കോന്നിയുടെ ജീവ നാഡിയാണ് അച്ചൻകോവിലാറിൻ്റെ പോഷക നദിയായ കല്ലാർ

konnivartha.com / Dr. Arun Sasi .S : അതിവേഗത്തിലൊഴുകുന്ന ടീസ്റ്റക്ക് സമാനമായ രീതിയിലാണ് മഴക്കാലത്തു കല്ലാറിലെ ജലം അച്ഛൻകോവിലാറ്റിലേക്ക് പ്രവഹിക്കുന്നത്. മഴ കനക്കുമ്പോൾ കല്ലാർ വഴി കുത്തിയൊലിച്ചു വരുന്ന വെള്ളത്തിൻറെ അളവും നിറവും കണ്ടാണ് കല്ലേലിയിലും കോന്നിയിലുമിരുന്ന് നമ്മൾ ഉരുൾപ്പൊട്ടൽ കഥകൾ മെനഞ്ഞുണ്ടാക്കുന്നത്.

ഭൂമിശാസ്ത്രപരമായ സവിശേഷതകൾ കാരണം അച്ചൻകോവിൽ നീർത്തടത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് കല്ലാർ ഭാഗത്താണ്. ഇത്തരത്തിലുള്ള സവിശേഷതകൾ പമ്പയുടെ ഉപ നീർത്തടമായ കക്കിക്കുമുണ്ട്. കല്ലാർ, കക്കി എന്നീ ഉപനീർത്തടങ്ങൾ തമ്മിൽ അതിർത്തി പങ്കിടുകയും ചില കാലങ്ങളിൽ ഒരേ പോലെ മഴ ലഭിക്കുകയും ചെയ്യുന്നു.

അച്ചൻകോവിലാറിന് ഏറ്റവും കൂടുതൽ ജലം ദാനം ചെയ്യുന്ന കല്ലാർ നീർത്തടം ആവണിപ്പാറയുടെ വടക്ക് കിഴക്ക് ദിശയിലായി വ്യാപിച്ചു കിടക്കുന്നു. തമിഴ് നാട്ടിലെ കറുപ്പാനദി നീർത്തടവുമായും കക്കി നീർത്തടവുമായും പമ്പാ-കല്ലാർ നീർത്തടവുമായും കല്ലാർ നീർത്തടം അതിർത്തി പങ്കിടുന്നു. 183.9271 ച.കി.മി വിസ്തൃതിയുള്ള കല്ലാർ നീർത്തടം പൂർണ്ണമായും പത്തനംതിട്ട ജില്ലയിലാണ് സ്ഥിതി ചെയുന്നത്. ആവണിപ്പാറയുടെ 1.415 കി.മി വടക്ക് കിഴക്കായി കല്ലാറ്റിലെ വെള്ളം അച്ചൻകോവിലാറുമായി കൂടി ചേരുന്നു. കല്ലാറ്റിലെ വെള്ളം എത്തിച്ചേരുന്നതോടെയാണ് അച്ചൻകോവിലാറ്റിലെ നീരൊഴുക്കിന് ശക്തി പ്രാപിക്കുന്നത്.

ആവണിപ്പാറയ്ക്ക് കിഴക്കായുള്ള ചിറ്റാർ തോടിനു വടക്കു കിഴക്ക്, വടക്ക് ദിശകളിലായി വ്യാപിച്ചു കിടക്കുന്ന ഉപ നീർത്തടങ്ങളിൽ നിന്നും അച്ഛൻകോവിലാറിനു ലഭിക്കുന്ന വെള്ളത്തിന്‍റെ അളവ് കല്ലാറുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്.

പത്തനംതിട്ട,കൊല്ലം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ഉപ നീർത്തടങ്ങളുടെ വിസ്തൃതി 120.6676 ച.കി.മി മാത്രമാണ്.അച്ചൻകോവിൽ ഗ്രാമത്തിനു വടക്ക് കിഴക്കായി കേരള-തമിഴ് നാട് അതിർത്തിയിലുള്ള പേപ്പാറ, തേവർമല, കോട്ടമല, തൂവൽമല എന്നീ മലനിരകളിൽ നിന്നും കല്ലാറിന്‍റെ പ്രധാന കൈവഴിയായ മംഗളയാർ ഉത്ഭവിക്കുന്നു. മംഗളയാറിന്‍റെ ഉപ നീർത്തടം തൂവൽമലയുടെ തെക്കായി അച്ചൻകോവിലാറിന്‍റെ നീർത്തടവുമായി അതിർത്തി പങ്കിടുന്നു.

കേരള-തമിഴ് നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന തൂവൽ മല (1443 മി), കോട്ടമല (1545 മി), തേവർമല (1923 മി), പേപ്പാറ (1927 മി) എന്നീ മലനിരകളുടെ പടിഞ്ഞാറൻ ചരിവുകളിൽ നിന്നുമാണ് കല്ലാർ ഉത്ഭവിക്കുന്നത്. മംഗള, കാനയാർ, ചിറ്റാർ, അറമ്പ എന്നിവയാണ് കല്ലാറിന്‍റെ പ്രധാന ഉപ നീർത്തടങ്ങൾ. വടക്ക് തേവർമല (1923 മി) മുതൽ തെക്ക് തൂവൽ മല (1443 മി) വരെ മംഗള ഉപ നീർത്തടം വ്യാപിച്ചു കിടക്കുന്നു. കക്കി, കറുപ്പാനദി, അച്ചൻകോവിൽ എന്നീ നീർത്തടങ്ങളുമായും മംഗള ഉപ നീർത്തടം അതിർത്തി പങ്കിടുന്നുണ്ട്.

മംഗളയാറിനു വടക്കു പടിഞ്ഞാറായി കാനയാർ, ചിറ്റാർ, അറമ്പ എന്നീ ഉപ നീർത്തടങ്ങൾ വ്യാപിച്ചു കിടക്കുന്നു. ഈ ഉപ നീർത്തടങ്ങളിൽ നിന്നും ഉദ്ഭവിക്കുന്ന മംഗള, കാനയാർ എന്നീ നീർച്ചാലുകൾ പെരിയകുളത്തു കാറിന്‍റെ അടിവാരത്തു വച്ച് കൂടിച്ചേരുകയും പിന്നീട് അവിടെ നിന്നും താഴേക്ക് ഒഴുകി പുലിക്കയത്തു വച്ച് ചിറ്റാറുമായും കൂടിച്ചേരുന്നു.

പുലിക്കയം മുതലാണ് ഈ നീരൊഴുക്കിനെ കല്ലാർ എന്ന പേരിൽ അറിയപ്പെടുന്നത്. അറമ്പ, മുതുവൻ, പേക്കുളി എന്നീ തോടുകളും കല്ലാറിനു ധാരാളം ജലം എത്തിച്ചു നൽകുന്നു. അറമ്പ മുരുപ്പ് അറമ്പ തോടിനെ പമ്പ -കല്ലാർ നീർത്തടവുമായി വേർ തിരിക്കുന്നു.

നീർത്തടാതിർത്തിയിലുള്ള മലനിരകൾക്ക് 1400 മുതൽ 1900 മി വരെ ഉയരമുണ്ട്. കല്ലാർ അച്ചൻകോവിലുമായി കൂടി ചേരുന്നിടത്തു സമുദ്ര നിരപ്പിൽ നിന്നും 72 മി ഉയരമാണുള്ളത്. സമുദ്രനിരപ്പിൽ നിന്നും 1923 മീറ്റർ ഉയരത്തിൽ നിന്നും 72 മീറ്റർ താഴ്ചയിലേക്കു കീഴ്ക്കാം തൂക്കായ പ്രദേശങ്ങളിൽക്കൂടിയുള്ള വെള്ളത്തിന്‍റെ സഞ്ചാരമാണ് ഈ വേഗതയ്ക്ക് കാരണമായിട്ടുള്ളത്. ഇവിടെ എപ്പോഴും മഴ ലഭിക്കാനുള്ള പ്രധാന കാരണം കിലോമീറ്ററുകളോളം ദൂരത്തിൽ കോട്ട പോലെ നിലനിൽക്കുന്ന മലനിരകളുടെ സാന്നിധ്യമാണ്. ഈ മല നിരകൾ കക്കിയുടെ വൃഷ്ടി പ്രദേശങ്ങളിലും മേഘങ്ങളെ തടഞ്ഞു നിർത്തി മഴ പെയ്യിക്കാൻ കാരണമാകുന്നു.

രേഖകൾ പ്രകാരം 2021 മെയ് 13 ന് 14.4 സെൻറി മീറ്റർ മഴയാണ് കോന്നിയിൽ രേഖപ്പെടുത്തിയത്. അതെ ദിവസം അച്ചൻകോവിലാറ്റിലെ ജല നിരപ്പ് അപകട മുന്നറിയിപ്പ് നിരപ്പിനു താഴെയായിരുന്നു. എന്നാൽ മെയ് 26 ന് 12. 6 സെ.മി മാത്രം മഴ ലഭിച്ചപ്പോൾ (മേയ് 13 ന് രേഖപ്പെടുത്തിയ അളവിനേക്കാൾ 1.8 സെ.മി കുറവ്) കോന്നിയുടെ മിക്ക ഭാഗങ്ങളിലും ജലനിരപ്പ് അപകട മുന്നറിയിപ്പ് നിരപ്പിനു മുകളിൽ എത്തിച്ചേർന്നിരുന്നു.

 

മെയ് 26 ന് കോന്നിയിൽ ഉയർന്ന ജലനിരപ്പ് ഉണ്ടാകാനുള്ള പ്രധാന കാരണം കക്കിയുടെ വൃഷ്ടി പ്രദേശങ്ങളിൽ ലഭിച്ച അധിക മഴയാണ്. അടുത്ത കാലയളവിലെ ഏറ്റവും കൂടുതൽ മഴയാണ് (20.7 സെ.മി) മെയ് 26 ന് കക്കി ഭാഗത്ത് രേഖപ്പെടുത്തിയത്. അച്ചൻകോവിലാറിന്റ്റെ വെള്ളപ്പൊക്ക സാധ്യതകൾ പരിശോധിക്കുമ്പോൾ കക്കിയുടെ വൃഷ്ടി പ്രദേശങ്ങളിലെ മഴ, റിസർവോയറിലെ ജലനിരപ്പ് എന്നിവ കൂടി താരതമ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്.

 

error: Content is protected !!