“എന്‍റെ ഗ്രാമം അരുവാപ്പുലം” വിജയകരമായി നാലാം വർഷത്തിലേക്ക്: സ്നേഹിതര്‍ക്ക് ആശംസകള്‍

 

konnivartha.com : സാമൂഹിക ചിന്ത ഉണര്‍ത്തി സമസ്ത മേഖലയിലും ഉള്ള അറിവുകള്‍ പ്രദാനം ചെയ്യുക എന്നത് നാടിന്‍റെ നന്മയാണ് . സോഷ്യല്‍ മീഡിയ നല്ലതിന് വേണ്ടി ഉപയോഗപ്പെടുത്തുമ്പോള്‍ ആണ് പരക്കെ അംഗീകരിക്കുന്നത് .അങ്ങനെ ഒരു അംഗീകാരം “എന്‍റെ ഗ്രാമം അരുവാപ്പുലം” സമൂഹ മാധ്യമ കൂട്ടായ്മയ്ക്ക് ജനം നല്‍കിയത് അര്‍ഹത ഉണ്ടായിട്ട് ആണ് .

 

കോന്നി അരുവാപ്പുലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സമൂഹ മാധ്യമ കൂട്ടായ്മയാണ് “എന്‍റെ ഗ്രാമം അരുവാപ്പുലം ” നാലാം വർഷത്തിലേക്ക് കടക്കുന്ന ഈ കൂട്ടായ്മയ്ക്ക് ആദ്യമേ നല്ല നമസ്ക്കാരം നേരുന്നു .

 

വായിക്കുന്നവർക്കും, കേൾക്കുന്നവർക്കും ഒരു പക്ഷേ കൗതുകമായി തോന്നിയാൽ അതിൽ അത്ഭുതമില്ല. “എന്‍റെ ഗ്രാമം അരുവാപ്പുലം “എന്ന വാട്സപ്പ് കൂട്ടയ്മയാണ് മൂന്നാം വാർഷികം ആഘോഷിക്കുന്നത്.നാടിന്‍റെ നന്മകളിലേക്ക് വെളിച്ചം വീശുന്ന പ്രവര്‍ത്തന മികവ് തന്നെയാണ് ഈ കൂട്ടായ്മയുടെ വിജയം .

 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്, ഈ ഗ്രാമത്തിൽ നിന്നും അന്നം തേടിപോയ പ്രവാസികൾക്കും നാട്ടിലുള്ള അവരുടെ സൗഹൃദങ്ങൾക്കും ഒത്തു ചേരാനും വിശേഷങ്ങൾ പരസ്പരം പങ്കുവയ്ക്കാനും, ഊഷ്മള ബന്ധങ്ങൾ ഊട്ടിട്ടുറപ്പിക്കാനും ഒരു സൗഹൃദവേദി എന്ന ആശയത്തിൽ പ്രവാസിയും, എഴുത്തുകാരനും , ദുബായിൽ വിവിധഭാഷ അവതാരകനും ആയിരുന്ന അരുവാപ്പുലം വാഴവിള സുരേഷ് കോന്നിയും സുഹൃത്തുക്കളും ചേർന്ന് തുടക്കം കുറിച്ച സൗഹൃദകൂട്ട് വെറുമൊരു വാട്സാപ്പ് ഗ്രൂപ്പ്‌ എന്നതിൽ ഉപരിയായി നാട്ടിലെ എല്ലാ വിഷയങ്ങളിലും ഇടപെടുന്ന ഒരു സൗഹൃദപ്പെരുമയായി ഇന്ന്‌ വളർന്നു പന്തലിച്ചിരിക്കുന്നു. നാട്ടിലെ ഒട്ടുമിക്ക സന്തോഷവും, സങ്കടവും ആദ്യം വന്നു പറയുന്ന ഒരിടം, എന്ന നിലയിൽ ഈ കൂട്ടുകെട്ട് അരുവാപ്പുലം എന്ന ഗ്രാമത്തിന്‍റെ എല്ലാ മേഖലയിലും ഇന്ന് സജീവ സാന്നിധ്യമാണ് .

 

അച്ചൻകോവിലാറിന്‍റെ തീരത്തു സ്ഥിതിചെയ്യുന്ന അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്‍റെ കിഴക്കുഭാഗം തമിഴ്നാട് അതിർത്തിയുമായാണ് ബന്ധപ്പെട്ടുകിടക്കുന്നത്. അരുവാപ്പുലം 500കരയില്‍ നിന്നും എന്നൊരു ചൊല്ല് ഇപ്പോഴും ഉണ്ട് .ജന നിബിധമായ സ്ഥലം ആണ് അരുവാപ്പുലം .

 

നെടുമ്പാറ,മുളക് കൊടി തോട്ടം,മാവനാൽ,കുമ്മണ്ണൂർ,കൊക്കാത്തോട്,കല്ലേലി,ഊട്ട് പാറ ,പുളിഞ്ചാണി,മുതുപേഴുങ്കൽ,അതിരുങ്കൽ,മ്ലാന്തടം,പടപ്പയ്ക്കൽ,അരുവാപ്പുലം,ഐരവൺ തുടങ്ങിയ പ്രദേശങ്ങളിലെ സ്നേഹിതര്‍ ആണ് “എന്‍റെ ഗ്രാമം അരുവാപ്പുലം ” കൂട്ടായ്മയുടെ ജീവ നാഡികള്‍

 

കക്ഷി, രാഷ്ട്രീയ, ജാതിമത ചിന്തകൾക്ക് അതീതമായി ചുറ്റുവട്ടത്തിലെ വിവിധ വിഷയങ്ങളിൽ ഈ കൂട്ടായ്മ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ് എന്നത് തന്നെയാണ് നാലാം വർഷത്തിൽ ഈ ഗ്രൂപ്പ്‌ എത്തി നിൽക്കുമ്പോൾ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ സന്തോഷവും,ചാരിതാർഥ്യവും .

 

ഈ പ്രദേശത്തെ നിരാലംബംരായവർക്ക് ഒരു കൈത്താങ്ങ് ആവശ്യംമായി യി വരുന്ന ഓരോ സന്ദർഭങ്ങളിലും വിളിപ്പുറത്തു ഓടി എത്തുന്ന ഒന്നായി മാറിയിരിക്കുന്നു “എന്‍റെ ഗ്രാമം അരുവാപ്പുലം ” . അടിയന്തര ഘട്ടങ്ങളിൽ വിവിധ ചികിത്സാ ധനസഹായങ്ങൾ, ക്യാൻസർ രോഗികൾക്ക് ചികിത്സാ സഹായം, കിഡ്നി മാറ്റി വെയ്ക്കൽ ശാസ്ത്രക്രിയക്ക് ധനസഹായം, അപകടത്തിൽപ്പെട്ട ആളുടെ കുടുംബത്തിനുള്ള അടിയന്തിര സഹായം, പാർപ്പിട അറ്റകുറ്റ പണിക്കുള്ള സഹായം, കിടപ്പ് രോഗികൾക്കുള്ള സഹായം, രക്തദാനം എന്നിങ്ങനെ അവിചാരിതമായി ദുരിതപൂർണമായ സാഹചര്യങ്ങൾ നേരിടുന്ന സമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയാണ് ഉപാധികളില്ലാതെ “എന്റെ ഗ്രാമം അരുവാപ്പുലം “എന്ന സംഘടന സഹായിച്ചു വരുന്നത്.

 

സാമൂഹിക സേവനംസാധ്യമാക്കുന്നത് ഒരു പൊതു പണപിരിവിലൂടെയല്ല, മറിച്ച് വാട്സാപ്പ് ഗ്രൂപ്പ്‌ അംഗങ്ങൾ നൽകുന്ന സംഭാവനകൾ കൊണ്ടു മാത്രമാണ്.ആരെങ്കിലും സാമ്പത്തികമായി സഹായം വാഗ്ദാനം ചെയ്താൽ അവർ ഗ്രൂപ്പിൽ അംഗമാകണം എന്നത് കൂട്ടയ്മയുടെ നിയമാവലിയിൽ പെടുന്നതാണ്.20 പേരടങ്ങുന്ന ഒരു അഡ്മിൻ പാനൽ ആണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്.

 

കോവിഡിന്‍റെ തുടക്കം മുതൽ ഈ കൂട്ടുകെട്ട് നടത്തിയ ശക്തമായ ഇടപെടൽ ഏറെ ശ്രദ്ധേയമായി .അരുവാപ്പുലം പഞ്ചായത്തിലെ ഏകദേശം മുഴുവൻ വാർഡുകളിലും, വാർഡ് അംഗങ്ങളുടെ അറിയിപ്പ് അനുസരിച്ചും, അല്ലാതെയും ഭക്ഷ്യക്കിറ്റ്, പച്ചക്കറി, പലവ്യഞ്ജനക്കിറ്റ് എന്നിവ വിതരണം ചെയ്തു .കോവിഡ് രൂക്ഷമായിരുന്ന സമയത്ത് ഒരു കോളനിയിലെ കുട്ടികൾക്ക് ആവശ്യമായ പഠനസാമഗ്രികൾ എത്തിച്ചു നൽകി. കൂടാതെ ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണും നൽകി. കോവിഡിന്‍റെ തുടക്കത്തിൽ അരുവാപ്പുലം ഗ്രാമ പഞ്ചായത്തിന് 6 പൾസ് ഓക്സിമീറ്റർ നൽകി നാടിന് മാതൃകയായി . കോവിഡ് ബാധിച്ച ഒറ്റപ്പെട്ട കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം നൽകി.

 

നാട്ടിലെ തൊഴിൽ അന്വേഷകർക്ക് സഹായമാകത്തക്ക വിധത്തിൽ കഴിയുന്നത്ര തൊഴിൽ വാർത്തകൾ, തൊഴിൽ അവസരങ്ങൾ കണ്ടെത്തി സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിക്കുന്നുണ്ട്. വിവിധ സർക്കാർ അറിയിപ്പുകൾ, നിയമോപദേശങ്ങൾ എന്നിവയും ഈ പേജിലൂടെ അറിയിക്കുന്നു.

 

സർക്കാർ ജോലികൾ ലഭിക്കാനുള്ള മത്സര പരീക്ഷകൾക്ക് വേണ്ടി പരിശീലനം നടത്തുന്നവർക്ക് അറിവുകൾ പുതുക്കാനും പ്രോത്സാഹനത്തിനുമായി നടത്തുന്ന ക്വിസ് പരിപാടി വാട്സ്ആപ് ഗ്രൂപ്പിലൂടെ നടത്തുന്നു.നാട്ടിലെ നിരവധി തൊഴിൽ അന്വേഷകരും വിദ്യാർത്ഥികളുംഇതിൽ പങ്കെടുക്കുന്നുണ്ട്.ഇത് തൊഴിൽ അന്വേഷകർക്കിടയിൽ ഒരു വലിയ പ്രചോദനമായി മാറിയിരിക്കുന്നു. ഈ ക്വിസ് പരിപാടിയും ചുറ്റുവട്ടങ്ങളിൽ ഇന്ന് ചർച്ചാ വിഷയം ആയിരിക്കുന്നു.

 

രക്തം ആവശ്യമായിവരുന്ന അടിയന്തിര ഘട്ടങ്ങളിൽ രക്തം ലഭ്യമാക്കുന്നു. അതിനുള്ള സന്നദ്ധരെ കണ്ടെത്തുന്നു.പ്രദേശത്തെ കലാ വാസനയുള്ളവരുടെ കഴിവുകൾ കണ്ടെത്തുന്നതിനും എല്ലാ ശനിയാഴ്ചയും ഗൂഗിൾ പ്ലാറ്റുഫോമിൽ “കലാസന്ധ്യ ” സംഘ\ടിപ്പിക്കുന്നു. ഈ ചടങ്ങിൽ വിവിധമേഖലകളിൽ കഴിവ് തെളിയിച്ച പ്രഗത്ഭരും, പ്രശസ്തരും പങ്കെടുത്തു തങ്ങളുടെ അറിവുകൾ പകർന്നു നൽകുന്നു.സുരേഷ് കോന്നി എന്ന പ്രവാസി മലയാളി തുടക്കം കുറിച്ച നവ മാധ്യമ കൂട്ടായ്മ ജന ഹൃദയത്തില്‍ ഏറെ പ്രശംസ നേടി . അരുവാപ്പുലം എന്ന ഗ്രാമത്തിന്‍റെ നെടും തൂണായി ഇടപെടുന്ന “എന്‍റെ ഗ്രാമം അരുവാപ്പുലം “സമൂഹ മാധ്യമ കൂട്ടായ്മയ്ക്ക് “കോന്നി വാര്‍ത്ത”യുടെ സ്നേഹാശംസകള്‍ നേരുന്നു .

സുരേഷ് കോന്നി 

അഡ്മിന്‍ : +91 80780 54679

error: Content is protected !!