്ടിയെ ഏറ്റെടുത്ത് സ്ഥാപനത്തിലെത്തിക്കാന്‍ ചൈല്‍ഡ്‌ലൈനിനോടും നിര്‍ദേശിച്ച് സി.ഡബ്ല്യൂ.സി. ഉത്തരവ് നല്‍കിയതെന്ന് ചെയര്‍മാന്‍ അഡ്വ. എന്‍. രാജീവ് അറിയിച്ചു.

error: Content is protected !!