മനുഷ്യക്കടത്ത് സാമൂഹിക വിപത്ത്: ജില്ലാ പോലീസ് മേധാവി

konnivartha.com : മനുഷ്യക്കടത്ത് ഒരു സാമൂഹ്യ വിപത്താണെന്നും സമൂഹത്തോട് പ്രതിബദ്ധതയുളളവര്‍ എന്ന നിലയില്‍ ക്രിയാത്മകമായി ഇത്തരം പ്രശ്നങ്ങളെ കണ്ടെത്തുവാനും പരിഹരിക്കുവാനും നമ്മള്‍ ശ്രമിക്കണമെന്നും ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം മഹാജന്‍ പറഞ്ഞു. അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസനവകുപ്പ്-ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ എന്‍സിസി 14 ബറ്റാലിയന്‍ പത്തനംതിട്ടയുടെയും കോന്നി എംഎംഎന്‍എസ്എസ് കോളജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെയും സഹകരണത്തോടെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ കാര്യാലത്തില്‍ സംഘടിപ്പിച്ച  ബോധവത്ക്കരണ സ്‌കിറ്റും കൂട്ടയോട്ടവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യക്കടത്തിന് ഇരയാക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും യുവതികളും പെണ്‍കുട്ടികളുമാണെന്നും മനുഷ്യക്കടത്ത് ശ്രദ്ധയില്‍പ്പെട്ടാല്‍ കൃത്യമായി ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ച് തടയണമെന്നും മുഖ്യസന്ദേശം നല്‍കിയ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍  അഡ്വ. എന്‍. രാജീവ്  പറഞ്ഞു.

പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിത ദാസ്, പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് എസ്. സുരാജ്, പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മെമ്പര്‍മാരായ  അഡ്വ. എന്‍. സുനില്‍കുമാര്‍, അഡ്വ. പ്രസീതാ നായര്‍, കോന്നി എംഎംഎന്‍എസ്എസിലെ അധ്യാപകന്‍ പി. വര്‍ഗീസ്,   എലിസബത്ത് ജോസ്, കെ. ജോബിന്‍, ആര്‍. അമല, എം.ആര്‍. രഞ്ചിത്ത്  തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കോന്നി എംഎംഎന്‍എസ്എസിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റിലെ കുട്ടികള്‍ ‘ നമുക്ക് വേണ്ടാ മനുഷ്യക്കടത്ത്’എന്ന വിഷയത്തെ അധികരിച്ച് സ്‌കിറ്റ് അവതരിപ്പിച്ചു. എന്‍സിസി 14 ബറ്റാലിയന്‍ കേഡറ്റുകളെ ഉള്‍പ്പെടുത്തി പോലീസ് മേധാവിയുടെ കാര്യാലയത്തിന്റെ കവാടം മുതല്‍ കെഎസ്ആര്‍റ്റിസി ബസ് സ്റ്റാന്‍ഡുവരെ കൂട്ടയോട്ടവും സംഘടിപ്പിച്ചു.

പത്തനംതിട്ട ഗവ. ഹയര്‍സെക്കന്‍ഡറി  സ്‌കൂളില്‍ വച്ച് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍ക്കായി ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. എന്താണ് മനുഷ്യക്കടത്തെന്നും അതിന്റെ ശിക്ഷാ നടപടികളെക്കുറിച്ചും ഉത്തരവാദിത്തതോടെ പ്രതികരിക്കേണ്ടതിനെ സംബന്ധിച്ചും പത്തനംതിട്ട വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ എസ്. ഉദയമ്മ ക്ലാസ് നയിച്ചു. അനില അന്ന തോമസ്, പി.എസ്. സ്മിത,  പി.ആര്‍. സ്മിത എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!